
ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം എസ് വല്ല്യത്താൻ(90) അന്തരിച്ചു. ബുധനാഴ്‌ച മണിപ്പാലിൽ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ആദ്യ ഡയറക്ടറും മണിപ്പാൽ യൂനിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറും ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ ചെയർമാനുമായിരുന്നു വല്യത്താൻ.
ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറായി സ്ഥാനമേറ്റതിനുശേഷം മെഡിക്കൽ സാങ്കേതിക വിദ്യക്ക് പ്രാധാന്യം നൽകിക്കൊണ്ട് അദ്ദേഹം ശ്രീചിത്രയിൽ കൊണ്ടുവന്ന മാറ്റങ്ങൾ ശ്രദ്ധേയമാണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കൃത്രിമ ഹൃദയ വാൽവുകൾ ശ്രീചിത്രയിൽ നിർമിച്ച് കുറഞ്ഞു വിലക്ക് ലഭ്യമാക്കുകയും രക്തബാഗുകൾ നിർമിച്ച് വ്യാപകമാക്കുകയും ചെയ്തു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠന ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് വല്യത്താൻ എംബിബിഎസ് നേടി. മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനായിരുന്നു എംഎസ് വല്യത്താൻ. പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ നിന്ന് എംഎസും എഫ്ആർസിഎസും പൂർത്തിയാക്കി. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിമർ) ആതുരസേവനം തുടങ്ങി. ജോൺ ഹോപ്കിൻസ് മുതലായ വിദേശ സർവകലാശാലകളിൽ ഹൃദയ ശസ്ത്രക്രിയയെ കുറിച്ച് ഉപരിപഠനം നടത്തി.

ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ സേവനത്തിന് ശേഷം മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറായ എംഎസ് വല്യത്താൻ സ്ഥാനമേറ്റു. പിന്നീട് ആയുർവേദത്തെക്കുറിച്ച് കൂടുതൽ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്ത അദ്ദേഹം ആയുർവേദവും ആധുനിക വൈദ്യശാസ്ത സമന്വയിപ്പിച്ചുള്ള ചികിത്സാ പദ്ധതികൾക്ക് നിർദേശങ്ങൾ നൽകി. കേരള ശാസ്ത്ര സാങ്കേതിക കൗൺസിലിന് കീഴിൽ വിവിധ സ്ഥാപനങ്ങളെ ഏകീകരിക്കാനും കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് തുടങ്ങാനും ഇക്കാലയളവിൽ അദ്ദേഹം ശ്രമിച്ചു. ഇന്ത്യയിലെ ആരോഗ്യമേഖലയ്ക്ക് നൽകിയ സംഭാവന പരിഗണിച്ച് 2005-ൽ രാജ്യം അദ്ദേഹത്തെ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു.