പുതുവർഷത്തിന്റെ തുടക്കത്തിൽതന്നെ കേട്ടു തുടങ്ങിയ പ്രധാന വാർത്തയാണ് ലോസ് ഏഞ്ചൽസിലെ കാട്ടുതീ. ആസ്ട്രേലിയയിലും അമേരിക്കയിലും കാട്ടുതീ പടരുന്നത്തിന് വളരെ സാധ്യതയുള്ള ചില പ്രദേശങ്ങൾ ഉണ്ട്. പക്ഷേ, കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇത് വഷളാക്കുന്നു. വികസിത രാജ്യങ്ങളിലെ ദുരന്ത നിവാരണ സംവിധാനം കുറ്റമറ്റതാണെങ്കിലും ദുരന്തങ്ങൾ പൂർണമായും ഒഴിവാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ, മുൻകാലങ്ങളെ അപേക്ഷിച്ച് ദുരന്തങ്ങളുടെ ഭീകരത കുറയ്ക്കാൻ സാധിക്കുന്നുണ്ട്.
അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായ കാലിഫോർണിയ സംസ്ഥാനത്തിലെ ലോസ് ഏഞ്ചൽസ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ 2025 ജനുവരി 7 മുതലുണ്ടായ തീപിടുത്തത്തിൽ കുറഞ്ഞത് 24 പേർ മരിച്ചു; 23 പേരെ കാണാതായി. വീടുകൾ, ഔട്ട്ബിൽഡിംഗുകൾ, ഷെഡുകൾ, മൊബൈൽ ഹോമുകൾ, കാറുകൾ – എന്നിങ്ങനെ 12,300-ത്തിലധികം നിർമ്മിതികൾ കത്തിനശിച്ചു. ഏകദേശം 92,000 ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നു. ലോക സിനിമ വ്യവസായ കേന്ദ്രത്തിന്റെ സിരാ കേന്ദ്രമായ ഹോളിവുഡ് ലോസ് ഏഞ്ചൽസിലാണുള്ളത്. ഭാഗ്യവശാൽ ഹോളിവുഡ് ഭാഗത്തേക്ക് തീ പടർന്നിട്ടില്ല. യു.എസ്. ന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തീപിടുത്തമെന്നാണ് ഇപ്പോഴുണ്ടായതിനെ വിശേഷിപ്പിക്കുന്നത്. പ്രാഥമിക കണക്കനുസരിച്ച് 25,000 കോടി ഡോളർ വരെ നാശനഷ്ടമുണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു.
ലോസ് ഏഞ്ചൽസിൽ പടർന്നുപിടിച്ച പ്രധാന തീപിടുത്തങ്ങളിൽ മൂന്നെണ്ണം ഇപ്പോഴും പടരുന്നു, പാലിസേഡ്സ്, ഈറ്റൺ, ഹർസ്റ്റ് എന്നിവയാണവ. ഒരാഴ്ച മുമ്പ് പൊട്ടിപ്പുറപ്പെട്ട ആദ്യത്തെ തീപിടുത്തവും മേഖലയിലെ ഏറ്റവും വലിയ തീപിടുത്തവും പാലിസേഡ്സ് (Palisades) ആണ്. ഇത് പസഫിക് പാലിസേഡ്സ് എന്ന് പറയുന്ന തീരപ്രദേശത്താണ്; 23,713 ഏക്കർ പ്രദേശം തീ വിഴുങ്ങി, ചൊവ്വാഴ്ച വരെ 17 ശതമാനത്തോളം പ്രദേശം മാത്രമേ നിയന്ത്രണവിധേയമായിട്ടുള്ളൂ.
ലോസ് ഏഞ്ചൽസിന്റെ വടക്കൻ ഭാഗമായ അൽതഡെന പോലുള്ള പ്രദേശങ്ങളെയാണ് ഈറ്റൺ (Eaton) ബാധിച്ചിരിക്കുന്നത്. ഇപ്പോഴും തീ പടരുന്നുണ്ട്. പ്രദേശത്തെ രണ്ടാമത്തെ വലിയ തീപിടുത്തമാണിത്, 14,117 ഏക്കർ കത്തിനശിച്ചു. ഇതിൽ 35 ശതമാനം നിയന്ത്രണവിധേയമാണ്.
സാൻ ഫെർണാണ്ടോയുടെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഹർസ്റ്റ് തീപിടുത്തം ത്തവും (Hurst fire) 799 ഏക്കർ പ്രദേശത്തെ ബാധിച്ചു. പക്ഷേ, ഏതാണ്ട് പൂർണ്ണമായും നിയന്ത്രണവിധേയമാണ്(97%)..
തിങ്കളാഴ്ച്ച (13-1-25) രാത്രി ആരംഭിച്ച ഏറ്റവും പുതിയ ഓട്ടോ തീപിടിത്തം (Auto fire) 56 ഏക്കറോളം കത്തി, പക്ഷേ, നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. അത്പോലെ തന്നെ, കെന്നത്ത്, ആർച്ചർ, സൺസെറ്റ്, ലിഡിയ, വുഡ്‌ലി, ഒലിവസ് എന്നിവിടങ്ങളിൽ ഉണ്ടായ തീപിടുത്തങ്ങൾ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്
തീ പടരാതെ നോക്കുന്ന പ്രകൃതിദത്ത തടസ്സങ്ങളാണ് റോഡുകൾ, നദികൾ, സമുദ്രങ്ങൾ എന്നിവ. അഗ്നിശമന സേനക്ക് ബുൾഡോസറുകൾ, ബാക്ഹോ ലോഡറുകൾ (ജെ. സി. ബി), കോരികകൾ, തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് തടസ്സങ്ങളുണ്ടാക്കി സസ്യഅവശിഷ്ടങ്ങൾ തീ പിടിക്കാത്ത രീതിയിൽ മാറ്റിയിടാൻ കഴിയും. തീ 100 ശതമാനം നിയന്ത്രണവിധേയമാക്കി എന്നതിനർത്ഥം അത് അണച്ചു എന്നല്ല, മറിച്ച് തീജ്വാലകൾ നിർദിഷ്ട സ്ഥലത്ത് പിടിച്ചു നിർത്തുകയും പുറത്തേക്ക് പടരുന്നത് ഫലപ്രദമായി നിർത്തുകയും ചെയ്തു എന്നാണ്.
അമേരിക്കൻ ഐക്യനാടുകളിലെ ‘ഏറ്റവും മോശം ദുരന്തങ്ങളിൽ’ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന ലോസ് ഏഞ്ചൽസിലെ കാട്ടുതീയുടെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. കാട്ടുതീക്ക് കാരണമായി ‘അന്യഗൃഹജീവിയെത്തി’ എന്നതടക്കമുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഇറങ്ങുന്നുണ്ട്! എന്തായിരിക്കും യഥാർഥ കാരണം?
കാലാവസ്ഥാ വ്യതിയാനം ഒരു കാരണമായി പറയുന്നുണ്ടങ്കിലും കാട്ടുതീ തുടങ്ങാനുള്ള ഒരു നിമിത്തം ഉണ്ടാകുമല്ലോ? അതാണ് അന്വേഷിക്കുന്നത്. ഇപ്പോഴുണ്ടായ തീ പിടുത്തത്തിന്റെ കാരണം യു.എസി.ലെ ഏറ്റവും സാധാരണമായ തീപിടുത്ത കാരണമായ മിന്നൽ അല്ല എന്നു വെളിവായിട്ടുണ്ട്. പുതുവത്സരാഘോഷത്തിന് ശേഷം കെടുത്തിയ തീ വീണ്ടും കത്തിയതാണ് ലോസ് ഏഞ്ചൽസിലെ അത്യന്തം വിനാശകരമായ പാലിസേഡ്‌സ് തീപിടുത്തത്തിന് കാരണമെന്ന് വാഷിംഗ്ടൺ പോസ്റ്റിന്റെ ഡാറ്റ വിശകലനം അനുസരിച്ചുള്ള തെളിവുകൾ പറയുന്നു. ഒരു ആഴ്ച മുമ്പ് അഗ്നിശമന സേനാംഗങ്ങൾ തീ കെടുത്തിയ അതേ സ്ഥലത്താണ് പാലിസേഡ്‌സ് തീപിടുത്തം ആരംഭിച്ചത് എന്നാണ് പറയുന്നത്. ഇത് ശരിയാകാൻ സാധ്യതയുണ്ട്. പക്ഷേ, ഇതൊരു ദുരന്തമായി കൂടുതൽ സ്ഥലത്തേക്കു വ്യാപിച്ചത്തിൽ അന്തരീക്ഷ സ്ഥിതിയുടെ മാറ്റത്തിന് വലിയ പങ്കുണ്ട്.
കാലാവസ്ഥാ വ്യതിയാനമാണ് യഥാർഥ വില്ലൻ എന്നാണ് നിഗമനം. ലോസ് ഏഞ്ചൽസ് പ്രദേശം മുഴുവൻ ഈർപ്പരഹിതമായ വരൾച്ചയിലായിരുന്നുവെന്നു പറയാം; 60 ശതമാനം കടുത്ത വരൾച്ചയും ബാക്കിയുള്ളിടത്ത് മിതമായ വരൾച്ചയും. സാധാരണയായി ഒക്ടോബറിൽ ഈ മേഖലയിൽ മഴക്കാലം ആരംഭിക്കുന്നതാണ്. പക്ഷേ, 2024-25 ൽ മഴയെ ഉണ്ടായിരുന്നില്ല! ഈ സീസണിലെ കടുത്ത വരണ്ട കാലാവസ്ഥയ്ക്ക് മുമ്പ് 2024 ന്റെ തുടക്കത്തിൽ മഴയോട് കൂടിയ മഴക്കാലം ഉണ്ടായിരുന്നു, ഇത് സസ്യജാലങ്ങളുടെ നല്ല വളർച്ചയ്ക്ക് കാരണമായി. തുടർന്നുണ്ടായ വരൾച്ചയിൽ അവ ഉണങ്ങിപ്പോവുകയും, ഈ അസാധാരണമായ വരൾച്ച ഇവ സമൃദ്ധമായി കത്താൻ കാരണമായിതീരുകയും ചെയ്തു. 2025 ജനുവരി 9 ന് പ്രസിദ്ധീകരിച്ച ‘ക്ലൈമമീറ്റർ’ എന്ന ക്ലൈമറ്റ് ആട്രിബ്യൂഷൻ ഗ്രൂപ്പിന്റെ പഠനമനുസരിച്ച്, തീപിടുത്തം ബാധിച്ച പ്രദേശത്ത് 5 ഡിഗ്രി സെൽഷ്യസ് വരെ ചൂടും 15 ശതമാനം വരെ വരൾച്ചയും 20 ശതമാനം വരെ കാറ്റും കൂടുതലായിരുന്നു.
വളരെ ആർദ്രമായ ഒരു സീസണിന് ശേഷം വളരെ വരണ്ട കാലാവസ്ഥ ഉണ്ടാകുമ്പോൾ അതൊരു ‘ഹൈഡ്രോക്ലൈമറ്റ് ചാട്ടവാർ’ (hydroclimate whiplash) അവസ്ഥ സൃഷ്ടിക്കുന്നു എന്നാണ് ‘നേച്ചർ റിവ്യൂസ് എർത്ത് & എൻവയോൺമെന്റ്’ എന്ന ജേണലിൽ 2025 ജനുവരി 9 ന് പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം പറയുന്നത്. കാലാവസ്ഥാ മാറ്റം, 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആഗോളതലത്തിൽ തന്നെ ഈ ‘ഹൈഡ്രോക്ലൈമേറ്റ് ചാട്ടവാർ’ അവസ്ഥകളെ 31-66 ശതമാനം വരെ ഉയർത്തിയതായും ഈ പഠനത്തിൽ പറയുന്നു. മാത്രമല്ല, ഈർപ്പരഹിതമായ അസാധാരണമായ വരൾച്ചയും സാന്താ അന (Santa Ana) എന്നറിയപ്പെടുന്ന ശക്തമായ കടൽത്തീര കാറ്റും കാട്ടുതീക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ചു.
പഠനങ്ങളും അവസ്ഥകളും പറയുന്നത് ലോസ് ഏഞ്ചൽസിലെ കാട്ടുതീയുടെ കാരണം കാലാവസ്ഥയിൽ വന്ന (വരുത്തിയ!)മാറ്റം തന്നെയാണ് എന്നാണ്. കാട്ടുതീ, വരൾച്ച, നിരന്തരമായ ചൂട്, മിന്നൽ കൊടുങ്കാറ്റുകൾ എന്നിവയെല്ലാം ചൂട് വർദ്ധിച്ചു വരുന്ന ലോകത്ത് വഷളാകുകയും നിയന്ത്രണാതീതമായ തീജ്വാലകൾക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് പണ്ടേ സ്ഥിരീകരിക്കപ്പെട്ടതാണ്. ലോകം കണ്ടതിൽ ഏറ്റവും ചൂട് കൂടിയ വർഷമായിരുന്നു 2024 എന്ന ലോക കാലാവസ്ഥാ സംഘടനയുടെ(WMO) സ്ഥിരീകരണവും ശ്രദ്ധിക്കുക. WMO യുടെ വിശകലനം അനുസരിച്ച്, ആഗോള ശരാശരി ഉപരിതല താപനില 1850-1900 ശരാശരിയേക്കാൾ 1.55 °C മുകളിൽആയിരുന്നു. ഇതിനർത്ഥം, 1850-1900 ലെ ശരാശരിയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള ആഗോള ശരാശരി താപനിലയുള്ള ആദ്യ കലണ്ടർ വർഷം നമ്മൾ അനുഭവിച്ചിരിക്കുന്നു എന്നാണ്!
ലോകം, പ്രത്യേകിച്ച് വികസിത രാഷ്ട്രങ്ങൾ, അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ പഠിക്കുമോ എന്നേ ഇനി അറിയാനുള്ള. ആഗോളതാപനം കുറച്ച് കൊണ്ട് വരാനുള്ള ശ്രമങ്ങളിൽ ഏറ്റവുമധികം ഉഴപ്പുന്നത് യു. എസ് ആണെന്ന കാര്യം ഏവർക്കുമറിയാം. അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പിന്റെ മുൻ നിലപാടുകൾ കാലാവസ്ഥാ ചർച്ചകളെ വലിയ പ്രതിസന്ധികളിൽ എത്തിച്ചിരുന്നു. ലോസ് ഏഞ്ചൽസ് ദുരന്തം ഈ നിലപ്പാടുകളിൽ മാറ്റം വരുത്താൻ അദേഹത്തെ നിർബന്ധിതനാക്കുമെന്നും കാലാവസ്ഥാ ഉടമ്പടികളും മറ്റും യഥാവിധി പാലിച്ച് കൊണ്ടുള്ള ഒരു ലോക ക്രമം ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം.
കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ
SCIENCE OF CLIMATE CHANGE
- കാലാവസ്ഥാമാറ്റത്തിന്റെ ഭൌതികശാസ്ത്രം
- ഭാവിയിലെ കാലാവസ്ഥാമാറ്റം പ്രവചിക്കുന്നതെങ്ങനെ ?
- കാലാവസ്ഥാമാറ്റത്തിന്റെ ആഗോള പ്രത്യാഘാതങ്ങൾ
- കാലാവസ്ഥാമാറ്റം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ
- സമുദ്രങ്ങളും കാലാവസ്ഥാമാറ്റവും
- ചരിത്രാതീത കാലത്തെ കാലത്തെ കാലാവസ്ഥ
- കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം – അഡാപ്റ്റേഷനും ജിയോ എഞ്ചിനിയറിംഗും
- കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം – മിറ്റിഗേഷൻ
- കുറഞ്ഞ കാർബൺ സമ്പദ് വ്യവസ്ഥ
- കാലാവസ്ഥാമാറ്റവും സമൂഹവും