ഡിസംബർ 25, ഇന്ത്യൻ സമയം 5.50 pm ന് വിക്ഷേപണം – ഇപ്പോൾ തത്സമയം കാണാം.
പ്രപഞ്ച പഠനത്തിനുള്ള നാസയുടെ ഏറ്റവും ബൃഹത്തായ പദ്ധതിയാണ് ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ്. ഹബിൾ ടെലിസ്കോപ്പിന്റെ പിൻഗാമിയാകാൻ പോകുന്ന ഈ പ്രോജക്ടിൽ യൂറോപ്യൻ സ്പേസ് ഏജൻസിയും കനേഡിയൻ സ്പേസ് ഏജൻസിയും പങ്കാളികളാണ്. മഹാ വിസ്ഫോടനത്തിനു ശേഷം ആദ്യം ഉണ്ടായ നക്ഷത്രങ്ങളെയും ഗ്യാലക്സികളെയും തിരയുക, ഗ്യാലക്സികളുടെ രൂപീകരവും ഉത്ഭവവും പഠിക്കുക, നക്ഷത്രങ്ങളുടെ രൂപീകരണവും ഗ്രഹങ്ങളുടെ രൂപീകരണവും പഠിക്കുക, ജീവന്റെ ഉല്പത്തി പഠിക്കുക എന്നിവയാണ് ഈ ടെലിസ്കോപ്പിന്റെ ഉദ്ദേശ്യം. ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് 2021 ഡിസംബർ 25 ന് ഇന്ത്യൻ സമയം വൈകുന്നേരം 5.50 ന് ഏരിയൻ 5 റോക്കറ്റ് ഈ ടെലസ്കോപ്പുമായി കുതിച്ചുയരും.
ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ നിർമാണം – പരിണാമം – ലക്ഷ്യങ്ങൾ – പ്രവർത്തനം -അവതരണം – ഡിസംബർ 26-ന് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് തിരുവനന്തപുരം പ്ലാനറ്റേറിയത്തിൽ
ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് ആകാശേത്തേക്ക് കുതിക്കുകയാണ്. ഹബിൾ സ്പേസ് ടെലിസ്കോപ്പിന്റെ പിൻഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന ഈ പടുകൂറ്റൻ ബഹിരാകാശ ദൂരദർശിനി മൂന്ന് അന്താരാഷ്ട്ര ബഹിരാകാശ ഏജൻസികൾ സംയുക്തമായി ഏറ്റെടുത്തു നടത്തുന്ന ഏറ്റവും ബൃഹത്തായ ശാസ്ത്ര ദൗത്യങ്ങളിലൊന്നാണ്. ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ വിക്ഷേപണവും വിന്യാസവും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് ആകാംക്ഷയോടെ പിന്തുടരാൻ പോവുന്നത് .
ഈ ചരിത്രപരമായ വേളയിൽ ലോകമെമ്പാടും നിറയുന്ന ആവേശത്തിൽ ആസ്ട്രോ കേരളയും പങ്കുചേരുന്നു. ശാസ്ത്ര ഗവേഷണരംഗത്തെ നിർണായകമായ ചുവടുവെപ്പായ ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ നിർമാണം – പരിണാമം – ലക്ഷ്യങ്ങൾ – പ്രവർത്തനം ഇവയെല്ലാം സംബന്ധിച്ച വിശേഷങ്ങൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി പങ്കുവയ്ക്കുന്ന ഒരു പൊതുപ്രഭാഷണം ഡിസംബർ 26-ന് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് തിരുവനന്തപുരം പ്ലാനറ്റേറിയത്തിൽ വച്ചു നടക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഡോ.ആനന്ദ് നാരായണൻ ആണ് വിഷയം അവതരിപ്പിക്കുന്നത്. ചർച്ചകളും ഉണ്ടാകും. ആസ്ട്രോയും തിരുവനന്തപുരത്തെ പിഎംജിയിലുള്ള കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയവും പ്രിയദർശിനി പ്ലാനറ്റോറിയവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോവിഡ് മഹാമാരി മൂലം ഉണ്ടായ നിയന്ത്രണങ്ങൾ കാരണം മുടങ്ങിയിരുന്ന ആസ്ട്രോ ഓഫ്‌ലൈൻ പ്രവർത്തനങ്ങളുടെ തുടക്കം കൂടിയാണിത്. പ്രവേശനം തീർത്തും സൗജന്യം. ഏവർക്കും സ്വാഗതം. താല്പര്യമുള്ള എല്ലാവരേയും അറിയിക്കണേ വരുമ്പോൾ കൂടെ കൂട്ടണേ