Read Time:13 Minute
CM Muraleedharan
സി.എം. മുരളീധരൻ

കണ്ടുപിടിത്തങ്ങളുടെ ഉടമാവകാശത്തെക്കുറിച്ച് ശാസ്ത്രമേഖലയില്‍ നിരവധി തര്‍ക്കങ്ങള്‍ പലകാലങ്ങളിലായി ഉയര്‍ന്നുവന്നിട്ടുണ്ട്. കാല്‍ക്കുലസിന്റെ കണ്ടുപിടിത്തത്തെക്കുറിച്ച്  ഐസക് ന്യൂട്ടനും ഗോട്ട്ഫ്രീഡ് ഫൊണ്‍ ലൈബ്നിത്‌സും തമ്മില്‍ നടന്ന വാദകോലാഹലങ്ങള്‍ 1699 ലാണ് ആരംഭിക്കുന്നത്. പരിണാമസിദ്ധാന്തത്തെ മുന്‍നിര്‍ത്തി ചാള്‍സ് ഡാര്‍വിനും ആല്‍ഫ്രഡ് റസല്‍ വാലസ്സും തമ്മിലുള്ള തര്‍ക്കങ്ങള്‍ 1800 കളുടെ മധ്യത്തിലായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ മറ്റൊരു വലിയ തര്‍ക്കം മൂലകങ്ങളുടെ ആവര്‍ത്തനപ്പട്ടികയുടെ കണ്ടെത്തലിനെ മുന്‍നിര്‍ത്തിയായിരുന്നു.

യൂലിയൂസ് ലോതാര്‍ മയര്‍ (Julius Lothar Meyer)

റഷ്യന്‍ ശാസ്ത്രജ്ഞനായ ദ്മിത്രി ഇവാനവിച്ച് മെൻദലീഫ് (Dmitri Ivanovich Mendeleev) ആണോ ജര്‍മന്‍ ശാസ്ത്രജ്ഞനായ  യൂലിയൂസ് ലോതാര്‍ മയര്‍ (Julius Lothar Meyer) ആണോ ആവര്‍ത്തനപ്പട്ടികയുടെ സ്രഷ്ടാവ്? വാദങ്ങളും പ്രതിവാദങ്ങളും വലിയതോതില്‍ നടന്ന ഈ സംഭവത്തിനു പുറകില്‍ രണ്ടുവ്യക്തികളേക്കാള്‍ അടിസ്ഥാനഘടകമായി നിന്നിരുന്നത് റഷ്യന്‍ ശാസ്ത്രഭാഷയും ജര്‍മന്‍ ശാസ്ത്രഭാഷയും തമ്മിലുള്ള പോരാട്ടങ്ങളായിരുന്നു എന്നത് ശ്രദ്ധിക്കപ്പെടാതെപോയ ഒരു ചരിത്രയാഥാര്‍ത്ഥ്യമാണ്.

ദ്മിത്രി ഇവാനവിച്ച് മെൻദലീഫ് (Dmitri Ivanovich Mendeleev)

മൂലകങ്ങളെ ക്രമപ്പെടുത്തി അവതരിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ 1860 ന്റെ തുടക്കത്തില്‍ തന്നെ പലരും നടത്തിത്തുടങ്ങുന്നുണ്ട്. 1864 ലാണ് ലോതാര്‍ മയര്‍ ദ് മൊഡേറണന്‍ തെയോറിയേന്‍ ഡേര്‍ കെമി (Die modernen Theorien der Chemie – ഇംഗ്ലീഷില്‍ Modern Chemical Theory) എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അറ്റോമികഭാരത്തിന്റെ ആരോഹണക്രമത്തില്‍ ഇരുപത്തിയെട്ട് മൂലകങ്ങളെ ഇതില്‍ അദ്ദേഹം പട്ടികപ്പെടുത്തിയിരുന്നു. അണുസംയോജകത (valence)യുടെ അടിസ്ഥാനത്തില്‍ ഇവയെ ആറ് ഗ്രൂപ്പുകളുമാക്കിയിരുന്നു. ഇങ്ങനെ ഗ്രൂപ്പുകളാക്കിയപ്പോള്‍ ചില കോളങ്ങള്‍ അദ്ദേഹം ഒഴിച്ചിട്ടു. ഉദാഹരണമായി സിലിക്കണിന്റെയും ടിന്നിന്റെയും ഇടയില്‍ ഒരു കോളം ഒഴിഞ്ഞുകിടന്നു. പക്ഷേ, അദ്ദേഹം അതിനെ മുന്‍നിര്‍ത്തി ഒരു പ്രവചനത്തിനു തുനിഞ്ഞില്ല.

മെന്‍ദലീഫിന്റെ ആവര്‍ത്തനപ്പട്ടിക |കടപ്പാട്: വിക്കിമീഡിയ

1869 ല്‍ മെൻദലീഫ്  തന്റേതായ രീതിയില്‍ പട്ടിക തയ്യാറാക്കിയപ്പോള്‍ (63 മൂലകങ്ങളാണ് ഈ പട്ടികയില്‍ ഉണ്ടായിരുന്നത്)  ഇത്തരം ഒഴിച്ചിടലുകള്‍ നടത്തിയ സ്ഥലങ്ങളില്‍ കണ്ടെത്തേണ്ട മൂലകങ്ങളെക്കുറിച്ച് അദ്ദേഹം പ്രവചനം നടത്തുകയുണ്ടായി. അവിടെ വരേണ്ട മൂലകത്തിന്റെ ഏകദേശ അറ്റോമികഭാരവും അദ്ദേഹം കണക്കാക്കിയിരുന്നു. ഏക-അലുമിനിയം (eka- aluminum), ഏക-ബോറോണ്‍ (eka-boron), ഏക-സിലിക്കോണ്‍ (eka-silicon) എന്നിങ്ങനെയാണ് അദ്ദേഹം വരാനുള്ള മൂലകങ്ങളെ സൂചിപ്പിച്ചത്. അടുത്തത് എന്ന അര്‍ത്ഥത്തിലാണ് ഏക എന്ന് ഉപയോഗിച്ചത്. ഗാലിയം, സ്കാന്‍ഡിയം, ജര്‍മേനിയം എന്നീ പേരുകളില്‍ ആ മൂലകങ്ങള്‍ പിന്നീട്  കണ്ടുപിടിക്കപ്പെട്ടു. പദാര്‍ത്ഥത്തെക്കുറിച്ചുള്ള ഒരു സാമാന്യവല്‍ക്കരണമായിരുന്നു അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഈ പട്ടികപ്പെടുത്തല്‍. ഒസ്‌നോഫി കിമി (Osnovy khimii – Principles of Chemistry) എന്ന ഒരു പുസ്തകത്തിലേക്കുവേണ്ടിയാണ് ആദ്യം അദ്ദേഹം ഈ പട്ടിക തയ്യാറാക്കിയത്. 1869 മാര്‍ച്ചില്‍ റഷ്യന്‍ കെമിക്കല്‍ സൊസൈറ്റിയില്‍ ഈ പട്ടിക അവതരിപ്പിക്കാനുള്ള അവസരം വന്നപ്പോള്‍ സ്ഥലത്തില്ലാത്തതിനാല്‍ ഒരു സുഹൃത്തിനെ അക്കാര്യം ചെയ്യാന്‍ ഏല്പിക്കുകയായിരുന്നു അദ്ദേഹം. തൊട്ടടുത്ത മാസം തന്നെ ഒരു റഷ്യന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മറ്റുള്ളവര്‍ അതുവരെ അവതരിപ്പിച്ചതില്‍നിന്ന് തന്റെ വ്യവസ്ഥ (system)യുടെ മെച്ചങ്ങള്‍ എട്ടെണ്ണമാണന്ന് പറഞ്ഞിരുന്നു. അവയില്‍ ഏഴാമത്തേതായിരുന്നു പുതിയ മൂലകങ്ങള്‍ കണ്ടെത്താനുള്ള സാധ്യതയെക്കുറിച്ചുള്ള പരാമര്‍ശം. അടുത്ത വര്‍ഷം മുതല്‍ അദ്ദേഹം അതിന്റെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു തുടങ്ങുന്നുമുണ്ട്. ഈ പ്രവചനം തീര്‍ച്ചയായും മയര്‍ അവതരിപ്പിച്ചതില്‍ നിന്നുള്ള ഒരു മുന്നേറ്റം തന്നെയായിരുന്നു.

സുപ്രധാനമായ ഈ പട്ടിക ആദ്യം അവതരിപ്പിച്ച മെൻദലീഫിന്റെ പുസ്തകം – അത് കോളെജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ടെക്‌സ്റ്റ് പുസ്തകമായിരുന്നു- റഷ്യയ്ക്ക് പുറത്താരും വായിച്ചിരിക്കാന്‍ സാധ്യതയില്ല. റഷ്യയിലെ രാസശാസ്ത്രജ്ഞന്മാരില്‍ത്തന്നെ വളരെക്കുറച്ചുപേരേ വായിച്ചിട്ടുള്ളൂ. എന്നിട്ടും പട്ടികയുള്‍ക്കൊള്ളുന്ന പ്രബന്ധം റഷ്യന്‍ഭാഷയിലെ ഒരു ജേണലിലാണ് അദ്ദേഹം പ്രസിദ്ധീകരിച്ചത്. റഷ്യന്‍ഭാഷയിലെ ജേണലില്‍ പ്രസിദ്ധീകരിക്കേണ്ടതിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ബ്രിട്ടനോടും ‍ജര്‍മനിയോടും റഷ്യ സാമ്പത്തികമായി മത്സരിക്കണമെന്നും അവയെ മറികടക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതേ അവസരത്തില്‍ത്തന്നെ റഷ്യനില്‍ മാത്രം പ്രസിദ്ധീകരിക്കുകയാണെങ്കില്‍ ഇത് പുറംലോകം അറിയില്ലെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ട് അത് ജര്‍മന്‍ഭാഷയിലും‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ജര്‍മന്‍ അത്യാവശ്യം സംസാരിക്കാന്‍ അറിയാമെന്നല്ലാതെ അതില്‍ ലേഖനമെഴുതാനൊന്നും മെൻജലിയേവിന് കഴിയുമായിരുന്നില്ല. അതിനാല്‍ അദ്ദേഹം ഒരു പേജോളം വരുന്ന രൂപത്തില്‍ പ്രബന്ധത്തിന്റെ സാരം (abstract) തയ്യാറാക്കി അത് ജര്‍മനും റഷ്യനുമറിയാവുന്ന ഫ്രീഡ്റെഷ്ഷ് കോണ്‍റാഡ് ബൈല്‍സ്റ്റൈന്‍ ‍ (Friedrich Konrad Beilstein) എന്ന പ്രൊഫസറെ ഏല്‍പ്പിച്ചു. മിക്ക പ്രൊഫസര്‍മാരെയും പോലെ ബൈല്‍സ്റ്റൈന്‍ ചെയ്തത് അത് പരിഭാഷപ്പെടുത്താനായി തന്റെ ഒരു വിദ്യാര്‍ത്ഥിയെ ഏല്പിക്കുകയാണ്. അത് ഉടനെ സൈറ്റ്ഷ്‌റിഫ്റ്റ് ഫ്യുര്‍ കിമി ഉണ്‍ഡ് ഫാര്‍മസി ( Zeitschrift für Chemie und Pharmacie – Journal of Chemistry and Pharmacy) എന്ന ജര്‍മന്‍ ജേണലില്‍ അച്ചടിച്ചുവരികയും ചെയ്തു. പക്ഷേ, വിദ്യാര്‍ത്ഥിയുടെ പരിഭാഷയ്ക്കിടെ ഒരു വാക്ക് അല്പം പിഴച്ചുപോയി. ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഒരു പിഴവ്.

1870 ലാണ് മയറുടെ കണ്ടെത്തലുകള്‍ പൂര്‍ണരൂപത്തില്‍  ലീബിഗ്സ് ആനാലന്‍ ഡേര്‍ കിമി (Liebigs Annalen der Chemie – Liebig’s Annals of Chemistry) എന്ന ജര്‍മന്‍ ജേണലില്‍ വെളിച്ചം കാണുന്നത്. വളരെ പ്രശസ്തമായ ഒരു ജേണലായിരുന്നു അത്. സൈറ്റ്ഷ്‌റിഫ്റ്റ്  ല്‍ വന്ന മെൻദലീഫിന്റെ ലേഖനം അതിനകം മയര്‍ വായിച്ചിരുന്നതിനാല്‍ അതിനെ അദ്ദേഹം ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു. മൂലകങ്ങളുടെ സ്വഭാവത്തില്‍ വരുന്ന ആവര്‍ത്തനങ്ങളെ മയര്‍ പ്രാധാന്യത്തോടെ‍ ചൂണ്ടിക്കാട്ടി. വായനക്കാര്‍ക്ക് ഇത് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുംവിധം പ്രസിദ്ധമായ അറ്റോമിക് വോള്യം കര്‍വ് ചിത്രരൂപത്തില്‍ അതില്‍ ചേര്‍ക്കുകയും ചെയ്തിരുന്നു. മയറുടെ ലേഖനത്തില്‍, ‘മെൻദലീഫ്  ലക്ഷ്യത്തിന് ഏതാണ്ട് അടുത്തേക്ക് എത്തിയിട്ടുണ്ടെങ്കിലും ഈ വ്യവസ്ഥ ആവര്‍ത്തിച്ചുവരുന്ന (periodic) ഒന്നാണെന്ന് അദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല ‘എന്ന വാചകം കണ്ട മെൻദലീഫ്  ആശ്ചര്യപ്പെട്ടു. തന്റെ ലേഖനത്തിനൊടുവില്‍  ഉപസംഹാര (conclusion)ത്തില്‍  മൂലകങ്ങൾ ആറ്റോമികഭാരത്തിന് അനുസരിച്ച് ക്രമീകരിക്കുമ്പോൾ അവയുടെ സ്വഭാവത്തിൽ വ്യത്യസ്തമെങ്കിലും ഒരു   ആവര്‍ത്തനം പ്രകടമാണ്. (The elements, arrayed by the magnitude of their atomic weights, present a distinct periodicity of properties) എന്നാണ് ഒന്നാമത്തെ കാര്യമായി അവതരിപ്പിച്ചത്. ഇക്കാര്യം മയറുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നപ്പോള്‍, നിങ്ങളങ്ങനെ പറഞ്ഞില്ല സ്റ്റുഫന്‍വൈഫെ (stufenweise – phasedഅഥവാ പടിപ്പടിയായി)  എന്നാണ് നിങ്ങള്‍ പറഞ്ഞത് എന്നായിരുന്നു മറുപടി. മയര്‍ പറഞ്ഞതും ശരിയായിരുന്നു. ജര്‍മന്‍ ജേണലില്‍ The elements ordered according to the magnitude of their atomic weights show a phased (stufenweise) change in properties എന്നാണുണ്ടായിരുന്നത്. പരിഭാഷകനായ വിദ്യാര്‍ത്ഥി വരുത്തിയ പിഴ!

ആവര്‍ത്തനപ്പട്ടികയുടെ പിതൃത്വം സംബന്ധിച്ച ചര്‍ച്ചകള്‍ നിരവധി വര്‍ഷങ്ങളോളം നീളുന്നുണ്ട്. രസകരമാണെങ്കിലും അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. 1882 ല്‍ റോയല്‍ സൊസൈറ്റിയുടെ ഡേവി മെഡല്‍ രണ്ടുപേര്‍ക്കും കൂടിയാണ് ലഭിച്ചത്. എങ്കിലും തര്‍ക്കം 1895 ല്‍ മയര്‍ നിര്യാതനാവുന്നതുവരെ തുടര്‍ന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്തൊക്കെ പാഠപുസ്തകങ്ങളില്‍ രണ്ടുപേരുടെയും പേരുകള്‍ രേഖപ്പെടുത്തിയിരുന്നു. പിന്നീട് മെൻദലീഫ്  നേട്ടം പൂര്‍ണമായും തന്റെ പേരിലേക്ക് മാറ്റാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തി എന്നാണ് പറയുന്നത്. സോവിയറ്റ് യൂണിയനുണ്ടായ മുന്നേറ്റവും ജര്‍മനിക്കുണ്ടായ പരാജയവും മയറുടെ പങ്കിന്റെ തമസ്കരണത്തില്‍ പങ്കുവഹിച്ചു എന്നും കരുതാം. മെൻദലീഫ്  ശരിയായ പദം ഉപയോഗിക്കുകയും ആദ്യം അത് പ്രസിദ്ധീകരിക്കുകയും ചെയ്തു എന്നതില്‍ വസ്തുതയുണ്ട്. എന്നാല്‍ ഇവിടെ നമ്മുടെ പരിഗണനയില്‍ വരുന്ന കാര്യം മറ്റൊന്നാണ്. അത് മയര്‍ അന്ന് ചോദിച്ച ഒരു ചോദ്യമാണ്. ഞാന്‍ മെച്ചപ്പെടുത്തി അവതരിപ്പിച്ച കാര്യങ്ങളെല്ലാം മെൻദലീഫ്  തന്റെ റഷ്യന്‍ പ്രബന്ധത്തിലുണ്ടെന്ന് പറയുന്നു. ഞങ്ങള്‍ ജര്‍മന്‍ ശാസ്ത്രജ്ഞര്‍ ജര്‍മന്‍ ഭാഷയിലും റൊമാന്‍സ് ഭാഷകളിലും (ലാറ്റിന്റെ പ്രാദേശികഭേദങ്ങളില്‍ നിന്ന് ഉത്ഭവിച്ച ഭാഷകള്‍) വരുന്ന കാര്യങ്ങളല്ലാതെ സ്ലാവിക്ക്ഭാഷകളില്‍ വരുന്ന കാര്യങ്ങളും വായിക്കണമോ? ഭാഷകളുടെ അധികാരശ്രേണികളെ സംബന്ധിച്ച ഈ ചോദ്യം ഇന്നും ശാസ്ത്രലോകത്ത് മുഴങ്ങുന്നു; കൂടുതല്‍ ഉച്ചത്തില്‍. റഷ്യനിലോ മറ്റേതെങ്കിലുമൊരു ഭാഷയിലോ പ്രസിദ്ധീകരിച്ച ശാസ്ത്രപ്രബന്ധത്തിന്റെ ആധികാരികത അതത് ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ തന്നെ ഉയര്‍ത്തിപ്പിടിക്കുമോ?


(ഉടന്‍ പ്രസിദ്ധീകരിക്കാന്‍ പോവുന്ന വിജ്ഞാനവും വിജ്ഞാനഭാഷയും എന്ന പുസ്തകത്തില്‍നിന്ന്)

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അതെന്താ ഫെബ്രുവരിയ്ക്ക് മാത്രം 28 ദിവസം
Next post Ask LUCA – ജീവപരിണാമം-ചോദ്യോത്തരങ്ങൾ
Close