എഡിറ്റോറിയല്‍
50 വർഷം മുമ്പ് ഒരു ജൂലൈ 21-നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയത്. നീൽ ആംസ്ട്രോങ്ങിനാണ് അന്നതിന് ഭാഗ്യമുണ്ടായത്. ശാസ്ത്രത്തിന്റെ ചിറകിലേറിയാണ് ആംസ്ട്രോങ്ങും ആൾഡ്രിനും പറന്നിറങ്ങിയത് എന്നതാണ് പ്രധാന കാര്യം. റൈറ്റ് സഹോദരന്മാർ ആദ്യമായി വിമാനം പറത്തിയത് 1903 ലായിരുന്നു എന്നോർക്കുമ്പോഴാണ് എത്ര വേഗമാണ് മനുഷ്യൻ തന്റെ ജീവിതചക്രവാളം മാറ്റി വരച്ചത് എന്നു നാം അത്ഭുതപ്പെടുക .1903 ൽ നിന്ന് 1969 ലേക്കുള്ള ദൂരം എത്ര ചെറുതാണ്! വൈദ്യുതി കണ്ടെത്തിക്കഴിഞ്ഞ് ഒരു വൈദ്യുത ബൾബ് ജനിക്കാൻ ഏതാണ്ട് ഒന്നര നൂറ്റാണ്ട് എടുത്തു എന്നതുമായി ഇതിനെ താരതമ്യം ചെയ്തു നോക്കൂ.

ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങി എന്നു വിശ്വസിക്കാൻ ഇന്നും കൂട്ടാക്കാത്തവർ ധാരാളമുണ്ട്. ഭൂമിയിൽ ഏതോ മരുഭൂമിയിൽ പോയിറങ്ങി ഫോട്ടോ എടുത്തതാണ് എന്നവർ പറയും. അന്ധമായ മതവിശ്വാസമാണ് അവരെ നയിക്കുന്നത്.ചന്ദ്രൻ അവർക്ക് മാനത്തെ ഒരു ദിവ്യ വസ്തുവാണ്. അതിൽ മനുഷ്യപാദം പതിയാൻ സ്രഷ്ടാവ് അനുവദിക്കില്ല എന്നാണവർ വിശ്വസിക്കുന്നത്. എന്നാൽ അവർ അത് ഉറക്കെ പറയില്ല. പകരം ഒട്ടേറെ കപട ന്യായവാദങ്ങളുമായി വരും. എത്ര വട്ടം നിരാകരിച്ചാലും അതു തന്നെ അവർ ആവർത്തിച്ചുകൊണ്ടിരിക്കും. പാടുപെട്ട് അവരെ സത്യം ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് പാഴ്‌വേലയാണ്. പക്ഷേ പഠിക്കുന്ന കുട്ടികളെ അവർ തെറ്റിദ്ധരിപ്പിക്കാൻ ഇടയുണ്ട്. അതു തടയപ്പെടണം. പുതിയ തലമുറയിലേക്ക് ശാസ്ത്ര വിരുദ്ധത പടരാൻ അനുവദിക്കുന്നത് ആപത്താണ്.
നീൽ ആംസ്സ്ട്രോങ്ങിനെയും എഡ്വിൻ ആൾഡ്രിനെയും യൂറി ഗഗാറിനെയും വാലന്റീന തെരഷ്കോവയെയുമെല്ലാം എല്ലാവർക്കുമറിയാം.എന്നാൽ കോൺസ്റ്റാന്റിൻ ത്‌സിയാൽകോഫ്സ്കിയോ സെർഗീ കൊറെലേഫോ ഫൊൺ ബ്രൗണോ ആരാണെന്നറിയുന്നവർ ഏറെയുണ്ടാവില്ല .ആദ്യം പറഞ്ഞ കൂട്ടരെ നാം അവരുടെ സാഹസികതയുടെയും ധീരതയുടെയും പേരിൽ തീർച്ചയായും ഓർക്കേണ്ടതുതന്നെ. എന്നാൽ ബഹിരാകാശ യാത്ര സാധ്യമായത് രണ്ടാമത്തെ കൂട്ടരുടെ ഭാവനയും സാങ്കേതികമികവും കൊണ്ടാണ്. അവരെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും കൂടുതൽ അറിയാൻ നമുക്ക് ശ്രമിക്കാം.
ചന്ദ്രനിൽ മനുഷ്യനെ ഇറക്കിയത് പാഴ്‌ച്ചെലവായിപ്പോയില്ലേ എന്നു ചോദിക്കുന്ന ധാരാളം പേർ ശാസ്ത്രതല്പരരിൽ പോലുമുണ്ട്. സോവിയറ്റ് ശാസ്ത്രജ്ഞരുടെ പൊതു നിലപാട് അതായിരുന്നു. രണ്ട് ലുനോഖോദ് വാഹനങ്ങൾ ചന്ദ്രനിലിറക്കി ആളില്ലാതെ ഓടിച്ച് മണ്ണും കല്ലും ശേഖരിച്ച് പഠനം നടത്തി ഫലം ഭൂമിയിലെത്തിക്കാൻ അന്നത്തെ സോവിയറ്റ് യൂണിയന് കഴിഞ്ഞല്ലോ. അതിന്റെ എത്രയോ മടങ്ങ് പണം ചെലവഴിച്ച് മനുഷ്യനെ അങ്ങോട്ടയച്ച് (അതും 7 തവണ ) അതേ പഠനങ്ങൾ നടത്തേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന ചോദ്യം ഒട്ടും അപ്രസക്തമല്ല.
എന്നാൽ മറ്റൊരു വിധത്തിൽ ചിന്തിച്ചു നോക്കൂ. ഇന്നല്ലെങ്കിൽ നാളെ മനുഷ്യന് അന്യഗോളങ്ങളിൽ പോകേണ്ടി വരും. അതു ചന്ദ്രനാകാം, ചൊവ്വയാകാം, സൗരേതര ഗ്രഹങ്ങളാകാം. മനുഷ്യനെ എന്നും മുന്നോട്ടു നയിച്ചിട്ടുള്ളത് ഇത്തരം സാഹസികതകളാണ്. എങ്കിൽ അതെന്തിനു വൈകിക്കണം? അതിനു വേണ്ട സാങ്കേതികവിദ്യകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ഭൂമിയിൽത്തന്നെ നമുക്കു പ്രയോജനപ്പെട്ടേക്കാവുന്ന പല നേട്ടങ്ങളും ഉണ്ടായി എന്നും വരും. എന്നു മാത്രമല്ല, അമേരിക്ക പോലുള്ള സമ്പന്ന രാജ്യങ്ങൾ ഓരോ വർഷവും പുതിയ ആയുധങ്ങൾ വികസിപ്പിക്കാനും പഴയവ നിർമിച്ചു കൂട്ടാനും അതുവഴി ശക്തി കുറഞ്ഞ രാജ്യങ്ങളെ പേടിപ്പിച്ചു നിർത്തി വിഭവചൂഷണം നടത്താനും ചെലവഴിക്കുന്ന തുക എത്രയാണ്!. അതിന്റെ ചെറിയൊരംശമേ എല്ലാ അപ്പോളോ യാത്രകൾക്കും കൂടി വേണ്ടി വന്നിട്ടുണ്ടാകൂ.

അതിനർഥം ഇന്ത്യയെപ്പോലുള്ള പട്ടിണി രാജ്യങ്ങൾ ചന്ദ്രനിൽ ആളെ ഇറക്കി പൊങ്ങച്ചം കാട്ടണമെന്നല്ല. അതൊക്കെ പതുക്കെ മതി. നമുക്കാദ്യം വേണ്ടത് സ്വന്തമായി നല്ലൊരു GPS, നല്ല കാലാവസ്ഥാ നിരീക്ഷണ സംവിധാനം, മികച്ച വിഭവഭൂപട സംവിധാനം, മികച്ച ബഹിരാകാശ ടെലിസ്കോപ്പുകൾ, മികച്ച ഒരു ബഹിരാകാശ നിലയം ഇതൊക്കെയാണ് എന്നു തോന്നുന്നു. ഇക്കാര്യങ്ങളെ സംബന്ധിച്ച് ലൂക്കയിൽ ഒരു തുറന്ന ചർച്ചയാവാം. അറിവുള്ളവർ എഴുതു.
ചന്ദ്രയാത്രയുടെ വിശദവിവരങ്ങൾക്ക് തുടർന്നുവായിക്കുക