ഒരു ജനതയുടെ സാങ്കേതിക പുരോഗതി അളന്ന് തിട്ടപ്പെടുത്താൻ കഴിയുമോ? ഊർജ്ജ ഉപഭോഗത്തെ അടിസ്ഥാനപ്പെടുത്തി അതിനുള്ള ശ്രമമാണ് കർഡാഷേവ് സ്കെയിൽ നടത്തുന്നത്.
സീൻ -1 : നായകൻ കൺട്രി സൈഡ് റോഡിലൂടെ കാർ ഓടിച്ചു പോകുന്നു. മുന്നിൽ ശക്തമായ പ്രകാശം. ഒരു പറക്കും തളിക! നായകൻ ക്യാമറ എടുക്കാൻ ആലോചിക്കുന്നു. പക്ഷെ അനങ്ങാനോ, ശബ്ദം ഉണ്ടാക്കുവാൻ പോലുമോ അയാൾക്ക് കഴിയുന്നില്ല. അന്യഗ്രഹജീവികൾ അയാളെ കൂട്ടിക്കൊണ്ടു പോകുന്നു, പറക്കും തളികയിൽ ഒരു മേശമേൽ കിടത്തി, എന്തൊക്കെയോ ടെസ്റ്റ് ചെയ്യുന്നു. ഒടുക്കം ഒരു തെളിവും അവശേഷിപ്പിക്കാതെ പറക്കും തളിക തിരിച്ചു പോകുന്നു.
സീൻ-2 : ഇൻഡിപെൻഡൻസ്ഡേ എന്ന സിനിമയിൽ അന്യഗ്രഹജീവികൾവന്നു ന്യൂയോർക്ക് സിറ്റിക്കു മുകളിലായി ഭീമാകാരമായ പറക്കും തളിക പാർക്ക് ചെയ്യുന്നു. എന്തോ ഉപകരണം ഉപയോഗിച്ച് ആളുകളെയും, കെട്ടിടങ്ങളെയും മറ്റും തരിപ്പണമാക്കുന്നു.
ഭൂമി നശിക്കുവാൻ പ്രധാനമായും 3 കാരണങ്ങളുണ്ടാകാമെന്നാണ് നാം കണക്കു കൂട്ടുന്നത്.
1) ഉൽക്കാ പതനം.
2) ഭീകരപ്രവർത്തനം, ബോംബിങ്ങ്.
3) അന്യഗ്രഹജീവികളുടെ ആക്രമണം.
അന്യഗ്രഹജീവികൾ നമ്മളെക്കാൾ സാങ്കേതീകമായി പുരോഗമിച്ചവർ ആയിരിക്കുമോ? ആയിരിക്കും. ആയിരിക്കണം. അല്ലെങ്കിൽ അവർക്ക് ഇവിടെ വരുവാൻ കഴിയില്ല. നമ്മുടെ ഏറ്റവും അടുത്ത നക്ഷത്രം തന്നെ 4.2 പ്രകാശവർഷം ദൂരെ ആണ്. മറ്റു നക്ഷത്രങ്ങളൊക്കെ അതിനേക്കാൾ ദൂരെ ആണ്. ഭൂമിയുടെ അപരർ ആയി നാം കണ്ടെത്തിയ ഗ്രഹങ്ങൾ പലതും 500 ഉം, 1000 വും, 1500 ഉം ഒക്കെ പ്രകാശവർഷം ദൂരെ ഉള്ളതാണ് ! നമുക്ക് അറിവുള്ള സാങ്കേതിക വിദ്യകളൊന്നും ഉപയോഗിച്ച് അത്ര ദൂരെ സഞ്ചരിച്ചെത്താൻ കഴിയില്ല. അപ്പോൾ ഭൂമിയിൽ വരുന്ന അന്യഗ്രഹജീവികൾ എന്തായാലും നമ്മളെക്കാൾ ബൌദ്ധികമായും, സാങ്കേതികമായും മുന്നിൽ ആയിരിക്കണം. അവർ എത്രമാത്രം സാങ്കേതികമായി
പുരോഗമിച്ചവർ ആയിരിക്കും? ഒരു ജനതയുടെ സാങ്കേതിക പുരോഗതി അളക്കുവാൻ എന്തെങ്കിലും മാനദന്ധം ഉണ്ടോ? ഉണ്ട്. അതിനായി രൂപകൽപ്പന ചെയ്ത അളവുകോലാണ് “കാർഡാഷേവ് സ്കെയിൽ”. അത് പ്രധാനമായും എത്രമാത്രം ഊർജം നാം ടെക്‌നോളജിപരമായും, ആശയ വിനിമയത്തിനുമായി ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്.
ഒരു നാൽപ്പതു വർഷം മുൻപ് നമ്മുടെ ഗ്രാമങ്ങളിലൊന്നും വിദ്യുച്ഛക്തി ഉണ്ടായിരുന്നില്ല. രാത്രി ആയാൽ മണ്ണെണ്ണ വിളക്കോ, ചൂട്ടോ മറ്റോ കത്തിച്ചു നാം വീട്ടിലെ കാര്യങ്ങൾ ചെയ്തിരുന്നു. പാചകം ചെയ്യുവാൻ വിറകും മണ്ണെണ്ണയും. ഊർജത്തിന്റെ ഉപയോഗം തീരെ കുറവായിരുന്നു.
ഇപ്പോൾ വിദ്യുച്ഛക്തി വന്നു. ബൾബുകൾ വന്നു. ഫാനുകൾ വന്നു, ടി.വി വന്നു, ഫ്രിഡ്ജു വന്നു. വാട്ടർ ഹീറ്ററും, ഓവനും, എയർ കണ്ടീഷനും ഇല്ലാത്ത വീടുകൾ കുറഞ്ഞുകൊണ്ടിരിക്കുന്നു. സൈക്കിളിൽ യാത്ര ചെയ്തിരുന്നവർ സ്‌കൂട്ടറിനെയും, കാറിനെയും ആശ്രയിക്കുവാൻ തുടങ്ങി. പണ്ടുണ്ടായിരുന്ന ഫോണുകൾ മാറി ഇപ്പോൾ മൊബൈൽ ഫോണും ആയി. അതും ഒരാൾക്ക് രണ്ടും, മൂന്നും ഫോണുകൾ വരെ ആയി. ഇതിനൊക്കെ അനുസരിച്ച് നാം ഉപയോഗിക്കുന്ന ഊർജത്തിന്റെ അളവും കൂടിക്കൊണ്ടിരിക്കുന്നു. പണ്ട് വിറകു മാത്രം ഉപയോഗിച്ചിരുന്ന മനുഷ്യർ ഇപ്പോൾ പെട്രോളിയം ഉത്പന്നങ്ങളും, വൈദ്യുതിയും, ആണവ ഊർജവും, സൗരോർജവും ഉപയോഗിക്കുന്നു. ഊർജത്തിന്റെ ആവശ്യകത കൂടുമ്പോൾ നാം സൗരോർജം കൂടുതൽ കൂടുതൽ ഉപയോഗിക്കുവാൻ തുടങ്ങും. അതു പോരാതെ വരുമ്പോൾ മറ്റു നക്ഷത്രങ്ങളുടെ ഊർജം ഉപയോഗിക്കും. അങ്ങനെ നമ്മുടെ ഗാലക്സിയിലെ മൊത്തം നക്ഷത്രങ്ങളുടെയും ഊർജം ഉപയോഗിക്കും. പിന്നീട് മറ്റു ഗാലക്സികളിലേക്കും നമ്മുടെ അന്വേഷണം തുടരും. ഇതാണ് കാർഡാഷേവ് സ്കെയിലിന്റെ അടിസ്ഥാനം.
പക്ഷേ, നമ്മൾ മനുഷ്യർ ഇപ്പോൾ ഇവിടെ ആണ് നിൽക്കുന്നത് ?
നമ്മൾ ടൈപ്പ് -0 സിവിലൈസേഷൻ ആണ്. നമ്മൾ ഊർജ്ജത്തിനായി മരിച്ച ചെടികളെയും, ജീവികളെയും ഉപയോഗിക്കുന്നു. ഭൂമിയിലുള്ള കൽക്കരിയും, പ്രകൃതി വാതകങ്ങളും ഉപയോഗിക്കുന്നു.
നാഗരികതയെ പ്രധാനമായും 3 ആയി തിരിക്കാം.
ടൈപ്പ്-1 നാഗരികത ( planetary civilization ) : അടുത്ത നക്ഷത്രങ്ങളിൽ ( സൂര്യൻ ) നിന്നും ലഭിക്കുന്ന ഊർജം അവർക്കു സൂക്ഷിച്ചു വച്ച് പുനരുപയോഗം ചെയ്യുവാൻ സാധിക്കും. ഭൂകമ്പം, സുനാമി, അഗ്നിപർവ്വത സ്ഫോടനം, ഒക്കെ നിയന്ത്രിക്കുവാൻ ശേഷി ഉണ്ടായിരിക്കും. കാലാവസ്ഥ നിയന്ത്രിക്കാനുള്ള കഴിവും അവർ നേടിയിരിക്കും. ചുരുക്കത്തിൽ, ആ ഗ്രഹത്തിന്റെ മുഴുവൻ നിയന്ത്രണവും അവരുടെ കൈകളിൽ ആയിരിക്കും.
ടൈപ്പ്-2 നാഗരികത ( stellar civilization ) : മാതൃ നക്ഷത്രം കൂടാതെ അടുത്ത നക്ഷത്രങ്ങളിൽ നിന്നും ആവശ്യാനുസരണം കൃത്രിമ മാർഗങ്ങളിലൂടെ ഊർജം മൊത്തമായി ശേഖരിച്ചു പരമാവധി പ്രയോജനപ്പെടുത്താൻ ശേഷി ഉള്ളവർ ആയിരിക്കും ഇവർ. ഇതിന്റെ സാങ്കൽപ്പിക ഉദാഹരണം ആണ് ഡൈസൺ സ്പിയർ. സോളാർ സിസ്റ്റത്തിന്റെ മുഴുവൻ നിയന്ത്രണവും അവരുടെ കൈകളിൽ ആയിരിക്കും.
ടൈപ്പ്-3 നാഗരികത (galactic civilization) : മൊത്തം ഗാലക്സിയിലെ ഊർജത്തെ ഉപയോഗിക്കുവാൻ ശേഷി ഉള്ളതായിരിക്കും ഇക്കൂട്ടർ. സ്വന്തം ഗാലക്സിയുടെ മുഴുവൻ നിയന്ത്രണവും അവരുടെ കൈകളിൽ ആയിരിക്കും.
1964 ഇൽ റഷ്യൻ ജ്യോതിശ്ശാസ്‌ത്രജ്ഞന്‍ നിക്കോളായ് കാർഡാഷേവ് ആണ് ഈ മാനദന്ധം ആദ്യമായി അവതരിപ്പിച്ചത്. ടൈപ്പ് -0 മുതൽ 3 വരെ ഉള്ള നാഗരികതയെക്കുറിച്ച് വളരെ വിപുലമായ പ്രബന്ധം ആണ് അദ്ദേഹം അവതരിപ്പിച്ചത്. അതിനുശേഷം പലരും കൂടുതൽ കാര്യങ്ങൾ കൂട്ടിച്ചേർത്തു. ഇപ്പോൾ ടൈപ്പ് -0 മുതൽ ടൈപ്പ്-5 വരെ ഇതിൽ ഉണ്ട്.
ടൈപ്പ്-1 ( 10^16 W )
ടൈപ്പ്-2 ( 10^26 W ) |
ടൈപ്പ്-3 ( 10^36 W )
ടൈപ്പ്-4 ( 10^48 W )
ടൈപ്പ്-5 ( അനന്തം )
എന്നിങ്ങനെ ആണ് ഓരോ ടൈപ്പിന്റെയും ഊർജോപയോഗം
1973ൽ കാൾ സാഗൻ മനുഷ്യരുടെ അന്നത്തെ ‘കാർഡാഷേവ് സ്കേൽ’ കണക്കു കൂട്ടുകയുണ്ടായി. അന്ന് നാം 0.7 ആയിരുന്നു. ഇപ്പോൾ 0.75 ഉം.
നമ്മൾ മനുഷ്യർ ടൈപ്പ്-1 ലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ലക്ഷണങ്ങൾ നമുക്ക് ചുറ്റും കാണാം. ഇന്റർനെറ്റ്, സ്‍മാർട്ട് ഫോൺ, ലേസർ, LIGO, Ion thruster ഒക്കെ അതിന്റെ ലക്ഷണങ്ങൾ ആണ്.
ഭൗതീക ശാസ്ത്രജ്ഞൻ ഡോ. മിച്ചിയോ കാക്കുവിന്റെ അഭിപ്രായത്തിൽ മനുഷ്യർ ഏതാണ്ട് 100 വർഷത്തിനകം ടൈപ്-1 സിവിലൈസേഷൻ ആകും. ടൈപ്പ്-0 യിൽ നിന്നും ടൈപ്പ്-1 ലേക്കുള്ള മാറ്റം ആണ് ഏറ്റവും വിഷമം പിടിച്ചത്. നമ്മൾ മനുഷ്യർ ഇപ്പോൾ ഈ ഘട്ടത്തിൽ ആണ്. മിക്കവാറും നമ്മൾ കലഹിച്ചോ, വിദ്ധ്വംസകപ്രവർത്തനം വഴിയോ, ബോംബ് പൊട്ടിയോ ഇല്ലാതാവാൻ ആണു അധിക സാധ്യത.
ടൈപ്പ്-1ൽ നിന്ന് ടൈപ്പ്-2 ആവാൻ ഉദ്ദേശം ആയിരം വർഷം എടുക്കും. ടൈപ്പ്-2 സിവിലൈസേഷൻ ആയാൽ പിന്നെ അവരെ ഒരു പ്രകൃതി ദുരന്തത്തിനും നശിപ്പിക്കുവാൻ കഴിയില്ല. സൂര്യൻ തന്നെ ഇല്ലാതായാലും, അല്ലെങ്കിൽ അടുത്തൊരു സൂപ്പർനോവാ സ്ഫോടനം നടന്നാൽ പോലും അവരെ അതൊന്നും ബാധിക്കില്ല. അവർ അപ്പാടെ മറ്റൊരു നക്ഷത്രത്തിന് അടുത്തേക്ക് ചേക്കേറും. പിന്നെയും ലക്ഷക്കണക്കിന് വർഷങ്ങൾ എടുക്കും ടൈപ്പ്-3 ആവാൻ.
പക്ഷേ,… മനുഷ്യർ ടൈപ്പ്-1 സിവിലൈസേഷൻ ആകുമോ ഇല്ലയോ എന്നതാണ് ഇപ്പോൾ നമ്മുടെ ആശങ്ക..’