Read Time:12 Minute

ഈജിപ്റ്റിലെ ഷാം എൽ ഷേക്കിൽ ഇരുന്നുകൊണ്ട് ലോകനേതാക്കൾ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഗാരവമേറിയ ചർച്ചകൾ നടത്തുമ്പോൾ, കേരളത്തിലെ ക്ലാസ്സ്‌ മുറികളിൽ ഇരുന്നുകൊണ്ട് അധ്യാപകരും വിദ്യാർത്ഥികളും കാലാവസ്ഥ വ്യതിയാനത്തെ ആഴത്തിൽ മനസ്സിലാക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും  ഒരുകാലത്ത് പോസ്റ്ററുകളിലും, മാധ്യമ ചർച്ചകളിലും മാത്രം ഒതുങ്ങിനിന്നിരുന്നവ  ആയിരുന്നുവെങ്കിൽ ഇന്ന് അതിന്റെ ദൂഷ്യഫലങ്ങൾ നമ്മൾ നേരിട്ട് അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു. ലോകത്ത് എല്ലായിടത്തും എന്നത് പോലെ തന്നെ നമ്മുടെ കേരളവും കാലാവസ്ഥ മാറ്റങ്ങൾക്ക്  വിധേയമായി കൊണ്ടിരിക്കുകയാണ്. 2018 മുതൽ തുടർച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രളയങ്ങൾ, താരതമ്യേന ചുഴലി കാറ്റുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കാറുള്ള അറബികടലിൽ തുടർച്ചയായി രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകൾ, ചെറിയ രൂപത്തിലുള്ള മേഘ വിസ്‌ഫോടനങ്ങൾ, വരൾച്ച, ചുരുങ്ങിയ സമയത്തിൽ ഉണ്ടാകുന്ന അതിതീവ്ര മഴ എന്നിവ ഈ അടുത്ത കാലത്ത് നമുക്ക് പരിചിതമായ കാലാവസ്ഥ പ്രതിഭാസങ്ങൾ ആണ്.

കേരള സ്കൂൾ വെതർ സ്റ്റേഷൻ

പ്രകൃതി പ്രതിഭാസങ്ങളെ മനസ്സിലാക്കുന്നതിനും, വിശകലനം ചെയ്യുന്നതിനും നാം എപ്പോഴും ശാസ്ത്രീയ മാർഗങ്ങൾ ആണ് അവലംബിക്കാറുള്ളത്. ഇത്തരത്തിലുള്ള വിവരങ്ങളുടെ ശേഖരണത്തോടൊപ്പം തന്നെ വിദ്യാർത്ഥികൾക്ക് അനുഭവ അറിവുകൾ പകർന്നു നൽകുന്നതിനും , ഈ വിവരങ്ങളുടെ വിശകലനം സമൂഹനന്മക്ക് കൂടെ ഉപകരിക്കുന്ന വിധം ഉപയോഗിക്കുന്നതിന്നും കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് കേരള സ്കൂൾ വെതർ സ്റ്റേഷൻ. ഭൂമിശാസ്ത്രം പ്രധാന വിഷയമായിട്ടുള്ള 260 ഓളം ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളുകളിൽ ആണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.

കേരള സ്കൂൾ വെതർ സ്റ്റേഷൻ

വിദ്യാർത്ഥി കേന്ദ്രീകൃതമായി കാലാവസ്ഥ നിലയങ്ങൾ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മപരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ജില്ലയിലെ വയല ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് ബഹുമാനപെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ വി. ശിവൻകുട്ടി  നിർവഹിക്കുകയുണ്ടായി.

കേരള സ്കൂൾ വെതർ സ്റ്റേഷൻ ഒരു മിനി വെതർ സ്റ്റേഷൻ ആണ്. നിലവിൽ  അന്തരീക്ഷത്തിലെ കുറഞ്ഞതും കൂടിയതുമായ താപനില, മഴ, ആപേക്ഷിക ആർദ്രത, കാറ്റിന്റെ ദിശ, കാറ്റിന്റെ വേഗത എന്നീ അഞ്ചു ദിനാവസ്ഥ ഘടകങ്ങൾ ആണ് ഇതിലൂടെ നിരീക്ഷണ വിധേയമാക്കുന്നത്. ഇതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഇവയാണ്:

  1. നോൺ റെക്കോർഡിങ് രീതിയിലുള്ള മഴ മാപിനി
  2. സിക്സ് മാക്സിമം മിനിമം തെർമോമീറ്റർ
  3. വെറ്റ് &ഡ്രൈ ബൾബ് തെർമോമീറ്റർ
  4. വിൻഡ് വെയിൻ
  5. കപ്പ്‌ കൗണ്ടർ അനിമോമീറ്റർ
  6. സാധാരണ തെർമോമീറ്റർ

മഴ മാപിനി

സാധാരണ മഴ മാപിനി(non -recording type)ആണ് സ്കൂൾ വെതർ സ്റ്റേഷനിൽ ഉപയോഗിക്കുന്നത്. ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിഷ്കർഷിക്കുന്ന വിധമുള്ള മഴ മാപിനി തന്നെയാണ് സ്കൂൾ വെതർ സ്റ്റേഷനിലും സ്ഥാപിക്കുന്നത്.

സിക്സ് മാക്സിമം മിനിമം തെർമോമീറ്റർ

ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ആയ ജെയിംസ് സിക്സ് ആണ് ഈ ഉപകരണം കണ്ടു പിടിച്ചത്.ഒരു കാലയളവിലെ കൂടിയതും കുറഞ്ഞതും ആയ താപനില കണക്കാക്കുന്നതിന് വേണ്ടിയാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്.

വിൻഡ് വെയിൻ

കാറ്റിന്റെ ദിശ മനസ്സിലാക്കാൻ വിൻഡ് വെയിൻ എന്ന ഉപകരണം ഉപയോഗിക്കുന്നു. ലംബമായ ഷാഫ്റ്റിൽ തിരശ്ചീനമായി കറങ്ങുന്ന ഒരു കമ്പി ഇതിൽ ഘടിപ്പിച്ചിരിക്കും. കറങ്ങിക്കൊണ്ടിരിക്കുന്ന ഇതിന്റെ ഒരുഅറ്റത്ത് പോയിന്ററും മറുവശത്ത് കാറ്റിന്റെ ശക്തി കൊണ്ട് കറങ്ങാൻ കഴിയുന്ന തരത്തിലുള്ള ഒരു പ്രതലവും ഉണ്ടായിരിക്കും. കാറ്റ് വരുന്ന ഭാഗത്തേക്ക്‌ ആയിരിക്കും പോയിന്റർ കേന്ദ്രീകരിച്ചു നിൽക്കുക.

വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ

ആപേക്ഷിക ആർദ്രത കണക്കാക്കുന്നതിനുവേണ്ടിയാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. രണ്ട് തെർമോമീറ്ററുകളിൽ ഒരെണ്ണം ഈർപ്പം ഉള്ളതായി നിലനിർത്തുകയും രണ്ടാമത്തേത് വരണ്ട താപനില രേഖപെടുത്തുന്നതിന് ഉപയോഗിക്കുകയും ചെയ്യുന്നു. ഈർപ്പം ഉള്ളതായി നിലനിർത്തുന്ന തെർമോമീറ്ററിൽ ഒരു ബീക്കറിൽ ഡിസ്റ്റിൽഡ് വാട്ടറിനെ മസ്സലിൻ തുണി കൊണ്ട് ബന്ധിപ്പിച്ചിരിക്കും. ശുദ്ധമായ മഴ വെള്ളമോ തിളപ്പിച്ച്‌ ഒരു രാത്രി സൂക്ഷിച്ച വെള്ളമോ ഉപയോഗിക്കാം.

കപ്പ്‌ കൗണ്ടർ അനിമോമീറ്റർ

കാറ്റിന്റെ വേഗത അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകാരണമാണ് കപ്പ്‌ കൗണ്ടർ അനിമോമീറ്റർ. ലംബമായ ഷാഫ്റ്റിൽ സ്വതന്ത്രമായി കറങ്ങുന്ന ലോഹത്തിൽ നിർമ്മിച്ച കപ്പുകൾ ഇതിൽ ഉറപ്പിച്ചിട്ടുണ്ടാകും. ഇതിനോടൊപ്പം ഘടിപ്പിച്ചിരിക്കുന്ന ബോക്സിൽ കാറ്റിന്റെ വേഗതക്ക് അനുസരിച്ച് ഡയലുകൾ മാറിക്കൊണ്ടിരിക്കും.

സാധാരണ തെർമോമീറ്റർ

അന്തരീക്ഷ താപനില മനസ്സിലാക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണിത്. ഓരോ നിശ്ചിത സമയത്തിലെയും യഥാർത്ഥ താപനില മനസ്സിലാക്കുന്നതിനു വേണ്ടിയാണ് സ്കൂൾ കാലാവസ്ഥ നിലയത്തിൽ ഇവ ഉപയോഗിക്കുന്നത്.

സ്റ്റീവൺസൺ സ്ക്രീൻ

സ്റ്റീവൺസൺ സ്ക്രീൻ എന്ന മരത്തടി കൊണ്ട് നിർമ്മിച്ച ബോക്സിൽ ആണ് മാക്സിമം മിനിമം തെർമോമീറ്റർ, വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, സാധാരണ തെർമോമീറ്റർ എന്നീ ഉപകരണങ്ങൾ സൂക്ഷിക്കുന്നത്. തോമസ് സ്റ്റീവൻസൺ എന്ന സ്കോട്ടിഷ് സിവിൽ എഞ്ചിനീയർ ആണ് സ്റ്റീവൻസൺ സ്ക്രീൻ രൂപകല്പന ചെയ്തത്. മഴ വെള്ളം നേരിട്ട് ഉപകരണങ്ങളിൽ പതിക്കാതെയും മറ്റു ബാഹ്യ സ്രോതസ്സുകളിൽ നിന്നും നേരിട്ടുള്ള താപവികിരണം ഏൽക്കാതെയും ഉപകരണങ്ങളെ സംരക്ഷിച്ചു നിർത്തുന്ന രീതിയിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ലോക കാലാവസ്ഥ സംഘടന (WMO) ഇതിന്റെ ഉയരം ഭൗമോപരിതലത്തിൽ നിന്നും 1.25 മീറ്ററിനും 2 മീറ്ററിനും ഇടയിലായിരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. വെള്ള നിറത്തിലായിരിക്കും ഇവ എപ്പോഴും ഉണ്ടായിരിക്കുക.

കേരള സ്കൂൾ വെതർ സ്റ്റേഷന്റെ രൂപരേഖ

5മീറ്റർ നീളം 3മീറ്റർ വീതി  എന്ന ക്രമത്തിലാണ് സ്കൂൾ വെതർ സ്റ്റേഷന്റെ നിർമ്മാണം. ഉപകരണങ്ങളുടെ സംരക്ഷണത്തിനായി ഒന്നര മീറ്റർ ഉയരത്തിൽ ഫെൻസിങ് നിർമ്മാണവും നടത്തുന്നുണ്ട്. വെതർ സ്റ്റേഷന്റെ മധ്യ ഭാഗത്തായാണ് മഴ മാപിനി സ്ഥാപിച്ചിരിക്കുന്നത്. കാറ്റ് തടസമില്ലാതെ ലഭിക്കുന്ന തരത്തിൽ വിൻഡ് വെയിൻ, കപ്പ്‌ കൗണ്ടർ അനിമോമീറ്റർ എന്നിവ സ്ഥാപിച്ചിരിക്കുന്നു. വടക്ക് ഭാഗത്ത് നിന്നും തുറക്കുന്ന രീതിയിൽ ആണ് സ്റ്റീവൻസൺസ് സ്ക്രീൻ ക്രമീകരിച്ചിരിക്കുന്നത്. ഭൗമ വികിരണം കുറയ്ക്കുന്നതിനു വേണ്ടി സ്കൂൾ വെതർ സ്റ്റേഷനുകളിൽ പുല്ലുകൾ വച്ച് പിടിപ്പിച്ചിരിക്കുന്നു. ഭൗമ വികിരണ തോത് കുറഞ്ഞ സാഹചര്യങ്ങളിൽ ശേഖരിക്കുന്ന ദിനാവസ്ഥ വിവരങ്ങൾക്കാണ് കൃത്യത കൂടുതൽ.

കാലാവസ്ഥ സാക്ഷരത (climate literacy)ആണ് നമ്മുടെ ഭൂമിയുടെ ആയുസ് വർധിപ്പിക്കാനുള്ള വിവിധ മാർഗങ്ങളിൽ ഏറ്റവും പ്രധാനപെട്ടത്. അത് തുടങ്ങേണ്ടത് തീർച്ചയായും നാളത്തെ ഭരണാധികാരികളും  ഭരണ നിർവ്വഹണം നടത്തുന്നവരും ആവേണ്ടുന്ന വിദ്യാർത്ഥികളിൽ നിന്നുമാണ്. അതത് പ്രദേശങ്ങളിലെ മഴ, താപ നില, ആർദ്രത, കാറ്റിന്റെ വേഗത, കാറ്റിന്റെ ദിശ എന്നീ നേരറിവുകൾ ഒരു നെറ്റ്‌വർക്ക് ആയി സംസ്ഥാനത്തിന്റെ കാലാവസ്ഥയുടെ പൊതു ചിത്രം ലഭ്യമാക്കാൻ സഹായിക്കും.

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിയ്ക്കുന്ന കെടുതികളെ നേരിടാൻ ലോകമാകെ നടത്തുന്ന വിവിധ പരിശ്രമങ്ങൾ വിജയം കാണും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ഈ ശ്രമങ്ങൾക്ക് നമ്മുടേതായ പങ്കു നമുക്ക് നൽകാനുള്ള ഒരു “കേരള മോഡൽ ” ആയി കേരള സ്കൂൾ വെതർ സ്റ്റേഷൻ മാറും എന്ന് നമുക്ക് പ്രത്യാശിക്കാം.


വീഡിയോ കാണാം

Happy
Happy
56 %
Sad
Sad
0 %
Excited
Excited
44 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നമ്മൾ എണ്ണൂറ് കോടിയിലേക്ക് 
Next post ആർറ്റെമിസ് 1 കുതിച്ചുയർന്നു
Close