
ഡോ.ഫാത്തിമ ബുഷ്റ സാലിഹ കെ.പി.
Assistant Professor, Department of Psychology
Farook college (Autonomous)

ഉമ്മറത്തെ കോലായിൽ നിന്നും “എടിയേ ചായ” എന്ന് വിളിച്ചു പറഞ്ഞു പത്രവുമായി ചാരുകസേരയിൽ ചാരിയിരിക്കുന്ന, വീട്ടിലെല്ലാവരും ഭയഭക്തിയോടെ മാത്രം അഭിസംബോധന ചെയ്തിരുന്ന അച്ഛൻ ഇന്ന് കുഞ്ഞിന്റെ ഡയപ്പർ മാറ്റാൻ തയ്യാറായ അച്ഛൻ ആയിരിക്കുന്നു. അച്ഛൻ എന്ന സങ്കല്പനവും പ്രയോഗവും മാറ്റത്തിന് വിധേയമായിരിക്കുന്നു. പിതൃ കേന്ദ്രീകൃതമായിരുന്ന കുടുംബ പശ്ചാത്തലം ഇന്ന് കൂടുതലായും കുട്ടി കേന്ദ്രീകൃതമായ രീതികളിലേക്ക് മാറിയിരിക്കുന്നു.
മൈക്കിൽ ലാമ്പ് (1978) രക്ഷാകർതൃത്വത്തിലെ “forgotten figures” എന്നാണ് പിതാക്കന്മാരെ കുറിച്ച് പരാമർശിച്ചത്. മുൻകാല ഗവേഷണങ്ങളിൽ അർഹമായ പരിഗണന ലഭിക്കാതിരുന്ന പിതാക്കന്മാരുടെ പങ്ക് സമകാലിക ലോകത്ത് കൂടുതൽ ശ്രദ്ധ നേടുന്നതായി കാണാം. തന്റെ കുട്ടിയുടെ വൈകാരികവും മാനസികവുമായ വികാസം രൂപപ്പെടുത്തുന്നതിൽ അച്ഛനുള്ള നിർണായക പങ്കിനെക്കുറിച്ച് ആധുനിക ഗവേഷണങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.

അച്ഛൻ : മാറുന്ന സങ്കല്പം
പരമ്പരാഗത ഉപജീവന സംഭരണത്തിനപ്പുറത്തേക്ക് കുട്ടികളുടെ പരിചരണത്തിൽ കൂടുതൽ ഇടപെടുന്ന രീതിയിലേക്ക് ഇന്നത്തെ അച്ഛൻമാർ പലരും മാറിയിരിക്കുന്നു. ഇത് കുട്ടിയോടും, കുടുംബത്തോടുമുള്ള അച്ഛന്റെ വൈകാരികമായ ലഭ്യതയെ കുറിച്ചുള്ള പ്രതീക്ഷകളിൽ മാറ്റം സൃഷ്ടിക്കുകയും, സാമ്പത്തിക സമ്മർദ്ദം അധികരിപ്പിക്കുകയും ചെയ്യാം. അതോടൊപ്പം . സ്വാതന്ത്ര്യ നഷ്ടം, സാമ്പത്തിക ബുദ്ധിമുട്ട്, ജോലി-കുടുംബ സമയ സന്തുലനത്തിൽ വരുന്ന ബുദ്ധിമുട്ട്, ഉറക്കക്കുറവ്, ഒറ്റപ്പെടൽ, പിതാവെന്ന നിലയിൽ താൻ ശേഷിയുള്ളവനാണോ എന്ന സംശയം എന്നിവ ഉത്കണ്ഠ, മടുപ്പ് തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകളിലേക്ക് നയിച്ചേക്കാം. കുഞ്ഞു ജനിച്ച ഉടനെയുള്ള കാലയളവിൽ പിതാക്കന്മാരിൽ ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുകയും, ഇത് അവരുടെ വൈകാരിക അവസ്ഥയിൽ സാരമായ മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്ന് റിവ്യൂ പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കുട്ടികൾ വളരുന്നതിനോടൊപ്പം വികസിച്ചു കൊണ്ടിരിക്കുന്ന ഉത്തരവാദിത്ത മാറ്റങ്ങളോട് നിരന്തരം ഇണങ്ങി ചേരേണ്ടത് ഒരു വെല്ലുവിളിയാണ്. അച്ഛനായിരിക്കുന്നതിന്റെ സന്തോഷവും അനുബന്ധിച്ചുള്ള സ്വത്വ വികാസവും ഉണ്ടാവുമ്പോൾ തന്നെ മറുഭാഗത്ത് അറിയപ്പെടാതെ പോകുന്ന വൈകാരിക സമ്മർദ്ദത്തെ ഏറ്റുവാങ്ങുന്ന ഒരു വ്യക്തിയുമുണ്ട് എന്നതാണ് യാഥാർത്ഥ്യം.

സഹായം തേടുന്നതിനുള്ള തടസ്സങ്ങൾ
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് മാനസികാരോഗ്യ സഹായം തേടാനുള്ള (help seeking) സന്നദ്ധത കുറവാണ് എന്ന് അമേരിക്കൻ ജേണൽ ഓഫ് മെൻസ് ഹെൽത്ത് പ്രസിദ്ധീകരിച്ച പഠനം4 ഉണ്ട്. വികാരങ്ങളെ ബലഹീനതയായി മുദ്രകുത്തുന്ന സാമൂഹിക മാനദണ്ഡങ്ങൾ, സമപ്രായക്കാരുടെയും കുടുംബത്തിന്റേയും വിധിന്യായങ്ങളെക്കുറിച്ചുള്ള ഭയം, രോഗലക്ഷണങ്ങളെക്കുറിച്ചും ലഭ്യമായ പിന്തുണയെക്കുറിച്ചുമുള്ള അവബോധമില്ലായ്മ എന്നിവ സഹായം തേടുന്നതിനുള്ള തടസ്സങ്ങളിൽ ഉൾപ്പെടുന്നു. ഈ മിഥ്യാധാരണകളെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ദുർബലതയെ അംഗീകരിക്കുന്നതും, സഹായം തേടുന്നതും സ്വയം പരിചരണത്തിന്റെ (self care) പ്രധാന ഭാഗമാണ്.
ജേണൽ ഓഫ് ക്ലിനിക്കൽ മെഡിസിൻ പ്രസിദ്ധീകരിച്ച ഒരു ആഗോള റിവ്യൂ പഠന പ്രകാരം, കുട്ടി ജനിച്ച് തൊട്ടടുത്ത കാലയളവിൽ പിതാക്കന്മാരിൽ ഏതാണ്ട് പത്തിൽ ഒരാൾക്ക് പ്രസവാനന്തര വിഷാദ ലക്ഷണങ്ങൾ ഉണ്ടാവാം. എന്നാൽ സാമൂഹിക വ്യവസ്ഥിതിയിൽ പുരുഷസങ്കൽപങ്ങളും, മാനദണ്ഡങ്ങളും പലരെയും സഹായം തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. ഈ സാഹചര്യത്തിലും പരിമിതമായി തുടരുന്ന മാനസികാരോഗ്യ പിന്തുണ മറ്റൊരു വെല്ലുവിളിയാണ്.
വിഷമഘട്ടങ്ങളെ മറച്ചുവെച്ച് സുശക്തമായ വ്യക്തിത്വത്തെ പ്രകടിപ്പിക്കേണ്ടവരാണ് പുരുഷന്മാർ എന്ന സാമൂഹിക ബോധം നിലവിലുണ്ട്. ആയതിനാൽ ഇത്തരം സാഹചര്യങ്ങളെ അവർ പ്രകടിപ്പിക്കുന്നത് ദേഷ്യം, വാശി, ശാരീരിക മാനസിക ഉപദ്രവം, സമൂഹത്തിൽ നിന്നുള്ള പിൻവലിയൽ, മദ്യം മയക്കുമരുന്ന് എന്നിവയുടെ അമിതമായ ഉപയോഗം എന്നിവയിലൂടെ ആണ്. അവഗണിക്കപ്പെടുന്ന ഇത്തരം സഹചര്യങ്ങൾ പിതാവിനെ മാത്രമല്ല, മുഴുവൻ കുടുംബത്തേയും ദോഷകരമയി ബാധിക്കാറുണ്ട്.

അച്ഛന്റെ മാനസിക ആരോഗ്യവും കുടുംബവും
സന്തുഷ്ടമായ ഗൃഹാന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ അച്ഛന്റെ മാനസികരോഗ്യത്തിന് വലിയ പങ്കുണ്ട്. മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അച്ഛൻ, തന്റെ കുട്ടികൾക്കും, കുടുംബത്തിനും ബുദ്ധിമുട്ട് ഉണ്ടാക്കാം. ഇത് കൂടെ ജീവിക്കുന്നവരിൽ, പ്രത്യേകിച്ചും കുട്ടികളിൽ, വൈകാരിക അരക്ഷിതാവസ്ഥയും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകാൻ കാരണമാവാം എന്ന് അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിൻ ഈയടുത്തു പ്രസിദ്ധീകരിച്ച ഒരു പഠനം5 സൂചിപ്പിക്കുന്നു. പിതാക്കന്മാർ മാനസിക ബുദ്ധിമുട്ട് നേരിടുമ്പോൾ അത് മാതൃ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും തന്മൂലം കുടുംബത്തിന്റെ സുഖകരമായ പ്രയാണത്തെ തടസ്സപ്പെടുത്തുകയും സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് ഡിപ്രെഷൻ ആൻഡ് ആങ്‌സൈറ്റി ജേണലിൽ വന്ന ഒരു പഠനം1 പറയുന്നു.

അച്ഛന്റെ സജീവ പങ്കാളിത്തത്തിന്റെ ഗുണഫലങ്ങൾ
രക്ഷാകർതൃ ഉത്തരവാദിത്വങ്ങളിൽ പങ്ക് ചേരുന്ന പിതാക്കന്മാരിൽ ഡിപ്രഷൻ സാധ്യത കുറയുകയും, ആത്മവിശ്വാസം കൂടുകയും, കുട്ടി – പിതൃ ബന്ധം ഉഷ്മളമാവുകയും ചെയ്യുന്നു. ഇത് പിതാക്കന്മാരുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും കാരണമാവുന്നു. രക്ഷാകർതൃത്വ ഉത്തരവാദിത്വങ്ങളിൽ പിതാവ് പങ്ക് ചേരുമ്പോൾ അത് കുട്ടിക്കും മാതാവിനും ഗുണം തന്നെ. കുട്ടികളിൽ ചിന്തയുടെ വളർച്ച, അക്കാദമിക മികവ്, വൈകാരിക കൈകാര്യ മികവ്, സാമൂഹിക ഇടപെടലുകളിൽ തന്മയത്വം, ആത്മാഭിമാനവും ആത്മവിശ്വാസവും എന്നിവ കൂടുന്നതായും, പെരുമാറ്റപ്രശ്‌നങ്ങൾ കുറയുന്നതയും പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അച്ഛൻ ആരോഗ്യകരമായ മാനസികാരോഗ്യ ശീലങ്ങൾ മാതൃകയാക്കുന്നതിലൂടെ, വികാരങ്ങളെ തിരിച്ചറിയാനും പ്രകടിപ്പിക്കാനും നിയന്ത്രിക്കാനും പിതാക്കന്മാർ തങ്ങളുടെ കുട്ടികളെ പ്രേരിപ്പിക്കുകയും, തുറന്ന ആശയവിനിമയത്തിനും വൈകാരിക സുരക്ഷിതത്വത്തിനും മുൻഗണന നൽകുന്ന ഒരു വീടിന്റെ അന്തരീക്ഷം വളർത്തുകയും ചെയ്യുന്നു. പരസ്പരം മനസ്സിലാക്കുന്ന, സുഖകരമായ ആശയവിനിമയം സാധ്യമാവുകയും, തന്മൂലം കുടുംബ കലഹങ്ങൾ കുറയുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ വളരുന്ന കുട്ടികൾക്ക് വൈകാരിക പ്രതിരോധശേഷി വികസിപ്പിക്കാനും ജീവിതത്തിലെ വെല്ലുവിളികളെ നന്നായി നേരിടാനും പ്രാപ്തിയുണ്ടാകുന്നു. കൂടാതെ, പിതാക്കന്മാർ സ്വയംപരിചരണത്തിന് മുൻഗണന നൽകുമ്പോൾ, തലമുറകളിലുടനീളം ഈ പ്രവണത സാധാരണമാവുന്നു. ഇത് മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ അടിവരയിടുകയും, ചികിത്സ തേടുന്നതിനെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുകയും ചെയ്യും.

പിതാവിന്റെ മാനസികാരോഗ്യത്തെ എങ്ങനെ പിന്തുണയ്ക്കാം
പിതാവെന്ന നിലയിൽ രക്ഷകർതൃത്വത്തിൽ ആത്മവിശ്വാസം വളർത്തുക, ഒരു ‘ഐഡിയൽ’ പിതാവ് എന്ന ആശയം വെടിയുക, രക്ഷകർതൃത്വതിലെ അപൂർണത സ്വാഭാവികമാണെന്ന് അംഗീകരിക്കുക, തെറ്റുകളിൽ നിന്ന് പഠനത്തിനുള്ള സാധ്യത കണ്ടെത്തുക, വേണ്ടപ്പോൾ സഹായം തേടുന്നത് സാധാരണമാക്കുക, വിദ്യാഭ്യാസത്തിലൂടെയും ബോധവത്കരണത്തിലൂടെയും മാനസികാരോഗ്യ അവബോധം സൃഷ്ടിക്കുക, കാലഹരണപ്പെട്ട പുരുഷ സങ്കൽപങ്ങളിൽ പെട്ടു പോകാതെ പിതൃത്വം എന്ന സ്വത്വത്തെ സന്തോഷത്തോടെ സ്വാംശീകരിക്കുക എന്നിവ പിതാവിന്റെ മാനസികാരോഗ്യ വീണ്ടെടുപ്പിന് സഹായകരമാവും.
ബോധവത്കരണം, പിതൃത്വ അവധി, അയവുള്ള തൊഴിൽ ഘടന പ്രോത്സാഹിപ്പിക്കൽ, പിന്തുണാ ശൃംഖലകൾ സ്ഥാപിക്കൽ, പിയർ പ്രോഗ്രാമുകൾ എന്നിവയിലൂടെയും മാറ്റങ്ങൾ പ്രതീക്ഷിക്കാം. പങ്കാളിയുമായി തുറന്നു സംസാരിക്കുക. മറ്റ് പിതാക്കന്മാരുമായി ബന്ധം സ്ഥാപിക്കുകയും, പരസ്പരം തണലാവുകയും ചെയ്യുക. ആവശ്യമെങ്കിൽ വിദഗ്ധ സഹായം, തെറാപ്പി എന്നിവ ഉപയോഗപ്പെടുത്തുക.
പിതാക്കന്മാർ അവരുടെ മാനസികാരോഗ്യത്തിൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്, കാരണം അത് മുഴുവൻ കുടുംബത്തിന്റെയും വൈകാരിക ക്ഷേമത്തെ നേരിട്ട് സ്വാധീനിക്കുന്നു. ആത്യന്തികമായി, മാനസികാരോഗ്യം ഒരു ആഢംബരമല്ല – ഒരു അടിസ്ഥാന ആവശ്യമാണ്.
അധികവായനയ്ക്ക്
- Ramchandani, P. G., Psychogiou, L., Vlachos, H., Iles, J., Sethna, V., Netsi, E., & Lodder, A. (2011). Paternal depression: An examination of its links with father, child and family functioning in the postnatal period. Depression and Anxiety, 28(6), 471–477. >>>.
- Sobral, M., Pacheco, F., Perry, B., Antunes, J., Martins, S., Guiomar, R., Soares, I., Sampaio, A., Mesquita, A., & Ganho-Ávila, A. (2022). Neurobiological correlates of fatherhood during the postpartum period: A scoping review. Frontiers in Psychology, 13. >>>
- Galdolfi, L., Smith, J., & Brown, T. (2022). Paternal perinatal depression: A global prevalence review. Journal of Clinical Medicine, 11 (18), 5432–5445. >>>
- Addis, M. E., & Mahalik, J. R. (2003). Men, masculinity, and the contexts of help seeking. American Psychologist, 58(1), 5–14. >>>
- Kristine Schmitz, Kelly Noonan, Hope Corman, Jenny M. Nguyen, Manuel E. Jimenez, Nancy E. Reichman. Paternal Depression at Kindergarten Entry and Teacher-Reported Behavior at Age 9 Years. American Journal of Preventive Medicine, 2025; DOI:>>>