
ജീവിതശൈലീമാറ്റങ്ങൾ മാനവരാശിയെ രോഗാതുരമാക്കുന്നതെങ്ങനെയെന്ന് ജീവപരിണാമത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരിക്കുന്നു. ഓരോ സമൂഹത്തിനും ജീവിതശൈലീരോഗങ്ങൾ വ്യത്യസ്തമായിരിക്കുന്നതിന്റെ കാരണങ്ങൾ അന്വേഷിക്കുന്നു. മെയ് ലക്കം ശാസ്ത്രഗതിയിൽ വന്ന ലേഖനം
പരിണാമം അനുസരിച്ച് നമ്മൾ പരിസ്ഥിതിയുമായി വളരെ താദാത്മ്യം പ്രാപിച്ചവരാണ്. ഇത്രയുംകാലം നമ്മളെ അതിജീവനത്തിന്റെ പാഠങ്ങൾ പഠിപ്പിച്ച് പൊരുത്തത്തിൽ നിന്നുളവാകുന്ന സ്വാസ്ഥ്യവും അതുനൽകുന്ന സമതുലിതാവസ്ഥയും ക്ലിഷ്ടതകളെ തീരെ അകറ്റി നിറുത്തേണ്ടതാണ്. മില്യൺകണക്കിനു വർഷങ്ങൾകൊണ്ട് സാധിച്ചെടുത്തതാണിത്. നമ്മോടൊപ്പമുണ്ടായിരുന്ന മറ്റൊരു മനുഷ്യസമാനമായ നിയാൻഡർത്താൽ ഇക്കാര്യത്തിൽ തോറ്റ് എന്നെന്നേയ്ക്കുമായി ഇല്ലാതായവരാണ്. പരിണാമം മിച്ചംനിർത്തുന്നത് അർഹതയുള്ളവരെ അതിജീവിപ്പിച്ചുകൊണ്ടാണ്. അതിവിശിഷ്ടമായ തലച്ചോറിനു വികസിക്കാനുതകുന്നതും നമ്മുടെ ഫിസിയോളജിയെ കൃത്യമായി പരിപാലിക്കാനുതകുന്നതുമായ ഭക്ഷണങ്ങൾ നാം പണ്ടേ ശീലമാക്കിയിട്ടുമുണ്ട്.

എന്നാൽ, ഈ വിശിഷ്ടമായതും അതിശീഘ്രം പരിണമിക്കുന്നതുമായ തലച്ചോറ് നമുക്ക് അതിജീവിക്കാനുള്ള പദ്ധതികൾ മാത്രമാണോ പറഞ്ഞുതന്നത്? അന്വേഷണാത്മകതയും പരീക്ഷണത്വരകളും നമ്മെ മറ്റു മൃഗങ്ങൾക്ക് സാധിക്കാത്ത നിലപാടുകളിൽ എത്തിച്ചു; പ്രകൃതിയോട് ഇണങ്ങുക മാത്രമല്ല, അതിനെ കീഴടക്കുകയും ചെയ്തു. സാങ്കേതിക വൈദഗ്ധ്യം എന്ന പ്രതിഭാസം മനുഷ്യർ എന്ന ജന്തുക്കളുടെ മാത്രം കുത്തകയായി, വ്യവസായികവിപ്ലവങ്ങൾക്ക് ബീജാവാപം നൽകി. ഇത് പോഷകാഹാരവ്യവസ്ഥകളിലും സാംക്രമികരോഗവിവരങ്ങളിലും ജനസംഖ്യാശാസ്ത്രത്തിലും വൻപരിവർത്തനങ്ങൾ സംജാതമാക്കുകയും മനുഷ്യരുടെ ജൈവവ്യവസ്ഥയും പരിസ്ഥിതിയും മാറുകയും ഇത് ജൈവചരിത്ര സ്വഭാവങ്ങ(life history traits)ളിൽ മാറ്റം വരുത്തുകയും ചെയ്തു. പ്രായപൂർത്തിയാകുന്ന വേളയുടെ പ്രായ അളവും ശരീരവലുപ്പവും ഊർവരതാപൂർണ്ണതയുടെ (fertility) പ്രായനിബദ്ധതയും ആയുർദൈർഘ്യവുമെല്ലാം പുതിയരീതികൾ കൈവരിക്കുകയാണുണ്ടായത്. നെടുനാളത്തെ പരിണാമംകൊണ്ട് സ്വായത്തമാക്കിയ ശൈലികളും ആഹാരരീതികളും പൊടുന്നനവേ മാറപ്പെടുന്നത് പൊരുത്തക്കേടുകളുടെ ആവിർഭാവമായി ഇന്ന് കണക്കാക്കപ്പെടുന്നു. പരിതഃസ്ഥിതിയ്ക്കനുകൂലമായി ശരീരവ്യവസ്ഥ പാകപ്പെടുമ്പോഴാണ് അതിജീവനസാധ്യതകൾ പൂർണ്ണമാകുന്നത്. ഈ വാദഗതി ‘പൊരുത്തക്കേട് സിദ്ധാന്തം’ (mismatch hypothesis) എന്നറിയപ്പെടുന്നു.
കൃഷി പ്രാവർത്തികമായ കാലത്തുതന്നെ മനുഷ്യന്റെ ശാരീരിക അധോഗതിക്ക് തുടക്കം കുറിച്ചുവെന്ന വാദം പണ്ടേ നമ്മൾ കേട്ടിട്ടുള്ളതാണ്. ശാരീരികാധ്വാനം തീരെക്കുറയുന്നതും ആഹാരം കൂടുതൽ ലഭ്യമാകുന്നതും ആരോഗ്യത്തെ ബാധിക്കുമെന്നത് യുക്തിസഹമാണുതാനും. സാംക്രമികരോഗങ്ങളല്ലാതെയുള്ള മിക്ക രോഗങ്ങളുമുണ്ടാകുന്നത് ജീവിതശൈലീ പരിണാമം സമ്മാനിച്ച ശരീരവുമായി ഒത്തുപോകാത്തതിനാലാണ്. ജന്തുലോകത്തിലെ മിക്കവയ്ക്കും പൊരുത്തക്കേടുകൾ വന്നുഭവിച്ചിട്ടില്ല, സ്വതവേയുള്ള ശൈലികളിൽനിന്ന് മാറപ്പെടേണ്ട സാഹചര്യം അവർ സൃഷ്ടിച്ചുമില്ല. പരിണാമം അവർക്ക് ചില ആനുകൂല്യങ്ങൾ കനിഞ്ഞു നൽകിയിട്ടുമുണ്ട്. ഉദാഹരണത്തിന്, ജിറാഫുകൾക്ക് ഒരു പ്രത്യേക ജീൻ ഉണ്ട്, ഉയർന്ന രക്തസമ്മർദത്തിൽനിന്ന് ഹൃദയത്തെ സംരക്ഷിച്ചു നിറുത്താനായിട്ട്. ആനകൾക്ക് കാൻസർ വരാറില്ല, അവയ്ക്ക് ഒരു പ്രത്യേക ജീനിന്റെ പകർപ്പുകൾ ധാരാളമുണ്ട്. മറ്റുചില സസ്തനികളിൽ കാണുന്നതുപോലെ, കാൻസറിനെ വൻരീതിയിൽ പ്രതിരോധിക്കുകയാണ് ഈ ജീൻസംയുക്തങ്ങൾ. ഒരു പ്രത്യേകവർഗം തുരപ്പനെലിക്ക് വാർധക്യം സംഭവിക്കാതിരിക്കാൻവേണ്ടി പ്രത്യേക ജനിതക സംവിധാനങ്ങളുണ്ട്. ആധുനിക മനുഷ്യർ ഇക്കാര്യത്തിൽ നിരാലംബരാണ്. പ്രമേഹം, ഹൃദ്രോഗങ്ങൾ, ചില കാൻസറുകൾ, അൽഷിമേഴ്‌സ്, മസ്തിഷ്‌ക്കാഘാതം, അമിതവണ്ണം ഉൾപ്പെടെ ഒരുപറ്റം ജീവിതശലീരോഗങ്ങളാണ് നമ്മളിൽ ഉയർന്ന നിരക്കിൽ വന്നുകൂടിയത്. ഒരുകാലത്ത് പരിസ്ഥിതിക്ക് അനുകൂലമായി വർത്തിക്കാൻ സഹായിച്ച ജീൻ രൂപാന്തരങ്ങ(gene variants)ളാണ് ഇന്ന് മനുഷ്യനുതന്നെ വിനാശകാരിയായി തീർന്നിരിക്കുന്നത്. ആധുനികതയിലേക്കുള്ള ഈ അപഥസഞ്ചാരം പ്രകൃതിനിർധാരണ (natural selection) ത്തിന്റെ ദിശ മാറ്റിമറിക്കാൻ പോന്നതാണെന്ന് തെളിയുന്നുണ്ട്. ഇത് ആഗോള ആരോഗ്യരംഗത്തെ സാരമായി ബാധിക്കുന്നതുമാണ്. ആഹാരരീതി, സംസ്‌കരിച്ചെടുത്ത (processed), പോഷകങ്ങൾ നഷ്ടപ്പെട്ട ഭക്ഷണം, ആഹാര പദാർഥങ്ങളിലെ preservatives, വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം, അന്തരീക്ഷ മലിനീകരണം, ഉറക്കം കിട്ടായ്ക, മാനസിക സംഘർഷങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങളാലുള്ള ആഘാതങ്ങൾ ഇങ്ങനെ ആധുനികത അടിച്ചേൽപ്പിച്ച ഘടകങ്ങൾ ഏറെയാണ്. എന്നാൽ, ഏറ്റവും കഠിനമായ സ്വാധീനം ആഹാരരീതി സംബന്ധിച്ചുള്ളതാണ്. കഴിഞ്ഞ കുറേ വർഷങ്ങളിലെ ജീവിതശൈലീമാറ്റങ്ങളാൽ മരിച്ചവരുടെ കണക്കെടുപ്പ് നടത്തിയപ്പോൾ കിട്ടിയ വിവരങ്ങൾ ഇപ്രകാരമാണ്: അമിതമായി സോഡിയം (ഉപ്പ്) ഉൾച്ചെന്ന് മരിച്ചവർ മൂന്ന് മില്യൺ, അമിതമായി സംസ്‌കരിച്ച (highly processed) ധാന്യങ്ങൾ കഴിച്ചതുമൂലം മരിച്ചവർ മൂന്നു മില്ല്യൺ, വേണ്ടത്ര പഴങ്ങളും ശുദ്ധമായ പച്ചക്കറികളും കഴിക്കാത്തത് മരണത്തിലെത്തിച്ചവർ രണ്ട് മില്ല്യൺ. പുകവലിയോ മദ്യപാനമോകൊണ്ട് മരിക്കുന്നവരെക്കാളും മേലെയാണ് ഈ മരണസംഖ്യ.
അതിപ്രാചീന ഭക്ഷണരീതി (Paleo Diet)
പ്രാചീനമായ ഭക്ഷണരീതിയിലേക്കും വ്യായാമരീതിയിലേക്കും വ്യതിചലിക്കുന്നത് പരിണാമവുമായുള്ള പൊരുത്തക്കേടിൽനിന്ന് വിമുക്തി നൽകുമെന്നൊരു ആലോചന ശക്തമായിട്ടുണ്ട്. Paleo diet-ൽ പണ്ടത്തെ hunter gatherers കഴിച്ചിരുന്ന അതേ ഭക്ഷണരീതികൾ പിൻതുടരാനുള്ള ശ്രമമാണ് പ്രധാനമായുമുള്ളത്. അവർ കഴിച്ചിരിക്കാൻ സാധ്യതയില്ലാത്തതൊന്നും ആഹാരക്രമത്തിൽ ഉൾപ്പെടുത്താതിരിക്കുക എന്നത് പ്രധാനം. ഈരീതിയിൽനിന്നുള്ള വ്യതിചലനം വിട്ടുമാറാത്ത (chronic) അസുഖമുണ്ടാക്കുന്നത് ‘പരിണാമത്തോടുള്ള കലഹ'(evolutionary discordance)-മെന്ന സിദ്ധാന്തമായി ചില ശാസ്ത്രജ്ഞർ പുനർവിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആധുനിക പാലിയോ ഡയറ്റ് (modern paleo diet) എന്ന സമീപനം ഈ സിദ്ധാന്തത്തിന്റെ പ്രായോഗിക വിനിയോഗമാണത്രേ! ഇതിനെപ്പറ്റി വിവാദങ്ങൾ ഉടലെടുത്തിടുണ്ട്, ഒരേയൊരു ആഹാരരീതി മാത്രമായിരുന്നില്ല hunter gatherer കാലഘട്ടത്തിൽ ഉണ്ടായിരുന്നിരുന്നത് എന്നതിനാലും മറ്റും ഈ ആഹാരരീതിയിൽ യുക്തിയുടെ അഭാവമുണ്ടെന്ന് ആക്ഷേപമുണ്ട്, പരിണാമപരമായ ന്യായീകരണം ഖണ്ഡിക്കപ്പെടുന്നുമുണ്ട്. എന്നിരിക്കിലും, ‘പൊരുത്തക്കേട് സിദ്ധാന്തം’ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ‘പാലിയോ ആഹാരരീതി’ യും വ്യായാമവും പലരും ജീവിതശൈലിയിൽ ഉൾപ്പെടുത്തിത്തുടങ്ങിയെന്നത് ഒരു തെളിവായി കണക്കാക്കാം. ആരോഗ്യപരിപാലനനിർദേശങ്ങൾക്കുപിന്നിൽ പരിണാമപരമായ അടിസ്ഥാനങ്ങളുണ്ടെന്നത് പൊതുജനം മനസ്സിലാക്കിത്തുടങ്ങിയെന്ന് തീർച്ചയാവുകയാണ്. മേൽപ്പറഞ്ഞ സിദ്ധാന്തത്തിന്റെ അറിവ് അടിസ്ഥാനമാക്കി പല പ്രമേഹരോഗികൾക്കും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താൻ നിർദേശങ്ങൾ നൽകിയപ്പോൾ അവരുടെ പൊതുആരോഗ്യനിലവാരത്തിൽ ഉന്നമനം കൈവരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

മിതവ്യയ ജനിതകാവസ്ഥ (Thrifty Genotype)
പരിണാമം അതിജീവനത്തിനെ പ്രോൽസാഹിപ്പിക്കുന്നത് സമ്പത്തുകാലത്തെ സൗഭാഗ്യങ്ങൾ ആപത്ത് കാലത്തിനുവേണ്ടി സൂക്ഷിച്ചുവെച്ചാണ്. എന്നാൽ, മനുഷ്യരിൽ ഈ പ്രവണത അത്ര ഫലിക്കാറില്ല, ദോഷമായി ഭവിക്കുകയും ചെയ്യും. ഭക്ഷണത്തിന്റെ പ്രവചനാതീതമായ ദൗർലഭ്യമോ പലപ്പോഴായി ക്ഷാമകാലത്തിൽക്കൂടി കടന്നുപോകേണ്ടിവരുകയോ ചെയ്യുമ്പോൾ കിട്ടുന്ന ഭക്ഷണത്തിലെ കൊഴുപ്പ് പറ്റുന്നത്ര ശരീരം ശേഖരിച്ചുവെയ്ക്കും. പിന്നത്തേയ്ക്കുള്ള ഊർജ കരുതലാണിത്. ക്ഷാമകാലത്ത് ഗർഭസ്ഥ ശിശു ആയിരിക്കുമ്പോഴോ ജനിക്കുന്ന കുഞ്ഞുങ്ങൾക്കോ അവരുടെ ഫിസിയോളജി മാറാൻ സാധ്യതയുണ്ട്, കൂടുതൽ കൊഴുപ്പ് ശേഖരിച്ചുവെയ്ക്കുന്നവരായി. കൂടുതൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നരീതിയുള്ള നാട്ടിൽ ഇവർ സ്ഥിരതാമസമാക്കിയാൽ അമിതവണ്ണം ബാധിക്കുമെന്നത് സുനിശ്ചിതമാണ്. പ്രമേഹസാധ്യതയും കൂടുതലാണ് ഇവർക്ക്. ഉദാഹരണത്തിന്, സമോവയിൽനിന്നുള്ള ആൾക്കാർ വെസ്റ്റേൺ രീതിയിലുള്ള ആഹാരം കഴിച്ചാൽ അമിതവണ്ണം സംഭവിക്കും.
സൂക്ഷ്മമായ ഒരു ജനിതകമാറ്റം ഇവിടെ സംഭവിക്കുന്നുണ്ട്. മേൽപ്പറഞ്ഞ സമോവൻ ആൾക്കാരിൽ CREBRF എന്നൊരു ജീനിൽ ഒരു മ്യൂട്ടേഷനാണിത് (ഡി എൻ എ വലിയൊരു മാലയാണ്, അതിൽ ഒരു കണ്ണിയിലോ പല കണ്ണികളിലോ വരുന്ന വ്യത്യാസമാണ് മ്യൂട്ടേഷൻ). ഈ മാറ്റം ചയാപചയ വ്യവസ്ഥ മാറ്റിമറിക്കുന്നു, ഊർജ ഉപയോഗം കുറയുന്നു, കൊഴുപ്പ് ശരീരത്തിൽ ശേഖരിക്കപ്പെടുന്നു. എന്നാൽ, അനുമാനങ്ങൾക്ക് വിപരീതമായി ഇവർക്ക് പ്രമേഹസാധ്യത കുറയുന്നതായാണ് കാണപ്പെട്ടത്. നെടുനാളായി വളരുന്ന സാഹചര്യത്തിൽ പരിചയപ്പെട്ട ആഹാരരീതി നമ്മളെ അതിനോട് പൊരുത്തപ്പെടുത്തുകയും ഇത് മാറുമ്പോൾ ഫിസിയോളജി തകിടം മറിയുകയും ചെയ്യുന്നതിന്റെ ഉദാഹരണമാണിത്.
ജനിതകവും പരിതഃസ്ഥിതിയും
മനുഷ്യസമൂഹംപേറുന്നത് പൊതുവായതും എന്നാൽ, ചിലപ്പോൾ അപൂർവമായതുമായ പല ജനിതക അസുഖങ്ങളാണ്. ഇതിന്റെ തോത് വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ വ്യത്യാസങ്ങൾ വന്നതിന്റെ പിന്നിൽ പരിതഃസ്ഥിതിപരവും സാംസ്‌കാരികവും ജനസംഖ്യാപര(demographic)വും ജനിതകപരമായതുമായ ചരിത്രമുണ്ട്. ഇങ്ങനെ ജനിതക വൈദ്യശാസ്ത്രം (genetic medicine) അതിന്റെ പരിണാമചരിത്രത്തോടൊപ്പം ഇന്ന് വിപുലീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതിപരവും സാമൂഹികവുമായ ഘടകങ്ങൾക്ക് സാധൂകരണം കൊടുത്തുകൊണ്ടുതന്നെ. വ്യക്തിപരമായ, ജനിതകാടിസ്ഥാനത്തിലുള്ള രോഗനിർണ്ണയവും ചികിൽസയും സാധ്യമാകുകയാണ് ഇങ്ങനെ. നമ്മുടെ ഓരോരുത്തരുടേയും ഡി എൻ എ യിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ ക്ലിനിക്കൽ തീരുമാനങ്ങൾക്ക് വഴിവയ്ക്കുന്നു. ജീവിതശൈലീരോഗങ്ങളുടെ ഉറവിടവും പ്രകൃതവും തീവ്രതയും ഓരോ സമൂഹത്തിനും വ്യത്യസ്തമാണ്. ദേശാടനങ്ങളും ആവാസവ്യവസ്ഥാ വ്യതിയാനങ്ങളും ഇതിനു വൈവിധ്യമണയ്ക്കുകയാണ്.
ജനിതക-പരിസ്ഥിതി പരസ്പരവ്യവഹാരം ദൃഷ്ടമാക്കുന്നത് ഒരു നിശ്ചിതസമൂഹത്തിൽ പ്രത്യേക ജനിതക കൈയൊപ്പുകൾ, പ്രത്യേകിച്ചും സാംക്രമികരോഗങ്ങളല്ലാത്തവയുടെ, എങ്ങനെ പരിതഃസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. അതിനർഥം നമ്മുടെ ചില ജീനുകൾ സാഹചര്യങ്ങളനുസരിച്ച് പ്രതികരിക്കുന്നു, ഇത് പലയിടത്തും പല രീതിയിൽ ആയിരിക്കാമെന്നാണ്. സങ്കീർണ്ണമായ രോഗസ്വഭാവങ്ങളും രോഗങ്ങളും മനസ്സിലാക്കി എടുക്കുമ്പോൾ ഇത് പ്രധാനമാണ്. നമുക്കുചുറ്റുമുള്ള ലോകവും നമ്മുടെ ജീനുകളും തമ്മിലുള്ള അന്യോന്യപ്രക്രിയകൾ ചിഹ്നാങ്കിതമാക്കുകയാണ് ഈ ആശയം.
പരിണാമപരമായ ചില തിരഞ്ഞെടുക്കലുകൾ നമുക്കിടയിൽ പ്രാവർത്തികമാകുന്നതിന് ഉദാഹരണങ്ങളുണ്ട്. ഇത് ആരോഗ്യത്തെ പ്രതികൂലമായോ സഹായകമായോ പ്രവർത്തിക്കാം, മനുഷ്യർ അതനുസരിച്ച് പൊരുത്തപ്പെടുകയും ചെയ്യും. ഇതിന്റെ കാലയളവ് പരിണാമത്തെ സംബന്ധിച്ച് വേഗതയാർന്നതാണ്, മൂവായിരമോ നാലായിരമോ വർഷങ്ങൾ മതി. ഗുണത്തിനോ ദോഷത്തിനോ ഈ ജീൻ സ്ഥിരമാക്കപ്പെടുകയും ചെയ്യും. പശുപരിപാലനം തുടങ്ങിക്കഴിഞ്ഞ് നമ്മൾ പാൽ കുടിച്ചുതുടങ്ങുകയും അത് ദഹിക്കാനുള്ള എൻസൈം ലാക്‌റ്റേസ് ജീൻ നമ്മളിൽ സ്ഥിരമാക്കപ്പെടുകയും ചെയ്യപ്പെട്ടു എന്നുള്ളത് ഉദാഹരണമാണ്. ഇത് 10,000 വർഷങ്ങൾക്ക് മുമ്പുമാത്രം സംഭവിച്ചു തുടങ്ങിയതാണ്. പ്രാദേശികമായ ഇക്കോളജിയുമായി പൊരുത്തപ്പെട്ടതിന്റെ ദൃഷ്ടാന്തം. പടിഞ്ഞാറൻ ആഫ്രിക്കക്കാരുടെ ഇടയ്ക്ക് മലേറിയ അണുവായ പ്ലാസ്‌മോഡിയം വൈവാക്‌സ് പടർന്നിറങ്ങിയപ്പോൾ അവരുടെ ചില ജീനുകളിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇത്തരം ജീൻ മാറ്റങ്ങൾ എപ്പോഴും രക്ഷാസ്വരൂപി ആയിരിക്കണമെന്നില്ല. ഇവർ മറ്റൊരു ഭൂപ്രദേശത്ത് കുടിയേറുമ്പോൾ ഈ ജീൻ മാറ്റം പ്രതികൂലമായി മാറിയേക്കാം. പരിണാമം സൃഷ്ടിച്ച പൊരുത്തത്തിനു വെല്ലുവിളിയെന്നോണം ഇവ പ്രത്യക്ഷപ്പെടാം.
നാഗരികജീവിതം പല അസുഖങ്ങൾക്കും പിന്തുണയേകുന്നുവെന്നത് സുവിദിതമാണ്. ഹൃദയ/രക്തക്കുഴൽ (cardiovascular) രോഗങ്ങൾ ഉദാഹരണമാണ്. തീരെ ചെറുപ്പക്കാർക്ക് കാൻസർ വരുന്നത് വർധിതമായിട്ടുണ്ട്, ഈയിടെ. പ്രത്യേകിച്ചും കുടൽ/മലാശയ കാൻസറുകൾ. കാൻസർ സംഭാവ്യത പല രാജ്യങ്ങളിലും പല നിരക്കിലാണ്. പുകച്ച ഇറച്ചി കൂടുതലായി കഴിക്കപ്പെടുന്ന ഏഷ്യൻ രാജ്യങ്ങളിൽ ആമാശയ കാൻസർ അധികമായി കാണപ്പെടുന്നു. അധികം കൊഴുപ്പ് കഴിക്കുന്നവരിൽ ADCY3 എന്നൊരു ജീനിൽ മാറ്റം സംഭവിക്കുന്നു. ഇത് അമിതവണ്ണം, പ്രമേഹം, കാൻസർ എന്നിവയ്ക്ക് കാരണമായേക്കാം. എഠഛ എനൊരു ജീനിൽ ചെറിയ മാറ്റങ്ങൾ സംഭവിച്ചവർക്ക് ആഹാരരീതിയിലുള്ള മാറ്റങ്ങൾ, പ്രത്യേകിച്ചും കൂടുതൽ കാലറിയുള്ള ഭക്ഷണവും വ്യായാമമില്ലായ്കയും അമിതവണ്ണവും അതിനോടനുബന്ധിച്ച അസുഖങ്ങളും കൂടുതലായി പ്രകടിതമാകും. BRCA എന്നൊരു ജീനിലെ ചെറിയ ഒരു മാറ്റം സാഹചര്യങ്ങൾക്കനുസരിച്ച് പ്രത്യാഘാതമുണ്ടാക്കുന്നതാണ്. അന്തരീക്ഷ മാലിന്യത്തിലെ ചില രാസവസ്തുക്കൾ, പെയിന്റ് ലായനികൾ, ഫോർമാലിൻ, ഹോർമോണുകളെ ബാധിക്കുന്ന വസ്തുക്കൾ ഒക്കെ കാൻസറിലേക്ക് നയിക്കും. പല സ്തനാർബുദങ്ങൾക്കും പിന്നിൽ ഈ BRCA ജീനിന്റെ അപഭ്രംശമാണ്. മദ്യപാനം, പുകവലി, അമിതവണ്ണത്തിലേക്ക് നയിക്കുന്ന ആഹാരരീതി, വ്യായാമമില്ലായ്മ എന്നിങ്ങനെയുള്ള ശീലങ്ങളും ഈ ജീനിനെ സ്വാധീനിച്ച്, സ്തനാർബുദത്തിനു മാത്രമല്ലാതെ മറ്റു കാൻസറുകൾക്കും വഴിവയ്ക്കും.
ശീലങ്ങളും പരിതഃസ്ഥിതിയും ജനിതകസ്വാധീനങ്ങളും ഇപ്രകാരം ഒത്തുകളിയ്ക്കുന്നതാണ് പരിണാമവുമായുള്ള പൊരുത്തക്കേട് സൃഷ്ടിക്കുന്നത്. ജീവിതശൈലിയിൽ വൻ മാറ്റങ്ങങ്ങൾ സ്വയമേവ വരുത്തുകമാത്രമാണ് ഇന്ന് പോംവഴി.

ജീവിതശൈലീ വൈദ്യശാസ്ത്രം (Lifestyle medicine)
പുതിയ ഒരു വിഷയം വൈദ്യശാസ്ത്രത്തിലെ പുതിയ മേഖലയായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു, അതിശീഘ്രം വളരുന്നവരുന്ന, ജീവിതശൈലീവൈദ്യശാസ്ത്രം. ഗുരുതര അസുഖങ്ങൾ തടയാനും നിയന്ത്രിക്കാനും സ്വാസ്ഥ്യം തിരിച്ചുപിടിക്കാനും ജീവിതശൈലിയെ പാകപ്പെടുത്തിയെടുക്കാനും പദ്ധതികൾ ആവിഷ്‌കരിക്കുകയെന്നതാണ് ഉദ്ദേശ്യം. ഇത് സ്‌പെഷ്യലൈസ് ചെയ്ത ഡോക്ടർമാർ പല ആശുപത്രികളിലും പ്രത്യേകിച്ചും, അമേരിക്കയിലും യൂറോപ്പിലും തയ്യാറായി വന്നുകഴിഞ്ഞു. 2004 മുതൽ അമേരിക്കയിൽ ഇത് മെഡിക്കൽ സ്‌പെഷ്യാലിറ്റിയാണ്, 9000 അംഗങ്ങളുള്ള കമ്മിറ്റിയാണ് രൂപവൽക്കരിക്കപ്പെട്ടത്. മെഡിക്കൽ കോളേജുകളിൽ ഒരു വിഷയമായി കരിക്കുലത്തിൽ സ്ഥാനം പിടിച്ചിട്ടുമുണ്ട് ജീവിതശൈലീശാസ്ത്രം. ‘American College of Lifestyle Medicine’ നിലവിൽ വന്നുകഴിഞ്ഞുവെന്നത് പരിണാമവുമായുള്ള പൊരുത്തക്കേടിനെ നേരിടാൻ നമ്മൾ സന്നദ്ധരായിരിക്കുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ്. ഈ രംഗത്തെ ഡോക്ടർമാർ ചികിത്സാക്ഷമത നിബന്ധിച്ച ഇടപെടലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആഹാരരീതി, വ്യായാമം, ആത്മസംഘർഷം കൈകാര്യം ചെയ്യൽ, ഒക്കെ ഇതിൽപ്പെടുന്നതാണ്.

ഈ മേഖലയുടെ വളർച്ചയോടനുബന്ധിച്ച് ആറ് കാര്യങ്ങൾ നെടുംതൂണുകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്, തെളിവുകളുമുണ്ട്. സമഗ്രമായ, സംസ്‌കരിച്ചെടുക്കാത്ത (unprocessed) ഭക്ഷണം, പച്ചക്കറികൾക്ക് പ്രാമുഖ്യമുള്ള ആഹാരരീതി, വ്യായാമം, ഉണർവ് പുനരുദ്ധാരണം ചെയ്യുന്ന ഉറക്കം, മാനസിക സംഘർഷനിയന്ത്രണം, പുകവലി, മദ്യപാനം, ലഹരി എന്നപോലെയുള്ള അപകടരമായ വസ്തുക്കളുടെ ഒഴിവാക്കൽ, സ്വാസ്ഥ്യദായകമായ സാമൂഹികബന്ധങ്ങൾ ഇവയൊക്കെയാണവ. പരിണാമ നിയമങ്ങളോട് സമരസപ്പെട്ട് ജീവിക്കാനുള്ള ഉപാധികളാണിവയെന്ന് തെളിച്ചുപറയേണ്ടതില്ല. ”കീഴടക്കിപോൽ മർത്ത്യൻ പ്രകൃതിയെ..” എന്ന് വീമ്പിളക്കിയപ്പോഴും സംസ്‌കാരത്തിന്റെ ഉത്തുംഗ ശൃംഗത്തിൽ വിരാജിച്ചപ്പോഴും അതിശീഘ്രം പുരോഗമിച്ച തലച്ചോറിനും സങ്കീർണ്ണമായ പ്രതിരോധവ്യവസ്ഥയ്ക്കും ഒരു വിലകൊടുക്കേണ്ടിവരുമെന്ന് ഒരുമാത്ര വെറുതേപോലും നിനച്ചില്ല നമ്മൾ. സംസ്‌കാരമാണ് നിശ്ചയിച്ചുറപ്പിച്ചത് നമ്മുടെ ജീവിതശൈലികളും ആഹാരക്രമവും അത്, പരിണാമത്തിനെ ആശ്രയിക്കുന്നതല്ല. മനുഷ്യനെ മറ്റു ജന്തുക്കളുമായി വേർതിരിക്കുന്നതും ഇതുതന്നെ. പക്ഷേ, സംസ്‌കാരം പ്രകൃതിയും പരിണാമവും ഒന്നിച്ച് സംഭാവന ചെയ്തതാണ്, ജൈവികമായി നമ്മൾ അതുമായി പൊരുത്തപ്പെട്ടതുമാണ്. പക്ഷേ, അതിനെ വിജയകരമായി എത്രമാത്രം നേരിടാൻ സാധിക്കുമെന്നത് ഒരു ചോദ്യംതന്നെയെന്ന് ഡാന്യൂബ് യൂണിവേഴ്‌സിറ്റി(ഓസ്ട്രിയ)യിലെ ഡോ. കർട്ട് ആൾട്ടും കൂട്ടുകാരും സമർഥിക്കുന്നു. സാംസ്‌കാരികോന്നമനം പ്രകൃതിയുടെ ചാക്രികതയുമായി അനുരഞ്ജിപ്പിക്കാനുള്ള വിനയം നമുക്കില്ലാതെ പോകുന്നു. ഇത് ആത്യന്തികമായി വിനാശകരവും മാരകവുമായ പരിണതിയിലേക്ക് നയിക്കുകയാണെന്നും ഡോ. ആൾട്ടും സഹശാസ്ത്രജ്ഞരും സൂചിപ്പിക്കുന്നുണ്ട്.
Reference:
- Alt, K. W., Al-Ahmad, A. and Woelber J. P. Nutrition and Health in Human Evolution-Past to Present Nutrients 14: 3594, 2022. >>>