അന്തരീക്ഷ വായുവിൽ നിന്നും മൃഗങ്ങളുടെ ഡി.എൻ.എ. വേർതിരിച്ചെടുത്തിയിരിക്കുകയാണ് യൂറോപ്പിൽ നിന്നുള്ള ശാസ്ത്രസംഘങ്ങൾ. ജൈവവൈവിധ്യത്തെ കുറിച്ചുള്ള പഠനങ്ങൾക്കും ഫോറൻസിക് തെളിവുകളുടെ ശേഖരണത്തിനുമൊക്കെ ഈ വിദ്യ സഹായകരമാകുമെന്നാണ് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത്. ജലജീവികളായ സ്രാവുകളുടെയൊക്കെ സാന്നിധ്യം മനസ്സിലാക്കാൻ ജലത്തിലെ ഡി.എൻ.എ. പരിശോധിക്കുന്ന രീതി നേരത്തെ തന്നെയുണ്ട്. എന്നാൽ, കര യിലെ ജീവികളുടെ ഡി.എൻ.എ. അന്തരീക്ഷത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നത് ഇത് വരെയും വിജയകരമായി പ്രയോഗിക്കുവാൻ കഴിഞ്ഞിട്ടില്ല. ക്വീൻ മേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലണ്ടനിലെ ഗവേഷകർക്ക് ഒരു മൃഗശാലക്ക് സമീപത്ത് നിന്ന് ശേഖരിച്ച അന്തരീക്ഷവായുവിൽ നിന്നും ഡി.എൻ.എ. വേർതിരിച്ചെടുക്കാനും അതുപയോഗിച്ച് അവിടുത്തെ മൃഗങ്ങളുടെ സാന്നിധ്യം മനസ്സിലാക്കാനുമായി.
ഇരുപത്തിയഞ്ച് ജീവികളുടെ സാന്നിധ്യമാണ് ഇത്തരത്തിൽ ഗവേഷകർ കണ്ടെത്തിയത്. ഇതേ സമയം തന്നെ കോപ്പൻഹേഗൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ സമാനമായ പഠനത്തിലും അന്തരീക്ഷ ത്തിൽ നിന്നും ജീവികളുടെ ഡി.എൻ.എ. ശേഖരിച്ച് ജീവികളെ തിരിച്ചറിയുവാൻ കഴിയുമെന്ന് റിപ്പോർട്ട് ചെയ്തു. ശരീരത്തിൽ നിന്നു ള്ള കോശങ്ങളോ സ്രവങ്ങളോ കൂടാതെ തന്നെ ജീവികളുടെ ഡി.എൻ.എ. ശേഖരണം സാധ്യമാകുകയെന്നത് നിർണായകമായ നേട്ടമാണ്. എന്നാൽ, പല പാരിസ്ഥിതിക ഘടകങ്ങളും ഈ രീതിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ കൂടുതൽ മെച്ചപ്പെടുത്തലുകൾക്ക് ശേഷം മാത്രമേ പ്രായോഗികതലത്തിലേക്ക് ഈ വിദ്യ എത്തിച്ചേരുകയുള്ളു.
അവലംബം:
- Measuring biodiversity from DNA in the air, https://doi.org/10.1016/j.cub.2021.11.064
-
Airborne environmental DNA for terrestrial vertebrate community monitoring , https://doi.org/10.1016/j.cub.2021.12.014