കുഷ്ഠരോഗം നിർമ്മാർജ്ജനം ചെയ്ത രോഗമല്ല. അത് ആർക്കും വരാം. ലക്ഷണങ്ങൾ നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ അംഗവൈകല്യം തടയാം. രോഗബാധിതനായ മനുഷ്യനിൽ നിന്ന് മാത്രമേ പകരുകയുള്ളൂ എന്നതിനാൽ കണ്ടെത്തപ്പെടാതെയിരിക്കുന്നവരെ കണ്ടെത്തുകയും ചികിത്സിക്കുകയും വേണം.
[dropcap]മ[/dropcap]നുഷ്യചരിത്രത്തോളം പഴക്കമുണ്ട് കുഷ്ഠരോഗത്തിന്. ചെറിയ ശതമാനം ആളുകളിൽ ഈ രോഗം ഉണ്ടാക്കുന്ന വൈകല്യങ്ങളാണ് രോഗബാധിതരെ അവജ്ഞയോടെയും ഭയത്തോടെയും അകറ്റി നിർത്താൻ കാരണമായത്. ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 60 ശതമാനവും ഇന്ത്യയിലാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം രോഗാണാണുബാധ കുറഞ്ഞ സംസ്ഥാനമാണ്. ഏകദേശം 500 പുതിയ രോഗബാധിതരെയാണ് പ്രതിവർഷം കേരളത്തിൽ കണ്ടെത്തുന്നത്.
കുഷ്ഠരോഗം എന്നാൽ
മൈക്കോ ബാക്ടീരിയം ലെപ്രെ (Mycobacterium leprae) എന്ന ബാക്ടീരിയ മൂലമാണ് കുഷ്ഠരോഗം ഉണ്ടാകുന്നത്. രോഗിയുമായുള്ള അടുത്ത സമ്പർക്കത്തിൽ ശ്വാസത്തിലൂടെയാണ് ഇത് പകരുന്നത്. രോഗി തുമ്മുമ്പോൾ പുറത്ത് വരുന്ന കണികകളിൽ ബാക്ടീരിയ ഉണ്ടാകും. അത് മറ്റൊരാൾ ശ്വസിക്കുമ്പോഴാണ് രോഗം പകരുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ 5 മുതൽ 7 വരെയോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ എടുക്കും. മൈക്കോ ബാക്ടീരിയം ലെപ്രെ വളരെ സാവധാനമാണ് വളർച്ചയെത്തി വിഭജിക്കുന്നത്. ഇതിന് ഏകദേശം 12-14 ദിവസം വരെയെടുക്കും.
രോഗാണു മൂലമാണ് രോഗങ്ങൾ ഉണ്ടാകുന്നത് എന്ന് ആദ്യമായി തെളിയിക്കപ്പെട്ടത് ഈ രോഗത്തിലാണ്. മൈക്കോ ബാക്ടീരിയം ലെപ്രെ മറ്റ് ബാക്ടീരിയങ്ങളെപ്പോലെ കൾച്ചർ മീഡിയയിൽ വളർത്താൻ സാധിക്കുകയില്ല. ആർമഡില്ലോ എന്ന ജീവിയുടെ ഉള്ളംകാലിൽ കുത്തി വച്ചാണ് ഇത് കൾച്ചർ ചെയ്യുന്നത്. പൊതുവേ തണുത്ത ഭാഗങ്ങൾ ഇഷ്ടപ്പെടുന്ന ബാക്ടീരിയയാണിത്. അതുകൊണ്ടുതന്നെ ചർമ്മം, നാഡികൾ, പ്രത്യേകിച്ച് പരിധീയ നാഡികൾ എന്നിവയെയാണ് ഇവ ബാധിക്കുന്നത്. നാഡികളിലെ Schwann കോശങ്ങളിൽ പ്രവേശിക്കുന്ന ഏക ബാക്ടീരിയ കൂടിയാണിത്. [box type=”info” align=”” class=”” width=””]1873 ൽ ഹാൻസണ്‍ (Gerhard Henrik Armauer Hansen) എന്ന നോർവീജിയൻ ഭിഷഗ്വരൻ ആണ് രോഗാണുവിനെ കണ്ടെത്തിയത്. അതിനാൽ ഈ രോഗം ഹാൻസണ്‍ രോഗം എന്നും അറിയപ്പെടുന്നു.[/box]
രോഗാണു ശരീരത്തിൽ പ്രവേശിച്ചാലും രോഗമുണ്ടാകുന്നത് വ്യക്തിയുടെ പ്രതിരോധശേഷിയെ ആശ്രയിച്ചാണ്. 95 ശതമാനം ആളുകൾക്കും ഈ രോഗത്തിനെതിരെ സ്വാഭാവികമായ പ്രതിരോധ ശേഷിയുണ്ട്. ഇത് രോഗബാധ ഒഴിവാക്കും. അതല്ലെങ്കിൽ താരതമ്യേന തീവ്രത കുറഞ്ഞ paucibacillary രോഗമായി മാറും.
രോഗലക്ഷണങ്ങൾ
പ്രധാനമായും ചർമ്മത്തേയും നാഡികളേയും ബാധിക്കുന്നതിനാൽ ലക്ഷണങ്ങളും അതു പ്രകാരമാണ്. ചർമ്മത്തിൽ നിറം മങ്ങിയതോ, ചുവന്നതോ ആയ ഒന്നോ അതിലധികമോ കലകൾ/പാടുകൾ (ഇവിടെ സ്പർശനശേഷി കുറവോ ഇല്ലാത്തതോ ആയിരിക്കും), കട്ടിയുള്ള തിളങ്ങുന്ന ചർമ്മം, കൈകാലുകളിലെ മരവിപ്പ്, ബലക്ഷയം, വൈകല്യങ്ങൾ (claw hand, foot drop), വേദനയില്ലാത്ത മാറാത്ത വ്രണങ്ങൾ, ചുവന്ന് തടിച്ച ചെവി, തടിച്ച നാഡികൾ , കുരുക്കൾ, എന്നിവയും കുഷ്ഠരോഗ ലക്ഷണങ്ങളാകാം. ചർമ്മത്തിലുണ്ടാകുന്ന കലകളാണ് സാധാരണയായി കാണുന്ന ലക്ഷണം. ചൂടും തണുപ്പും തിരിച്ചറിയാനുള്ള കഴിവാണ് ആദ്യം നഷ്ടമാകുന്നത്. പിന്നീട് സ്പർശം, വേദന, മർദ്ദം എന്നിവയും തിരിച്ചറിയാനാകാതെ ആകുന്നു. കാലുകളിൽ രോമം കൊഴിയും, വിയർക്കാതെ വരണ്ടിരിക്കും, ചെറിയ മുറിവുകൾ മാറാത്ത വ്രണങ്ങളായി മാറും.
ചർമ്മ പരിശോധനയിലൂടെ രോഗം തിരിച്ചറിയാൻ സാധിക്കും. ബയോ സ്മിയർ പരിശോധനയും നിർദ്ദേശിക്കാറുണ്ട്.
ചികിത്സ
പൂർണ്ണമായും ചികിത്സിച്ചു മാറ്റാവുന്ന ഒന്നാണ് കുഷ്ഠരോഗം. 1873 ൽ രോഗാണുവിനെ കണ്ടെത്തിയെങ്കിലും 1940 ൽ Dapsone എന്ന മരുന്ന് ലഭ്യമായതോടെയാണ് ഫലപ്രദമായ ചികിത്സ ആരംഭിച്ചത്. അതുവരെ രോഗിയെ മാറ്റി നിർത്തുകയായിരുന്നു ചെയ്തത്. 1983 ൽ WHO നിർദ്ദേശപ്രകാരം Multi Drug Therapy വ്യാപകമായതോടെ കുഷ്ഠരോഗം നിയന്ത്രണവിധേയമാകാൻ തുടങ്ങി.
ചികിത്സക്കായി രോഗികളെ രണ്ടായി തരം തിരിക്കാറുണ്ട്.
- ഒന്നു മുതൽ അഞ്ച് വരെ കലകൾ ഉള്ളതോ നാഡികളെ ബാധിക്കാത്തതോ അല്ലെങ്കിൽ ഒരു നാഡിയെ ബാധിച്ചതോ ആയ പോസി ബാസില്ലറി (Pauci bacillary) രോഗികൾക്ക് ആറുമാസമാണ് ചികിത്സാ കാലയളവ്.
- ആറോ അതിലധികമോ കലകൾ, ഒന്നിൽ കൂടുതൽ നാഡികളെ ബാധിക്കുന്ന സ്മിയർ പോസിറ്റീവ് ആയ മൾട്ടി ബാസില്ലറി (Multi bacillary) രോഗികൾ. ഇവർക്ക് ഒരു വർഷമാണ് ചികിത്സ.
[box type=”note” align=”” class=”” width=””]വിവിധ ഔഷധ ചികിത്സ (Multi Drug Therapy) വളരെ ഫലപ്രദമാണ്. ചികിത്സാ കാലയളവ് പൂർത്തിയാക്കിയാൽ രോഗിയെ വിടുതൽ ചെയ്തതായി പ്രഖ്യാപിക്കും.സാധാരണ ജീവിതം നയിക്കാനും സാധിക്കും. ചികിത്സയിലുള്ള ഒരാളിൽ നിന്ന് രോഗം പകരില്ല[/box]
ലെപ്ര റിയാക്ഷൻ
ഇത് മരുന്നിനോടുള്ള റിയാക്ഷൻ അല്ല. മറിച്ച് രോഗിയുടെ സ്വാഭാവിക പ്രതിരോധശേഷി മൂലം രോഗാണുവിനെതിരെയുള്ള റിയാക്ഷൻ ആണ്. ചികിത്സയ്ക്ക് മുമ്പോ ചികിത്സ തുടരുമ്പോഴോ അതിന് ശേഷമോ വരാം. പാടുകളുടെ എണ്ണം കൂടുകയോ നാഡികളിൽ വേദന, ബലക്ഷയം എന്നിവയോ സംഭവിക്കാം. ഇങ്ങനെ സംഭവിക്കുന്നപക്ഷം അതിനുള്ള ചികിത്സ നൽകേണ്ടതാണ്.
കുഷ്ഠരോഗ നിർമ്മാർജ്ജനം
പൊതുവേ രോഗബാധാനിരക്ക് കുറഞ്ഞ സംസ്ഥാനമാണ് കേരളം. എന്നാൽ പുതുതായി കണ്ടെത്തുന്ന രോഗികളിൽ കുട്ടികളിലെ രോഗബാധ, രോഗാതുരത കൂടിയ (Multi bacillary) രോഗബാധ , അംഗവൈകല്യം ബാധിച്ചവരുടെ എണ്ണം എന്നിവ താരതമ്യേന കൂടുതലാണ്. ഇതിനർത്ഥം സമൂഹത്തിൽ സജീവമായി രോഗവ്യാപനം നടക്കുന്നുണ്ട് എന്നാണ്. കൂടാതെ പലപ്പോഴും വൈകിയാണ് രോഗനിർണ്ണയം നടക്കുന്നത്. രോഗിക്ക് കലകളെ കൊണ്ട് ബുദ്ധിമുട്ട് ഇല്ലാത്തതും രോഗത്തെ കുറിച്ച് തെറ്റായ ധാരണകൾ നിലനിൽക്കുന്നതുമാവാം കാരണങ്ങൾ. രോഗിയെ സമൂഹം ഒറ്റപ്പെടുത്തും എന്ന ഭയവും ഉണ്ടാവാം.
[box type=”warning” align=”” class=”” width=””]കുഷ്ഠരോഗം നിർമ്മാർജ്ജനം ചെയ്ത രോഗമല്ല. അത് ആർക്കും വരാം. ലക്ഷണങ്ങൾ നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ അംഗവൈകല്യം തടയാം. രോഗബാധിതരായ മനുഷ്യരിൽ നിന്ന് മാത്രമേ പകരുകയുള്ളൂ എന്നതിനാൽ കണ്ടെത്തപ്പെടാതെയിരിക്കുന്നവരെ കണ്ടെത്തുകയും ചികിത്സിക്കുകയും വേണം. എങ്കിൽ മാത്രമേ രോഗവ്യാപനം തടഞ്ഞ് നിർമ്മാർജ്ജനം സാധ്യമാകൂ.[/box]
പഴയകാല ചികിത്സ
കുഷ്ഠരോഗം ചികില്‍സിക്കുവാൻ മരോട്ടിക്കയിൽ നിന്നും ലഭിക്കുന്ന എണ്ണ ഇന്ത്യയിൽ പണ്ടുകാലം മുതൽ ഉപയോഗിച്ചിരുന്നു . പൂർണമായും സുഖപ്പെടില്ലെങ്കിലും കുഷ്ഠം അല്പം ശമിപ്പിക്കാൻ ഇതിനാകും. ഈ എണ്ണയിൽ അടങ്ങിയ Hydnocarpic acid ആണ് ഈ ഗുണത്തിന് കാരണമായിട്ടുള്ളത്
‘അശ്വമേധം’ കുഷ്ഠരോഗനിർണ്ണയ പ്രചരണ പരിപാടി
സമൂഹത്തിൽ കണ്ടെത്തപ്പെടാതെ ഇരിക്കുന്ന രോഗബാധിതരെ കണ്ടെത്തി ചികിത്സിക്കുന്നതിനാണ് അശ്വമേധം എന്ന പേരിൽ കുഷ്ഠരോഗ നിർണ്ണയ പ്രചരണ പരിപാടിക്ക് സംസ്ഥാനത്ത് തുടക്കമിട്ടത്. 2018 ഡിസംബർ 5 മുതൽ 18 വരെ 8 ജില്ലകളിൽ ആദ്യഘട്ടം നടപ്പാക്കിയപ്പോൾ 194 പുതിയ രോഗബാധിതരെ കണ്ടെത്തി. ബാക്കിയുള്ള 6 ജില്ലകളിൽ 2019 ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തിയപ്പോൾ 41 പുതിയ രോഗികളെ കണ്ടെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം 705 പുതിയ രോഗികളെയാണ് കണ്ടെത്തി ചികിത്സ ആരംഭിച്ചത്. ഇതിൽ 230 പേർ പോസി ബാസില്ലറി വിഭാഗത്തിലും 475 പേർ മൾട്ടി ബാസില്ലറി വിഭാഗത്തിലും പെടും. 222 പേർ സ്ത്രീകളാണ്. ഇതിൽ 60 പേർ കുട്ടികളാണെന്നതും 50 പേർക്ക് അംഗവൈകല്യം ബാധിച്ചിരുന്നു എന്നതും വളരെ പ്രാധാന്യത്തോടെ കാണേണ്ടതാണ്. ട്രൈബൽ വിഭാഗത്തിൽ 28 പേരും അതിഥി തൊഴിലാളികൾ 115 പേരും ഉണ്ടായിരുന്നു.
ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജനപരിപാടിയുടെ ഭാഗമായി വിവിധതലത്തിലുള്ള പരിശീലനങ്ങൾ, ക്യാമ്പുകൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ, രോഗബാധിതർക്ക് എം.സി.ആർ പാദരക്ഷകൾ, സെൽഫ് കെയർ കിറ്റുകൾ എന്നിവയുടെ വിതരണം തുടങ്ങിയ പരിപാടികളും നടന്നുവരുന്നു. അംഗവൈകല്യം മാറ്റുതിനുള്ള Reconstructive Surgery തിരുവനന്തപുരം പിരപ്പന്‍കോട് ആശുപത്രിയില്‍വെച്ച് NLEP പ്രോഗ്രാമിന് കീഴില്‍ സൗജന്യമായി ചെയ്തുവരുന്നു.
കുഷ്ഠരോഗ നിർമ്മാർജ്ജന രംഗത്ത് 2020 ഓട് കൂടി കൈവരിക്കേണ്ട സുസ്ഥിര വികസന ലക്ഷ്യങ്ങൾ നിർവചിച്ചിട്ടുണ്ട്. പ്രിവലൻസ് നിരക്ക് 10000 ൽ 0.1 ൽ താഴെയാക്കുക (നിലവിൽ ഇത് 0.2 ആണ്), കുട്ടികളിലെ രോഗബാധനിരക്ക് 1 ദശലക്ഷത്തിൽ 0.6 ൽ താഴെയാക്കുക, അംഗവൈകല്യം ബാധിക്കുന്നവരുടെ നിരക്ക് 1 ദശലക്ഷത്തിൽ ഒന്നിൽ താഴെയാക്കുക, കുട്ടികളിലെ അംഗവൈകല്യമില്ലായ്മ നിലനിർത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ. ഇതിനായി പ്രത്യേക മേഖലകൾ – സ്‌കൂളുകൾ, ട്രൈബൽ കോളനികൾ, തീരദേശ നഗര ചേരിപ്രദേശങ്ങൾ, അതിഥി തൊഴിലാളി സൈറ്റുകൾ – കേന്ദ്രീകരിച്ച് സ്‌ക്രീനിങ്ങുകളും ബോധവൽക്കരണ പരിപാടികളും നടക്കുന്നുണ്ട്. കുഷ്ഠരോഗ വിമുക്തലോകത്തിനായി നമുക്ക് കൈകോർക്കാം.