Read Time:15 Minute

എഴുതിയതും അച്ചടിച്ചതുമായ കൃതികളുടെ, പ്രത്യേകിച്ച് പുസ്തകങ്ങളുടെ ചിട്ടയായ കാറ്റലോഗിംഗ്, പഠനം, വിവരണം എന്നാണ് ബിബ്ലിയോഗ്രാഫി എന്നതിനെ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക വിശേഷിപ്പിക്കുന്നത്. മലയാളത്തില്‍ നമ്മളതിനെ ഗ്രന്ഥസൂചിയെന്ന് വിളിക്കുന്നു. ഗ്രന്ഥസൂചികള്‍ പലതരത്തില്‍ തയ്യാറാക്കാറുണ്ട്. ഏതെങ്കിലും വിഷയമേഖലയെ മുന്‍നിര്‍ത്തിയോ (ഉദാ:- ഗണിതശാസ്ത്രം), എഴുത്തുകാരെ മുന്‍നിര്‍ത്തിയോ (ഉദാ:-എഴുത്തച്ഛന്‍), പ്രസിദ്ധീകരണങ്ങളെ മുന്‍നിര്‍ത്തിയോ (ഉദാ:-ഭാഷാപോഷിണി), ഒരു പ്രസിദ്ധീകരണശാലയെ മുന്‍നിര്‍ത്തിയോ (ഉദാ:-മംഗളോദയം) ഒക്കെ ഗ്രന്ഥസൂചിയുണ്ടാക്കാം. 1545 ല്‍ കോണ്‍റാഡ് ഗസ്‌നര്‍ (Conrad Gesner) Bibliothica Universalis തയ്യാറാക്കിയതാണ് ഈ ദിശയിലുള്ള അറിയപ്പെടുന്ന ആദ്യശ്രമം. ലാറ്റിന്‍ ഗ്രീക്ക്, ഹീബ്രു ഭാഷകളിലെ‍ അറിയപ്പെടുന്ന മുഴുവന്‍ പുസ്തകങ്ങളെയും പട്ടികപ്പെടുത്താനുള്ള ഒരു ശ്രമമായിരുന്നു അത്.

1855 ല്‍ ജെയിംസ് ലോംഗ് തയ്യാറാക്കിയ A descriptive catalogue of Bengali works ആണ് ഇന്ത്യയില്‍ തയ്യാറാക്കപ്പെട്ട ആദ്യ ഗ്രന്ഥസൂചി. Containing a classified list of fourteen hundred Bengali books and pamphlets which have issued from the press during the last sixty years, with occasional notices of the subjects, the price, and where printed എന്ന് പുസ്തകതലക്കെട്ടിന് കീഴെ വിശദീകരണമായി നല്‍കുകയും ചെയ്തിട്ടുണ്ട്.

മലയാളത്തിൽ

1897 ല്‍ കണ്ടത്തില്‍ വറുഗീസുമാപ്പിള തയ്യാറാക്കിയ പുസ്തകപ്പട്ടിക അതുവരെ മലയാളത്തില്‍ തയ്യാറാക്കിയ പുസ്തകങ്ങളെ പ്രസ്ഥാനസ്വഭാവമനുസരിച്ച് വിഭാഗങ്ങളാക്കി തിരിക്കുകയും കാലാനുക്രമമായി രേഖപ്പെടുത്തുകയും ചെയ്തു. ശ്രീ ചിത്തിര തിരുനാള്‍ ലൈബ്രറി (പുസ്തകപ്പട്ടിക), തിരുവിതാംകൂര്‍ ഗ്രന്ഥപ്രകാശന കാര്യാലയം (ഭാഷാഗ്രന്ഥസൂചി), തിരുവിതാംകൂര്‍ ഹസ്തലിഖിത ഗ്രന്ഥശാല (മലയാളം ബിബ്ലിയോഗ്രാഫി) എന്നിങ്ങനെയുള്ളവയുടെ നേതൃത്വത്തിലുള്ള പുസ്തക പട്ടികകള്‍, കെ വി ശര്‍മയുടെ എഴുത്തച്ഛന്‍ സാഹിത്യം, കെ എം ഗോവിയുടെ നമ്മുടെ റഫറന്‍സ് സാഹിത്യം തുടങ്ങിയവയായിരുന്നു മലയാളത്തില്‍ തുടര്‍ന്നുവന്ന ശ്രമങ്ങള്‍.

ശാസ്ത്രഗ്രന്ഥസൂചി

മലയാളത്തില്‍ അതുവരെ പുറത്തിറങ്ങിയ വൈജ്ഞാനികഗ്രന്ഥങ്ങളെ സമഗ്രമായി അടയാളപ്പെടുത്താനുള്ള ശ്രമമായിരുന്നു എം എന്‍ സുബ്രഹ്മണ്യന്റെ (എം എന്‍ എസ്, 1929-2007) ശാസ്ത്രഗ്രന്ഥസൂചി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിനുവേണ്ടി എം എന്‍ എസ് തയ്യാറാക്കിയ ഈ ഗ്രന്ഥസൂചി ശാസ്ത്രഗതിയുടെ ആറ് ലക്കങ്ങളിലായി ആദ്യം പ്രസിദ്ധീകരിച്ചു. 1972 ഡിസംബറിലാണ് പുസ്തകരൂത്തില്‍ പുറത്തിറങ്ങിയത്. നിരവധി പേരുടെ പൂര്‍ണസമയ പ്രവര്‍ത്തനത്തിലൂടെ മാത്രം മുഴുമിപ്പിക്കാന്‍ കഴിയുന്ന ഈ പ്രവര്‍ത്തനം തന്റെ ഒഴിവുസമയം ഉപയോഗിച്ചുകൊണ്ട് ഏതാണ്ട് അഞ്ചുവര്‍ഷമെടുത്താണ് എം എന്‍ എസ് പൂര്‍ത്തിയാക്കിയത്. കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് സ്കൂളില്‍ ശാസ്ത്ര അധ്യാപകനായിരുന്നു എം എന്‍ എസ്.

ആരോഗ്യവിജ്ഞാനവും വൈദ്യശാസ്ത്രവും (139), ഊര്‍ജതന്ത്രം (24), എന്‍ജിനീയറിങ്ങും ടെക്നോളജിയും (33), കൃഷിശാസ്ത്രം (59), ഗണിതശാസ്ത്രം (16), ജന്തുശാസ്ത്രം (59),  ജ്യോതിശ്ശാസ്ത്രവും ബഹിരാകാശ പര്യവേക്ഷണവും (35), ധനശാസ്ത്രം (28), നരവംശശാസ്ത്രവും സാമൂഹ്യശാസ്ത്രവും (18), പുരാവസ്തുവിജ്ഞാനം (5), ഭൂഗര്‍ഭശാസ്ത്രം (4), മനശ്ശാസ്ത്രം (19), മനുഷ്യശരീരശാസ്ത്രം (11), രസതന്ത്രം (14), രാഷ്ട്രമീമാംസ (62), വനശാസ്ത്രം (7), വളര്‍ത്തുജന്തുവിജ്ഞാനം (28), സസ്യശാസ്ത്രം (9), സാമാന്യശാസ്ത്രം (149), ശാസ്ത്രത്തിന്റെ ചരിത്രം (9), ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രങ്ങള്‍ (60), ശാസ്ത്രകല്‍പ്പിതകഥകള്‍ (12), കുട്ടികള്‍ക്കുള്ള ശാസ്ത്രസാഹിത്യം (161), റഫറന്‍സ് പുസ്തകങ്ങള്‍ (43), ആയുര്‍വേദവും ഹോമിയോപ്പതിയും (167), പലവക (64) എന്നിങ്ങനെ 26 ഇനങ്ങളിലായി 1238 പുസ്തകങ്ങള്‍ ഗ്രന്ഥസൂചിയില്‍ അദ്ദേഹം പട്ടികപ്പെടുത്തി. അച്ചടി നടന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ കിട്ടിയതും‍  ഇനം തിരിക്കാതെ നല്‍കിയവയുമായ 106 എണ്ണം കൂടി ഉള്‍പ്പെടുത്തി ആകെ 1344 പുസ്തകങ്ങള്‍ ഗ്രന്ഥസൂചിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകവിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തിരിക്കുകയും ചെയ്തിട്ടുണ്ട്. ഉദാഹരണമായി ആരോഗ്യവിജ്ഞാനവും വൈദ്യശാസ്ത്രവും എന്ന വിഭാഗത്തെ പോഷകാഹാരവിജ്ഞാനം, ദന്തവിജ്ഞാനം, ദാമ്പത്യശാസ്ത്രവും കുടുംബാസൂത്രണവും, രോഗവിജ്ഞാനീയവും ചികിത്സാശാസ്ത്രവും, ശിശുരോഗങ്ങളും ശിശുപരിപാലനവും, സൂതികാശാസ്ത്രം, പൊതുഗ്രന്ഥങ്ങള്‍ എന്നിങ്ങനെ എട്ടായി തിരിച്ചിട്ടുണ്ട്. എത്ര സൂക്ഷ്മമായാണ് എം എന്‍ എസ് വിഷയത്തെ സമീപിച്ചതെന്നതാണ് ഇത് കാണിക്കുന്നത്.

പുസ്തകത്തിന്റെ പേര്, ഗ്രന്ഥകര്‍ത്താവ്, പ്രസാധകന്‍, പ്രസിദ്ധീകരണവര്‍ഷം, സ്വതന്ത്രകൃതിയോ തര്‍ജമയോ, ചിത്രങ്ങളുടെ എണ്ണം, പേജുകളുടെ എണ്ണം, വില, റിമാര്‍ക്കുകള്‍ എന്ന ക്രമത്തില്‍ പുസ്തകങ്ങളുടെ വിവരങ്ങള്‍ ക്രോഡീകരിക്കാനാണ് എം എന്‍ എസ് ശ്രമിച്ചത്.

പുസ്തകങ്ങള്‍ കണ്ടെത്തുക ഏറെ ശ്രമകരമായിരുന്നു. കേരളത്തിലെ പ്രധാനനഗരങ്ങളിലെ മിക്ക പൊതുഗ്രന്ഥശാലകളും. ചില പണ്ഡിതന്മാരുടെ സ്വകാര്യ ഗ്രന്ഥശാലകളും അനേകം ബുക്ക്സ്റ്റാളുകളും സന്ദര്‍ശിച്ചാണ് വിവരശേഖരണം നടത്തിയതെന്ന് അദ്ദേഹം ആമുഖമായി രേഖപ്പെടുത്തുന്നുണ്ട്. ഉപ്പോട്ട് കണ്ണന്‍ തന്റെ വ്യാഖ്യാനത്തോടുകൂടി യോഗാമൃതം എന്ന കൃതി പ്രസിദ്ധീകരിച്ചതു(1861) മുതല്‍ 1971 ആഗസ്റ്റ് 31 വരെയുള്ള, ലഭ്യമായ ശാസ്ത്രപുസ്തകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്  എം എന്‍ എസ് ആമുഖത്തില്‍ പറയുന്നു. എന്നാല്‍ ഒടുവില്‍ കിട്ടിയവ കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ 1972 ഒക്ടോബര്‍ 31 വരെയുള്ളവ ഗ്രന്ഥസൂചിയില്‍ ഉള്‍പ്പെടുത്താനായി.

പഴയകാല ഗ്രന്ഥങ്ങള്‍ പൊതുശ്രദ്ധയിലേക്ക് വരാതെ എവിടെയെല്ലാമോ ഇനിയും മറഞ്ഞിരിപ്പുണ്ട്. അവയെല്ലാം കണ്ടെടുക്കുകയും‍ പട്ടികപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ശാസ്ത്രഗ്രന്ഥസൂചി തയ്യാറാക്കിയതിന് ശേഷം പേര് തിരിച്ചറിയാന്‍ കഴിയാത്ത ഒരു വൈദ്യശാസ്ത്രഗ്രന്ഥം സി കെ മൂസ്സത് കണ്ടെടുക്കുകയുണ്ടായി. 1857 ല്‍ കോട്ടയത്തു സിമുനാരില്‍ മലംകര ഇടവകയുടെ മാര്‍ അത്തനാസ്യോസി മെത്രാപ്പൊലീത്തയുടെ അച്ചുക്കൂടത്തില്‍ അച്ചടിച്ചതാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 1882 ല്‍ പുറത്തിറങ്ങിയ യൂജിന്‍ ലീബെന്‍ദര്‍ഫെര്‍ എഴുതിയ ശരീരശാസ്ത്രം ഇയ്യിടെ archive.org യില്‍ ലഭ്യമാക്കുകയുണ്ടായി. 1864 ല്‍ പുറത്തിറങ്ങിയ ഗൊവസൂരിപ്രയോഗം അല്ലെങ്കില്‍ വസൂരി നിവാരണം എന്ന പുസ്തകമാണ് മലയാളത്തിലെ ആദ്യത്തെ ആധുനികസയന്‍സ് പുസ്തകം എന്ന് എം എന്‍ സുബ്രഹ്മണ്യന്‍ വിശേഷിപ്പിക്കുന്നു. സെഞ്ചി പഴനി ആണ്ടി ആണ് ഇതിന്റെ ഗ്രന്ഥകര്‍ത്താവും പ്രസാധകനും.

എം എന്‍ സുബ്രഹ്മണ്യ

ശാസ്ത്രഗ്രന്ഥസൂചിയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തണമെന്ന് എം എന്‍ എസ് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പിന്നീട് അത് യാഥാര്‍ത്ഥ്യമാവാതെ പോയി. 1970 കള്‍ തൊട്ട് മലയാളത്തില്‍ വൈജ്ഞാനികഗ്രന്ഥങ്ങള്‍ ധാരാളം പുറത്തിറങ്ങിയിട്ടുണ്ട്.  കെ എം ഗോവിയുടെയും സാഹിത്യ അക്കാദമിയുടെയും നേതൃത്വത്തില്‍ പിന്നീട് മലയാള ഗ്രന്ഥസൂചി തയ്യാറാക്കപ്പെടുന്നുണ്ടെങ്കിലും ശാസ്ത്രഗ്രന്ഥസൂചി പുതുക്കേണ്ടതിന്റെ പ്രാധാന്യം കുറയുന്നില്ല. മലയാള ഗ്രന്ഥസൂചിയില്‍ സാഹിത്യഗ്രന്ഥങ്ങളും സാഹിത്യേതര ഗ്രന്ഥങ്ങളും എന്ന തരത്തിലുള്ള വേര്‍തിരിവാണുള്ളത്. സ്തോത്രകൃതികളടക്കം സാഹിത്യേതര വിഭാഗത്തില്‍പ്പെടും. ഉപവിഭാഗങ്ങളെ പരിഗണിച്ച് ശാസ്ത്രഗ്രന്ഥങ്ങളെ കണ്ടെത്താമെങ്കിലും രണ്ടിലേയും തരംതിരിവിനുള്ള മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. മലയാള ഗ്രന്ഥസൂചി ഡിജിറ്റല്‍ ഡാറ്റാബേസ് രൂപത്തില്‍ ലഭ്യമാക്കാന്‍ ഇതുവരെ സാഹിത്യ അക്കാദമിക്കു കഴിഞ്ഞിട്ടുമില്ല. ക്രോഡീകരിക്കപ്പെട്ട വിവരങ്ങള്‍ തന്നെ നിരവധി വര്‍ഷം പുറകിലുമാണ്. അതുകൊണ്ടുതന്നെ പുതിയകാലത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി എം എന്‍ എസ്സിന്റെ പരിശ്രമത്തെ മുന്നോട്ടുകൊണ്ടുപോവേണ്ടതുണ്ട്. മലയാളത്തിലെ വൈജ്ഞാനികധാരയെ ഗണപരപരമായും ഗുണപരമായും വിലയിരുത്തുന്നതിനും പരിഹാരനടപടികള്‍ ആസൂത്രണം ചെയ്യുന്നതിനും ഇതുവരെയുള്ള അവസ്ഥ കൃത്യമായി അടയാളപ്പെടുത്തേണ്ടതുണ്ട്. പുസ്തകങ്ങളില്‍ വന്ന ഉള്ളടക്കം മാത്രമല്ല, ആനുകാലികങ്ങളില്‍ വന്നവകൂടി ഇങ്ങനെ സൂചികാരൂപത്തില്‍ കൊണ്ടുവരണം. വിജ്ഞാനകൈരളി, ശാസ്ത്രഗതി, ശാസ്ത്രകേരളം എന്നിവയില്‍ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട വൈജ്ഞാനിക ഉള്ളടക്കമെങ്കിലും സമാഹരിക്കപ്പെട്ടാല്‍ അത് വലിയൊരു കാല്‍വെപ്പായിരിക്കും. ശാസ്ത്രഗ്രന്ഥസൂചി അമ്പതുവര്‍ഷം പിന്നിട്ട ഈ വേളയില്‍ അത്തരമൊരു ശ്രമം ആരംഭിക്കുകയാണെങ്കില്‍ എം എന്‍ എസ്സിന് നല്‍കാന്‍ കഴിയുന്ന വലിയൊരു ആദരവാകും അത് എന്നതില്‍ സംശയമില്ല.


റഫറന്‍സ്

  1. ഒരു സംഘം ലേഖകര്‍, ശാസ്ത്രസാഹിത്യ പ്രസ്ഥാനം, സ്റ്റെപ്‌‌സ്, 1982.
  2. കുര്യന്‍ കെ തോമസ്, ഭാഷയിലെ ഗ്രന്ഥസൂചികള്‍, വിജ്ഞാനകൈരളി, വാല്യം 19 ലക്കം 4
  3. ഗോവി കെ എം, എ കെ പണിക്കര്‍ (എഡിറ്റര്‍മാര്‍), മലയാളഗ്രന്ഥസൂചി ഒന്നാം വാള്യം.
  4. സുബ്രഹ്മണ്യന്‍ എം എന്‍, ശാസ്ത്രഗ്രന്ഥസൂചി- മലയാളശാസ്ത്രപുസ്തകങ്ങളുടെ ബിബ്ലിയോഗ്രാഫി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, 1972
  5. A descriptive catalogue of Bengali works,
  6. Alex, Shiju. “1882 – യൂജിൻ ലീബെൻദർഫെർ – ശരീരശാസ്ത്രം.” ഗ്രന്ഥപ്പുര, 19 Oct. 2018,
  7. Roberson Marla, A Brief history of bibliographies,
  8. https://www.britannica.com/bibliography

വായിക്കാം
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലൂക്ക ജീവപരിണാമം കോഴ്സ് – രജിസ്ട്രേഷൻ ആരംഭിച്ചു
Next post ജ്യോതിശ്ശാസ്ത്രത്തെ ജനകീയമാക്കിയ ഡോ.എൻ.രത്നശ്രീ
Close