Read Time:5 Minute
[author title=”നവനീത് കൃഷ്ണൻ എസ്.” image=”https://luca.co.in/wp-content/uploads/2018/12/Untitled.jpg”]ശാസ്ത്രലേഖകൻ[/author]
Mars solar conjunction
Mars solar conjunction വിശദീകരിക്കുന്ന ഡയഗ്രം. | കടപ്പാട് : NASA
[dropcap]ചൊ[/dropcap]വ്വയിലുള്ള മനുഷ്യനിര്‍മ്മിത പേടകങ്ങള്‍ക്കെല്ലാം ഇന്നലെ മുതല്‍ തങ്ങളുടെ വെക്കേഷന്‍ തുടങ്ങി. ഇന്ത്യയുടെ MOM (Mars Orbiter Mission) ഉള്‍പ്പടെ എല്ലാ ദൗത്യങ്ങള്‍ക്കും ഈ നിര്‍ബന്ധിതവെക്കേഷന്‍ ബാധകമാണ്. ചൊവ്വയ്ക്കും ഭൂമിക്കും ഇടയില്‍ സൂര്യന്‍ കയറി വന്നതാണ് പ്രശ്നം! Mars Solar Conjunction എന്നാണ് ഇത് അറിയപ്പെടുക. 26 മാസം കൂടുമ്പോള്‍ ഈ ജ്യോതിശ്ശാസ്ത്രപ്രതിഭാസം നടക്കാറുണ്ട്.

ഏതാനും ആഴ്ചകളോളം ചൊവ്വയുമായുള്ള എല്ലാ വാര്‍ത്താവിനിമയ ബന്ധങ്ങളും ഇല്ലാതെയാവും എന്നതാണ് ഈ അവസ്ഥയുടെ പ്രശ്നം. ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ സൂര്യന്റെ പുറകിലാവും ചൊവ്വ. ചൊവ്വയിലെ ഏതെങ്കിലും ഒരു പേടകത്തില്‍നിന്നുള്ള സിഗ്നല്‍ ഭൂമിയിലെത്തുന്നതിന് സൂര്യന്‍ തടസ്സമാവും! സൂര്യന്റെ കൃത്യം പുറകിലല്ലാത്ത സമയത്തുപോവും സിഗ്നല്‍ തടസ്സപ്പെടും. സൂര്യന്റെ അന്തരീക്ഷമായ കൊറോണയില്‍നിന്നും വരുന്ന വൈദ്യുതകാന്തികതരംഗങ്ങള്‍ ചൊവ്വയില്‍നിന്നുള്ള സിഗ്നലുമായി കൂടിച്ചേര്‍ന്ന് അതിലെ ഡാറ്റ പലതും നഷ്ടപ്പെടും! ഭൂമിയിലെത്തുന്ന സിഗ്നലില്‍ ആവശ്യത്തിനുള്ള ഡാറ്റ കാണില്ല എന്നു ചുരുക്കം! തിരികെ ഭൂമിയില്‍നിന്നും ഒരു സന്ദേശം ചൊവ്വയിലെത്തിക്കാനും ഇതേ കാരണംകൊണ്ടു തന്നെ കഴിയില്ല. കഴിഞ്ഞാല്‍ത്തന്നെ എന്തുതരം സന്ദേശമാകും അവിടെ എത്തുക എന്ന് ഉറപ്പിക്കാനും പറ്റില്ല!

Mars Solar Conjunction – ചൊവ്വയ്ക്കും ഭൂമിക്കും ഇടയില്‍ സൂര്യന്‍ വരുന്നു | കടപ്പാട് : NASA/JPL-Caltech

ചൊവ്വയിലുള്ള പേടകങ്ങളില്‍നിന്നുള്ള സിഗ്നലുകളില്‍ ചിലത് സ്വീകരിക്കാന്‍ ഭൂമിയിലുള്ളവര്‍ക്ക് ശ്രമിക്കാവുന്നതാണ്. അതില്‍ പ്രശ്നമില്ല. എന്നാല്‍ തിരികെ ഭൂമിയില്‍നിന്നും ഒരു കമാന്റും ചൊവ്വയിലെ പേടകങ്ങള്‍ക്കു കൊടുക്കില്ല. കാരണം ചൊവ്വയിലെ പേടകത്തില്‍ ഈ കമാന്റുകള്‍ ഏതെങ്കിലും വിധത്തില്‍ എത്തിയാല്‍ത്തന്നെ അതില്‍ എല്ലാ വിവരവും ഉണ്ടാവണമെന്നില്ല. ചിലപ്പോള്‍ അപകടം പിടിച്ച ഒരു കമാന്റ് ആയി വരെ മാറിപ്പോയേക്കാം. രണ്ടാഴ്ചക്കാലം മിണ്ടാതിരിക്കുന്നതാണ് അതിനാല്‍ നല്ലത്!

2019 ആഗസ്റ്റ് 28 മുതല്‍ 2019 സെപ്തംബര്‍ 7 വരെയാണ് ഇത്തവണത്തെ വെക്കേഷന്‍ കാലയളവ്. നാസയാകട്ടേ ഈ സമയത്ത് കമാന്റ് മൊറട്ടോറിയം  പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വയില്‍ ഏറ്റവും കൂടുതല്‍ ദൗത്യങ്ങള്‍ ഉള്ളത് നാസയുടേതാണ്. ചൊവ്വയില്‍ ഓടുന്ന വാഹനമായ ക്യൂരിയോസിറ്റി, നമ്മുടെയൊക്കെ പേരുകള്‍ കൊത്തിയ ചിപ്പുമായി ചൊവ്വയിലെത്തിയ ഇന്‍സൈറ്റ് എന്ന പേടകം, ചൊവ്വയ്ക്കു ചുറ്റും കറങ്ങുന്ന ഒഡിസ്സി, മാര്‍സ് റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ എന്നീ ഉപഗ്രഹപേടകങ്ങളും ഈ കാലയളവില്‍ കമാന്‍ഡുകള്‍ക്ക് മൊട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്!

ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയിലെ തന്റെ ചുറ്റിക്കറക്കം മതിയാക്കി വെറുതെയിരിപ്പാണ്. അത്യാവശ്യം പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കമാന്‍ഡുകള്‍ നേരത്തേ തന്നെ നാസയിലെ എന്‍ജിനീയര്‍മാര്‍ ക്യൂരിയോസിറ്റിക്കു നല്‍കിയിട്ടുണ്ട്. ഓടിക്കളിച്ച് പരീക്ഷണം നടത്തുന്ന പരിപാടി ഒന്നും ഉണ്ടാവില്ല! സോളാര്‍പാനല്‍ ഉപയോഗിച്ച് ചാര്‍ജു ചെയ്യലും നേരത്തേ ശേഖരിച്ച വിവരങ്ങള്‍ Mars Reconnaissance Orbiter ന് അയച്ചുകൊടുക്കലും ഒക്കെ ചെയ്ത് സെപ്തംബര്‍ 7വരെ ക്യൂരിയോസിറ്റി തന്റെ വെക്കേഷന്‍ ആഘോഷിക്കും!
ഇതേ അവസ്ഥയാണ് ഇന്‍സൈറ്റ് പേടകത്തിനും. തന്റെ യന്ത്രക്കൈ അനക്കുന്ന പരിപാടി ചങ്ങാതി തത്ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. പക്ഷേ ചൊവ്വയിലെ ചൊവ്വാകമ്പവും (Marsquake) മറ്റും നിരീക്ഷിക്കല്‍ തുടരും! ചൊവ്വയില്‍നിന്നുള്ള ചിത്രങ്ങളും മറ്റു വിവരങ്ങളും അപ്പോള്‍ ഇനി സെപ്തംബര്‍ 7 കഴിഞ്ഞ് നോക്കാം! തത്ക്കാലം ഒരു ഹാപ്പി വെക്കേഷന്‍ ചൊവ്വാപേടകങ്ങള്‍ക്ക് ആശംസിച്ച് നമുക്ക് കാത്തിരിക്കാം!

Mars Solar Conjunction നെ കുറിച്ചുള്ള ഒരു മിനിറ്റ് വീഡിയോ കാണാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ബെറിലിയം – ഒരു ദിവസം ഒരു മൂലകം
Next post സൗരയൂഥഗ്രഹങ്ങളും മൂലകങ്ങളും – ബുധന്‍
Close