Read Time:18 Minute

[author image=”http://luca.co.in/wp-content/uploads/2014/09/ekbal_b.jpg” ]ഡോ. ബി. ഇക്ബാല്‍
ചീഫ് എഡിറ്റര്‍
[email protected] [/author]

കേരള സംസ്ഥാന ആസൂത്രണ ബോർഡ് കേരളത്തിലെ  ആരോഗ്യ സംവിധാനത്തെ സംബന്ധിച്ച് നടത്തിയ പഠനം  ലോകമെമ്പാടും പ്രകീർത്തിക്കപ്പെട്ടുവരുന്ന കേരള ആരോഗ്യ മാതൃക അമേരിക്കൻ ആരോഗ്യ മാതൃകയായി മാറിക്കൊണ്ടിരിക്കയാണോ എന്ന സംശയം ജനിപ്പിച്ചിരിക്കയാണ്. അമേരിക്കൻ ആരോഗ്യ മാതൃകക്ക് നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. ഇവ രണ്ടിലും കേരളം അമേരിക്കയ്ക്ക് തുല്യമായി കൊണ്ടിരിക്കയാണെന്ന് പറയേണ്ടിയിരിക്കുന്നു.

അമേരിക്കൻ മാതൃക

ലോകത്തെ മികച്ച ചികിത്സാകേന്ദ്രങ്ങളിൽ ഭൂരിപക്ഷവും അമേരിക്കയിലാണ്. അതേയവസരത്തിൽ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള മുപ്പത് ദശലക്ഷം അമേരിക്കക്കാർക്ക് പ്രാഥമിക ചികിത്സപോലും നിഷേധിക്കപ്പെടുന്നു എന്നതാണ് അമേരിക്കൻ മാതൃകയുടെ ദൂഷ്യ വശം.  ഏതാണ്ട് പൂർണ്ണമായും സ്വകാര്യ വൽക്കരിക്കപ്പെട്ട ആരോഗ്യ സംവിധാനമാണ് അമേരിക്കയിൽ നിലനിൽക്കുന്നത്. സ്വകാര്യ ഇൻഷ്വറൻസിന്റെ അടിസ്ഥാനത്തിലാണ് പൊതുജനാരോഗ്യ സംവിധാനം പ്രവർത്തിക്കുന്നത്. ഇൻഷ്വറൻസ് കവറേജില്ലാത്തവർക്ക് ചികിത്സ നിഷേധിക്കപ്പെടും.  പ്രതീശീർഷ ആരോഗ്യ ചെലവ് അമേരിക്കയിൽ കുതിച്ചുയരുകയുമാണ്. ആരോഗ്യ നിലവാരത്തിൽ അമേരിക്കയേക്കാൾ മുൻ പന്തിയിലുള്ള ബ്രിട്ടനിൽ പ്രതിശീർഷ ആരോഗ്യ ചെലവ് 3129 ഡോളറായിരിക്കെ അമേരിക്കയിലത് 7538   ഡോളറായി വളരെ ഉയർന്ന് നിൽക്കുന്നു.  ഒബാമ കെയർ എന്ന് വിളിക്കുന്ന ആരോഗ്യ പദ്ധതി നടപ്പിലാക്കികൊണ്ട് ദരിദ്രരായ അമേരിക്കക്കാർക്ക് ആരോഗ്യ സേവനം ഉറപ്പാക്കുന്നതിനും ആരോഗ്യ ചെലവ് കുറക്കുന്നതിനുമായി പ്രസിഡന്റ് ബാരക് ഒബാമ ശ്രമിച്ച് വരുന്നത് ഈ സാഹചര്യത്തിലാണ്.  ഇപ്പോൾ കേരളവും ഈ സ്ഥിതിയിലേക്ക് മാറികൊണ്ടിരിക്കയാണ്.

കടപ്പാട്: www.ihavenet.com
കടപ്പാട്: www.ihavenet.com

കേരള മാതൃക

ഏതാണ്ട് വികസിത രാജ്യങ്ങൾക്ക് തുല്യമായ ആരോഗ്യനിലവാരം കൈവരിച്ച സംസ്ഥാനമായിരുന്നു കേരളം. അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങളായ പൊതു-ശിശു-മാതൃമരണനിരക്കുകൾ കുറച്ചുകൊണ്ടുവരാനും ആയുർദൈർഘ്യം വർധിപ്പിക്കാനും കേരളത്തിനു കഴിഞ്ഞീട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള സർക്കാർ ആശുപത്രികൾ പാവപ്പെട്ടവർക്ക് ചികിത്സാലഭ്യത ഉറപ്പുവരുത്താൻ സഹായിച്ചിരുന്നു. സർക്കാരും പൊതു സമൂഹവും ചെലവിടുന്ന മൊത്തം തുക കണക്കിലെടുത്താൽ വികസിത രാജ്യങ്ങളിലേതിനേക്കാൾ വളരെ തുശ്ചമായ തുകയാണ് ആരോഗ്യാവശ്യങ്ങൾക്കായി നാം  ചെലവിടുന്നതെന്നും കാണാൻ കഴിയും. അതുകൊണ്ടാണ് സാമൂഹ്യനീതിയിലധിഷ്ടിതമായ   മികച്ച ആരോഗ്യനിലവാരം കൈവരിച്ച കേരള ആരോഗ്യമാതൃകയെ ലോകാരോഗ്യസംഘടനയും (Good Health at Low Cost Good Health with Social justice and Equity) മറ്റും പ്രകീർത്തിക്കുന്നത്. കേരളത്തിൽ ഇപ്പോൾ സ്വകാര്യ സൂപ്പാർ സ്പെഷ്യലിറ്റി ആശുപത്രികളിൽ മാത്രമല്ല സർക്കാർ മെഡിക്കൽ കോളേജുകളിലും  നവീന ചികിത്സാ സൗകര്യങ്ങൾ ലഭ്യമാണ്. ഹൃദ്രോഗ ചികിത്സക്കാവശ്യമായ ആഞ്ചിയോപ്ലാസ്റ്റിയും ബൈപാസ്സ് സർജറിയും അവയവ മാറ്റ ശാസ്ത്രക്രിയകളും കേരളത്തിൽ മിക്ക നഗരങ്ങളിലും ഇപ്പോൾ ലഭ്യമാണ്.

ആധുനിക ചികിത്സാ സൌകര്യങ്ങൾ ലഭ്യമായിരിക്കുമ്പോൾ തന്നെ ആരോഗ്യ ചെലവ് വർധിച്ച് വരുന്നതിന്റെ ഫലമായി അത് താങ്ങാനാവാതെ ദുർബല ജനവിഭാഗങ്ങൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന അമേരിക്കയുടേത് പോലുള്ള സ്ഥിതിയിലേക്ക് കേരളവും  മാറികൊണ്ടിരിക്കയാണെന്നാണ് ആസൂത്രണബോ‍ർഡിന്റെയും മറ്റും പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ശാസ്ത്ര സാഹിത്യ പരിഷത്ത് പഠനം

കേരളത്തിൽ ആരോഗ്യ ചെലവ് കുതിച്ചുയർന്നു കൊണ്ടിരിക്കയാണെന്ന് വളരെ നാളുകൾക്ക് മുൻപ് തന്നെ    കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചൂണ്ടികാട്ടിയിരുന്നു. പരിഷത്ത് നടത്തിയ പഠനമനുസരിച്ച്   ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പ്രതിവർഷ പ്രതിശീർഷ ആരോഗ്യചെലവ് (Out of Pocket Expenditure 1987 ൽ 88 രൂപയായിരുന്നത് 1996  ൽ 548 ആയും  2004 ൽ 1710 ആയും 2011 ൽ 5629 ആയും വർധിച്ചിരിക്കയാണ്. മാത്രമല്ല ഏറ്റവും സാമൂഹ്യമായി പിന്നോക്കാവസ്ഥയിലുള്ളവർ മൊത്തം വരുമാനത്തിന്റെ 39.6 ശതമാനം (1996) ആരോഗ്യാവശ്യങ്ങൾക്കായി ചെലവാക്കേണ്ടിവരുമ്പോൾ സാമ്പത്തിക ശ്രേണിയിൽ മുൻപന്തിയിൽ നിൽക്കുന്നവർ കേവലം 6.79 ശതമാനം മാത്രമാണ് ചെലവിടേണ്ടിവരുന്നതെന്നും പരിഷത്ത് പഠനം വെളിപ്പെടുത്തിയിരുന്നു. സ്വാഭാവികമായും  ദുർബല ജനവിഭാഗത്തിൽ പെട്ടവരെ പരമ ദരിദ്രരാക്കുന്നതിനും ഇടത്തരക്കാരെ ദരിദ്രരേഖക്ക് താഴെക്ക് തള്ളിയിടുന്നതിനുമുള്ള കാരണങ്ങളിൽ പ്രധാനം  വർധിച്ചുവരുന്ന ചികിത്സാ ചെലവായി മാറുന്നതിൽ അത്ഭുതപ്പെടാനില്ല.

പരിഷത്തിന്റെ പഠന ഫലം ശരിവക്കുന്നതാണ് ഇപ്പോൾ ആസൂത്രണ ബോർഡ് പ്രസിദ്ധീകരിച്ച കണക്കുകളും. ബോർഡിന്റെ രേഖയിൽ (Report of the Expert Committee on Health: 2014) ഇന്ത്യയിൽ ഏറ്റവുമധികം ആരോഗ്യ ചെലവുള്ള സംസ്ഥാനമാണ് കേരളം എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് കമ്മറ്റിയുടെ കണക്കനുസരിച്ച് 2004 ൽ കേരളീയരുടെ ആരോഗ്യ ചെലവ് 2663 രൂപയാണ്. രണ്ടാമതായി വരുന്ന പഞ്ചാബിലേത് 1112 രൂപയും മൂന്നാമത് വരുന്ന പശ്ചിമബംഗാളിലേത് 1086 രൂപയും മാത്രമാണ്. കേരളത്തിൽ 12 ശതമാനം ഗ്രാമീണരും 8 ശതമാനം നഗര വാസികളും 2004 ൽ ആരോഗ്യ ചെലവ് മൂലം ദരിദ്രരേഖക്ക് താഴേക്ക് തള്ളപ്പെട്ടു എന്നും ആസൂത്രണ ബോർഡ് രേഖയിൽ പറയുന്നു. ഇന്ത്യയുടെ മൊത്തം സ്ഥിതിയും വ്യത്യസ്ഥമല്ല. എൻ ഡി എ സർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ള കരട് ആരോഗ്യ നയരേഖ അനുസരിച്ച് വർഷം തോറും 6 കോടി 30 ലക്ഷം പേരാണ് വർധിച്ച് വരുന്ന ആരോഗ്യ ചെലവ് നേരിടാനാവാതെ ദരിദ്രരായി കൊണ്ടിരിക്കുന്നത്.

വർധിച്ച് വരുന്ന രോഗാതുരത

കേരളത്തിൽ ആരോഗ്യ ചെലവ് വർധിച്ച് വരുന്നതിന് നിരവധി കാരണങ്ങൾ ചൂണ്ടികാട്ടാനാവും.  രോഗാതുരത വർധിച്ച് വരുന്നതിനനുസരിച്ച് സർക്കാർ മേഖല വികസിപ്പിക്കാൻ കഴിയാതെ പോയത്,  പ്രാഥമിക ആരോഗ്യ സേവനം അവഗണിക്കപ്പെട്ടത്, അനിയന്ത്രിതമായ സ്വകാര്യ വൽക്കരണം, ആരോഗ്യ മേഖലയുടെ കോർപ്പറേറ്റ് വൽക്കരണം, ഔഷധ വിലവർധന തുടങ്ങിയ പലകാരണങ്ങളും ചേർന്നാണ് ആരോഗ്യ ചെലവ് കുത്തനെ വർധിപ്പിച്ച് കൊണ്ടിരിക്കുന്നത്.

1980 കളോടെ ആരോഗ്യമേഖലയിൽ കേരളം പ്രതിസന്ധികളെ നേരിട്ടു തുടങ്ങിയിരുന്നു. പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്തുവെന്ന് കരുതിയിരുന്ന മഞ്ഞപ്പിത്തം, കോളറ, എലിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ തിരിച്ച് വന്നു തുടങ്ങിയതോടെയാണ് കേരള ആരോഗ്യമാതൃകയിൽ വിള്ളലുകളുണ്ടെന്ന് സംശയം ഉയർന്നു വന്നത്. അധികം വൈകാതെ ഡെങ്കിപനി, ചിക്കുൻ ഗുനിയ, ജാപ്പാനിസ് മസ്തിഷ്കജ്വരം, എച്ച് വൺ എൻ വൺ തുടങ്ങിയ  പുത്തൻ പകർച്ചവ്യാധികൾ കേരളത്തിൽ പ്രത്യക്ഷപ്പെടുകയും വർഷം തോറും അനേകമാളുടെ ജീവനപഹരിക്കുകയും ചെയ്തു തുടങ്ങി. അതിനിടെ പ്രമേഹം രക്താതിമർദ്ദം തുടങ്ങിയ ജീവിതരീതി രോഗങ്ങളും കേരളത്തിൽ വർധിച്ചുവന്നു.  പകർച്ചവ്യാധികളുടേയും ജീവിതരീതി രോഗങ്ങളുടെയും സാന്നിധ്യമുള്ള ഇരട്ട രോഗഭാരം പേറുന്ന ജനസമൂഹമായി കേരളം മാറി. ഇന്ത്യയിൽ ഏറ്റവുമധികം ആത്മഹത്യ നടക്കുന്ന സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടിയാണ് കേരളീയരുടെ ആത്മഹത്യാ നിരക്ക്. നിരവധി സാമൂഹ്യ സാമ്പത്തിക സാംസ്കാരിക പ്രതിസന്ധികളാണ് വ്യക്തികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്. അതോടൊപ്പം മലയാളികളുടെ ദുർബലമായ മാനസികാരോഗ്യവും ആത്മഹത്യക്ക് കാരണമാവുന്നുണ്ട്. വാഹനാപകടത്തെ തുടർന്ന് ശരാശരി 10 പേരാ‍ണ് ദിനംപ്രതി കേരളത്തിൽ മരണമടയുന്നത്. എഴുപതാളുകൾക്കെങ്കിലും ഗുരുതരമായ പരിക്ക് പറ്റുകയും ചെയ്യുന്നു ചുരുക്കത്തിൽ, ദൈവത്തിന്റെ സ്വന്തം നാട് രോഗികളുടെയും സ്വന്തം നാടായി മാറികഴിഞ്ഞുവെന്ന് അതിശയോക്തികൂടാതെ തന്നെ പറയാൻ കഴിയും.

മാലിന്യ നിർമ്മാർജ്ജനം, പരിസരശുചിത്വം, കൊതുക് നശീകരണം, ശുദ്ധജലവിതരണം എന്നിവ ലക്ഷ്യമിട്ട്  നടപ്പിലാക്കാൻ ശ്രമിച്ച പരിപാടികളൊന്നും വേണ്ടത്ര വിജയിക്കാതെ പോയതാണ് പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നതിനുള്ള അടിസ്ഥാന കാരണം. രാഷ്ടീയ പാർട്ടികളും പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മാതൃകാപരങ്ങളായ മാലിന്യ നിർമാർജ്ജന പദ്ധതികൾ നടപ്പിലാക്കാൻ അടുത്തകാലത്ത് ശ്രമിക്കുന്നത് സ്വാഗതാർഹമാണെങ്കിലും ശുചിത്വ കേരളം സുന്ദര കേരളം എന്ന ലക്ഷ്യം കൈവരിക്കാനും പകർച്ച വ്യാധികളെ പൂർണ്ണമായും നിയന്ത്രിക്കാനും നമുക്കിത് വരെ കഴിഞ്ഞിട്ടില്ല. കേരളീയരുടെ ആഹാരരീതിയിൽ വന്ന മാറ്റങ്ങളും മാനസികസംഘർഷം സൃഷ്ടിക്കുന്ന മത്സാരാധിഷ്ടിത ജീവിതരീതികളും വ്യായാമമില്ലാത്ത ജീവിതശൈലിയും  ചേർന്നാണ് ജീവിതരീതിരോഗങ്ങൾ വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്.

സൂപ്പർ സ്പെഷ്യാലിറ്റി സംസ്കാരം

പ്രാഥമികാരോഗ്യ സേവനത്തിനും രോഗപ്രതിരോധത്തിനും ആരോഗ്യ വിദ്യാഭ്യാസത്തിനും ഊന്നൽ നൽകികൊണ്ട് കേരളീയരുടെ വർധിച്ചുവരുന്ന രോഗാതുരത നേരിടുന്നതിനു പകരം  വൻകിട ആശുപത്രികളെ കേന്ദ്രീകരിച്ചുള്ള, കേവലം ചികിത്സയിൽ മാത്രമൂന്നിയ പൊതുജനാരോഗ്യ സംവിധാനമാണ് നാം വളർത്തിയെടുത്തത്.  മെഡിക്കൽ കോളേജുകളടക്കമുള്ള സർക്കാർ ആശുപത്രികൾ രോഗികളുടെ എണ്ണത്തിലും സ്വഭാവത്തിലുമുണ്ടായ മാറ്റമനുസരിച്ച് വിപുലീകരിക്കാത്തതുമൂലം മുരടിച്ചുനിന്നു. ഈ ശൂന്യത മുതലെടുത്ത് കേരളമെമ്പാടും  ലാഭേശ്ചയോടെ പ്രവർത്തിക്കുന്ന വൻകിട സ്വകാര്യആശുപത്രികൾ സ്ഥാപിക്കപ്പെട്ടു യാതൊരു സാമൂഹ്യ നിയന്ത്രണവുമില്ലാതെ പണം കൈയിലുള്ള ആർക്കും മുതൽമുടക്കാവുന്ന മേഖലയായി ആതുരസേവന രംഗം മാറി. ഒരു കാലത്ത് സർക്കാർ ആശുപത്രികൾ മേധാവിത്വം വഹിച്ചിരുന്ന ആരോഗ്യമേഖലയിൽ  കോർപ്പറേറ്റ് സ്വഭാവമുള്ള സ്വകാര്യ ആശുപത്രികൾ ആധിപത്യം സ്ഥാപിച്ചു. ആരോഗ്യം ജന്മാവകാശമെന്ന നിലയിൽ നിന്നും കമ്പോളത്തിൽ വിലകൊടുത്തു വാങ്ങേണ്ട മറ്റൊരു ഉൽപന്നമായും ആതുരസേവനം ചികിത്സാ വ്യവസായമായും പരിവർത്തനം ചെയ്യപ്പെട്ടു. സ്വകാര്യമേഖലയിൽ തന്നെ, സർക്കാർ ആശുപത്രികൾക്കൊപ്പം സാധാരണക്കാർക്ക് ആശ്വാസം പകർന്നിരുന്ന ചെറുകിട ഇടത്തരം സ്വകാര്യ ആശുപത്രികൾ പലതും വൻ ശമ്പളത്തിന് ഡോക്ടർമാരെ നിയമിക്കാനും ചെലവേറിയ സാങ്കേതികവിദ്യകൾ ലഭ്യമാക്കാനും കഴിയാതെ വന്നതുകൊണ്ട് അടച്ച് പൂട്ടൽ ഭീഷണിയെ നേരിടാൻ തുടങ്ങി. ത്രിതല ചികിത്സക്ക് മാത്രം ഊന്നൽ നൽകുന്ന സൂപ്പർ സ്പെഷ്യാലിറ്റി സംസ്കാരമാണ് ഇപ്പോൾ കേരളത്തിലെ ആരോഗ്യമേഖലയിൽ ശക്തിപ്രാപിച്ചുവരുന്നത്. പ്ലാനിംഗ് ബോർഡ് രേഖയനുസരിച്ച് കേരളത്തിൽ 90.27 ശതമാനം പേരും  ചികിത്സക്കായി ആശ്രയിക്കുന്നത് സ്വകാര്യ മേഖലയെയാണ്.

ഔഷധ വിലവർധന

പേറ്റന്റ് നിയമം മാറ്റികൊണ്ടും  ഔഷധ വിലനിയന്ത്രണം അട്ടിമറിച്ച് കൊണ്ടും കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഔഷധ നയം  ജീവൻ  രക്ഷാ മരുന്നുകളൂടെ വില അനിയന്ത്രിതമായി വർധിപ്പിച്ചിരിക്കയാണ്. ഔഷധ വിലവർധന ഏറ്റവും ദോഷകരമായി ബാധിക്കുന്നത് കേരളീയരെയാണ്. കേരളത്തിൽ എൺപത് ശതമാനത്തിലേറെ ജനങ്ങൾ ആധുനിക ചികിത്സയാണ് സ്വീകരിച്ച് വരുന്നത്. ജീവിത രീതി രോഗങ്ങൾക്കും കാൻസർ പോലുള്ള രോഗങ്ങൾക്കും ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടിവരും. ഇന്ത്യയിൽ മൊത്തം ഉല്പാദിപ്പിക്കുന്ന മരുന്നിന്റെ 10 ശതമാനം  ഇന്ത്യൻ ജനതയിൽ മൂന്നു ശതമാനം മാത്രം വരുന്ന കേരളീയരാണ് ഉപയോഗിച്ച് വരുന്നത്. പരിഷത്ത് പഠനമനുസരിച്ച്  ആരോഗ്യ ചെലവിന്റെ 60 ശതമാനത്തിലേറെ മരുന്ന് വാങ്ങാനാണ് കേരളീയർക്ക് ചെലവിടേണ്ടിവരുന്നത്.

വേണം ജനകീയാരോഗ്യനയം

സാമൂഹ്യാരോഗ്യ ഇടപെടലുകളിലൂടെ രോഗപ്രതിരോധവും പ്രാരംഭഘട്ട ചികിത്സയും ഉറപ്പാക്കിയാല്‍ ചികിത്സാചെലവ് കുറക്കാനും ഗുരുതരമായ രോഗാവസ്ഥ തടയാനുമാവും. ചികിത്സക്ക് മാത്രം ഊന്നൽ നല്‍കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളും മെഡിക്കൽ കോളേജുകളും സ്ഥാപിക്കുന്നതരത്തിലുള്ള ഇപ്പോഴത്തെ   വികസനരീതി പിന്തുടര്‍ന്നാൽ കേരളീയരുടെ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള  വിഭവം കണ്ടെത്താൻ സര്‍ക്കാരും പൊതുസമൂഹവും ബുദ്ധിമുട്ടേണ്ടിവരും. വലിയ സാമൂഹ്യപ്രതിസന്ധികളിലേക്ക് കേരളം നീങ്ങും. അതാണിപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നാണ് പരിഷത്തിന്റേയും ആസൂത്രണ  ബോർഡിന്റേയും പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ആരോഗ്യമേഖലയിൽ കേരളം നേരിടുന്ന പ്രതിസന്ധികൾ കണക്കിലെടുത്തുകൊണ്ടുള്ള ആരോഗ്യനയം രൂ‍പീകരിക്കാൻ കഴിഞ്ഞിട്ടില്ല. പകർച്ചവ്യാധി വ്യാപനം, ജീവിതശൈലീ രോഗവർധന, വർധിച്ചുവരുന്ന ആരോഗ്യചെലവ് ഇവയെല്ലാം പരിഗണിച്ചുകൊണ്ട് കേരളത്തിനു സമുചിതമായ ഒരു ആരോഗ്യ നയം കരുപ്പിടിപ്പിക്കാൻ സർക്കാർ ഇനിയെങ്കിലും ശ്രമിക്കേണ്ടതാണ്. ആസൂത്രണ ബോർഡിന്റെ രേഖയിൽ ആരോഗ്യനയരൂപീകരണത്തിനുള്ള ശ്രദ്ധേയങ്ങളായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.  ചികിത്സയോടൊപ്പം, പ്രാഥമികാരോഗ്യ സേവനത്തിനും രോഗപ്രതിരോധത്തിനും ആരോഗ്യവിദ്യാഭ്യാസത്തിനും  തുല്യപ്രാധാ‍ന്യം നൽകികൊണ്ടുള്ള ആരോഗ്യനയമാണ് കരുപ്പിടിപ്പിക്കേണ്ടത്.

[divider]
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വിസ്മയങ്ങളുടെ കൂട്ടിയിടി പുനരാരംഭിച്ചു
Next post ബ്ലാക് ഹോള്‍ – ജൂണ്‍_11
Close