Read Time:18 Minute
ഫോട്ടോകൾ

അനുരാഗ് ഗലസ്ട്രോ, രോഹിത് കെ.എ, സുധീർ ആലങ്കോട്, ശരത് മുത്തേരി, ശരത് പ്രഭാവ്, അരവിന്ദ് സുകുമാർ, അജിരുദ്ധ് വി.എൽ

 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും ആസ്ട്രോ കേരളയുടെയും നേതൃത്വത്തിൽ ശ്രീലകം ലൈഫ് ലോങ് ലേണിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ചേർപ്പിന്റെ സഹകരണത്തോടെ തൃശ്ശൂർ ചേർപ്പിൽ വെച്ച് കേരള അമച്വർ അസ്ട്രോണമേഴ്സ് കോൺഗ്രസ്സ് നടന്നു. പരിപാടി പ്രൊഫ കെ. പാപ്പൂട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പരിപാടിയിൽ ലൂക്ക സയൻസ് പോർട്ടൽ എഡിറ്റർ സി. റിസ്വാൻ സ്വാഗതം പറഞ്ഞു. രാജീവ് മേനോൻ , ടി.കെ ദേവരാജൻ എന്നിവർ സംസാരിച്ചു.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വാനനിരീക്ഷകർക്കു പുറമെ തമിഴ്നാട് സയൻസ് ഫോറം , ലക്ഷദ്വീപ് സയൻസ് സെന്റർ തുടങ്ങിയവയിൽ നിന്നുള്ള ജ്യോതിശ്ശാസ്ത്ര പ്രചാരകരും ഉൾപ്പെടെ നൂറ്റിമുപ്പത് വാനനിരീക്ഷകർ പരിപാടിയിൽ പങ്കെടുത്തു. ആസ്ട്രോ പയ്യന്നൂർ, ആസ്ട്രോ കോട്ടയം, മാർസ് മലപ്പുറം എന്നീ അമച്വർ അസ്ട്രോണമി കൂട്ടായ്മകളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 130 വാനനിരീക്ഷകരാണ് പരിപാടിയിൽ പങ്കെടുത്തത്.

ജ്യോതിശ്ശാസ്ത്രത്തെരുവ്

വിവിധ ടെലിസ്കോപ്പുകളുടെ പ്രദർശനം, ജ്യോതിശ്ശാസ്ത്ര പുസ്തകങ്ങളുടെയും പഠനോപകരണങ്ങളുടടെയും പരിചയപ്പെടുത്തൽ, വെർച്വൽ റിയാലിറ്റി സ്പേസ് കോർണർ എന്നിവ പരിപാടിയുടെ ഭാഗമായി ഒരുക്കി. ആസ്ട്രോ കോട്ടയത്തിന്റെ നേതൃത്വത്തിൽ ടെലിസ്കോപ്പ് നിർമ്മാണ പരിശീലനം, നിക്കോളാസ് ടെസ്ല ടെക്നോളജീസിന്റെ നേതൃത്വത്തിൽ വെർച്വൽ റിയാലിറ്റി – ബഹിരാകാശ പര്യവേഷണം എന്നിവ ഒരുക്കി. പന്ത്രണ്ട് ടെലസ്കോപ്പുകൾ പ്രദർശനത്തിനായി ഒരുക്കി. കെ.വി.എസ്. കർത്ത , ലില്ലി കർത്ത എന്നിവർ ജ്യോതിശ്ശാസ്ത്രത്തെരുവിൽ 18 ജ്യോതിശ്ശാസ്ത്രപഠനോപകരണങ്ങൾ പ്രദർശിപ്പിച്ചു. ശ്രീലകം സയൻസ് ലാബുകൾ എല്ലാ അംഗങ്ങളും സന്ദർശിച്ചു. ഡോ.ടി.ആർ. ഗോവിന്ദൻ കുട്ടി, കെ.ആർ. ഡയസ്, സന്ധ്യ പ്രസന്നൻ, പ്രസന്നൻ എന്നിവർ ലാബ് ഉപകരണങ്ങൾ പരിചയപ്പെടുത്തി.

സമാന്തര സെഷനുകൾ

മാർച്ച് 22 ന് അമേച്വർ അസ്ട്രോണമിക്ക് ഒരാമുഖം (വി.എസ് ശ്യാം), ചന്ദ്രനിരീക്ഷണം (എൻ സാനു) , വ്യാഴത്തിന്റെ ജൂനോകോം ചിത്രങ്ങളുടെ അവതരണം (നവനീത് കൃഷ്ണൻ എസ്), നക്ഷത്രദൂരങ്ങൾ അളക്കാം (ഡോ.ഷാജി എൻ.), അസ്ട്രോ ഫോട്ടോഗ്രഫി (ശരത് പ്രഭാവ്), അസ്ട്രോണമിയിലെ സിറ്റിസൺ സയൻസ് (ശ്രുതി .കെ.എസ്.), പകൽസമയ ജ്യോതിശ്ശാസ്ത്രം (കെ.വി.എസ് കർത്ത) , റേഡിയോ ടെലിസ്കോപ്പും റേഡിയോ ജ്യോതിശ്ശാസ്ത്രവും (ഡോ.മാത്യു ജോർജ്ജ്), ഡീപ് സ്കൈ നിരീക്ഷണം ( ഡോ. നിജോ വർഗ്ഗീസ്) , ബഹിർഗ്രഹങ്ങൾ (ഡോ.ഷാജി എൻ.) എന്നിവർ അവതരണങ്ങൾ നടത്തി. മാർച്ച് 23 ന് നക്ഷത്ര പരിണാമം (പ്രൊഫ.പി.എസ് ശോഭൻ), വികസിക്കുന്ന പ്രപഞ്ചവും ഡാർക്ക് എനർജിയും (മനോഷ് ടി.എം), ടെലിസ്കോപ്പുകൾ തെരഞ്ഞെടുക്കുമ്പോൾ(ഡോ.നിജോ വർഗ്ഗീസ്, വിപിൻ പി, ബിനോയ് പി ജോണി), ഓൺലൈൻ ആസ്ട്രോണമി ആപ്പുകളും സോഫ്റ്റുവെയറുകളും( രോഹിത് കെ.എ), പ്രൊഫഷണൽ അസട്രോണമി – സാധ്യതകൾ (വി.എസ്.ശ്യാം) എന്നി അവതരണങ്ങൾ നടത്തി. സെഷനുകൾക്ക് ഡോ.റസീന എൻ.ആർ, അഞ്ജു , അരുൺ സി മോഹൻ, രാഹുൽ ടി.ഒ,അമൽ രവീന്ദ്രൻ എന്നിവർനേതൃത്വം നൽകി.

നിരീക്ഷണങ്ങൾ

മഴക്കാറുണ്ടായിരുന്നതിനാൽ രാത്രിയാകാശ നിരീക്ഷണം നടന്നില്ല. പുലർച്ചെ ചന്ദ്രനെ നിരീക്ഷിച്ചു. പകൽ സമയം സൂര്യകളങ്കനിരീക്ഷണവും നടന്നു. സുധീർ ആലങ്കോട്, നിജോ വർഗ്ഗീസ് , രോഹിത് കെ.എ. എന്നിവർ നേതൃത്വം നൽകി.

പൊതുസെഷനുകൾ

പൊതുജനങ്ങളും കുട്ടികളും പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച ചോദ്യപ്പെട്ടി സെഷന് എൻ. സാനു, ഡോ. എൻ.ഷാജി , പ്രൊഫ കെ.പാപ്പൂട്ടി എന്നിവർ നേതൃത്വം നൽകി. 2025 ലെ ആകാശവിശേഷങ്ങൾ സന്ദീപ് പി. അവതരിപ്പിച്ചു. ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും – ടി.കെ ദേവരാജൻ നടത്തി. പ്രൊഫ കെ.പാപ്പൂട്ടി അധ്യക്ഷനായി. എൻ സാനു – രാത്രിയാകാശം നോക്കുമ്പോൾ – എന്ന അവതണം നടത്തി.

ചെറു അവതരണങ്ങൾ

ഓറിയോൺ – ഒരു പരിചയപ്പെടുത്തൽ (നയന), സ്റ്റല്ലേറിയം (ജയകൃഷ്ണൻ) , അച്ചുതണ്ടിന്റെ ചെരിവും പ്രതിഭാസങ്ങളും ( കെ..വി.എസ്. കർത്ത) , ചാണകവണ്ടും ആകാശഗംഗയും (വിജയകുമാർ ബ്ലാത്തൂർ) എന്നീ അവതരണങ്ങൾ നടന്നു. തമിഴ് നാട് സയൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് തമിഴ്നാട് സയൻസ് ഫോറം സംസ്ഥാന പ്രസിഡന്റ് തിരുനാവുക്കരശ് സംസാരിച്ചു. അസ്ട്രോ പയ്യന്നൂരിന്റെ പ്രവർത്തനങ്ങളെപ്പറ്റി രമേഷ് പുതിയറയ്ക്കൽ വിശദമാക്കി.

സമാപനം

സമാപന പരിപാടിയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ മീരാഭായ് സംസാരിച്ചു. ഡോ.വി.എസ് ശ്യാം ക്രോഡീകരിച്ച് സംസാരിച്ചു. ഡോ.റസീന എൻ.ആർ. നന്ദി പറഞ്ഞു.

27/03/2025 – അനുഭവക്കുറിപ്പ്

കേരളത്തിലെ (മാനം നോക്കികളുടെ) വാനനിരീക്ഷകരുടെ, മഹാസംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ ആവേശം ഇപ്പോഴും വിട്ടു മാറിയിട്ടില്ല.

മാർച്ച്‌ 22,23 തിയതികളിലായി തൃശൂർ ചേർപ്പിൽ വെച്ച് സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിൽ 70 പേരെന്ന് പറഞ്ഞ് എത്തിച്ചേർന്നത് നൂറ്റി അൻപതോളം പേരാണ്. പക്ഷെ മികച്ച സൗകര്യങ്ങളാണ് ചേർപ്പിലെ ശ്രീലകം എന്ന വിജ്ഞാനകേന്ദ്രത്തിൽ ഒരുക്കിയിരുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വാന നിരീക്ഷകർക്കു പുറമെ തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നും പ്രതിനിധികൾ എത്തിച്ചേർന്നിരുന്നു. ക്യാമ്പ് വ്യത്യസ്തമാക്കാൻ സംഘാടകർ കാണിച്ച മികവിനെ അഭിനന്ദിക്കാതെ പോകാൻ കഴിയില്ല

ഓറിയോൺ നക്ഷത്രഗണത്തിന്റെ പതാക ഉയർത്തിയാണ് ക്യാമ്പ് ആരംഭിച്ചത്.
കേരളത്തിലെ വാനനിരീക്ഷണത്തിന് ബീജാവാപം ചെയ്ത പാപ്പുട്ടി മാഷാണ് കൊടിയുയർത്തിയത്.അതിന് ശേഷം സിറിയസ് എന്ന് പേരിട്ട വേദിയിൽ വാന നിരീക്ഷകരെല്ലാവരും ഒത്തു ചേർന്നു. ക്യാമ്പ് യാഥാർഥ്യമാക്കിയ റിസ്വാൻ എല്ലാവരെയും ബഹിരാകാശ പേടകത്തിൽ കയറ്റി കൗണ്ട് ഡൗൺ ബട്ടൺ അമർത്തി. 10.00 മണിക്ക് നിശ്ചയിച്ച പേടകം സാങ്കേതിക തകരാറു മൂലം 10.30 നാണ് യാത്ര തിരിച്ചത്.

യാത്രയെ കുറിച്ച് കൃത്യമായി വിവരങ്ങൾ പറഞ്ഞ് തന്ന എൻ. സാനു പേടകം സുരക്ഷിതമായി ടേക്ക് ഓഫ്‌ ചെയ്‌തു. ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, ഉൽക്കകളും, നക്ഷത്രങ്ങളും, നെബുലകളും അടങ്ങിയ അതിവിശാലമായ, ആകാശമെന്ന് ചുരുക്കി വിളിക്കുന്ന മഹാ സാഗരത്തിന്റെ ഒരു തുള്ളിമാത്രം കൗതുകത്തോടെ നോക്കി നിന്നവരായി രുന്നു ആ പേടകത്തിൽ ഉള്ളവരെല്ലാം.
അവരുടെ മനസ്സിൽ തോന്നിയ കൗതുകത്തിനും സംശയങ്ങൾക്കും ഉത്തരം തേടിയാണ് അവരോരുത്തരും ഈ യാത്ര ആരംഭിച്ചത്. ഹാലി ധൂമകേതുനെ അന്വേഷിച്ചു പോയ പപ്പൂട്ടി മാഷാണ് വാഹനത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരി. ആദ്യ യാത്രക്ക് വന്ന കുറച്ചു പേരും ഉണ്ട്.

അഞ്ചും പത്തും തവണ ബഹിരകാശത്തു പോയി വന്ന പലരും കൂട്ടത്തിൽ ഉണ്ട്. ആകാശ സത്യങ്ങൾ ആഴത്തിൽ പഠിച്ച് അതിൽ ഗവേഷണം ചെയ്യുന്ന അന്വേഷണകുതുകികകളായ ഈ വാനനിരീക്ഷകർ കൂടുതൽ അറിവുകൾ നേടാനും ഈ രംഗത്തെ ഏറ്റവും പുതിയ അറിവുകൾ പങ്കു വെക്കാനും ആയാണ് വീണ്ടും വീണ്ടും യാത്ര ചെയ്യുന്നത്.

150 പേരുമായി പ്രകാശ വേഗത്തിൽ കുതിച്ച ബഹിരാകാശപേടകത്തിനെ നിയന്ത്രിക്കാൻ പ്രഗത്ഭർ മാറി മാറി വന്നു. ഇടക്ക് സാമാന്തര സെഷൻ എന്ന പേരിൽ ചെറിയ കൂട്ടങ്ങളായി വേർ പിരിഞ്ഞ് ചെറു പേടകങ്ങളിൽ ഓറി യോൺ, ആൻഡ്രോമീഡ എന്നിവിടങ്ങളിലേക്ക് പിരിഞ്ഞു.എങ്കിലും ഏതാണ്ട് 30 മിനിറ്റ് ഭൗമ സമയത്തിന് ശേഷം പ്രകാശ വേഗത യിൽ മിക്കവരും മാതൃ പേടകത്തിൽ തിരിച്ചെത്തുമായിരുന്നു

പക്ഷെ ഒട്ടേറെ പേർ മാതൃപേടകത്തിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട് ജ്യോതിശാസ്ത്രതെരുവിൽ ഏറെ നേരം അലഞ്ഞു നടന്നു. ചെറുതും വലുതുമായി, പല വിലയിലും തരത്തിലുള്ള ടെലസ്കോപ്പുകൾ, വാനനിരീക്ഷണവുമായി ബന്ധപ്പെട്ട അപൂർവ്വ പുസ്തകങ്ങൾ എന്നിവയൊക്കെ കാണാൻ സാധിച്ചു.

വാനം എന്നത് അറിവിന്റെ മഹാ പ്രപഞ്ചമാണെന്നും, നമുക്കറിയാവുന്നത് വളരെ കുറച്ചാ ണെന്നും, കൂടുതൽ അന്വേഷിച്ചു കണ്ടെത്തണം എന്നും ഓരോ യാത്രികരും തിരിച്ചറിഞ്ഞു. നിലം തൊടാതെ ആകാശ ഗോളങ്ങൾ ക്കിടയിൽ പറന്നു നടക്കുന്നതിനിടയിലും സ്കൂൾ, കോളേജ് വിദ്യാർഥികളും, അധ്യാപകർ, പോലീസുകാർ, സാധാരണക്കാർ എന്നിങ്ങനെ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവർ പരസ്പരം പരിചയപ്പെട്ടു.

ഇടക്ക് ചായക്കും, ഊണിനും വിശ്രമത്തിനുമായി ശ്രീലകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്‌തു എങ്കിലും 3 പേടകങ്ങളി ലായി എല്ലാവരും മിക്ക സമയവും ചന്ദ്രനിലോ, ചൊവ്വയിലോ വ്യാഴത്തിലോ, തിരുവാതിര( Betelgeuse), യിലോ ഒക്കെ ആയിരുന്നു. യാത്രയിലുട നീളം വിദഗ്ധർ തങ്ങളുടെ ബഹിരാകാശ യാത്രകളിലെ അറിവുകൾ പങ്കു വെച്ചു.

‘ നക്ഷത്ര ദൂരം അളക്കുന്നതെങ്ങനെ’, ‘ജ്യോതിഷവും ജ്യോതി ശാസ്ത്രവും’, ‘വാന നിരീക്ഷണ ആപ്പുകൾ/പ്രോഗ്രാമുകൾ ഉപയോഗിക്കേണ്ട വിധം’, ‘ടെലിസ്കോപ്പുകൾ എപ്പോൾ /എങ്ങനെ തിരഞ്ഞെടുക്കാം’, ‘അസ്ട്രോണമിയിലെ സിറ്റിസൺ സയൻസ്’, ‘അസ്ട്രോ ഫോട്ടോ ഗ്രാഫി’ എന്നിങ്ങനെ ഒട്ടേറെ വിലപ്പെട്ട അറിവുകൾ . വിശദമായ ചർച്ചയും…

അതിനിടയിൽ പേടകത്തിൽ കൊണ്ട് പോയ, എടുത്താൽ പൊങ്ങാത്ത ചോദ്യപ്പെട്ടി 😎 യിലെ നിസ്സാരമെന്ന് കരുതിയ ചോദ്യങ്ങൾ ഇഴ കീറി പരിശോധിച്ച് ഉത്തരങ്ങൾ വിക്ഷേപിച്ചു. സമയക്കുറവ് കൊണ്ട് എല്ലാ ചോദ്യ ഉപഗ്രഹങ്ങളും വിക്ഷേപിക്കാൻ കഴിഞ്ഞില്ല

വിശ്വാസത്തിന്റെയും അന്ധ വിശ്വാസത്തിന്റെയും ഇടയിൽ പെട്ട് ഉഴറുന്ന ഈ ശാസ്ത്ര വിഭാഗത്തെ ലളിതമായി യുക്തിപരമായി ജനങ്ങളിലേക്ക് എത്തിക്കാൻ ജീവിതം നീക്കി വെച്ച പ്രൊഫ. പാപ്പൂട്ടി മാഷ് ആകാശക്യാമ്പിൽ orion നക്ഷത്രഗണത്തെ പോലെ വഴികാട്ടി.

പാപ്പൂട്ടി മാഷും, ഷാജി മാഷും കർത്താ മാഷും ഒക്കെ പണ്ട് തെളിയിച്ച വിളക്കിൽ നിന്ന് ഒരായിരം ദീപങ്ങളായി എൻ സാനു, ഡോ..വി. എസ് ശ്യാം, നിജോ വർഗ്ഗീസ്, ജയകൃഷ്ണൻ, ബിനോയ്‌ പി ജോണി, ശ്രുതി.കെ. എസ്, ശരത് പ്രഭവ്, വിപിൻ, റിസ്വാൻ എന്നിവരെ പോലുള്ളവർ അടുത്ത തലമുറക്ക് വഴികാട്ടുന്ന നക്ഷത്രങ്ങളായി.

കോട്ടയം ആസ്ട്രോയിൽ നിന്നും എത്തിയ കൊച്ചു മിടുക്കി നയനയുടെ ലഘു അവതരണവും, ഏഴാംക്ലാസുകാരൻ ഭഗത്തിന്റെ ക്യാമ്പിനെ കുറിച്ചുള്ള സൂക്ഷ്മമായ വിശകലനവും, ടെലിസ്കോപ്പുകൾ നിർമ്മിക്കുന്നത് എങ്ങനെയെന്ന് ജ്യോതി ശാസ്ത്രതെരുവിൽ ഭംഗിയായി വിശദീകരിച്ചു കൊടുത്ത ( പേര് അറിയില്ല, ബിനോയ്‌ ജോണിയുടെ കൂടെ വന്ന കുട്ടിയാണ്) യും ഏവരുടെയും പ്രശംസ പിടിച്ചു പറ്റി

ക്യാമ്പിൽ ലഭിച്ച വെളിച്ചം വിവിധ ഇടങ്ങളിൽ വാന നിരീക്ഷണ പരിപാടികൾ സംഘടിപ്പിച്ച് കൂടുതൽ പേർക്ക് പകർന്നു കൊടുക്കും എന്ന ഉറപ്പ് നൽകിയതോടെ ആസ്ട്രോകേരള 2025 പേടകം സുരക്ഷിതമായി താഴെയിറങ്ങി… 🙏🏼

🌿🌿🌿🌿🌿🌿🌿

രാത്രിയിലെ വാന നിരീക്ഷണം മഴ വന്ന് കുളമാക്കിയത് മാത്രം കടുത്ത നിരാശ യുളവാക്കി. (രാഹുകാലം നോക്കാതെ തുടങ്ങിയത് കാരണമാണോ എന്തോ 😃 ) നിരാശയകറ്റിയത് ഗിറ്റാറിലും, വയലിനിലും ഗംഭീരമായ സംഗീതവിരുന്ന് തന്നെ നൽകിയ ടീം തൃശ്ശൂർ യുവസമിതിയാണ്.

27/03/2025 – അനുഭവക്കുറിപ്പ്

March 22,23 തിയ്യതികളിൽ തൃശ്ശൂർ ചേർപ്പിൽ നടന്ന Kearala Amateur Astornomers Congress ൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട് ആസ്ട്രോണമിയിൽ താൽപ്പര്യമുള്ളരാളെന്ന നിലയിൽ ഈ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് എന്നെ പോലോരു കുട്ടിക്ക് ജീവിതത്തിൽ ലഭിച്ച വലിയ ഒരവസരമായിരുന്നു ..ഈ പരിപാടി കുട്ടികൾക്ക് ഉള്ളതല്ലെങ്കിൽ പോലും എനിക്ക് പങ്കെടുക്കാൻ സാധിച്ചത് ഒരു ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്. ആസ്ട്രോ കോട്ടയം അംഗങ്ങളായ അച്ഛന്റേയും അമ്മയുടെയും അനിയത്തിക്കുമൊപ്പമാണ് ഞാൻ ക്യാമ്പിൽ പങ്കെടുത്തത് ഗീതു ആന്റിയും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു ..

ക്ലാസ്സുകളിൽ പറഞ്ഞ വിഷയങ്ങൾ എല്ലാം എനിക്ക് മനസ്സിലായിലെങ്കില്ലും പല ഒരു പുതിയ കാര്യങ്ങളും പരിചയപ്പെടാൻ അവ സഹായിച്ചു. സാനു മാഷ് അവതരിപ്പിച്ച ചാന്ദ്രനിരീക്ഷണത്തെ ക്കുറിച്ചുള്ള ക്ലാസ്സ് എറെ ഇഷ്ടപ്പെട്ടു. എനിക്ക് ഏറെ താത്പ്പര്യമുള്ള വിഷയമായിരുന്നു അത് കൂടാതെ ശരത് സാറിന്റെ ക്ലാസ്സും ശ്യാം സാറിന്റെ ക്ലാസ്സും എറെ പ്രയോജനമായി .

ഒരേ സമയം മൂന്നു ക്ലാസ്സുകൾ നടക്കുന്നതിൽ ഒന്നിൽ പങ്കെടുക്കുമ്പോൾ മറ്റൊന്ന് നഷ്ടപ്പെടുന്നതിൽ വിഷമം തോന്നിയിരുന്നു. അതുപോലെ സമയം ഇല്ലാത്തതിനാൽ ലാബ് മുഴുവൻ കാണാൻ കഴിയാത്തതിലും സങ്കടമുണ്ടായി. കോളേജ് അധ്യാപകൃ, അസ്ട്രോണമിയിൽ ഗവേഷണം ചെയ്യുന്നവർ,അസ്ട്രോ ഫോട്ടോഗ്രാഫർമാർ… തുടങ്ങിമേഖലയിലെ കുറെ പേരെ പരിചയപെടാൻ കഴിഞ്ഞു. പലവിധ Telescope പരിചയപ്പെടുത്തുന്നതിൽ ഭാഗമായി Astro kerala kottayam chapter-ന്റെ സ്റ്റാളിൽ Refractor Telescope നിർമ്മാണം അവതരിപ്പിക്കാൻ കഴിഞ്ഞു ., എന്റെ കൂടെ നയനയും Telescope അവതരിപ്പിക്കാൻ ഉണ്ടായിരുന്നു. അതൊരു നല്ല ഒരു experience ആയിരുന്നു. അതുപോലെ Virtual Imagination ഒരു wonderful അനുഭവമായിരുന്നു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post LED നിർമ്മാണത്തിന് Rare Earth മൂലകങ്ങൾ ഉപയോഗിച്ചുള്ള ഫോസ്‌ഫറുകൾ – Kerala Science Slam
Next post 2025-ലെ ആബേൽ പുരസ്കാരം: സമമിതി സിദ്ധാന്തത്തെ പുനർനിർവചിച്ച മസാകി കഷിവാരയ്ക്ക്
Close