Read Time:8 Minute
മേഘ്‌നാഥ് സാഹ, (ജനനം ഒക്ടോബർ 6, 1893 മരണം. ഫെബ്രുവരി 16, 1956)
1920-ൽ താപ അയോണൈസേഷൻ സമവാക്യം വികസിപ്പിച്ച ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ. നക്ഷത്ര പ്രകാശരാജി വിശ്ലേഷണം (stellar spectrum analysis ) എന്ന സാങ്കേതിക വിദ്യക്ക് അടിസ്ഥാനമായ സമവാക്യങ്ങൾ സാഹയുടെ കണ്ടെത്തലുകളാണ്. സാഹാ സമവാക്യം പ്രകാശ സ്രോതസ്സിന്റെ രാസഘടനയുടെ സ്വഭാവ സവിശേഷതകൾ മനസ്സിലാക്കാൻ സഹായിച്ചു. നക്ഷത്രത്തിന്റെ താപനിലയോ അല്ലെങ്കിൽ അതിലുള്ള രാസ മൂലകങ്ങളുടെ ആപേക്ഷിക അളവോ നിർണ്ണയിക്കാൻ ഇത് ഉപയോഗിക്കുന്നു. ബ്രിട്ടീഷ് അധീനതയിലായിരുന്ന ഇന്ത്യയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകിയ രാജ്യ സ്നേഹിയാണ്. ഇന്ത്യയിൽ ആധുനിക ഭൗതികശാസ്ത്രത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച അദ്ദേഹം അന്താരാഷ്ട്ര പ്രശസ്തി നേടുകയും ചെയ്തു.
ബംഗാളിലെ ഒരു അവികസിത ഗ്രാമത്തിൽ, വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്ത ഒരു താഴ്ന്ന ജാതി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.
സാമൂഹികമായ പരിമിതികളെ മറികടക്കാൻ അദ്ദേഹത്തിന് കഠിനാധ്വാനം ചെയ്യേണ്ടിവന്നു. 1905-ൽ ബ്രിട്ടീഷ് സർക്കാരിന്റെ ബംഗാൾ വിഭജന നടപടികൾക്ക് എതിരായി വിഭജനത്തിനെതിരായ പ്രക്ഷോഭങ്ങളിൽ വിദ്യാർത്ഥിയായ സാഹയും പങ്കാളിയായി.
ഈസ്റ്റ് ബംഗാൾ ഗവർണറായിരുന്നു സർ ബാംഫിൽഡ് ഫുള്ളർ അവരുടെ വിദ്യാലയം സന്ദർശിക്കാൻ വന്നപ്പോൾ മേഘനാദ് സാഹയും മറ്റ് വിദ്യാർത്ഥികളും അദ്ദേഹത്തിന്റെ സന്ദർശനം ബഹിഷ്കരിച്ചു. സാഹയെയും സഹപാഠികളെയും സസ്പെൻഡ് ചെയ്യുകയും സ്കോളർഷിപ്പ് അവസാനിപ്പിക്കുകയും ചെയ്തു.
ഇടത്തുനിന്ന് വലത്തോട്ട് ഇരിക്കുന്നത് , മോഘനാഥ് സാഹ, ജഗദീഷ് ചന്ദ്രബോസ്, ജ്ഞാണചന്ദ്ര ഘോഷ്. നിൽക്കുന്നത് സനേഹമയ് ദത്ത്, സത്യേന്ദ്രനാഥ് ബോസ്, ദേബേന്ദ്ര മോഹൻ ബോസ്, എൻ.ആർ സെൻ, ജ്ഞാനേന്ദ്രനാഥ് മുഖൃജി, എൻ.സി.നാഗ് കടപ്പാട് : Satyendra Nath Bose National Centre for Basic Sciences Archive
കിഷോരിലാൽ ജൂബിലി സ്‌കൂളിൽ പ്രവേശനം നേടിയ അദ്ദേഹം 1909-ൽ കൽക്കട്ട സർവകലാശാലയുടെ പ്രവേശന പരീക്ഷ പാസായി, ഈസ്റ്റ് ബംഗാളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ ഭാഷകളിലും (ഇംഗ്ലീഷ്, ബംഗാളി, സംസ്‌കൃതം എന്നിവ കൂടിച്ചേർന്ന്) ഗണിതത്തിലും ഒന്നാമനായി. 1911-ൽ ഐഎസ്‌സി പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയപ്പോൾ ഒന്നാം സ്ഥാനം മറ്റൊരു മഹാനായ ശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ് ബോസിനായിരുന്നു.
മേഘനാഥ് സാഹ കൊൽക്കത്ത പ്രസിഡൻസി കോളേജിൽ പ്രവേശനം നേടി. 1913-ൽ പ്രസിഡൻസി കോളേജിൽ നിന്ന് ഗണിതശാസ്ത്ര വിഷയത്തിൽ ബിരുദം നേടി കൽക്കട്ട സർവകലാശാലയിൽ രണ്ടാം റാങ്ക് നേടിയപ്പോൾ ആദ്യ റാങ്ക് എസ്.എൻ. ബോസ്. 1915-ൽ എസ്.എൻ.ബോസും മേഘ്‌നാഥ് സാഹയും എം.എസ്‌സിയിൽ ഒന്നാം റാങ്ക് നേടി – അപ്ലൈഡ് മാത്തമാറ്റിക്‌സിൽ മേഘനാദ് സാഹയും പ്യുവർ മാത്തമാറ്റിക്സിൽ എസ്.എൻ. ബോസും.!!
പ്രസിഡൻസി കോളേജിൽ പഠിക്കുമ്പോൾ മേഘനാഥ് അനുശീലൻ സമിതിയുമായി സഹകരിച്ച് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ ഏർപ്പെട്ടു.
സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്ര പ്രസാദ് തുടങ്ങിയ നേതാക്കളുമായും സഹകരിച്ചു.
1917-ൽ കൽക്കട്ടയിൽ ആരംഭിച്ച യൂണിവേഴ്സിറ്റി കോളേജ് ഓഫ് സയൻസിൽ ലക്ചററായി ചേർന്നു. ഐൻസ്റ്റീനും മിങ്കോവ്സ്കിയും ആപേക്ഷികതയെക്കുറിച്ച് ജർമ്മൻ ഭാഷയിൽ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. 1919-ൽ അമേരിക്കൻ ആസ്ട്രോഫിസിക്കൽ ജേർണൽ പ്രസിദ്ധീകരിച്ചു – “ഓൺ സെലക്ടീവ് റേഡിയേഷൻ പ്രഷർ ആൻഡ് ഇറ്റ്സ് ആപ്ലിക്കേഷൻ” – മേഘനാദ് സാഹയുടെ ഒരു പ്രധാന ഗവേഷണ പ്രബന്ധമാണ്. സ്പെക്ട്രൽ ലൈനുകളുടെ സാന്നിധ്യം വിശദീകരിക്കുന്ന ഒരു “അയോണൈസേഷൻ ഫോർമുല” അദ്ദേഹം മുന്നോട്ടുവച്ചു. ഈ സൂത്രവാക്യം ജ്യോതിശാസ്ത്രത്തിലെ ഒരു വഴിത്തിരിവായി മാറി. ലണ്ടനിലെ ഇംപീരിയൽ കോളേജിലും ജർമ്മനിയിലെ ഒരു ഗവേഷണ ലബോറട്ടറിയിലും അദ്ദേഹം ഗവേഷണം നടത്തി. 1927-ൽ മേഘനാദ് സാഹ ലണ്ടനിലെ റോയൽ സൊസൈറ്റിയുടെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1938-ൽ അദ്ദേഹം കൽക്കട്ടയിലെ സയൻസ് കോളേജിൽ തിരിച്ചെത്തി. 1947-ൽ അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് സ്ഥാപിച്ചു, അത് പിന്നീട് അദ്ദേഹത്തിന്റെ പേരിൽ സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് എന്ന് നാമകരണം ചെയ്യപ്പെട്ടു. ഉന്നതപഠനത്തിന്റെ പാഠ്യപദ്ധതിയിൽ ന്യൂക്ലിയർ ഫിസിക്‌സ് ഉൾപ്പെടുത്താനുള്ള ആദ്യശ്രമം അദ്ദേഹം നടത്തി. വിദേശത്ത് ന്യൂക്ലിയർ ഫിസിക്സിൽ ഗവേഷണത്തിന് ഉപയോഗിക്കുന്ന സൈക്ലോട്രോണുകൾ ഇന്ത്യയിൽ സ്ഥാപിക്കാൻ നേതൃത്വം നൽകി. 1950-ൽ ഇന്ത്യയുടെ ആദ്യത്തെ സൈക്ലോട്രോൺ പ്രവർത്തനക്ഷമമായി
1952-ൽ അദ്ദേഹം പാർലമെന്റിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1956 ഫെബ്രുവരി 16-ന് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.
സ്വയംസൃഷ്‌ടിച്ച ദന്തഗോപുരങ്ങളിലിരുന്ന്‌ ലോകത്തിലെ മറ്റ്‌ പ്രശ്‌നങ്ങൾക്ക്‌ നേരെ കണ്ണടയ്‌ക്കുന്നു എന്നതാണ്‌ ശാസ്‌ത്രജ്ഞന്മാർക്കെതിരെയുള്ള ആരോപണം. ചെറുപ്പകാലത്ത്‌ രാഷ്‌ട്രീയപരമായ ഇടപെടലുകൾ ഉണ്ടായിരുന്നെങ്കിലും 1930 വരെ ഞാനും ഒരു ദന്തഗോപുരത്തിനുള്ളിലായിരുന്നു. പക്ഷെ ഇന്നത്തെ ഭരണരംഗത്ത്‌ നിയമവാഴ്‌ചപോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ്‌ ശാസ്‌ത്രസാങ്കേതിക രംഗവും. ഞാൻ രാഷ്‌ട്രീയ രംഗത്തേക്ക്‌ ക്രമേണ എത്തിയത്‌ എന്നാലാകും വിധം ഈ നാടിന്റെ പുരോഗതിക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം ഉള്ളിൽ സൂക്ഷിച്ചിരുന്നതുകൊണ്ടാണ്‌.
കൊൽക്കത്തയിലെ ബിർല സയൻസ് മ്യൂസിയത്തിലെ ശിൽപം

എഴുത്തും വരയും : ടി.വി.നാരായണൻ
Happy
Happy
20 %
Sad
Sad
40 %
Excited
Excited
40 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “മേഘനാഥ് സാഹ

Leave a Reply

Previous post പി.എസ്.എല്‍.വി സി-52 വിക്ഷേപണം വിജയം
Next post കാർബൺ നീക്കം ചെയ്യൽ
Close