Read Time:5 Minute

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസ്താവന

ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയ മൂന്നു പേരടക്കം പത്തനംതിട്ടയിൽ 5 പേർക്ക് കൊറോണ രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നമ്മൾ കടുത്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. അനാവശ്യമായ ഭീതിയുടെ ആവശ്യമില്ലെങ്കിലും കോറോണ പോലുള്ള വൈറസ് വ്യാപനം തടയാൻ ശക്തമായ കരുതൽ പാലിക്കേണ്ടത് അത്യാവശ്യമാണ്.

കൂടുതൽ ജനങ്ങൾ പ്രത്യേകിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ ഒത്തുകൂടുന്ന പരിപാടികൾ, അവ മതപരമോ ആരാധനാ സംബന്ധിച്ചോ ആയ ഒത്തുചേരലുകളായാലും കലാ കായിക മേളകളായാലും, നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

ലോകരാജ്യങ്ങളിലാകമാനം കൊറോണ വൈറസ് രോഗബാധ വർദ്ധിച്ചു വരികയാണ്. 94 രാജ്യങ്ങളിലായി ഏതാണ്ട് ഒരു ലക്ഷത്തിലധികം പേർക്ക് കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടതിൽ 3500 പേർ ഇതിനകം മരണപ്പെടുകയുണ്ടായി. ഇന്ത്യയിൽ കേരളത്തിലേതടക്കം 39 കേസുകൾ ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.
ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് ലോകരാജ്യങ്ങൾ കോറോണ വൈറസിനെ നേരിടുന്നതിനുള്ള ശക്തമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമായി ഇപ്പോൾ നടക്കേണ്ട കലാ കായിക മേളകൾ ഇതിനകം തന്നെ മാറ്റിവയ്ക്കപ്പെട്ടു കഴിഞ്ഞു. മതപരമോ ആരാധനാ സംബന്ധമോ ആയ ഒത്തുചേരലുകൾക്കു പോലും സർക്കാരുകൾ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടന ഈ സ്ഥിതിവിശേഷത്തെ ഗൗരവപൂർവ്വം പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി വരുന്നു.

ഇന്ത്യയിലും കൊറോണ വൈറസിന്റെ വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം കർശന നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. കേരളത്തിൽ ആരോഗ്യവകുപ്പിന്റെ ശക്തമായ ഇടപെടൽ കാരണം ഈ രോഗത്തിന്റെ വ്യാപനം ഫലപ്രദമായി തടയാൻ ഇതുവരെ സാധിച്ചിരുന്നു. ആരോഗ്യ വകുപ്പിന്റെ ഇടപെടൽ ശ്ലാഘനീയമാണ്. എന്നാല്‍ കേരളത്തിലും ലോക്കല്‍ ട്രാന്‍സ്മിഷന്‍ ഉണ്ടാവുകയും പുതുതായി അഞ്ചു കേസുകൾ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത ഉണ്ടായേ തീരൂ. വായുജന്യ രോഗവ്യാപനം തടയാൻ കരുതൽ പാലിക്കേണ്ടത് അത്യാവശ്യമാണ്.

കോറോണ വൈറസ് വ്യാപനം തടയുന്നതിന് കൂടുതൽ ജനങ്ങൾ പ്രത്യേകിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ ഒത്തുകൂടുന്ന പരിപാടികൾ പരമാവധി ഒഴിവാക്കുക എന്നത് ഈ അവസരത്തിൽ പ്രധാനമാണ്. വ്യക്തികളിലോ ചെറിയ ഗ്രൂപ്പുകളിലോ ഒതുങ്ങുന്ന വൈറസ് ബാധ വളരെ വേഗത്തിൽ സമൂഹത്തിൽ ആളി പടരുന്നതിന് കൂടിച്ചേരലുകൾ വഴിവയ്ക്കും. അതുകൊണ്ട് തന്നെ അനാവശ്യമായ ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും പനി, ജലദോഷം എന്നിവയുള്ളവർ നിർബന്ധമായും പൊതുചടങ്ങുകളിൽ പങ്കെടുക്കാതെ സ്വമേധയ ഒഴിഞ്ഞ് നിൽക്കുന്ന കാര്യത്തിൽ കടുത്ത ജാഗ്രത പുലർത്തണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളീയ സമൂഹത്തോട് അഭ്യർത്ഥിക്കുന്നു.

ഇപ്പൊഴുള്ള പ്രത്യേക സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാല ഒരു പ്രധാന പൊതു ജനാരോഗ്യ വെല്ലുവിളിയായ് ഉയർന്നു വരാൻ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ ഈ വെല്ലുവിളി നേരിടാൻ വേണ്ട നടപടി സർക്കാർ ഉടനടി എടുക്കണം എന്ന് പരിഷത്ത് ആവശ്യപ്പെടുന്നു. ഒരു പൊതു ജനാരോഗ്യ എമർജൻസിയായ് കണ്ട് ജനങ്ങളും ഇതിനോട് സഹകരിക്കണം എന്നും അഭ്യർഥിക്കുന്നു.

ഏ. പി. മുരളീധരൻ
പ്രസിഡൻ്റ്

രാധൻ കെ
ജനറൽ സെക്രട്ടറി

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കൊറോണ വൈറസ്‌ – WHO വീഡിയോയുടെ മലയാള പരിഭാഷ
Next post തമോദ്വാരങ്ങൾ തേടി പുതിയ എക്‌സ്-റേ കണ്ണുകൾ
Close