
പ്രവർത്തനക്ഷമമല്ലാത്തതോ അനാവശ്യമായതോ ആയ കോശഭാഗങ്ങളെ വിഘടിപ്പിച്ച് വീണ്ടും ഉപയോഗിക്കുന്നതിന് ജീവകോശങ്ങളിലുള്ള സംവിധാനമാണ് സ്വഭോജനം. 1974ലെ വൈദ്യ-ശരീരശാസ്ത്ര നൊബേൽ ജേതാവായ കൃസ്റ്റ്യൻ ഡെ ഡ്യൂവെ ആണ് ഈ പ്രക്രിയയ്ക്ക് സ്വഭോജനം (Autophagy) എന്നു പേരിട്ടത്. പാർക്കിൻസണിനും, പ്രമേഹത്തിനും അവ പോലെ പ്രായമായവരെ ബാധിക്കുന്ന മറ്റ് രോഗങ്ങൾക്കും സ്വഭോജനത്തിനുണ്ടാകുന്ന തടസ്സങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വഭോജനജീനുകൾക്കുണ്ടാകുന്ന തകരാറുകൾ ജനിതകരോഗത്തിന് കാരണമാകാം. സ്വഭോജനസംവിധാനത്തിലെ ക്രമക്കേടുകൾക്ക് ക്യാൻസറുമായി ബന്ധമുണ്ടെന്നും കണ്ടിട്ടുണ്ട്. വിവിധ രോഗങ്ങൾക്ക് കാരണമാകുന്ന സ്വഭോജന തകരാറുകൾ പരിഹരിക്കാൻ കഴിയുന്ന മരുന്നുകൾ വികസിപ്പിക്കാനുള്ള ഗവേഷണങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ട്.
ഈ പ്രക്രിയ അര നൂറ്റാണ്ടു മുമ്പേ കണ്ടെത്തപ്പെട്ടിരുന്നെങ്കിലും ശരീരശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും സ്വഭോജനത്തിനുള്ള പ്രധാന്യം തിരിച്ചറിയപ്പെട്ടത് 1990കളിൽ ഒസുമി ഈ രംഗത്തു നടത്തിയ ഗവേഷണങ്ങൾ സൃഷ്ടിച്ച വഴിത്തിരിവിനെത്തുടർന്നാണ്. 1974ലെ നോബൽ സമ്മാനം മാത്രമല്ല, 2004ലെ രസതന്ത്രനോബൽ സമ്മാനവും ഇതേ രംഗത്തെ ഗവേഷണത്തിനായിരുന്നു. ഒസുമിയുടെ കണ്ടെത്തലിനെക്കുറിച്ചുള്ള വിശദമായ ലേഖനം ഉടനേ പ്രസിദ്ധീകരിക്കും. നോബൽ സമ്മാന പ്രഖ്യാപനം കാണുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക.
2016ലെ വൈദ്യശാസ്ത്രത്തിനും ഫിസിയോളജിക്കുമുള്ള നൊബേൽ സമ്മാനത്തിനെപ്പറ്റിയുള്ള വിശദമായ ലേഖനം വായിക്കുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.