[author image=”http://luca.co.in/wp-content/uploads/2016/07/Aparna-Markose.jpg” ]അപര്‍ണ മര്‍ക്കോസ്[/author]കുഞ്ഞുന്നാളിൽ പേരെഴുതി,അക്ഷരം വെട്ടി തനിക്കിഷ്ടമുള്ള സുഹൃത്തിനു തന്നോടെത്ര ഇഷ്ടമുണ്ടെന്നു നോക്കാത്ത ആളുകൾ ചുരുക്കമാണ്. നിങ്ങളും നോക്കിയിട്ടില്ലേ ? കുട്ടിക്കാലത്തെ ചില രസങ്ങൾക്കപ്പുറം ആരും ഇതൊന്നും ഓർക്കാറില്ല എന്നു മാത്രം. പാശ്ചാത്യ ലോകത്ത് കാര്യങ്ങൾ കുറച്ചു വ്യത്യസ്തമാണ്. പ്രണയവുമായി ബന്ധപ്പെട്ട രസകരമായ പല ആചാരങ്ങളും അവിടെയുണ്ട്. ചിലതെല്ലാം കോപ്പിയടിക്കാൻ നമ്മളും ശ്രമിക്കാറുണ്ടല്ലോ. പ്രണയദിനം അങ്ങനെ നമ്മൾ കടമെടുത്തതാണ്. ഇത്തരം ഒന്നാണ് പ്രണയ പൂട്ട് (Love Lock). കാര്യം ലളിതം. ഒരു സാധാരണ പൂട്ട് വാങ്ങുക. അതിൽ നിങ്ങളുടെയും പ്രിയതമന്റെയും/പ്രിയതമയുടെയും പേരോ ഇനിഷ്യലോ എഴുതുക. ഏതെങ്കിലും കൈവരിയുള്ള പാലത്തിൻറെ അടുത്തു പോയി, വാങ്ങിയ പൂട്ടു കൈവരിയിലിട്ട് പൂട്ടുക. അതിൻറെ ചാവി പാലത്തിനു താഴേയ്ക്ക് എറിഞ്ഞുകളയുക. നിങ്ങളുടെ പ്രണയം ഭദ്രം. ഒന്നു പ്രണയത്തെ പൂട്ടിക്കളയാമെന്നു തോന്നുന്നോ? എങ്കിൽ കുറച്ചു കാര്യങ്ങൾ കൂടി അറിയണം.
[dropcap]പ്ര[/dropcap]ണയപൂട്ടൽ തുടങ്ങിയിട്ട് നൂറു വർഷത്തിന് മുകളിലായത്രേ. പൊട്ടിപ്പോയ ഒരു പ്രണയമാണ് കാരണഹേതു. ഒന്നാം ലോക മഹായുദ്ധം നടക്കുന്ന കാലം. തെക്കു കിഴക്കൻ യൂറോപ്പിലെ സെർബിയയിലാണ് കഥ നടക്കുന്നത്. വോജക്ക് ബജ എന്ന മുനിസിപ്പാലിറ്റിയിലെ ഒരു സ്കൂൾ അധ്യാപിക (നാദ) യുദ്ധത്തിൽ പങ്കെടുക്കാൻ പോയ പട്ടാളക്കാരനുമായി (റെൽജ ) പ്രണയത്തിലായിരുന്നു.പക്ഷേ പട്ടാള ജീവിതത്തിനിടയ്ക്ക് ഗ്രീസിൽ വെച്ചു കണ്ടുമുട്ടിയ കോർഫു എന്ന പെൺകുട്ടിയുമായി റെൽജ ഇഷ്ടത്തിലായി. നാദയുമായി ഉണ്ടായിരുന്ന പ്രണയം അതോടെ റെൽജ നിരസിച്ചു. വല്ലാതെ മനം നൊന്ത നാദ പിന്നീട് അധികനാൾ ജീവിച്ചില്ല. ഈ സംഭവം നാട് മുഴുവൻ അറിഞ്ഞു. നഗരത്തിൽ നിന്നുള്ള പെൺകുട്ടികൾ തങ്ങളുടെ പ്രണയം സംരക്ഷിക്കാൻ റെൽജയും നാദയും സ്ഥിരം കണ്ടിരുന്ന പാലത്തിൽ ചെറിയ താഴുകൾ ഇട്ട് പൂട്ടാൻ തുടങ്ങി.
ആളുകൾ സ്ഥിരമായി പ്രണയം പൂട്ടാൻ തുടങ്ങിയതോടെ കച്ചവടക്കാർക്ക് അതൊരു പുതിയ വരുമാന മാർഗമായി. പ്രണയപ്പൂട്ടിനു പ്രചാരം നൽകിയതും മറ്റാരുമല്ല.പക്ഷേ കുറഞ്ഞ കാലത്തിനുള്ളിൽ പ്രണയ പൂട്ടലിനു ലോകമെങ്ങും പ്രചാരം ലഭിച്ചു. പാരീസിലെ സെയ്ൻ നദിക്കു മുകളിലുള്ള പാലത്തിൻറെ കൈവരികളത്രയും പ്രണയപ്പൂട്ടുകൾ കൊണ്ടു നിറഞ്ഞു. നദിയാവട്ടെ,ചാവി കൊണ്ടും. ഇതു കൊണ്ടും നിന്നില്ല.പാരീസിലെ പതിനൊന്നോളം പാലങ്ങളും പൊതു ഇടങ്ങളും സ്വകാര്യ വസ്തുക്കളും പൂട്ടുകൾ കൊണ്ടു നിറഞ്ഞു. പാലങ്ങളിലെ പൂട്ടുകളുടെ ഭാരം കൂടി പാലങ്ങളുടെ കൈവരികൾ ഒടിഞ്ഞു പുഴയിലേക്ക് വീഴാൻ തുടങ്ങി. സെയിൻ നദിയിൽ മാത്രം പത്തു ലക്ഷത്തിനു മുകളിലാണ് പൂട്ടുകൾ. റോമിലും ജർമൻ നഗരങ്ങളിലുമെല്ലാം ഉണ്ട് വേറെയും ലക്ഷങ്ങൾ.പ്രണയപ്പൂട്ടുകൾ എത്രപേരുടെ പ്രണയം സംരക്ഷിക്കുന്നു എന്നു നമുക്കറിയില്ല. പലനിറത്തിലും, വലിപ്പത്തിലും ,ആകൃതിയിലും പൂട്ടുകൾ കടകളിൽ നിറയുന്നു, ക്രമേണ പാലങ്ങളിലും. പക്ഷേ പൊതുമുതൽ നശിപ്പിക്കാൻ തുടങ്ങിയതോടെ ചിലർ പ്രണയപ്പൂട്ടുകൾക്കെതിരെ രംഗത്തെത്തി.
“പ്രണയം എന്തിനു പൂട്ടണം? “ എന്നാണിവർ ചോദിക്കുന്നത്.
മാത്രമല്ല “നിങ്ങളുടെ പ്രണയത്തെ സ്വതന്ത്രമാക്കൂ, പാലങ്ങൾ സംരക്ഷിക്കൂ“ എന്നാണിവരുടെ മുദ്രാവാക്യം.
[box type=”info” align=”alignright” ]പല രാജ്യങ്ങളും പൂട്ടു മലിനീകരണം സഹിക്കാൻ കഴിയാതെ വൻതോതിൽ പാലങ്ങളിൽ നിന്നു പൂട്ടുകൾ മാറ്റി തുടങ്ങി.പൊതുജനത്തെയും സഞ്ചാരികളെയും ബോധവൽക്കരിക്കാൻ ഇപ്പോൾ വെബ്‌സൈറ്റുകളും നിലവിലുണ്ട്. പ്രണയത്തിൻറെ ഭാരം പാരീസിലെ പാലങ്ങൾക്കു സഹിക്കാൻ പറ്റുന്നില്ലത്രേ. [/box]പല സിനിമകളിലും പ്രണയപ്പൂട്ടുകൾ വിഷയമായിട്ടുണ്ട്. ”ഗോൾഡൻ ഐ”എന്ന സിനിമയിൽ നായകനും നായികയും ഒരുമിച്ചു അവരുടെ പ്രണയരഹസ്യം ഒരു പാലത്തിൻറെ കൈവരിയിൽ പൂട്ടി, താക്കോൽ നദിയിലേക്കെറിയുന്നിടത്തു സിനിമ അവസാനിക്കുന്നു. പാരീസിൽ മാത്രമല്ല, ചൈന, മോസ്കൊ, റോം എന്നിങ്ങനെ ധാരാളം ഇടങ്ങളിലെ പാലങ്ങൾ പ്രണയത്തിൻറെ ഭാരം താങ്ങുന്നു.താഴെ നദികൾ അതിഭീകര താക്കോൽ മലിനീകരണവും.
അല്ല , എന്തു തീരുമാനിച്ചു ? പ്രണയം പൂട്ടി ഒരു നദിയെ മലിനമാക്കണോ ?
നിങ്ങളുടെ പ്രണയം സ്വതന്ത്രമായി വർണ്ണചിറകുകളോടെ നീലാകാശത്തിൽ പറക്കട്ടെ എന്നു വെക്കുന്നതല്ലേ നല്ലത്?