ഡോ. ശില്പ വി എസ്
സൈക്യാട്രിസ്റ്റ് , Government Mental Health Centre, Kozhikkod
“ഇതിനെ എനിക്കു വേണ്ട . എറിഞ്ഞു കളയാൻ തോന്നുന്നു.”
സ്വന്തം കുട്ടിയെ പറ്റി ഇങ്ങനെ ഏതെങ്കിലും അമ്മ പറയുമോ? പ്രസവാനന്തരം ഉണ്ടാവുന്ന വിഷാദരോഗം അഥവാ Postpartum Depression എന്ന മാനസിക രോഗത്തെ കുറിച്ചറിയാം.
കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചപ്പോഴാണ് ഇരുപത്തൊന്ന് വയസ്സുള്ള അമ്മയെ
ചികിത്സക്കായി കൊണ്ടുവന്നത്. പത്തു ദിവസം മുൻപായിരുന്നു അവൾ ആരോഗ്യവതിയായ പെൺകുഞ്ഞിനെ പ്രസവിച്ചത്. ആദ്യത്തെ രണ്ടു മൂന്നു ദിവസം പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പതിയെ കാര്യങ്ങൾ മാറാൻ തുടങ്ങി. ആരോടും അധികം
സംസാരിക്കുന്നില്ല, അകാരണമായി ദേഷ്യപ്പെടൽ, കരച്ചിൽ ,ഭക്ഷണം കഴിക്കുന്നത് നന്നേ കുറവ്, ഉറക്കക്കുറവ്, കുഞ്ഞിനെ ശ്രദ്ധിക്കാതിരിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ ആരും ആദ്യം കാര്യമായെടുത്തില്ല. പിന്നീടത് കുഞ്ഞിനോടുള്ള ദേഷ്യമായി തുടങ്ങി. പലപ്പോഴും കുഞ്ഞിനെ വേണ്ടയെന്ന് അവൾ പലരോടും സൂചിപ്പിച്ചു. കുഞ്ഞിനു പാലു കൊടുക്കാൻ വിസമ്മതിച്ചതോടെ വീട്ടുകാർക്കും ദേഷ്യം വന്നു തുടങ്ങി. കാര്യങ്ങൾ അവളെ പറഞ്ഞു മനസ്സിലാക്കുവാൻ അവർ ശ്രമിച്ചു കൊണ്ടിരുന്നു . പിന്നീടത് ശാസനകളായി .എന്നിട്ടും അവൾ വഴങ്ങുന്നില്ലായിരുന്നു.ഒടുവിൽ തലയണ കൊണ്ട് കുഞ്ഞിനെ ശ്വാസം മുട്ടിക്കാൻ ശ്രമിക്കുമ്പോഴാണ് ഭർത്താവ് അതു കണ്ടതും അവളെ പിടിച്ചു മാറ്റിയതും . കാര്യങ്ങൾ കൈവിട്ടു പോവുന്നു എന്നു മനസ്സിലാക്കിയ അവർ ഉടൻ ചികിത്സ തേടുകയായിരുന്നു.
പരിശോധനയിൽ കാര്യങ്ങൾ വ്യക്തമായി. പ്രസവാനന്തരം ഉണ്ടാവുന്ന വിഷാദരോഗം അഥവാ Postpartum Depression എന്ന മാനസിക രോഗമായിരുന്നു അവൾക്ക്. കൃത്യമായ ചികിത്സ തുടങ്ങിയതോടെ പ്രശ്നങ്ങൾ കുറയാൻ തുടങ്ങി. പഴയ പോലെ സ്വന്തം കാര്യങ്ങൾ ചെയ്യാനും കുഞ്ഞിനെ നോക്കാനും തുടങ്ങി.
അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു രോഗമാണിത്. രോഗം വരുന്ന എല്ലാവർക്കും ഇതേ തീവ്രതയിൽ വരണമെന്നില്ല. ഒന്നാലോചിച്ചു നോക്കൂ. ആ കുഞ്ഞിനെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ, ആ വാർത്ത വായിക്കുന്നവരുടെ സ്വാഭാവിക പ്രതികരണം ആ അമ്മയോടുള്ള ദേഷ്യവും ,വെറുപ്പും, ഇങ്ങനെയൊക്കെ നടന്നു എന്നതിലുള്ള അത്ഭുതവും ഒക്കെയാവും.
2001 ൽ ലോകം ചർച്ച ചെയ്ത കേസായിരുന്നു അമേരിക്കയിലെ ആൻഡ്രിയ യേറ്റ്സ് എന്ന യുവതിയുടേത്. അഞ്ചു കുട്ടികളേയാണ് അവർ വെള്ളത്തിൽ മുക്കി കൊന്നത് .പ്രസവാനന്തര വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന അവർക്ക് ശ്രദ്ധ ആവശ്യമാണെന്നും കുട്ടികളെ ഉപദ്രവിക്കാനുള്ള സാധ്യത ഉണ്ടെന്നും ഡോക്ടർ താക്കീത് നൽകിയിട്ടും വീട്ടുകാരുടെ അശ്രദ്ധ കാരണം നഷ്ടമായത് അഞ്ചു ജീവനുകളാണ്.
എന്താണ് ഈ രോഗാവസ്ഥ ?
പ്രസവാനന്തരം ഉണ്ടാകാവുന്ന വിഷാദ രോഗമാണ് ഈ രണ്ടുദാഹരണങ്ങളിലും പ്രശ്നമായത്. ഇത് postpartum depression എന്നറിയപ്പെടുന്നു. Postpartum psychosis എന്ന മറ്റൊരു മാനസിക രോഗവും പ്രസവാനന്തരം കാണാറുണ്ട്.
പ്രസവാനന്തരം ഉണ്ടാവുന്ന ചെറിയ മാനസിക വ്യതിയാനങ്ങളിൽ (baby blues) നിന്നും വ്യത്യസ്തവും ഗുരുതരവുമാണിവ.
ഈ ചെറിയ മാനസിക വ്യതിയാനങ്ങൾ Postpartum blues അഥവാ Baby blues എന്ന് അറിയപ്പെടുന്നു. ഏകദേശം 50 ശതമാനത്തോളം സ്ത്രീകളിൽ ഈ താത്കാലിക അവസ്ഥ കാണാറുണ്ട്. പ്രത്യേകിച്ച് ചികിത്സയൊന്നും കൂടാതെ തന്നെ ദിവസങ്ങൾക്കുള്ളിൽ ഇത് മാറാറുമുണ്ട്. നേരിയ തോതിലുള്ള ആകുലതകൾ, ഉറക്കക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടാകാറ്. താത്കാലികമായ മാറ്റങ്ങൾ മാത്രമാണിത്. കുടുംബാംഗങ്ങളുടെ പിന്തുണയും, സാന്ത്വനവും മാത്രം മതിയാകും ഇവർക്ക് .
എന്നാൽ ചിലരിൽ ഇതിലപ്പുറം ചില മാനസിക രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. സൈക്കോസിസ് , വിഷാദരോഗം (Post Partum Psychosis, Post Partum Depression) എന്നീ മാനസിക രോഗങ്ങളാണ് കൂടുതലും കാണപ്പെടുന്നത്.
താഴെ പറയുന്നവയാണ് പ്രസവാനന്തര മാനസിക രോഗങ്ങളുടെ ലക്ഷണങ്ങൾ.
- അകാരണമായ ഭയം
- അനാവശ്യ സംശയങ്ങൾ
- അനാവശ്യമായ കുറ്റബോധം
- ഉറക്കക്കുറവ്
- അകാരണമായ ക്ഷീണം
- മുൻപ് സന്തോഷം തന്നിരുന്ന പ്രവൃത്തികളിൽ താത്പര്യമില്ലായ്മ.
- സ്വന്തം കാര്യത്തിൽ ശ്രദ്ധയില്ലായ്മ
- കുഞ്ഞിനെ അവഗണിക്കുക, മുലയൂട്ടാൻ വിസമ്മതിക്കുക ,കുഞ്ഞിനോടുള്ള ദേഷ്യം പ്രകടിപ്പിക്കുക.
ഇതു കൂടാതെ സൈക്കോസിസ് എന്ന രോഗത്തിന്റെ ലക്ഷണങ്ങളായ ചെവിയിൽ പല തരത്തിലുള്ള ശബ്ദങ്ങളും , സംസാരവും കേൾക്കുക (Auditory Hallucinations), ചിന്തകളിലുണ്ടാകുന്ന മാറ്റങ്ങൾ , മറ്റുള്ളവർ തന്നെ കുറിച്ചാണ് സംസാരിക്കുന്നതെന്ന തോന്നൽ , മറ്റുള്ളവരെ അകാരണമായി സംശയിക്കൽ , (Delusions)തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാം. ഇതിനോടൊപ്പം ആത്മഹത്യാ പ്രവണതയും, കുഞ്ഞിനെ കൊല്ലാനോ ഉപേക്ഷിക്കാനോ ഉള്ള പ്രവണതയും ഉണ്ടാകാം.മേൽ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എല്ലാവർക്കും ഒരുപോലെ ഉണ്ടാവണമെന്നില്ല . ഇതിലേതെങ്കിലും ഉണ്ടെങ്കിൽ ഈ രോഗങ്ങൾ ഉണ്ടെന്ന് ഉറപ്പിക്കാനുമാവില്ല. സാധാരണയായി കാണാറുള്ള ചില കാര്യങ്ങൾ വിശദീകരിച്ചുവെന്നു മാത്രം. ഏതെങ്കിലും രീതിയിൽ സൂചന ലഭിച്ചാൽ സ്വയം തീരുമാനങ്ങളെടുക്കാതെ വിദഗ്ദാഭിപ്രായം തേടുകയാണ് വേണ്ടത്. ഇതിൽ പറഞ്ഞിരിക്കുന്ന ഒരോ രോഗങ്ങളും നിർണ്ണയിക്കാൻ വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. മുൻപ് ഏതെങ്കിലും മാനസിക രോഗത്തിന് ചികിത്സ തേടിയിട്ടുള്ളവർ രോഗം നിയന്ത്രണ വിധേയമായതിനു ശേഷം ഡോക്ടറുടെ ഉപദേശപ്രകാരം കൃത്യമായ പ്ലാനിംഗോടു കൂടി മാത്രം ഗർഭം ധരിക്കുന്നതാണ് ഉത്തമം.
ലോക മാനസികാരോഗ്യ ദിനമാണ് ഒക്ടോബർ 10. ലോകത്ത് ഓരോ 40 സെക്കൻഡിലും ഒരാൾ ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യപ്രതിരോധമാണ് ഈ വർഷത്തെ വിഷയം. അതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ സഹകരണത്തോടെ ലൂക്ക ഒക്ടോബർ മാസം മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കുറിപ്പുകളും വീഡിയോകളും കോഴിക്കോട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഫേസ്ബുക്കില്‍ വായിക്കാം..ക്ലിക്ക് ചെയ്യുക .