നാസയുടെ ജൂനോ ബഹിരാകാശ പേടകം ജൂലൈ 5-നു ഇന്ത്യൻ സമയം രാവിലെ 8 മണിയോടെ സൌരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ എത്തിയിരിക്കുന്നു. രണ്ടായിരത്തി പതിനൊന്നില്‍ വിക്ഷേപിച്ച ജൂനോ പേടകം അഞ്ചു വര്‍ഷം കൊണ്ട് 280 കോടി കിലോമീറ്റലിലേറെ സഞ്ചരിച്ചാണ് വ്യാഴത്തിന്റെ സമീപമെത്തിയിരിക്കുന്നത്.
ഏതാണ്ട് ഏഴായിരം കോടിയില്‍പരം രൂപ ചെലവു പ്രതീക്ഷിച്ചിരുന്ന ജൂനോ ദൗത്യം 2009 ഓടെ വിക്ഷേപിക്കുവാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും 2011 ലേക്ക് അത് നീട്ടിവയ്ക്കുകയായിരുന്നു. 2011 ഓഗസ്റ്റ് 5ന് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്നാണ് ജൂനോയെ വിക്ഷേപിച്ചത്. മനുഷ്യന്‍ നിര്‍മിച്ച ഏറ്റവും വേഗതയേറിയ ബഹിരാകാശപേടകം കൂടിയാണ് ജൂനോ. മണിക്കൂറില്‍ ഏതാണ്ട് 140,000 കിലോമീറ്റർ വേഗതയിൽ പൊയ്ക്കൊണ്ടിരുന്ന ജൂനോ വേഗത കുറച്ച് ‘ഗ്രാവിറ്റി അസ്സിസ്റ്റ്’ എന്ന സങ്കേതത്തിലൂടെ വ്യാഴത്തിന്റെ ഭൂഗുരുത്വാകര്‍ഷണത്തില്‍ കുടുക്കി ഗ്രഹവുമായി കൂടുതല്‍ അടുപ്പിക്കുന്നതിലാണ് നാസയുടെ ശാസ്ത്രജ്ഞര്‍ വിജയിച്ചത്.
ഗ്രീക്ക് ഐതിഹ്യങ്ങളിലെ വിവാഹ ദേവതയാണ് ‘ജൂനോ’. ജൂനോ ദേവിയുടെ ഭര്‍ത്താവാണ് സാക്ഷാല്‍ ജൂപ്പിറ്റര്‍ (വ്യാഴം)! അങ്ങനെ നാസയുടെ സങ്കല്പപ്രകാരം ശൂന്യാകശത്ത് ഇന്ന് ഒരു ദമ്പതീദര്‍ശനം നടന്നുകഴിഞ്ഞു. നാസയുടെ തന്നെ ഗലീലിയോ ബഹിരാകാശ പേടകം ഒരു ദശകം മുന്‍പ് വ്യാഴത്തെയും അതിന്‍റെ ഉപഗ്രഹങ്ങളെയും സംബന്ധിച്ച് ഒട്ടേറെ വിലപ്പെട്ട വിവരങ്ങള്‍ നല്‍കിയിരുന്നു. വ്യാഴത്തിന്റെ ഉപഗ്രഹമായ ഒയ്‌റോപയുടെ ഉപരിതലത്തിലെ മഞ്ഞുപാളികള്‍ക്കടിയിലുള്ള സമുദ്രത്തിന്റെ സൂചന നല്‍കിയത് ഗലീലിയോ ആയിരുന്നു. ഗലീലിയോ ദൗത്യം അവസാനിച്ച ശേഷം ആദ്യമായാണ് ഒരു പേടകം വ്യാഴത്തിലെത്തുന്നത്. സോളാര്‍ പാനലുകളാണ് പേടകത്തിനാവശ്യമായ ഊര്‍ജം പകരുന്നത്. ഊര്‍ജാവശ്യത്തിനായി സോളാര്‍പാനലുകള്‍ ഉപയോഗിക്കുന്ന ആദ്യ വ്യാഴ ദൗത്യമാണ് ജൂനോ. വലിയ ദൂരങ്ങളിലേക്കുള്ള ദൌത്യങ്ങള്‍ക്ക് ലഭ്യമാകുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറഞ്ഞുവരുന്നതുകൊണ്ട് സാധാരണയായി സോളാര്‍പാനലുകള്‍ ഉപയോഗിക്കാറില്ല. ഗലീലിയോയില്‍ ഊര്‍ജാവശ്യത്തിനായി റേഡിയോ ഐസോടോപ് തെര്‍മോ ഇലക്ട്രിക് ജനറേറ്ററുകളാണ് ഉപയോഗിച്ചത്.
വാതകഭീമനായ വ്യാഴത്തിന്‍റെ അന്തരീക്ഷ രഹസ്യങ്ങള്‍, കാന്തിക മണ്ഡലരഹസ്യങ്ങള്‍, മേഘപാളികളിലെ ജലസാന്നിധ്യം, ധ്രുവ പ്രദേശങ്ങളിലെ അറോറകളുടെ സവിശേഷതകള്‍ തുടങ്ങിയവ ചുരുളഴിക്കാന്‍ കഴിയുന്ന വിലപ്പെട്ട വിവരങ്ങള്‍ ജൂനോ നല്‍കുമെന്നാണ് കരുതപ്പെടുന്നത്. സൂര്യന്‍ കഴിഞ്ഞാല്‍ സൗരയൂഥത്തില്‍ ഏറ്റവും ശക്തമായ കാന്തിക ക്ഷേത്രമുള്ളത് വ്യാഴത്തിനാണ്.കൂടാതെ സൗരയൂഥത്തിന്റെ ഉല്‍പത്തിയേക്കുറിച്ചും വിലപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ഈ ദൗത്യത്തിന് കഴിയും.
വ്യാഴത്തിന്റെ കട്ടികൂടിയ അന്തരീക്ഷം തുളച്ചുകടന്ന് ജലത്തിന്റെയും അമോണിയയുടെയും സാന്നിധ്യം പരിശോധിക്കുന്നതിനുള്ള മൈക്രോവേവ് റേഡിയോ മീറ്റര്‍, ധ്രുവ ദീപ്തിക്കുകാരണമായ പ്രതിഭാസങ്ങളേക്കുറിച്ചു പഠിക്കുന്ന ജോവിയന്‍ ഇന്‍ഫ്രാറെഡ് അറോറല്‍ മാപ്പര്‍, വ്യാഴത്തിന്റെ കാന്തികക്ഷേത്രത്തേക്കുറിച്ച് പഠിക്കാനുള്ള മാഗ്‌നറ്റോ മീറ്റര്‍, ഗ്രഹത്തിന്റെ ആന്തരഘടനയും ദ്രവ്യ വിതരണവും പഠിക്കുന്നതിനുള്ള ഗ്രാവിറ്റി സയന്‍സ് ഇന്‍സ്ട്രമെന്റ്, ചാര്‍ജിത കണങ്ങളേക്കുറിച്ച് പഠനം നടത്തുന്ന അറോറല്‍ ഡിസ്ട്രിബ്യൂഷന്‍ ഇന്‍സ്ട്രമെന്റ്, ഖനമൂലകങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള പാര്‍ട്ടിക്കിള്‍ ഡിറ്റക്ടര്‍, വികിരണങ്ങളേക്കുറിച്ച് പഠിക്കുന്ന റേഡിയോ ആന്റ് പ്ലാസ്മ വേവ് സെന്‍സര്‍, അള്‍ട്രാവയലറ്റ് ഉത്സര്‍ജനത്തിന്റെ തോതറിയുന്നതിനുള്ള അള്‍ട്രാവയലറ്റ് ഇമേജിംഗ് സ്‌പെക്‌ട്രോഗ്രാഫ്, ജൂനോക്യാം തുടങ്ങിയ ഉപകരണങ്ങള്‍ ജൂനോവിലുണ്ട്. ഭൂമിയിലെ ഡീപ് സ്‌പേസ് നെറ്റ്വര്‍ക്ക് ഗ്രൗണ്ട് സ്റ്റേഷനിലേക്കുള്ള ആശയവിനിമയം എക്‌സ്-ബാന്‍ഡ് ഡയറക്ട് ലിങ്ക് വഴിയാകും..
ജുനോ വ്യാഴത്തെ സമീപിക്കുന്നതിന്റെ ഗ്രാഫിക് വീഡിയോ ചിത്രീകരണം
3625 കിലോഗ്രാം ഭാരമുള്ള ജൂനോയ്ക്ക് ഇനി പരമാവധി രണ്ടു വര്‍ഷം കൂടി മാത്രമേ ആയുസ്സുണ്ടാവൂ. ഒരു ദീര്‍ഘ വൃത്തപഥത്തില്‍ 20 മാസംകൊണ്ട് ജൂനോ 37 തവണ വ്യാഴത്തെ പ്രദക്ഷിണം വയ്ക്കും. പേടകം വ്യാഴത്തില്‍ നിന്ന് അകന്നിരിക്കുമ്പോള്‍ 32 ലക്ഷം കിലോമീറ്ററും അടുത്തെത്തുമ്പോള്‍ 4900 കിലോമീറ്ററും വരുന്ന രീതിയിലാവും ഭ്രമണപഥം. ഓരോ ഭ്രമണം കഴിയുമ്പോഴും ഭ്രമണപഥത്തിന്റെ വ്യാസം കുറച്ചുകൊണ്ടുവരും. മണിക്കൂറില്‍ ഏതാണ്ട് 2,00,000 കിലോമീറ്റര്‍ വേഗതയിലാവും ജൂനോ വ്യാഴത്തെ ചുറ്റുക.ഏതായാലും രഹസ്യങ്ങളുടെ കലവറയായ വ്യാഴത്തെ ക്കുറിച്ചും സൌരയൂഥ രൂപീകരണം സംബന്ധിച്ചുമൊക്കെ വിലപ്പെട്ട വിവരങ്ങള്‍ ജൂനോ കണ്ടെത്തി നല്‍കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.
[divider] [author image=”http://luca.co.in/wp-content/uploads/2014/10/vs-Syam.jpg” ]തയ്യാറാക്കിയത് : വി.എസ്. ശ്യാം[/author]