ഈ മാസം ജൂലൈ 2021 ന് മഴയും മേഘങ്ങളും ഒക്കെ മാറ്റി തെളിഞ്ഞ ആകാശം കാണുവാൻ സാധിച്ചാൽ വെറുംകണ്ണുകൊണ്ട് നിരീക്ഷിക്കാൻ കഴിയുന്ന അതിമനോഹരമായ ഒരു കാഴ്ചയെ പറ്റിയാണ് ഇനി പറയുവാൻ പോകുന്നത്. 2021 ജൂലൈയിലെ രാത്രികളിൽ ആകാശത്ത് പടിഞ്ഞാറ് ദിക്കിലേക്ക് നോക്കിയാൽ ചൊവ്വയുടെയും ശുക്രന്റെയും സഞ്ചാരപഥങ്ങൾ പരസ്പരം കൂട്ടിമുട്ടി കടന്നുപോകുന്നതായി കാണപ്പെടും. പ്രത്യേകിച്ച് സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെ ഈ കാഴ്ച വളരെ വ്യക്തമായി കാണുവാൻ കഴിയും. ദിനം പ്രതി അടുത്ത് അടുത്തായി വന്ന് ജൂലൈ 13 ന് രണ്ട് ഗ്രഹങ്ങൾക്കും ഇടയിൽ ഉള്ള കോണളവ് ഏതാണ്ട് 0.5 ഡിഗ്രി വരെ എത്തും. ഇത് മാത്രമല്ല. ജൂലൈ 12 ന് ഇതിനോടൊപ്പം മറ്റൊരു അതിശയ കാഴ്ചയും കാണാം. അന്ന് ശുക്രനും ചൊവ്വക്കും ഒപ്പം ചന്ദ്രനെയും ഇവയുടെ സഞ്ചാര പഥത്തിനടുത്തു കാണുവാൻ സാധിക്കും. ശുക്ര – ചൊവ്വ സഞ്ചാര പാതയിൽ നിന്ന് ഏതാണ്ട് 4 ഡിഗ്രി ദൂരത്തിൽ ആണ് ചന്ദ്രനെ കാണുവാൻ സാധിക്കുന്നത്. ഈ സംയോജനങ്ങൾ എല്ലാം തന്നെ നമ്മുടെ നഗ്നനേത്രങ്ങളാൽ കാണാൻ കഴിയും.
ചിത്രം നോക്കൂ. അതിൽ നാല് ദിവസത്തിലൊരിക്കൽ ഉള്ള ചൊവ്വയുടെയും ശുക്രന്റെയും സ്ഥാനങ്ങൾ ആണ് കാണിച്ചിരിക്കുന്നത്. ഈ സ്ഥാനങ്ങൾ ഒക്കെ തന്നെ ദക്ഷിണേന്ത്യയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ കാണുന്നത് പോലെ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് കൂടാതെ ജൂലൈ 11, 12 തീയതികളിൽ പ്രത്യക്ഷമാകുന്ന ചന്ദ്രക്കലയും ഇവിടെ കാണാൻ സാധിക്കും. ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ഈ പാതകളുടെ കോണളവുകൾ അൽപം വ്യത്യസ്തമായിരിക്കും.
ഈ കാഴ്ച്ച കാണുവാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. പടിഞ്ഞാറൻ ചക്രവാളം മുഴുവനും വ്യക്തമായി നിരീക്ഷിക്കുവാൻ സാധിക്കുന്ന ഒരു സ്ഥലം കണ്ടെത്തുക. ഇനി എല്ലാ ദിവസവും അതെ സ്ഥലത്തു നിന്ന് ശുക്രനെയും ചൊവ്വയെയും നിരീക്ഷിക്കുക. ഓരോ ദിവസം കഴിയുംതോറും അവ അടുത്ത് വരുന്നതായി കാണാം. ഒടുവിൽ ജൂലൈ 13-ആം തീയതി ഏറ്റവും അടുത്ത് വന്ന ശേഷം അവ വീണ്ടും അകലുന്നതായി കാണാം. ഇത് ഭൂമിയിൽ നിന്ന് വീക്ഷിക്കുമ്പോൾ നമുക്ക് തോന്നുന്ന ഒരു കാഴ്ച മാത്രമാണ്. യഥാർത്ഥത്തിൽ ഈ ഗ്രഹങ്ങൾ പരസ്പരം വളരെ അകലെയാണ്.
നിങ്ങൾ നിങ്ങളുടെ ഫോണിന്റെ ക്യാമറയോ, ഡിജിറ്റൽ ക്യാമറയോ ദൂരദർശിനിയോ ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങൾ ഞങ്ങൾക്ക് [email protected], [email protected] എന്നീ വിലാസങ്ങളിൽ അയയ്ക്കുക. മികച്ചവ ഞങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കും.