സുനില്‍ ദേവ്
കേൾക്കാം
ഇറാനിലെ ടെഹ്റാനിൽ ജനിച്ച മറിയം മിർസാഖനി (1977 മെയ് 12 – 2017 ജൂലൈ 15) ഗണിതശാസ്ത്ര നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന ഫീൽഡ്സ് മെഡൽ ലഭിച്ച ആദ്യ വനിതയാണ്. 1994-ലേയും 1995-ലേയും അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡുകളിൽ സ്വർണ്ണമെഡൽ ജേതാവായിരുന്നു.
നൊബേൽ പോലെയുള്ള സമ്മാനങ്ങൾ പ്രഖ്യാപിക്കപ്പെടുമ്പോൾ, അതിൽ വനിതാ നാമങ്ങൾ അപൂർവ്വമായേ പ്രത്യക്ഷപ്പെടാറുള്ളൂ. അതുകൊണ്ടാണ് 2014 ഓഗസ്റ്റ് പതിമൂന്നാം തീയതി സോളിലാരംഭിച്ച അന്താരാഷ്ട്ര ഗണിത കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ വച്ച്, ഗണിതത്തിലെ നൊബേൽ സമ്മാനമായി ഗണിക്കപ്പെടുന്ന ഫീൽഡ്സ് മെഡൽ സമ്മാനിക്കപ്പെട്ട നാലു പേരിൽ ഒരാൾ ഒരു വനിതയായത് ശ്രദ്ധിക്കപ്പെട്ടത്. ഫീൽഡ്സ് മെഡലിന്റെ എട്ടു ദശകം നീളുന്ന ചരിത്രത്തിലെ ആദ്യ വനിതയായിരുന്നു, സ്റ്റാൻഫോഡ് സർവ്വകലാശാലയിലെ മുപ്പത്തിയേഴുവയസ്സുള്ള ഗണിത പ്രൊഫസർ, മറിയം മിർസാഖനി എന്ന ഇറാൻകാരി. ഇന്ന്, 2017 ജൂലൈ 15ന് അർബുദം ആ മഹദ് ജീവിതത്തിന് തിരശ്ശീലയിട്ടിരിക്കുന്നു.
മറിയം മിർസാഖനി
സ്കൂൾ പഠനകാലത്ത് മിർസാഖനിയുടെ ഇഷ്ടവിഷയം സാഹിത്യമായിരുന്നു. സ്കൂൾ വിട്ടുവന്ന്, അന്നു പഠിച്ചതിനെപ്പറ്റി വാചാലനാകുമായിരുന്ന സഹോദരനാണ് വഴിത്തിരിവിന് കാരണമായത് എന്നു പറയാം. ഒന്നു മുതൽ നൂറു വരെയുള്ള സംഖ്യകൾ അനായാസം കൂട്ടിയ ഗോസ്സിന്റെ (Carl Friedrich Gauss – ജർമ്മൻ ഗണിതജ്ഞൻ) കഥ അവളെ രസിപ്പിച്ചു. ‘എനിക്ക് സ്വയം അത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും സുന്ദരമായ ഒരു നിർദ്ധാരണം ഞാൻ ആദ്യമായി ആസ്വദിച്ചത് അപ്പോഴായിരുന്നു’ എന്നാണ് മിർസാഖനി, ഒരു അഭിമുഖത്തിൽ അതിനെപ്പറ്റി പറഞ്ഞത്. മിർസാഖനിയുടെ സ്കൂൾ പ്രിൻസിപ്പൽ ദൃഢ ചിത്തയായ ഒരു വനിതയായിരുന്നു. ആൺകുട്ടികൾക്ക് കിട്ടുന്ന എല്ലാ അവസരങ്ങളും പെൺകുട്ടികൾക്കും ലഭ്യമാക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മിർസാഖനിയുടെ മനസ്സിൽ മുളപൊട്ടിയിരുന്ന ഗണിത കൌതുകം, ആ പരിചരണത്തിൽ, തഴച്ചു വളർന്നു. 1994ൽ ഹോങ് കോങ്ങിൽ നടന്ന അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിൽ അവൾക്ക് ഒരേയൊരു പോയിന്റ് നഷ്ടമായി. എന്നാൽ അടുത്ത കൊല്ലം ടൊറന്റോയിൽ നടന്ന ഒളിമ്പ്യാഡിൽ അവൾ ഒരു പിഴവും കൂടാതെ 42 പോയിന്റുകളും നേടി. രണ്ടു കൊല്ലവും മിർസാഖനി സ്വർണ്ണ മെഡലുകൾ സ്വന്തമാക്കി.
ടെഹ്റാനിലെ ഷെരീഫ് സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ മിർസാഖനി ഹാർവാഡിൽ പി എഛ് ഡിക്ക് ചേർന്നു. 1998ലെ ഫീൽഡ്സ് പതക്ക വിജയിയായ കർട്ടിസ് മൿമല്ലനായിരുന്നു (Curtis T. McMullen) അവിടെ അവളുടെ ഗൈഡ്. അദ്ദേഹം സുന്ദരവും സുഭഗവുമായി ഗണിതം കൈകാര്യം ചെയ്യുന്നത് അവൾ അനുഭവിച്ചറിഞ്ഞു. ജ്യാമിതീയ രൂപങ്ങളും അവയുടെ ഉപരിതലവും അവയുടെ രൂപാന്തരവും ഒക്കെയാണ് മിർസാഖനിയുടെ ഇഷ്ട സമസ്യകൾ.
“ഗണിത കൌതുകത്താൽ ഉത്തേജിതരാകാത്തപക്ഷം ഗണിതം അർത്ഥശൂന്യവും വികാരരഹിതവുമായി കാണപ്പെടുന്നത് എനിക്ക് മനസ്സിലാകും. ക്ഷമാപൂർവ്വം പിന്തുടരുന്നവരുടെ മുന്നിലേ അത് അതിന്റെ സൌന്ദര്യം വെളിവാക്കുകയുള്ളൂ” മിർസാഖനി ആറു വർഷം മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞതാണിത്. കഴിഞ്ഞ കൊല്ലം, അമേരിക്കൻ മാത്തമാറ്റിക്കൽ സൊസൈറ്റിയിൽ സംസാരിക്കുമ്പോൾ അവർ ഇതു കൂടി പറഞ്ഞു.
നൊബേൽ പുരസ്കൃതരിൽ സ്ത്രീകൾ കുറവാണെങ്കിലും, സ്ഥാപിതമായി മൂന്നാം വർഷത്തിൽത്തന്നെ സമ്മാനം നേടിക്കൊണ്ട് മേരി ക്യൂറി സ്ത്രീ സാന്നിദ്ധ്യം ഉറപ്പിച്ചിരുന്നു. എന്നാൽ 2014ലാണ് ഫീൽഡ്സ് വിജയികളിൽ ഒരു വനിതയുണ്ടായത്. മറിയം മിർസാഖനിയുടെ വാക്കുകൾ, ഒരു വിധത്തിൽ, ഈ കാലവിളംബത്തിന്റെ വിശദീകരണവുമായിരുന്നു.
ഫീൽഡ്സ് പതക്കം
ജോൺ ചാൾസ് ഫീൽഡ്സ് എന്ന കനേഡിയൻ ഗണിതജ്ഞന്റെ സ്വപ്നമായിരുന്നു ഗണിതജ്ഞരുടെ സാർവ്വദേശീയ ഏകോപനം. വിവിധ ദേശങ്ങളിലെ ഗണിതജ്ഞരുമായി ഉണ്ടായിരുന്ന സൌഹൃദം ഉപയോഗപ്പെടുത്തി അന്താരാഷ്ട്ര ഗണിത യൂണിയൻ (International Mathematical Union – IMU) സജീവമാക്കാൻ അദ്ദേഹം വളരെയേറെ പരിശ്രമിച്ചു. 1920കളിലെ രാഷ്ട്രീയ സാഹചര്യം ഈ യത്നം വിഫലമാക്കി. എന്നാൽ, ശ്രദ്ധേയമായ ഗണിത ഗവേഷണത്തിന് ഒരു അന്താരാഷ്ട്ര പുരസ്കാരം എന്ന ആശയത്തിന് പൊതു സമ്മതി നേടാൻ അദ്ദേഹത്തിനു കഴിഞ്ഞു. മോശമായിക്കൊണ്ടിരുന്ന ആരോഗ്യം പരിഗണിക്കാതെ, ജീവിതത്തിന്റെ അവസാനത്തെ മൂന്ന് വർഷങ്ങൾ ഫീൽഡ്സ് ഇതിനുവേണ്ടി അലഞ്ഞു. ആരുടെയും പേരിലല്ലാത്ത, ഒരു ദേശത്തിന്റെയും പേരിലല്ലാത്ത, തീർത്തും അന്തർദേശീയമായ ഒരു സ്വർണ്ണപ്പതക്കമായിരുന്നു ഫീൽഡ്സിന്റെ മനസ്സിൽ. 1936ൽ ആ സ്വപ്നം സഫലമായി. പക്ഷേ, അതു കാണാൻ ജെ സി ഫീൽഡ്സ് ജീവിച്ചിരുന്നില്ല. 1932ൽ അദ്ദേഹം അന്തരിച്ചു.
ഗണിതത്തിലെ ശ്രദ്ധേയ കണ്ടെത്തലുകൾക്കുള്ള അന്താരാഷ്ട്ര പതക്കം (International Medal for Outstanding Discoveries in Mathematics) എന്നാണ് ഔദ്യോഗിക നാമം എങ്കിലും ഫീൽഡ്സ് പതക്കം എന്നാണ് തുടക്കം മുതലേ ഈ പുരസ്കാരം അറിയപ്പെട്ടു വരുന്നത്. പതക്കവിജയികൾക്ക് ഫീൽഡ്സ് പ്രായ പരിധിയൊന്നും കല്പിച്ചിരുന്നില്ല. എന്നാൽ, ഈ പുരസ്കാരം ഒരാൾ കൈവരിച്ച ഗവേഷണ നേട്ടങ്ങൾക്കുള്ള അംഗീകാരം മാത്രമല്ല, അയാളുടെ തുടർന്നുള്ള പരിശ്രമങ്ങൾക്ക് പ്രോത്സാഹനവും മറ്റുള്ളവർക്ക് കൂടുതൽ പരിശ്രമിക്കാനുള്ള പ്രേരണയും കൂടി ആകണം എന്ന ഫീൽഡ്സിന്റെ അഭിലാഷം മനസ്സിൽ വച്ച്, സമ്മാനം നല്കുന്ന വർഷം ജനുവരി ഒന്നിന് നാല്പതു വയസ്സ് തികഞ്ഞിട്ടില്ലാത്തവർക്കുമാത്രമാണ് ഗണിതയൂണിയൻ സമ്മാനം നല്കിവരുന്നത്. ഗണിതയൂണിയന്റെ, നാലുകൊല്ലത്തിലൊരിക്കൽ ചേരുന്ന അന്താരാഷ്ട്ര കോൺഗ്രസിലാണ് രണ്ടോ മൂന്നോ നാലോ ഗണിതജ്ഞർക്ക് ഫീൽഡ്സ് സമ്മാനം നല്കപ്പെടുന്നത്.