ഡോ. വൈശാഖൻ തമ്പി
ഫ്രീ കിക്കിന്റെ ശാസ്ത്രം സംബന്ധിച്ച ലേഖനം വായിക്കാം.
ഒരു ഫുട്ബോൾ കളിയിലെ ഏറ്റവും കൗതുകകരമായ കാഴ്ചകളിൽ ഒന്നാണ് ഫ്രീ കിക്ക്. കളിക്കാരന്റെ ചവിട്ട് കൊണ്ട് നേരേ തെറിക്കുന്ന പന്ത് പ്രതീക്ഷയ്ക്ക് വിരുദ്ധമായി വളഞ്ഞുപോയി ഗോൾ പോസ്റ്റിലേയ്ക്ക് കയറുന്ന ട്രിക്കാണത്. പന്തിന്റെ സഞ്ചാരപാതയ്ക്ക് വരുന്ന നാടകീയമായ ആ വളവ് എങ്ങനെ സംഭവിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? സംഗതി സിമ്പിളാണ്. മാഗ്നസ് പ്രഭാവം എന്നൊരു സംഗതിയാണ് അവിടെ പ്രവർത്തിക്കുന്നത്.
രണ്ട് ഘടകങ്ങളാണ് ഫ്രീ കിക്ക് സാധ്യമാക്കുന്നത് –
- പന്തിന്റെ കറക്കം (സ്പിൻ)
- വായുവിന്റെ സാന്നിദ്ധ്യം.
അതായത് കറങ്ങാതെ തെറിയ്ക്കുന്ന പന്തിലോ, വായുവില്ലാത്ത സ്ഥലത്തുകൂടെ തെറിക്കുന്ന പന്തിലോ മാഗ്നസ് പ്രഭാവം പ്രവർത്തിക്കില്ല.
ഗോളാകൃതിയുള്ള പന്തിനെ അതിന്റെ കേന്ദ്രത്തിന്റെ നേർക്ക് ചവിട്ടുന്ന പക്ഷം അത് ചവിട്ടിന്റെ ദിശയിൽ തെറിച്ച് പോകുകയേ ഉള്ളൂ. എന്നാൽ പന്തിന്റെ വക്കിൽ ഒരു വശത്തേയ്ക്കായുള്ള ചവിട്ട്, തെറിച്ച് പോകുന്നതിനോടൊപ്പം അതിനെ അതിന്റെ കേന്ദ്രത്തിന് ചുറ്റും കറങ്ങാൻ പ്രേരിപ്പിക്കും. ഫ്രീ കിക്ക് ചെയ്യുന്ന കളിക്കാരന് പന്ത് തെറിക്കേണ്ട ദിശയെക്കുറിച്ചും, അതിന് കൊടുക്കേണ്ട കറക്കവേഗതയെക്കുറിച്ചും മനസ്സിൽ ഒരു ധാരണയുണ്ടാകും.
കളിക്കാരൻ പന്തിൽ പ്രയോഗിക്കുന്ന ഏക ബലം, ആ ചവിട്ടാണ്. ആ ഒറ്റച്ചവിട്ടിൽ തെറിക്കലും കറക്കലും ഒരുമിച്ച് നടക്കും. കറങ്ങിക്കൊണ്ട് നീങ്ങുന്ന പന്തിൽ അതിനെ വളച്ചുവിടാൻ നോക്കുന്ന ബലം പ്രയോഗിക്കുന്നത് വായുവാണ്. അതെങ്ങനെയാണെന്ന് നോക്കാം. പന്ത് വായുവിലൂടെ മുന്നോട്ട് നീങ്ങുമ്പോൾ അതിനെ അപേക്ഷിച്ച് വായു അതിനെ ഉരസിക്കൊണ്ട് പിന്നോട്ട് നീങ്ങുകയായിരിക്കുമല്ലോ. കറങ്ങാതെ തെറിക്കുന്ന പന്തിനെ സംബന്ധിച്ച് രണ്ട് വശത്തും ഈ ഉരസിനീങ്ങൽ ഒരേ വേഗതയിൽ ആയിരിക്കും. എന്നാൽ പന്ത് കറങ്ങുകയാണെങ്കിലോ? ഒരിടത്ത് വായു ഉരസുന്നത് കറക്കത്തിന്റെ ദിശയിലായിരിക്കും. നേരേ മറുവശത്താണെങ്കിൽ ഇത് കറക്കത്തിന് വിപരീതദിശയിലായിരിക്കും. വിപരീതദിശയിൽ കറങ്ങുന്ന വശത്തെ ഉരസിനീങ്ങുന്ന വായുവിന് സ്വാഭാവികമായും ഘർഷണം കാരണം വേഗത കുറയും. വായുപ്രവാഹത്തിന് വേഗത കുറഞ്ഞ സ്ഥലത്ത്, വേഗത കൂടിയ സ്ഥലത്തെ അപേക്ഷിച്ച് മർദ്ദം കൂടുതലായിരിക്കും. അതായത്, കറങ്ങിക്കൊണ്ട് മുന്നോട്ട് നീങ്ങുന്ന പന്തിന്റെ ഇരുവശങ്ങളിലും വ്യത്യസ്ത മർദ്ദങ്ങളായിരിക്കും അനുഭവപ്പെടുന്നത്. ഫലമോ? മർദ്ദം കൂടിയ ഭാഗം പന്തിനെ മർദ്ദം കുറഞ്ഞ ഭാഗത്തേയ്ക്ക് തള്ളും.
പന്തിന്റെ സഞ്ചാരദിശയ്ക്ക് ലംബമായി അനുഭവപ്പെടുന്ന ഈ തള്ളലാണ് മാഗ്നസ് ബലം. അതിന്റെ ദിശ പന്തിന്റെ കറക്കദിശയെ ആശ്രയിച്ചിരിക്കും. മുകളിൽ നിന്ന് നോക്കുമ്പോൾ പ്രദക്ഷിണദിശയിൽ കറങ്ങുന്ന പന്ത് വലത്തേയ്ക്കും, എതിർദിശയിൽ കറങ്ങുന്ന പന്ത് ഇടത്തേയ്ക്കുമായിരിക്കും വളയുക.
മുന്നോട്ട് പോകുന്ന പന്തിന്റെ ദിശ എത്രത്തോളം വളയും എന്നത്, പന്തിന്റെ വലിപ്പം, ഭാരം, വായുവിന്റെ സാന്ദ്രത, പന്തിന്റെ കറക്കവേഗത, അതിന്റെ മുന്നോട്ടുള്ള വേഗത എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും.