Read Time:6 Minute

ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ വ്യാഴം വീണ്ടും ശനിയെ പിന്നിലാക്കിയിരിക്കുന്നു. 12 പുതിയ ഉപഗ്രഹങ്ങളെ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ മൈനർ പ്ലാനെറ്റ് സെന്ററിന്റെ പട്ടികയിൽ ഉൾപെടുത്തിയതോടെയാണ് ഇതു സംഭവിച്ചിരിക്കുന്നത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം അങ്ങനെ ഉപഗ്രഹങ്ങളുടെ എണ്ണത്തിലും ഒന്നാമതായി. ഇതോടെ വ്യാഴത്തിന്റെ തിരിച്ചറിഞ്ഞ ഉപഗ്രഹങ്ങളുടെ എണ്ണം 92 ആയി. ഇതിനു മുൻപ്  ഔദ്യോഗിക ലിസ്റ്റ് അനുസരിച്ച് വ്യാഴത്തിന് 80 – ഉം ശനിക്ക് 83 – ഉം ഉപഗ്രഹങ്ങളാണ് ഉണ്ടായിരുന്നത്. വിവിധ രാജ്യങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന വൻ ടെലിസ്കോപ്പുകളുടെ സഹായത്തോടെയാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്. ഇതിനു പ്രധാനമായും നേതൃത്വം കൊടുത്തത് സ്കോട്ട് ഷെപ്പേർഡ് (Scott S. Sheppard) എന്ന ശാസ്ത്രജ്ഞനാണ്. ഇവയെല്ലാം വളരെ ചെറിയ ഉപഗ്രഹങ്ങളാണ്. വലിപ്പം 1 കിലോമീറ്റർ മുതൽ 3 കിലോമീറ്റർ വരെയാണ്. അതിനാൽ തന്നെ സ്വയം ഗോളാകൃതി കൈവരിക്കാൻ വേണ്ട ഗുരുത്വാകർഷണ ശേഷിയൊന്നും ഇവയ്ക്കില്ല. 

സ്കോട്ട് ഷെപ്പേർഡ് കടപ്പാട്: i.ytimg.com

4 നൂറ്റാണ്ടുമുമ്പേ ശലീലിയോ ഗലീലി (Galileo Galilei) ആണ് താൻ സ്വയം നിർമിച്ച ഒരു ടെലിസ്കോപ്പിലൂടെ വ്യാഴത്തിന്റെ 4 ഉപഗ്രഹങ്ങളെ ആദ്യമായി കണ്ടെത്തിയത്. ഇതു കൂടാതെ ഗലീലിയോയുടെ സമകാലികനായിരുന്ന ജർമൻ ശാസ്ത്രജ്ഞൻ സൈമൺ മാറിയസ് (Simon Marius) ഇവയെ സ്വതന്ത്രമായി കണ്ടെത്തുകയും അവയ്ക്ക് അയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്തോ എന്നീ പേരുകൾ നൽകുകയും ചെയ്തു. ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്ന ഇവയെ ചെറിയ ടെലിസ്കോപ്പുകളിലൂടെ കാണാൻ കഴിയും. ഇവയ്ക്കെല്ലാം 3000 കിലോമീറ്ററിലധികം വ്യാസമുണ്ട്. ഇവയിൽ യൂറോപ്പ ഒഴികെ മറ്റു മൂന്നെണ്ണവും ചന്ദ്രനേക്കാൾ വലുതാണ്.

അയോ കടപ്പാട്: nasa

ഇതിൽ അയോ ധാരാളം അഗ്നിപർവ്വതങ്ങളുള്ള ഗ്രഹമാണ്. അവയിൽ ചിലത് നമ്മുടെ മൗണ്ട്എവറസ്റ്റിനേക്കാൾ ഉയരമുള്ളവയാണ്.  യൂറോപ്പ, ഗാനിമീഡ്, കാലിസ്തോ എന്നിവയിൽ ഐസും അതിനടിയിൽ ദ്രാവകരൂപത്തിലുള്ള ജലവും ധാരാളമായി ഉണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ പഠിക്കാനായി യൂറോപ്യൻ സ്പേസ് ഏജൻസി 2023 ഏപ്രിലിൽ ജൂസ് (Jupiter Icy Moons Explorer – JUICE) എന്ന പേരിൽ ഒരു ബഹിരാകാശ പേടകത്തെ അങ്ങോട്ടയക്കും. 8 വർഷത്തിലധികം യാത്ര ചെയ്ത് 2031 -ൽ ജൂസ്  വ്യാഴത്തിനടുത്തെത്തും. ഇതു കൂടാതെ നാസയും യൂറോപ്പ ക്ലിപ്പർ (Europa Clipper) എന്ന ഒരു ബഹിരാകാശ പേടകത്തെ യൂറോപ്പയിലേക്ക് അയക്കുന്നുണ്ട്. 2024-ൽ വിക്ഷേപിക്കപ്പെടുന്ന ഈ പേടകം 2030-ൽ യൂറോപ്പയുടെ അടുത്തെത്തുമെന്നാണ് കണക്ക്. അവിടുത്തെ ജലത്തിൽ സൂക്ഷ്മജീവികൾക്ക് വളരാൻ കഴിയും എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ഭൗമേതര ജീവികൾക്ക് വളരെ സാദ്ധ്യത കല്പിച്ചിട്ടുള്ള ഒരു ഇടമാണ് വ്യാഴത്തിന്റെ ഉപഗ്രഹമാണ് യൂറോപ്പ. 

പുതിയ കണ്ടെത്തലുകളോടെ ഉപഗ്രഹങ്ങളുടെ പട്ടിക പുതുക്കേണ്ടിയിരിക്കുന്നു.

സൗരയൂഥഗ്രഹംഉപഗ്രഹങ്ങളുടെ എണ്ണം
1ബുധൻ (Mercury)0
2ശുക്രൻ (Venus)0
3ഭൂമി (Earth)1
4ചൊവ്വ (Mars)2
5വ്യാഴം (Jupiter)92
6ശനി (Saturn)83
7യുറാനസ് (Uranus)27
8നെപ്ട്യൂൺ (Neptune)14
ആകെ219

ഇത് 2023 ഫെബ്രുവരിയിലെ കണക്കാണ്. ഇതിനു സമീപഭാവിയിൽ മാറ്റം വരും. ലിസ്റ്റിൽ കൊടുത്തിട്ടുള്ള കണക്ക് സ്ഥിരീകരിച്ചിട്ടുള്ള ഉപഗ്രഹങ്ങളുടെ എണ്ണമാണ്. സ്ഥിരീകരണം ലഭിക്കാത്തവയും ധാരാളമായുണ്ട്. അത്തരം ‘സ്ഥാനാർത്ഥി ഉപഗ്രഹങ്ങൾ’ വ്യാഴത്തിന് 45 എണ്ണവും ശനിക്ക് 83 എണ്ണവും ഉണ്ട്. അതിനാൽ താമസിയാതെ തന്നെ ശനി വീണ്ടും വ്യാഴത്തെ മറികടക്കാനുള്ള സാദ്ധ്യതയും നിലവിലുണ്ട്.


Happy
Happy
16 %
Sad
Sad
4 %
Excited
Excited
25 %
Sleepy
Sleepy
5 %
Angry
Angry
2 %
Surprise
Surprise
47 %

Leave a Reply

Previous post 2023 ഫെബ്രുവരിയിലെ ആകാശം
Next post റഡോൺ എന്നും നമ്മുടെ സന്തതസഹചാരി
Close