
പള്ളിപ്പെരുന്നാളിന് ബാൻഡ് വാദ്യം ഒഴിച്ചുകൂടാനാവില്ലല്ലോ. എന്നാൽ, ബുക്ക് ചെയ്ത ബാൻഡ് ടീം സമയമായിട്ടും എത്തിയില്ല. കമ്മിറ്റി ഭാരവാഹികളും അച്ചനും ടെൻഷൻ അടിച്ച് റോഡിൽ നിൽക്കുകയാണ്. ബാൻഡ് ടീമുകാരെ വിളിച്ചിട്ട് എടുക്കുന്നുമില്ല. ഹൃദയമിടിപ്പ് ബാൻഡിൻ്റെ ശബ്ദം പോലെ അടിക്കുന്നുണ്ട്. ആ സമയത്താണ് ഷോപ്പിംഗ് മാൾ ഉൽഘാടനം പ്രമാണിച്ച് വന്ന ശിങ്കാരിമേളം ടീം പരിപാടി കഴിഞ്ഞ് അതുവഴി പോകുന്നത് അച്ചൻ്റെ കണ്ണിൽപ്പെടുന്നത്.
അച്ചൻ്റെ ബുദ്ധി അതിവേഗം പ്രവർത്തിച്ചു. ഉടനെ അവരെ തടഞ്ഞു നിർത്തി. എന്നിട്ട് മൈക്കിൽ അനൗൺസ് ചെയ്തു: “പ്രിയപ്പെട്ടവരേ, ഇത്തവണ നമ്മുടെ പള്ളിപ്പെരുന്നാളിന് കമ്മിറ്റി ഒരു കിടിലൻ സർപ്രൈസ് ഒരുക്കിയിട്ടുണ്ട്. മറ്റൊന്നുമല്ല, നാടൻ താളത്തിൻ്റെ രാജാവായ ശിങ്കാരിമേളമാണ് ഇത്തവണത്തെ പ്രധാന ആകർഷണം!” ഇത് കേട്ടതും കാത്തിരുന്ന ജനങ്ങളുടെ ആവേശം ഇരട്ടിച്ചു, പിന്നെ ശിങ്കാരിമേളത്തിന്റെ കൂട്ടപ്പെരുക്കലിൽ എല്ലാവരും തുള്ളിച്ചാടി. “ഉള്ളതുകൊണ്ട് ഓണം പോലെ” എന്നാണല്ലോ ചൊല്ല്.

ഇലിപ്പയും വവ്വാലുകളും
പരാഗണം നടത്തുന്ന ജീവികൾക്ക് കൊടുക്കുന്ന സമ്മാനം പല സസ്യങ്ങളിലും പല രീതിയിലാണ്. മണവും തേനും പൂമ്പൊടിയും ചിലപ്പോൾ ലൈംഗികത വരെ ഇതിൽ കാണാം. പൂക്കളിൽ തേൻ നിറച്ച് തേനീച്ചകളെ ആകർഷിക്കുന്നതാണ് ഏറ്റവും സാധാരണയായി കാണുന്ന രീതി. രാത്രി വിരിയുന്ന പൂക്കളാണെങ്കിൽ നിശാശലഭങ്ങളും വണ്ടുകളോ ഒക്കെയാവും. രാത്രി വിരിയുന്ന പൂക്കൾക്ക് പറ്റുന്ന മറ്റൊരു ആശ്രയമാണ് വവ്വാലുകൾ.
തേൻ കുടിക്കുന്ന വവ്വാലുകളാണ് പൊതുവേ പരാഗണത്തിന് കൂടുതലായിട്ട് സഹായിക്കുന്നത്. പഴങ്ങളെ ഭക്ഷിക്കുന്ന വവ്വാലുകൾ പലപ്പോഴും ചെടികൾക്ക് അവയുടെ വിത്ത് വിതരണത്തിന് സഹായിക്കാറുണ്ട്.
പരാഗണത്തിന് ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന ഒരു മരമാണ് നമ്മുടെ നാട്ടിൽ വഴിയരികിലെല്ലാം കാണാറുള്ള ഇലിപ്പ (Madhuca longifolia). ഇലിപ്പ വ്യത്യസ്തമാവുന്നത് മറ്റൊരു രീതിയിലാണ്. പരാഗണം ചെയ്യിക്കാനായി കയ്യിൽ കിട്ടിയത് പഴം തിന്നുന്ന വവ്വാലുകളെയാണ്. എന്നാൽ പിന്നെ അവരെ ഉപയോഗിച്ച് പരാഗണം നടത്താം എന്നായി. നമ്മുടെ ബാൻഡ് വാദ്യത്തിനു പകരം കയ്യിൽ കിട്ടിയ ശിങ്കാരിമേളത്തെ പോലെ.
പൂക്കളിലെ ഇതളുകളെ പഴങ്ങൾ പോലെ ഉരുട്ടി വലുതാക്കി, ധാരാളം മധുരം നിറച്ചുവെച്ചു. രാത്രിയിൽ പഴങ്ങൾ അന്വേഷിച്ച് നടക്കുന്ന വവ്വാലുകൾ ഇത് കാണുമ്പോൾ പഴം എന്ന് തെറ്റിദ്ധരിക്കുകയും എടുത്തുകൊണ്ടുപോവുകയും ചെയ്യും. ചെറിയ സ്പർശനത്തിൽ തന്നെ ഊർന്ന് പോകുന്ന രീതിയിലാണ് ഈ പൂവിതളൂകളുടെ നിൽപ്പ്.


കേസരങ്ങൾ ഇതളിൽ ഒട്ടിപിടിച്ചാണ് ഇരിക്കുന്നത്. ഇത് തിന്നു കഴിയുമ്പോൾ വവ്വാലുകളുടെ മുഖത്തും മറ്റും ധാരാളം പൂമ്പൊടി പുരണ്ടിട്ടുണ്ടാവും. ഇലിപ്പയുടെ പരാഗണസ്ഥലം (Stigma) നാക്കുപോലെ നീണ്ട് പുറത്തേക്ക് തള്ളി നിൽക്കുന്നതാണ്. മറ്റൊരു പൂവിൽ ചെന്ന് സമാനമായി പൂവിതളിനെ എടുക്കുമ്പോഴേക്കും മുഖത്തുള്ള പൂമ്പൊടി പരാഗ സ്ഥലത്ത് എത്തിയിരിക്കും.
കമ്പ്യൂട്ടർ പ്രോഗ്രാമിൽ കോഡുകൾ എഴുതുന്നവർക്കിടയിൽ ഒരു ചൊല്ലുണ്ട്, “if it works don’t touch it.” സംഗതി നടക്കുന്നുണ്ടെങ്കിൽ പിന്നെ അനക്കരുത് എന്ന് ചുരുക്കം.
പരിണാമ പ്രക്രിയയും ഏകദേശം അതുപോലെയാണ് എന്ന് പറയാം. ഉദ്ദേശിച്ച കാര്യം നടക്കുന്നുണ്ടെങ്കിൽ അതിന് വലിയ മാറ്റം ഉണ്ടാവാൻ പരിണാമ നിയമങ്ങൾ അനുവദിക്കില്ല. കൂടുതൽ കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളും ഈ പ്രവർത്തിക്കുന്ന സംഗതിക്ക് മുകളിൽ വരും എന്നേയുള്ളൂ. പലപ്പോഴും വളഞ്ഞ് ചുറ്റിയുള്ള മൂക്കിൽ പിടുത്തം പോലെ കാര്യങ്ങൾ നടത്താൻ നേരെ വഴിക്ക് പകരം തിരിഞ്ഞും വളഞ്ഞും പോകുന്നത് പല കാര്യങ്ങളിലും നമുക്ക് കാണാവുന്നതാണ്.
പരിണാമം വല്ലാത്തൊരു കളിയാണ്. ഏത് ദിശയിലേക്ക് അത് കാര്യങ്ങളെ കൊണ്ടെത്തിക്കും എന്നുള്ളത് ആർക്കും പ്രവചിക്കാനാവില്ല. അപ്പോൾ വേണമെങ്കിൽ പൂവിനെ പഴം പോലെ ആക്കി പഴം തിന്നുന്ന വവ്വാലിനെ കൊണ്ട് പരാഗണം നടത്തിക്കും.
ഇപ്പോൾ ഇലിപ്പ കാലമാണ്, വഴിയരികിലോക്കെ ഇലിപ്പ മരങ്ങളുടെ അടിയിൽ ധാരാളം പൂവിതളുകൾ പൊഴിഞ്ഞു കിടപ്പുണ്ടാവും. ഉത്തരേന്ത്യയിലെ ഗോത്ര വിഭാഗക്കാർ ഇത് വാരിയെടുത്ത് കഴുകി മദ്യം ഉണ്ടാക്കാനും കഴിക്കാനും ഉപയോഗിക്കാറുണ്ട്. “കരിമ്പില്ലാത്ത നാട്ടിൽ ഇലിപ്പപ്പൂ മധുരം” എന്ന് തമിഴിൽ ഒരു ചൊല്ലുതന്നെയുണ്ട് (ஆலையில்லா ஊருக்கு இலுப்பைப் பூ சர்க்கரை).
മറ്റു ലേഖനങ്ങൾ



സസ്യജാലകം
നാട്ടുചെടികളെപ്പറ്റി ചെറുകുറിപ്പുകൾ