Read Time:10 Minute

അബ്ദുല്‍ഹമീദ് ഇ

സയന്‍റിസ്റ്റ്, CWRDM

രു പ്രകൃതിപ്രതിഭാസമായാണ് ഉരുള്‍പൊട്ടലിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യ ഇടപെടലുകള്‍ ഇല്ലാത്ത കാടുകളിലും മലഞ്ചെരിവുകളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാറുണ്ട്. ശിലാപാളികളുടെ ശക്തിക്ഷയവും രൂപാന്തരങ്ങളും മണ്‍പാളികളിലെ രാസ – ഭൗതിക മാറ്റങ്ങളും സസ്യലതാദികളുടെ പരിക്രമണങ്ങളും ശക്തമായ വര്‍ഷപാതവും ദ്രവീകരണവും ഒക്കെ ഉരുള്‍പൊട്ടലുണ്ടാകാനുള്ള കാരണങ്ങളാണ്. നമ്മുടെ നാട്ടില്‍ മഴക്കാലം മണ്ണിനെ അതി പൂരിതമാക്കുമ്പോള്‍ വേനല്‍ക്കാലം മണ്ണിനെ വരണ്ടതാക്കുന്നു. കൊല്ലത്തില്‍ ഇങ്ങനെ ഇടവിട്ടുള്ള നനയലും വരളലും, സസ്യാവരണങ്ങള്‍ കുറഞ്ഞ ചരിവുകൂടിയ പ്രതലങ്ങളില്‍ മണ്ണിടിച്ചിലുണ്ടാക്കുന്നു. ഭൂമികുലുക്കം, മേഘസ്ഫോടനം, കടും വരള്‍ച്ചയെത്തുടര്‍ന്നുണ്ടായേക്കാവുന്ന പേമാരി തുടങ്ങിയവും ഉരുള്‍പൊട്ടലിനുള്ള സ്വാഭാവിക കാരണങ്ങളാണ്.

landslie
ഉരുള്‍പൊട്ടല്‍ | Image from Public Domain Pictures | License CC0 Public Domain

എന്താണ് ഉരുള്‍പൊട്ടല്‍?

ഭൂസ്ഥിരത നഷ്ടപ്പെടുന്നതുമൂലം ഉയര്‍ന്ന പ്രദേശങ്ങളിലെ മണ്ണും പാറയും ചരലും ഉരുളന്‍കല്ലുകളും മറ്റ് ഭൂവസ്തുക്കളും വന്‍തോതില്‍ വളരെ പെട്ടെന്ന് താണ സ്ഥലങ്ങളിലേക്ക് പതിക്കുന്ന പ്രതിഭാസമാണ് ഉരുള്‍പൊട്ടല്‍. ഉല്‍ഭവസ്ഥാനത്ത് നിന്നും പതനസ്ഥലത്തേക്ക് എത്തുന്ന വഴി അവിടങ്ങളിലെ എല്ലാ വസ്തുക്കളും തകര്‍ക്കപ്പെടുന്നു. അവശേഷിക്കുന്നത് നഗ്നമാക്കപ്പെട്ട അടിപ്പാറകള്‍ മാത്രമാകും. ഈ സ്ഥലങ്ങളില്‍ നീര്‍ച്ചാലുകള്‍ രൂപപ്പെടുന്നതും കാണാം.

ഭൂസ്ഥിരത നഷ്ടപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ടാകാം. ഭൂമിശാസ്ത്രപരം, ഭൂരൂപാന്തരണപരം(Geomorphology), ഭൗതികപരം, മനുഷ്യഇടപെടല്‍ എന്നിവയ്ക്ക് പുറമേ മണിക്കൂറുകള്‍ (ചിലപ്പോൾ,ദിവസങ്ങള്‍) നീണ്ടുനില്‍ക്കുന്ന ശക്തിയായ മഴയും ഉരുള്‍പൊട്ടലിനുള്ള കാരണങ്ങളാണ്.

[box type=”warning” align=”center” class=”” width=””]ഉരുള്‍പൊട്ടല്‍ കേവലം ഒരു പ്രകൃതി പ്രതിഭാസമായി മാത്രം ചിത്രീകരിച്ച് അവസാനിപ്പിക്കാനുള്ള ഒന്നല്ല. മനുഷ്യ ഇടപെടലുകള്‍ തന്നെയാണ് മുഖ്യഹേതു. ജനവാസമേഖലയിലെ ഉരുള്‍പൊട്ടലുകള്‍ക്ക് മേല്‍ സൂചിപ്പിച്ച ഘടകങ്ങളെല്ലാം കാരണമാകുന്നതോടൊപ്പം വ്യാപകമായ മനുഷ്യ ഇടപെടലുകളും ഇതിനെ ഒരു മഹാദുരന്തമാക്കി മാറ്റുകയാണ്.[/box]

ഭൂമിയുടെ കിടപ്പ്, ചരിവ്, പാറകളുടെ സ്വഭാവം, മണ്ണിന്‍റെ ഘടന, മരങ്ങളുടെ പ്രത്യേകത തുടങ്ങിയവ കണക്കിലെടുക്കാതെ മലഞ്ചരുവുകളില്‍ കൃഷ്ചെയ്യുന്നതും മണ്ണും പാറയും ഖനനം നടത്തുന്നതും റോഡ് പണിയുന്നതും കെട്ടിടനിര്‍മാണവും ഒക്കെ ചരിഞ്ഞ പ്രതലങ്ങളുടെ സന്തുലിതാവസ്ഥ തകര്‍ക്കുകയും വന്‍തോതിലുള്ള മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും കാരണമാവുകയും ചെയ്യുന്നു. മനുഷ്യജീവനടക്കം നഷ്പ്പെടുന്ന വൻ ദുരന്തങ്ങൾക്ക് ഇത് വഴിവെക്കുന്നു.

ജൂണ്‍ രണ്ടാംവാരം കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വ്യാപകമായ ഉരുള്‍പൊട്ടലിന് കാരണമായത്, മണിക്കൂറുകള്‍ നീണ്ടുനിന്ന ശക്തമായ മഴയായിരുന്നു. ജൂണ്‍ 14ന് കോഴിക്കോട് ജില്ലയിലെ ചാത്തന്‍കാവ് മഴമാപിനിയില്‍ രേഖപ്പെടുത്തിയ മഴ 259 മില്ലീമീറ്ററായിരുന്നു. ഇതിലും അധികം മഴ മലഞ്ചരിവുകളില്‍ പെയ്തിട്ടുണ്ടാകണം. ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതില്‍ നിന്നും മനസ്സിലായത് മനുഷ്യ ഇടപെടലുകള്‍ തന്നെയാണ് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായിരിക്കുന്നത് എന്നാണ്. ചെങ്കുത്തായ മലകളില്‍പ്പോലും വീതിയുള്ള റോഡുകള്‍ നിര്‍മിച്ചിരിക്കുന്നത് കാണാം. ഇത്തരം റോഡുകള്‍ക്ക് ഓവുചാലുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും അവ മഴക്കാലത്തെ ജലപ്രവാഹത്തെ ഉള്‍ക്കൊള്ളാനാവുന്നവയല്ല.

ഒന്നാംശ്രേണിയിലും രണ്ടാം ശ്രേണിയിലും പെട്ട നിരവധി നീര്‍ച്ചാലുകളെ ഈ റോഡുകള്‍ മുറിച്ചു കടക്കുന്നതിനാല്‍ സ്വാഭാവിക ഒഴുക്കിന്‍റെ ദിശ മാറ്റപ്പെടുന്നു. പലപ്പോഴും റോഡുകള്‍ നിര്‍മിക്കുന്നതിനായി നികത്തപ്പെടുന്നതും പരിവര്‍ത്തനം ചെയ്യപ്പെടുന്നതും മലയോരങ്ങളിലെ ഒന്ന് – രണ്ട് ശ്രേണികളിലായുള്ള നീര്‍ച്ചാലുകളെയാണ്. ചെങ്കുത്തായ മലനിരകളില്‍ അതാതിടത്ത് പെയ്യുന്ന മഴവെള്ളത്തെ അപ്പപ്പോള്‍ ഒഴുക്കി മാറ്റുന്ന ധര്‍മമാണ് ഈ ചെറുചാലുകള്‍ (അരുവികള്‍) നിര്‍വഹിക്കുന്നത്. സുഗമമായ ഒഴുക്കിന് വിഘാതം സംഭവിക്കുമ്പോള്‍ വെള്ളം കെട്ടിനില്‍ക്കുകയും മണ്‍സുഷിരജലമര്‍ദ്ദം (pore water pressure) അധികരിക്കുന്നതിന് ഇടയാക്കുകയും ചെയ്യും. ഈ ജലമര്‍ദമാണ് ഉരുള്‍പൊട്ടലിനുള്ള ഒരു അടിസ്ഥാന ഘടകം.

എന്തുകൊണ്ടാണ് ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നത്?

സ്വാഭാവിക മരങ്ങള്‍ മുറിച്ചുമാറ്റുക, ഇടവിള (നാണ്യവിള) തോട്ടങ്ങള്‍ ഉണ്ടാക്കുക, മണ്ണൊലിപ്പിന് കാരണമാകുന്ന കൃഷികള്‍ ചെയ്യുക, ഫാമുകള്‍ നിര്‍മിക്കുക, കെട്ടിടം പണിയുക, അമിതഭാരം ഏല്‍പ്പിക്കുക, സ്പോടനങ്ങള്‍, ഭാരമേറിയ വാഹനങ്ങളുടെ സഞ്ചാരം തുടങ്ങിയവയെല്ലാം ഉരുള്‍പൊട്ടലിന് കാരണമാകുന്ന ഘടകങ്ങളാണ്.

ഉരുള്‍പൊട്ടലില്‍ മല ഇടിഞ്ഞ് താഴ്നിരിക്കുന്നു | Image from Commons | License : CC-BY-SA-4.0

ഇങ്ങനെ വിശകലനം ചെയ്താല്‍ കണ്ടെത്തുക 70 ശതമാനം ഉരുള്‍പൊട്ടലുകള്‍ക്കും കാരണം മനുഷ്യ ഇടപെടലുകളാണെന്നാണ്. കേരളത്തിന്‍റെ ഭൂമിശാസ്ത്രവും കാലാവസ്ഥാപരമായ പ്രത്യേകതകളും നാം അനിവാര്യമായി മനസ്സിലാക്കിയിരിക്കണം. ഓരോ ഇടപെടലും എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുക എന്നറിയണം. ദുരന്തങ്ങള്‍ ഇനിയും സംഭവിക്കാതിരിക്കാന്‍ നിതാന്ത ജാഗ്രത കൂടിയേ തീരൂ.

പശ്ചിമഘട്ടമലനിരകളുടെ സംരക്ഷണം കേരളം എന്ന ഈ ചെറു ഭൂപ്രദേശത്തിന്‍റെ നിലനില്‍പ്പിന് ഒഴുച്ചുകൂടാനാവാത്തതാണ്. അതിന്റെ സംരക്ഷണം കേവലം ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെടുത്തി മാത്രം നോക്കിക്കാണുന്നത് തികഞ്ഞ അസംബന്ധമായിരിക്കും. അനുഭവങ്ങളില്‍ നിന്ന് നാം പാഠങ്ങൾ ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ ഇനി വരാനിരിക്കുന്നത് കൊടിയ വിപത്തുകളായിരിക്കുമെന്നറിയുക.

[box type=”info” align=”center” class=”” width=””]പശ്ചിമഘട്ട മലനിരയില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന ഉരുള്‍പൊട്ടലിന്‍റെ തീവ്രത കാലം കഴിയുന്തോറും കൂടി വരികയാണ്. കേരളത്തിന്‍റെ ഭൂവിസ്തൃതിയുടെ 50 ശതമാനം മലനാടാണ്. ജനസംഖ്യയുടെ 35 ശതമാനം അധിവസിക്കുന്നത് ഈ മേഖലയിലാണ്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വരുത്തിവെക്കുന്ന നഷ്ടങ്ങളുടെ കണക്ക് ജീവഹാനി സംഭവിച്ചവരുടെ എണ്ണത്തെ മാത്രം അടിസ്ഥാനമാക്കി വിലയിരുത്തുന്നതിനപ്പുറം മാനവരാശിക്ക് നഷ്ടപ്പെട്ട മണ്ണും ധാതുസമ്പത്തും പോഷകങ്ങളും എത്രയെന്നുകൂടി തിട്ടപ്പെടുത്തണം. അപ്പോള്‍ മാത്രമേ അത് എങ്ങനെ നമ്മുടെ ഭാവിയെക്കൂടി ബാധിക്കുന്നു എന്നു ബോധ്യമാകൂ.[/box]

ഭൂമിയില്‍ ഒരല്‍പ്പം മണ്ണുണ്ടായി വരാന്‍ നൂറു കണക്കിനു കൊല്ലങ്ങളെടുക്കും. മഴ, മഞ്ഞ്, ചൂട്, തണുപ്പ്, മര്‍ദം തുടങ്ങിയ ഭൗതിക ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ രാസ – ജൈവ പ്രക്രിയകള്‍ നിരന്തരം നടക്കുന്നതിന്‍റെ ഫലമായിട്ടാണ് മണ്ണുണ്ടാകുന്നത്. ഈ മണ്ണാണ് മനുഷ്യനെ മലമുകളില്‍ പോലും കൊണ്ടെത്തിച്ചത്. പക്ഷേ, അവിടെ പാലിക്കേണ്ട ‘വികസന അച്ചടക്കം’ ആരും ചെവികൊള്ളുന്നില്ല. ചെങ്കുത്തായി കിടക്കുന്ന ഇത്തരം പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ എന്തുമാകാം എന്ന നിലപാട് അത്യന്തം അപകടകരവും പ്രതിലോമപരവുമാണ്.

Happy
Happy
16 %
Sad
Sad
47 %
Excited
Excited
21 %
Sleepy
Sleepy
5 %
Angry
Angry
0 %
Surprise
Surprise
11 %

Leave a Reply

Previous post ഓർമിക്കാനും അഭിമാനിക്കാനും ഒരു ദിനം
Next post വെള്ളപ്പൊക്കത്തിന് ശേഷം വീടുകളിലേക്ക് ശ്രദ്ധയോടെ ..
Close