[author image=”http://luca.co.in/wp-content/uploads/2016/08/Aparna-New-e1470847417875.jpg” ]അപര്‍ണ മര്‍ക്കോസ്[/author]
വെള്ളത്തിൽ ഒരു കൗതുകത്തിനെങ്കിലും മുഖം നോക്കാത്തവർ ചുരുക്കം. നല്ല തെളിഞ്ഞ വെള്ളമാണെങ്കിൽ പറയുകയും വേണ്ട. പ്രതിഫലനമാണ് ഇതിനു പിന്നിലെ ശാസ്ത്ര തത്ത്വം. ടെലിസ്കോപ്പിലും ഇതേ തത്ത്വമാണ് ഉപയോഗിക്കുന്നത്. ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും കുറച്ചുകൂടി വ്യക്തമായി കാണാൻ ഉപയോഗിക്കുന്ന ചെറിയ ഒപ്റ്റിക്കൽ ടെലിസ്കോപ്പുകൾ മുതൽ ചൈനയിലെ 500 മീറ്റർ വ്യാസമുള്ള അതിഭീമൻ റേഡിയോ ടെലിസ്കോപ്പുകൾ വരെ നമുക്കു പരിചിതമാണ്.പക്ഷെ, ദ്രാവകം ഉപയോഗിച്ചുള്ള ടെലിസ്കോപ്പ് എല്ലാവർക്കും അത്രയങ്ങു പരിചയമുണ്ടാവില്ല. ലിക്വിഡ് മിറർ ടെലിസ്കോപ്പ് എന്നാണിവ അറിയപ്പെടുന്നത്. പേരുപോലെ തന്നെ ഈ ടെലിസ്കോപ്പിലെ കണ്ണാടി ഏതെങ്കിലും ദ്രാവകമായിരിക്കും.
ടെലിസ്കോപ്പിനു പ്രധാനമായും 3 ഭാഗമാണ് ഉള്ളത്.
സിഗ്നൽ സ്വീകരണി
ഫോക്കസ് ചെയ്തുവരുന്ന പ്രകാശം സ്വീകരിക്കുന്ന സ്ഥലം അല്ലെങ്കിൽ ഐ പീസ്
സിഗ്നൽ കാണുന്ന സ്ഥലം
ഏതു ടെലിസ്കോപ്പ് എടുത്താലും ചെറിയ വ്യത്യാസങ്ങളോടെ ഇതേ ഭാഗങ്ങൾ തന്നെയാണ് കാണാൻ കഴിയുക.
ടെലിസ്കോപ്പിന്റെ സിഗ്നൽ സ്വീകരണി ഒരു കണ്ണാടിയോ, ലെൻസോ, നന്നായി പ്രതിഫലിപ്പിക്കാൻ കഴിയുന്ന മറ്റേതെങ്കിലും വസ്തുവോ ആയിരിക്കും. സിഗ്നൽ സ്വീകാരിയുടെ ആകൃതിയാണ് ഏറ്റവും പ്രധാനം. വന്നു വീഴുന്ന സിഗ്നലിനെ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്ന തരത്തിലായിരിക്കണം അത്. ഇങ്ങനെ കേന്ദ്രീകരിക്കപ്പെടുന്ന സിഗ്നലാണ് നമ്മൾ പഠനങ്ങൾക്കുപയോഗിക്കുന്നത് .
ലിക്വിഡ് മിറർ ടെലിസ്കോപ്പിൽ സിഗ്നൽ സ്വീകാരി ഒരു കണ്ണാടിയാണ്. ആ കണ്ണാടി സിഗ്നലിനെ നന്നായി പ്രതിഫലിപ്പിക്കാൻ കഴിയുന്ന ദ്രാവകം കൊണ്ടുണ്ടാക്കിയതായിരിക്കും. സാധാരണയായി മെർക്കുറി ആണ് ഉപയോഗിക്കാറ്. മറ്റേതെങ്കിലും ലോഹദ്രാവകമായാലും മതി.
എന്താണിതിന്റെ ടെക്‌നിക് എന്നല്ലേ ? ഏതെങ്കിലും ഒരു പാത്രത്തിൽ ഈ ദ്രാവകം നിറയ്ക്കുക. കൃത്യമായ വേഗതയിൽ സ്ഥിരമായി ഈ പാത്രത്തെ കറക്കുക. പത്രത്തിനുള്ളിലെ ദ്രാവകം ഇപ്പോൾ ഒരു കോപ്പയുടെ ആകൃതിയിലേക്ക് മാറും. പരാബൊളോയിഡ് എന്നാണ് ഈ രൂപത്തിന്റെ പേര്. ഏതു പാത്രത്തിൽ ഏതു രീതിയിൽ ദ്രാവകമെടുത്താലും, അതിനെ മേല്പറഞ്ഞ രീതിയിൽ കറക്കിയാൽ നമുക്ക് ലഭിക്കുക ഒരു ഹൈപ്പർബോളോയ്ഡ് ആയിരിക്കും.
താഴെ കാണുന്ന ചിത്രം നോക്കൂ.
ഏതെങ്കിലും ദ്രാവകം കറങ്ങുബോൾ അതിന്റെ രൂപം പരാബോളിക് ആകുമെന്നും അതിനെ ടെലിസ്കോപ്പ് നിർമിക്കാൻ ഉപയോഗിക്കാമെന്നും ആദ്യം പ്രവചിച്ചത് ഐസക് ന്യൂട്ടൺ ആണ്. പക്ഷെ അന്ന് അതിനാവശ്യമായ സാങ്കേതിക വിദ്യ വികസിച്ചിരുന്നില്ല. നേപ്പിൾസ് ഒബ്സർവേറ്ററിയിലെ ഏർനെസ്റ്റോ ആണ് ഈ ആശയം വികസിപ്പിച്ചത്. 1990 ലാണ് വിജയകരമായി ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലുള്ള LMT വികസിപ്പിച്ചത്. ഇപ്പോൾ ഉപയോഗത്തിലുള്ള ഏറ്റവും വലിയ LMT കാനഡയിലാണ് ഉള്ളത്.
സ്ഥിരമായി കറങ്ങുന്ന ഒരു പ്രതലത്തിന് മുകളിൽ വെച്ച പാത്രത്തിൽ മെർക്കുറി ഇരിക്കുന്നതാണ് മുകളിലുള്ള ചിത്രം. ഈ കറക്കം പാത്രത്തിനുള്ളിലെ മെർക്കുറിക്ക് താഴെ കാണുന്ന പോലുള്ള രൂപം ഉണ്ടാക്കും.
ഭൂമിയുടെ ഗുരുത്വാകർഷണവും, ദ്രാവകം കറങ്ങുമ്പോഴുണ്ടാകുന്ന അപകേന്ദ്ര (സെൻട്രിഫ്യൂഗൽ) ബലവും ചേർന്ന് ചെറിയൊരു പിടിവലി നടക്കുന്നതാണ് ഈ പ്രതിഭാസത്തിനു പിന്നിൽ. ഈ ക്രമീകരണത്തിലേക്ക് ഏതെങ്കിലും സിഗ്നൽ എത്തിയാൽ അത് താഴെ കാണുന്നതു പോലെ പ്രതിഫലിച്ചു ഫോക്കസ് ചെയ്യപ്പെടും. ഇത്തരത്തിൽ ഫോക്കസ് ചെയ്ത സിഗ്നൽ , ഒരു ഡിറ്റക്ടർ ഉപയോഗിച്ച് കമ്പ്യൂട്ടറിലേക്ക് കൊണ്ടുവരികയും നമുക്കാവശ്യമുള്ള രീതിയിൽ അതിനെ ഉപയോഗിക്കുകയുമാണ് ചെയ്യുക.
ഇതിനുവേണ്ടി ഒരുപാട് ദ്രാവകമൊന്നും ഉപയോഗിക്കില്ല .ഒരു പാട പോലെ മാത്രമേ മെർക്കുറി ആവശ്യമുള്ളൂ . ലിക്വിഡ് മിറർ ടെലിസ്കോപ്പ് നേരെ മുകളിലുള്ള വസ്തുക്കളെ നിരീക്ഷിക്കാനാണ് ഉപയോഗിക്കുന്നത്. ഇതിന്റെ പേര് സെനിത് മൗണ്ടിംഗ് (zenith mounting)എന്നാണ്. ഒപ്റ്റിക്കൽ ,റേഡിയോ ടെലികോപ്പുകൾ പോലെ Alt -Azimuth മൗണ്ടിങ് ഈ ടെലിസ്കോപ്പിനു സാധ്യമല്ല.
ഒരേയൊരു രീതിയിൽ മുകളിലേക്കു മാത്രമേ ഇതിനെ ക്രമീകരിക്കാൻ സാധിക്കൂ എന്ന് നേരത്തെ പറഞ്ഞല്ലോ. അത് തന്നെയാണ് LMT യുടെ പ്രധാന പരിമിതിയും. ചെറുതായി ഒന്ന് ചെരിഞ്ഞാൽപ്പോലും LMT യുടെ സമതുലനം നഷ്ടപ്പെടുകയും നിരീക്ഷണം നടത്താൻ പറ്റാതാവുകയും ചെയ്യുന്നു. കൃത്രിമ ഗുരുത്വ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഗവേഷണങ്ങളൊക്കെ നടക്കുന്നുണ്ട്.
പിന്നെ ഈ ടെലിസ്കോപ്പുകൾ എന്തിനാണെന്നല്ലേ ?
ലിക്വിഡ് മിറർ ടെലിസ്കോപ്പിന്റെ നിർമാണച്ചെലവ് വളരെ കുറവാണ്. സാധാരണ ടെലിസ്കോപ്പിന്റെ 5% മാത്രമാണ് ഇതിന്റെ നിർമാണത്തിനു വേണ്ടി വരുന്നത്. ഭൂമിയോട് അടുത്തുള്ള വസ്തുക്കളെ നിരീക്ഷിക്കാനല്ല ഈ ടെലിസ്കോപ്പ് ഉപയോഗിക്കുന്നത്, ദൂരെയുള്ള, ഒരുപാടുകാലം സ്ഥിരമായി നിൽക്കുന്ന സൂപ്പർനോവ, ഗാലക്‌സി മുതലായവ നിരീക്ഷിക്കാനാണ്. അടുത്തുള്ള വസ്തുക്കളുടെ വിവരങ്ങൾ, ഭൂമിയുടെ കറക്കം മൂലം കണ്ണാടിയുടെ കാഴ്ച്ചയിൽ നിന്ന് പെട്ടെന്നു പെട്ടെന്നു മാറുമല്ലോ. അതിനാൽ ആ വിവരങ്ങൾ വ്യക്തമായിരിക്കില്ല. ചന്ദ്രനിലും ബഹിരാകാശത്തുമെല്ലാം LMT നിർമിക്കാൻ പദ്ധതികളുണ്ട്. പക്ഷെ ഗുരുത്വ പ്രശ്‍നം മുഴുവനായും പരിഹരിച്ചാൽ മാത്രമേ അതിനു സാധിക്കൂ.
ഒരു ടെലിസ്കോപ്പ് നിർമിച്ചു നോക്കിക്കളയാം എന്നാണോ? സൂക്ഷിക്കണം. മെർക്കുറിയും മെർക്കുറിയുടെ അന്തരീക്ഷത്തിലുണ്ടാകുന്ന ബാഷ്പവും ഒരുപോലെ വിഷമാണ്. അതിനാൽ വലിയ ഒബ്സർവേറ്ററികളിൽ, പ്രത്യേക മുറികളിൽ, വായു പ്രത്യേക രീതിയിൽ സജ്ജീകരിച്ചു കൊണ്ടാണ് ഈ പ്രശ്നത്തെ നേരിടുന്നത്.
ഇതുവരെ നാല് LMTകളാണ് നിർമ്മിക്കപ്പെട്ടത്: UBCLaval LMT( 2.65 മി – 1992), നാസയുടെ LMT (3 മീ- 1995), വാൻകൂവറിനടുത്ത്, ലാർജ് സെനിത് ടെലിസ്കോപ്പ് (6 മീ- 2003), ILMT( 4 മീ- 2011). ഇനി ദേവസ്ഥലിയിൽ ഇന്ത്യയുടെ LMTയും വരാൻ ഒരുങ്ങുന്നു.