Read Time:15 Minute

ഒരിക്കൽ എന്റെ ഗവേഷണ കാലഘട്ടത്തിൽ ഒരു പ്രത്യേക സ്ഥലത്തുമാത്രം ആഫ്രിക്കൻ ഒച്ചുകൾക്കു ശരീരത്തിൽ നിറഭേദങ്ങൾ കാണപ്പെടുകയുണ്ടായി. ആദ്യമായി ഒച്ചുകളുടെ ശരീരത്തിന് മൂന്നു നിറങ്ങൾ കാണപ്പെട്ടു. ഒരുപാട് വായിച്ചെങ്കിലും ഇത്തരത്തിലുള്ള ഗവേഷണ പ്രബന്ധങ്ങൾ വളരെ കുറവായിരുന്നു.  ഇതുമായി ബന്ധപ്പെട്ട പേപ്പറുകൾ വായിക്കുമ്പോഴാണ് ഞാൻ ആദ്യമായി മെന്നോ ഷിൽതുയിസെൻ എന്ന ശാസ്ത്രജ്ഞനെ കുറിച്ച് കേൾക്കുന്നതും വായിക്കുന്നതും. പിന്നീട് മലേഷ്യയിലെ പെനാങ് എന്ന സ്ഥലത്തുവെച്ചു നടന്ന വേൾഡ് കോൺഗ്രസ്സ് ഓഫ് മാലക്കോളജിയിൽ വെച്ച് വളരെ അവിചാരിതമായി അദ്ദേഹത്തെ കണ്ടുമുട്ടാനും സംസാരിക്കുവാനും ഗവേഷണം പങ്കുവെക്കുവാനും എനിക്ക് സാധിച്ചു. ഒച്ചുകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ വളരെ രസകരമായിരുന്നു. ഒച്ചുകളുടെ Chirality (പ്രതിസമത) യെക്കുറിച്ചും, നാഗരിക സാഹചര്യങ്ങളിൽ ഒച്ചുകൾക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ, കാടുകൾ നശിക്കുന്നതുമൂലം ഒച്ചുകൾക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ, ഒച്ചുകളുടെ ജനിതക പഠനങ്ങൾ തുടങ്ങി പല മേഖലകളിലും അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ വ്യാപിച്ചു കിടക്കുന്നു.  

1965  ൽ വ്ളാർടിൻജെൻ എന്ന സ്ഥലത്താണ് ഡച്ച് പരിണാമ പരിസ്ഥിതി ജീവ ശാസ്ത്രജ്ഞനായ ഷിൽതൂയിസെന്റെ ജനനം. നെതർലാൻഡ്‌സിലെ ലൈഡനിലുള്ള നാച്ചുറലിസ് ബയോഡൈവേഴ്‌സിറ്റി സെന്ററിലെ പരിണാമ പരിസ്ഥിതിശാസ്ത്രത്തിലെ ഒരു മുതിർന്ന ഗവേഷകനും ലൈഡൻ യൂണിവേഴ്‌സിറ്റിയിലെ സ്വഭാവപരിണാമത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും പ്രൊഫസറുമാണ്. പരിണാമത്തെ കുറിച്ച് പഠിക്കുന്ന ഒരു ശാസ്ത്രജ്ഞൻ ആണ് ഞാൻ എന്നാണ് ഷിൽതുയിസെൻ തന്നെ പറ്റി സ്വയം  നൽകുന്ന വിശേഷണം. ഒച്ചുകളും ഷഡ്പദങ്ങളും എങ്ങനെയാമ് ഒരു പ്രത്യേക പരിസ്ഥിതിയോട് ഇണങ്ങി ചേരുന്നത്, അവ എങ്ങനെയാണ് പരിണാമത്തിനു വിധേയരാകുന്നത് എന്നെല്ലാം വളരെയധികം കൗതുകത്തോടെ പഠിക്കുന്ന ഒരു വലിയ ശാസ്ത്രജ്ഞൻ.

മെന്നോ ഷിൽതുയിസെനും ഡോ.കീർത്തി വിജയനും

മനുഷ്യരുടെ ഇടപെടൽ മൂലമോ അല്ലെങ്കിൽ പ്രകൃത്യാ ഉള്ളതോ ആയ പെട്ടെന്നുണ്ടാകുന്ന പരിണാമത്തിലാണ് അദ്ദേഹത്തിന്റെ താല്പര്യവും പ്രവർത്തനവും. ഈ പ്രകൃതിയിലെ ജൈവ വൈവിധ്യത്തിനുള്ള  അനതിസാധാരണമായ ഭംഗിയാണ് അദ്ദേഹത്തിന്റെ ഗവേഷണത്തിന് എന്നും പ്രേരണയായിട്ടുള്ളത്. നമുക്ക് ചുറ്റും കാണുന്ന ജൈവ വൈവിധ്യം ഒരിക്കലും നിശ്ചലമായ ഒന്നല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. അത് ഇപ്പോഴും മാറിക്കൊണ്ടിരിക്കുന്നു, അല്ലെങ്കിൽ എല്ലാ ജീവജാലങ്ങൾക്കും പരിണാമങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.  ഏതെങ്കിലും ഒരു സ്പീഷീസ് ഇല്ലാതാകുന്നു അല്ലെങ്കിൽ ഓരോ സ്‌പീഷീസിനും വൈവിധ്യങ്ങൾ സംഭവിക്കുന്നു. ഈ നരവംശാധിപത്യ കാലഘട്ടത്തിൽ ഓരോ ജീവികളുടെയും അവരുടെ പരിതഃസ്ഥിതിയുടെയും മാറ്റങ്ങൾ മാറിക്കൊണ്ടിരിക്കുന്നു, അതായത് നാഗരികത വളരുന്നത് പരിണാമത്തെ മറ്റൊരു രീതിയിൽ ആണ് ബാധിക്കുന്നത്. ഇതിനെക്കുറിച്ച് വളരെ ഗഹനമായ പഠനങ്ങളാണ് ഷിൽതൂയിസെനും സംഘവും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. 

ഷിൽ തൂയിസെന്റെ ഏറ്റവും പ്രിയപ്പെട്ട ഗവേഷണ വിഷയങ്ങൾ ഒച്ചുകളും വണ്ടുകളുമാണ്. ഒരുപക്ഷെ തന്റെ ബാല്യ കാലത്തുതന്നെ അദ്ദേഹം തന്റെ ഇഷ്ടപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുത്തിരുന്നു എന്നുവേണം കരുതാൻ. തീരെ ചെറിയ കുട്ടിയായിരുന്ന സമയത്ത് പുരാവസ്തു ശാസ്ത്രത്തിലും, ഇലക്ട്രോണിക്സിലും താല്പര്യം കാണിച്ചിരുന്നുവെങ്കിലും, പിന്നീട് ചെറിയ വണ്ടുകൾ ശേഖരിക്കലായി അദ്ദേഹത്തിന്റെ വിനോദം, ഓരോ വണ്ടികളും എന്തുകൊണ്ടാണ് കാഴ്ചക്ക് ഒരുപോലെ ആണെങ്കിലും, ആവാസ വ്യവസ്ഥയിലും, പ്രത്യുത്പാദനത്തിലും വ്യത്യസ്തരായിരിക്കുന്നത് എന്ന് തന്റെ കൗമാര കാലത്തു ചിന്തിച്ചു തുടങ്ങിയ ഷിൽതൂയിസെൻ പിന്നീട് തന്റെ ഗവേഷണം പ്രധാനമായും ജീവശാസ്ത്രത്തിലേക്ക് തിരിച്ചുവിട്ടു. ഒരു കുട്ടിയെ ഏറ്റവും അധികം സ്വാധീനിക്കുക തന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകനും അദ്ദേഹത്തിന്റെ വിഷയവും ആയിരിക്കും, തന്റെ ജീവശാസ്ത്ര അധ്യാപകന്റെ സ്വാധീനവും, അദ്ദേഹത്തോടൊപ്പവും കൂട്ടുകാരോടൊപ്പവും നടത്തിയ ചെറിയ പഠനയാത്രകളുമാണ് ഷിൽതൂയിസെനെ ഇപ്പോഴുള്ള ഗംഭീര ഗവേഷകനാക്കി രൂപപ്പെടുത്തി എടുത്തത്. 

അക്കാദമിക താല്പര്യങ്ങൾക്കൊപ്പം തന്നെ ശാസ്ത്രലേഖനങ്ങൾ എഴുതുന്നതിനും അത് സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനും അദ്ദേഹം തല്പരനാണ്. ദേശീയ അന്തർദേശീയ വാർത്താ മാധ്യമങ്ങളിലും, മാസികളിലും വെബ്സൈറ്റുകളിലും അദ്ദേഹം ലേഖനങ്ങൾ എഴുതാറുണ്ട്. കൂടാതെ പോതുജനങ്ങളിലേക്ക് ശാസ്ത്രം എത്തിക്കുന്ന ആറു പുസ്തകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അല്ലെങ്കിൽ ഏറ്റവും ജന സമ്മതി നേടിയിട്ടുള്ള പുസ്‌തകം Darwin comes to town എന്ന പുസ്തകമാണ്. ലോകജനതയുടെ ഒരു വലിയ ശതമാനം ആളുകളും കാടുകളിൽനിന്നും പ്രകൃതിയിൽനിന്നും അകന്നു നഗരങ്ങളിലേക്ക് ചേക്കേറുന്ന സാഹചര്യത്തിൽ, ഭൂപ്രദേശങ്ങൾ എല്ലാം ഏറെക്കുറെ മനുഷ്യവാസം യോഗ്യമായി രൂപമാറ്റം സംഭവിക്കുന്ന കാലഘട്ടത്തിൽ പ്രകൃതിയും ജീവജാലങ്ങളും എപ്രകാരമാണ് അതിനോട് യോജിച്ചു പോകുന്നതെന്നും അവയ്ക്ക് എപ്രകാരമാണ് മാറ്റങ്ങൾ സംഭവിക്കുന്നതെന്നും മനോഹരമായ വിവരണങ്ങളോടെ പുസ്തകം നമ്മോട് പറയുന്നു. ഇതിനോടൊപ്പം തന്നെ തന്റെ പുതിയ പുസ്തകം The Urban Naturalist എന്ന രചനയിൽ ഒരു പട്ടണത്തെ എപ്രകാരം നമ്മുടെ ശാസ്ത്രാവബോധത്തിന്റ കളിത്തൊട്ടിൽ ആക്കാം എന്ന വിഷയത്തെ പ്രതിപാദിക്കുന്നു. 

ഷിൽതൂയിസെനും സംഘവും ഇപ്പോൾ പ്രധാനമായും നാഗരിക പരിസ്ഥിതി പഠനത്തിലും, നരവംശാധിപത്യകാലത്തെ പെട്ടെന്നുണ്ടാകുന്ന പരിണാമത്തിലും ജീവികളുടെ പ്രതിസമതയെ കുറിച്ചുള്ള പഠനത്തിലുമാണ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മുന്നൂറിൽ അധികം ശാസ്ത്ര പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഷിൽതൂയിസെന്റെ പ്രബന്ധങ്ങൾ ലോക പ്രശസ്ത ശാസ്ത്ര ജേർണലുകളായ സയൻസിലും നേച്ചറിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

സാമൂഹിക പരിസ്ഥിതിപഠനം  ഷിൽതൂയിസെന്റെ ഭാഷയിൽ പറഞ്ഞാൽ ഒരുപാട് മുന്നോട്ട് പോകേണ്ട ഒരു ശാസ്ത്രശാഖയാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ധാരാളമായി സ്വതന്ത്ര ചിന്തകരും ശാസ്ത്രാന്വേഷികളും ഉണ്ടായിരുന്നു. അവർ ശാസ്ത്രകുതുകികളും, ഒപ്പം പണവും സമയവും ധാരാളവുമായി ഉള്ളവരുമായിരുന്നു. പക്ഷെ ഇരുപതാംനൂറ്റാണ്ടിൽ സ്ഥാപിതമായ വലിയ ശാസ്ത്ര  സ്ഥാപനങ്ങൾ  സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ശാസ്ത്ര അഭിരുചികളെ വളർത്തുന്നവയായിരുന്നില്ല. അതുകൊണ്ടു തന്നെ ശാസ്ത്രം ചുരുക്കം ചില ആളുകളിലേക്ക് ഒതുങ്ങിപ്പോയി. പക്ഷെ ഇന്ന് ശാസ്ത്രം എല്ലാവരുടെയും വിരൽത്തുമ്പിൽ ലഭ്യമാണ്. ശാസ്ത്രത്തിന്റെ ഏകാധിപത്യം ഏകദേശം അവസാനിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ തന്നെ വ്യക്തമായ ഒരു പരിശീലനം കൊടുത്താൽ ഓരോ വ്യക്തിക്കും തന്റെ ചുറ്റുവട്ടത്തുള്ള ജൈവ വൈവിധ്യത്തെ മനസ്സിലാക്കാനും, സ്വയം വ്യത്യസ്ത തരത്തിലുള്ള പ്രൊജെക്ടുകൾ ചെയ്യാനും സാധിക്കും എന്ന് അദ്ദേഹം കരുതുന്നു. ഇത്തരത്തിൽ സാമൂഹിക പരിസ്ഥിതി ശാസ്ത്രം വളർത്തുന്നതിനായി പൗരാവബോധം നിർമിക്കുന്നതിന് ചെറിയ കുട്ടികളുടെ ഇടപെടൽ കൂടി ആവശ്യമാണെന്ന് മനസ്സിലാക്കിക്കൊണ്ട് കുഞ്ഞുങ്ങൾക്കായി അവധിക്കാല ശാസ്ത്രക്യാമ്പുകളും അദ്ദേഹം സംഘടിപ്പിക്കാറുണ്ട്. 

ഷിൽതൂയിസെൻ യൂണിവേഴ്സിറ്റി ഓഫ് മലേഷ്യ, Studio Schilthuizen, Taxon Expeditions and Taxon foundation എന്നിവയിലും പ്രവർത്തിക്കുന്നുണ്ട്. മലേഷ്യയിലെ കാടുകളിൽ ധാരാളമായി പ്രകൃതിപഠന ക്യാമ്പുകളും നടത്താറുണ്ട്.

ശാസ്ത്രജ്ഞരും പൊതുജനങ്ങളും ഒന്നിക്കുന്ന പല സിറ്റിസൺ സയൻസ് പ്രൊജക്ടുകൾക്കും ഷിൽതൂയിസെൻ നേതൃത്വം നൽകുന്നുണ്ട്. Photo: Taxon Expeditions.

അധികവായനയ്ക്ക്:

  1. https://www.cell.com/current-biology/fulltext/S0960-9822(23)01590-7 >>>
  2. https://www.naturalis.nl/menno-schilthuizen >>>

Darwin Comes to Town: How the Urban Jungle Drives Evolution

The Urban Naturalist

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഭൂമിയിലെത്തിയ വിരുന്നുകാർ – അധ്യായം 3
Close