Read Time:14 Minute

പവിഴപ്പുറ്റുകളെ സ്നേഹിച്ച പെൺകുട്ടി

ശാസ്ത്രജ്ഞരാകാൻ ആഗ്രഹിക്കുന്നവർക്കു പോകാനുള്ള വഴികൾ ഏറെയാണ്. ആഴക്കടലിലെ പവിഴക്കുഞ്ഞുങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരു ശാസ്ത്രജ്ഞയെ പരിചയപ്പെടാം.

ശാസ്ത്രകേരളം 2024 ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്

നിങ്ങൾക്കൊരു ശാസ്ത്രജ്ഞനോ ശാസ്ത്രജ്ഞയോ ആകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, ഈ ശാസ്ത്രജ്ഞരൊക്കെ എന്താണ് ചെയ്യുന്നത്? എന്തൊക്കെയാണു കണ്ടെത്താൻ ശ്രമിക്കുന്നത് എന്നൊക്കെ ചിന്തിക്കാറുണ്ടോ? ബഹിരാകാശത്തെ ഛിന്നഗ്രഹങ്ങളെക്കുറിച്ചും നക്ഷത്രങ്ങളെക്കുറിച്ചും ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരുണ്ട്. മൊബൈൽഫോണിന്റെ വേഗത കൂട്ടുന്ന, ഡിസ്പ്ലേ മെച്ചപ്പെടുത്തുന്ന വസ്തുക്കൾ കണ്ടെത്തുന്ന ശാസ്ത്രജ്ഞർ, നിർമിതബുദ്ധി ഉപയോഗിച്ച് നമ്മുടെ ജോലികളൊക്കെ എങ്ങനെ ലഘൂകരിക്കാം എന്നു ഗവേഷണം നടത്തുന്നവർ, നമ്മുടെ ജീവൻ രക്ഷിക്കുന്ന മരുന്നുകൾ കണ്ടെത്തുന്നവർ, ആഴക്കടലിലേയും കാടിനുള്ളിലെയും ജീവജാലങ്ങളെ സംരക്ഷിക്കാനുള്ള മാർഗം കണ്ടെത്തുന്നവർ, അങ്ങനെയങ്ങനെയത് നീണ്ടുപോകും. ശാസ്ത്രജ്ഞരാകാൻ ആഗ്രഹിക്കുന്നവർക്കു പോകാനുള്ള വഴികൾ ഏറെയാണ്. ഇന്ന് നമുക്ക് ആഴക്കടലിലെ പവിഴക്കുഞ്ഞുങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരു ശാസ്ത്രജ്ഞയെ പരിചയപ്പെടാം.

കടലിനടിയിലെ അതിമനോഹരമായ കാഴ്‌ചയാണ് ‘പവിഴപ്പുറ്റുകൾ’. അനേകായിരം കടൽജീവികൾ തിങ്ങിപ്പാർക്കുന്ന ഇടം. പവിഴങ്ങളും മൽസ്യക്കുഞ്ഞുങ്ങളും നിറഞ്ഞ ഈ പവിഴപ്പുറ്റുകളെ ‘കടലിന്റെ മഴക്കാടുകൾ’ എന്ന് വിളിക്കാറുണ്ട്. ജൈവ വൈവിധ്യമേറിയ കടലിലെ ആവാസവ്യവസ്ഥയുടെ പ്രധാനഭാഗവുമാണിത്. കടലിലൂടെയുള്ള സ്നോർക്കലിംഗ്, ഡൈവിംഗ് തുടങ്ങിയവയിലൂടെ പവിഴപ്പുറ്റുകളെ നമുക്ക് വളരെ അടുത്തു കാണാൻ സാധിക്കും. ടെലിവിഷനിലെയും യുട്യൂബിലെ യും വീഡിയോകളിലൂടെ നിങ്ങളും വർണശബളമായ, ഈ കടൽക്കാഴ്‌ചകൾ കണ്ടിട്ടുണ്ടാകും. എന്നാലിന്ന്, പവിഴങ്ങളും പവിഴപ്പുറ്റുകളും പലതരത്തിൽ നശിച്ചു കൊണ്ടിരിക്കുകയാണ്. ചിലതരം സുനാമിതിരകൾ, നക്ഷത്രമത്സ്യങ്ങൾ, പലതരം രോഗങ്ങൾ തുടങ്ങിയവയൊക്കെ ഈ നാശത്തി നുള്ള പ്രകൃതിദത്തമായ കാരണങ്ങളാണ്. നമ്മൾ, മനുഷ്യരുടെ ഇടപെടലുകളാണ് മറ്റൊരു പ്രധാനപ്രശ്നം. ആഗോളതാപനവും മനുഷ്യരുണ്ടാക്കുന്ന ഖരമാലിന്യങ്ങളും കപ്പലിൽനിന്ന് കടലിലേക്ക് ഒഴുകിയെത്തുന്ന എണ്ണയുമെല്ലാം ഇവയെ നശിപ്പിക്കുന്നു. ഊണിലും ഉറക്കത്തിലും ഈ പവിഴപ്പുറ്റുകളെക്കുറിച്ച് ചിന്തിക്കുന്ന, അവയുടെ നാശത്തെക്കുറിച്ച് വ്യാകുലപ്പെടുന്ന, അവയെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ഒരു വനിതയെക്കുറിച്ച് അറിയാമോ? കടൽ ജീവികളെക്കുറിച്ചും കടലിലെ ആവാസ വ്യവസ്ഥയെക്കുറിച്ചും ഗവേഷണം നടത്തുന്ന കരിബിയൻ റിസർച് ആൻഡ് മാനേജ്മെന്റ് ഓഫ് ബയോഡൈവേഴ്‌സിറ്റി അഥവാ CARMABI എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞയാണ് നാല്പതു കാരിയായ ക്രിസ്റ്റെൻ മഹാവെർ (Kristen Marhaver). ബയോളജിയിൽ ബിരുദം നേടിയശേഷം, മറൈൻ ബയോളജിയിൽ ഗവേഷണം നടത്തി ഡോക്ട‌റേറ്റ് നേടി. അതിനു ശേഷമാണ് സമുദ്രത്തിനടിയിലെ പവിഴപ്പുറ്റുകളെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠനം നടത്തുന്ന ജീവശാസ്ത്രജ്ഞയായത്.

ബിരുദപഠനകാലം തൊട്ടുതന്നെ ക്രിസ്സ്റ്റെൻ, പവിഴപ്പുറ്റുകളെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും തുടങ്ങിയിരുന്നു. അക്കാലത്ത്, ഈ വിഷയത്തിൽ ഗവേഷണം നടത്തുന്ന പ്രൊഫസർമാരായ ടെറി സ്നെൽ, ആദം ജോൺസ് എന്നിവരോടൊപ്പം പ്രവർത്തിക്കുകയും പ്രൊഫ. മാർക്ക് ഹേയ്ക്കെക്കൊപ്പം ഫീൽഡ് അസിസ്‌റ്റന്റായി കടലിനടിയിൽ പോയി പവിഴപ്പുറ്റുകളെ കാണുകയും അടുത്തറിയുകയും ചെയ്തിരുന്നു. കടലിലെ ആവാസവ്യവസ്ഥ സംര ക്ഷിക്കുന്നതിന് പവിഴങ്ങളുടെ സംരക്ഷണം പ്രധാനമാണ് എന്നും ക്രി‌സ്റ്റെൻ മനസ്സിലാക്കി.

പവിഴപ്പുറ്റുകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും പഠിക്കാനും ക്രിസ്‌സ്റ്റെന് താല്പ‌ര്യം തോന്നി. അങ്ങനെയാണ് മറൈൻ ബയോളജിയിൽ ഉന്നതപഠനം നടത്താൻ അവർ തീരുമാനിക്കുന്നത്. പവിഴപ്പുറ്റുകളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പലതും കൃത്യമായി പഠനം നടന്നിട്ടില്ല എന്ന് മനസ്സിലാക്കി, ആ മേഖലയിൽത്തന്നെ തുടർന്ന് പ്രവർത്തിക്കാനും കടലിനടിയിലെ ഈ അപൂർവ ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. സമുദ്രത്തിന്റെ ആഴങ്ങളിലാണ് പവിഴപ്പുറ്റുകളെ കാണാൻ സാധിക്കുന്നത് എന്നറിയാമല്ലോ? അപ്പോൾ അവയെക്കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞ, തന്റെ ഗവേഷണത്തിനായി ആഴക്കടലിൽ ധാരാളം സമയം ചെലവഴിക്കേണ്ടതായി വരും. ആഴക്കടലിലേക്കുള്ള ഡൈവിംഗും പവിഴങ്ങളെയും പവിഴ പ്പുറ്റുകളെയും നിരീക്ഷിക്കുന്നതും ക്രിസ്‌സ്റ്റെൻന്റെ ഇഷ്‌ട വിനോദങ്ങളായിരുന്നു. ചില പഠനങ്ങൾക്കായി തുടർച്ചയായി 16 രാത്രികൾവരെ ക്രി‌സ്റ്റെനും സംഘവും കടലിനടിയിൽ ചെലവഴിച്ചിട്ടുണ്ട്. കടലിൽ പലതരം പവിഴങ്ങളുണ്ട്. വംശനാശം നേരിടുന്ന പവിഴങ്ങളുടെ പ്രത്യുല്പാദനം, അവയുടെ സംരക്ഷണം എന്നിവയിലാണ് ഈ സംഘം കൂടുതൽ ശ്രദ്ധിക്കുന്നത്.

കടലിനടിയിൽ നിരീക്ഷണം നടത്തിയും സാമ്പിളുകൾ ശേഖരിച്ചും അവ ലാബിൽ കൊണ്ടുവന്നു പരീക്ഷണങ്ങൾ നടത്തിയും ലഭ്യമായ വിവരങ്ങൾ പരിശോധിച്ചു പവി ഴപ്പുറ്റുകളെക്കുറിച്ച് പുതിയ കണ്ടെത്തലുകൾ നടത്താൻ ക്രിസ്റ്റെൻ മഹാവെറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു കഴിഞ്ഞു. ആയിരക്കണക്കിന് തരം പവിഴങ്ങളാണ് കടലിലുള്ളത്. കൈതച്ചക്കയോട് രൂപ സാദൃശ്യമുള്ള ‘കരിബിയൻ പൈനാപ്പിൾ കോറൽ’, അധികം പഠനങ്ങളൊന്നും നടന്നിട്ടില്ലാത്ത പലവിധ രോഗങ്ങളാൽ നശിച്ചുകൊണ്ടിരിക്കുന്ന ഒരു പവിഴമാണ്. അവയുടെ പ്രത്യുല്പാദനത്തെക്കുറിച്ച് സുപ്രധാനമായ കണ്ടുപിടുത്തങ്ങൾ നടത്തിയത് ക്രിസ്റ്റെനും സംഘവുമാണ്. അവയുടെ പ്രത്യുല്പാദന സമയം മനസ്സിലാക്കുകയും അതിലൂടെ ഈ പ്രത്യേക പവിഴങ്ങളെ സംരക്ഷിക്കാനും കഴിഞ്ഞു. അതു പോലെ തന്നെ കരിബിയൻ പില്ലർ’ വിഭാഗത്തിലുള്ള പവിഴങ്ങളുടെ പ്രജനനം നടത്തുകയും ആയിരക്കണക്കിന് കുഞ്ഞു പവിഴങ്ങളെ ഉണ്ടാക്കി, അവയെ വളർത്താനും കഴിഞ്ഞു. കരിബിയൻ കടലിൽനിന്നും നശിച്ചുപോയ ‘നക്ഷത്രപവിഴങ്ങളെ പുതിയ സെറ്റിൽമെന്റ് ഉണ്ടാക്കി, അവിടെ വളർത്തിയെടുക്കാനും സാധിച്ചു. വംശനാശഭീഷണി നേരിടുന്ന പ്രത്യേകതരം പവിഴങ്ങളെ (Elkhorn coral) ലാബിൽവച്ചു അവയുടെ അണ്ഡവും ശീതികരിച്ച് സൂക്ഷിച്ച ബീജവും തമ്മിൽ ചേർത്തു കൃത്രിമമായി നിർമിച്ചു. അങ്ങനെ വംശനാശഭീഷണി നേരിടുന്ന ജൈവവൈവിധ്യങ്ങളെ സം രക്ഷിക്കാനുള്ള പ്രയത്നത്തിനു വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു.

ഒരു പതിറ്റാണ്ടോളം നീണ്ട ഗവേഷണത്തിനൊടുവിൽ കോറൽ ലാർവകളെക്കുറിച്ച് സുപ്രധാനമായ കണ്ടുപിടുത്തങ്ങൾ നടത്തി. ലാർവകൾ എങ്ങനെയാണ് പുതിയ സെറ്റിൽമെന്റുകൾ ഉണ്ടാക്കുന്നതെന്നും മനുഷ്യന് എന്തൊക്കെ സഹായങ്ങൾ അതിനായി ചെയ്യാൻ സാധിക്കുമെന്ന് അവർ കണ്ടെത്തി. വളരെ കൃത്യമായി പവിഴങ്ങളുടെ പ്രജനനസമയം മനസ്സിലാക്കി, ആ സമയത്തെ മനുഷ്യന്റെ ഇടപെടലുകൾ കുറയ്ക്കുകയും അങ്ങനെ കടലിന്റെ മഴക്കാടുകളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഒരു പത്തൊൻപതു വയസുകാരിയായ പെൺകുട്ടി, തന്റെ ബിരുദ പഠനകാലത്ത് കണ്ട മനോഹരമായ പവിഴ പുറ്റുകളും അവയെക്കുറിച്ചുള്ള ചെറുപഠനവും എത്ര വലിയ മാറ്റമാണ് ലോകത്ത് ഉണ്ടാക്കിയത്?

മാനവരാശിക്ക് പവിഴപ്പുറ്റുകളെക്കുറിച്ചുള്ള സുപ്രധാന അറിവുകൾ നൽകിയ ക്രിസ്‌സ്റ്റെൻ മഹാവെർ’ എന്ന ശാസ്ത്രജ്ഞയായി അവർ മാറി. അതിലൂടെ ആഴക്കടലിലെ പവിഴപ്പുറ്റുകൾക്ക് സംരക്ഷണമൊരുക്കാനും ശാസ്ത്രലോകത്തിനു കഴിഞ്ഞു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ, പവിഴപുറ്റുകളുടെ സംരക്ഷണത്തിനായുള്ള പ്രഭാഷണങ്ങളും ക്രിസ്റ്റെൻ നടത്തുന്നുണ്ട്. നിങ്ങൾ ഈ എഴുത്ത് വായിക്കുമ്പോൾ പോലും ഈ ശാസ്ത്രജ്ഞ ആഴക്കടലിൽ പവിഴക്കുഞ്ഞുങ്ങളെ നിരീക്ഷിക്കാൻ പോയിരിക്കുകയാവാം.

ശാസ്ത്രകേരളം ഓൺലൈനായി വരിചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രിസ്റ്റെൻ മഹാവെർ പവിഴപ്പുറ്റുകളുടെ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നു.

പവിഴപ്പുറ്റുകളുടെ മരണത്തിന്റെ ആദ്യ പടിയാണ് കോറൽ ബ്ലീച്ചിങ് എന്ന പവിഴപ്പുറ്റുകൾ വെളുത്തുവരുന്ന പ്രതിഭാസം. ലക്ഷദ്വീപിൽ മാസ്സ് ബ്ലീച്ചിങ്ങിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിരിക്കുന്നു.

female engineer in space station

വനിതാ ശാസ്ത്രപ്രതിഭകളുടെ ചിത്രഗാലറി

200 വനിതാശാസ്ത്രജ്ഞർ – ലൂക്ക തയ്യാറാക്കിയ പ്രത്യേക ഇന്ററാക്ടീവ് പതിപ്പ് സ്വന്തമാക്കാം

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Previous post വഴിക്കുരുക്കിൽപ്പെട്ട പൂവ് – ശാസ്ത്രപരമ്പര ആരംഭിച്ചു
Next post ആഗോള താപനം നദികളിലെ ഓക്സിജൻ കുറയ്ക്കുമോ ?
Close