ചില രക്ഷിതാക്കൾക്കൊരു വിചാരമുണ്ട്; പാഠപുസ്തകത്തിൽ എല്ലാമുണ്ട് എന്ന്. അത് പഴഞ്ചൻ ധാരണയാണ്. നന്നായി വായിക്കുന്നവരാണ് ഏറ്റവും മിടുക്കരായി മാറുന്നത്. ഓരോ പുസ്തകവും ഒരു മാന്ത്രികപ്പെട്ടിയാണ്- മാജിക് ബോക്സ്. അത് തുറക്കുമ്പോൾ നിങ്ങൾക്ക് അനേകം മാന്ത്രിക അറകൾ കാണാം. ഓരോ അറയിലും, ഓരോ വിടവിലും അനേകം അത്യദ്ഭുതകരങ്ങളായ വിവരങ്ങൾ കാണാം. അത്ഭുതകരവും ആവേശകരവുമായ അറിവുകൾ. ആശയങ്ങൾ, അനുഭവങ്ങൾ, ചിന്തകൾ, സ്വപ്നങ്ങൾ, സാധ്യതകൾ… അതെ; ഓരോ പുസ്തകവും നമുക്കു വേണ്ടി ഒരു വലിയ മാന്ത്രികലോകം ഒരുക്കി, ഒളിപ്പിച്ചുവെച്ച് നമ്മളെ കാത്തിരിക്കുകയാണ്. മാന്ത്രിക അറ തുറക്കുന്നയാളിനേ ഈ അറിവുകൾ ലഭിക്കൂ. ഈ ആശയങ്ങളും സ്വപ്നങ്ങളും ലഭിക്കൂ.
നിങ്ങളുടെ ക്ലാസ് ലൈബ്രറിയും സ്കൂൾ ലൈബ്രറിയും നാട്ടിലെ വായനശാലയും നന്നായി പ്രയോജനപ്പെടുത്തുക. അവിടെയുള്ള മാജിക് ബോക്സുകൾ തുറന്ന് അവയിലെ വിസ്മയങ്ങളെ വാരിപ്പുണരുക. അറിവിൻ മുത്തുകൾ വാരിക്കളിക്കുക