മഴമേഘങ്ങള്‍ നിങ്ങളുടെ ദൃഷ്ടിമറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരവും ആപൂര്‍വ്വവുമായ ആകാശ കാഴ്ചകളാണ് നിങ്ങള്‍ക്ക് 2016 ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. താരശോഭയുള്ള ഗ്രഹങ്ങളായ വ്യാഴം, ചൊവ്വ, ശനി എന്നിവ കാഴ്ചയുടെ വിരുന്നൊരുക്കി നിങ്ങളെ കാത്തിരിക്കുകയാണ്.
ഏറ്റവും മനോഹരമായ നക്ഷത്രരാശികള്‍ ചിങ്ങവും വൃശ്ചികവും നിങ്ങളെ വശീകരിക്കുമെന്നതും ഈ മാസത്തിന്റെ പ്രത്യേകതയാണ്. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര, തൃക്കേട്ട, ചോതി എന്നിവയെയും നിങ്ങള്‍ക്ക് ആകാശത്ത് ദര്‍ശിക്കാന്‍ സാധിക്കും. ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്നുനില്‍ക്കുന്ന സമയമാണിത്. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്നു നില്‍ക്കുന്നത്. നാസയുടെ കൃത്രിമ ഉപഗ്രഹമായ ജൂന (Juna) വ്യാഴത്തെ പരിക്രമണം ചെയ്യാന്‍ തയ്യാറെടുക്കുന്നതും ഈ സമയത്താണ്.
സന്ധ്യക്ക് വടക്കോട്ട് തിരിഞ്ഞ് നിന്ന് വീക്ഷിക്കുന്നയാളുടെ ഇടതുഭാഗത്ത് (പടിഞ്ഞാറേ ചക്രവാളത്തിന് മുകളിലായി) സൂര്യാസ്തമനത്തോടെ തന്നെ ദൃശ്യമാകുന്ന തിളക്കമാര്‍ന്ന ആകാശ വസ്തുവാണ് വ്യാഴം. മറ്റ് ആകാശ ഗോളങ്ങള്‍ ദൃശ്യമാകുന്നതിനും വളരെ മുമ്പേതന്നെ നമുക്ക് ഗ്രഹരാജാവായ വ്യാഴത്തിനെ കാണാന്‍ കഴിയും. പടിഞ്ഞാറേ ആകാശത്ത് സന്ധ്യക്ക് കാണാന്‍ കഴിയുന്ന ഏറ്റവും ശോഭയുള്ള വസ്തു, അത് വ്യാഴമാണെന്ന് അശേഷം സംശയമില്ലാതെ ഉറപ്പിക്കാം. ചെറിയ ദൂരദര്‍ശിനിയില്‍ കൂടി നോക്കിയാല്‍ പോലും വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളെ കാണാന്‍ സാധിക്കും. ചിങ്ങം രാശിക്ക് മധ്യത്തില്‍ അല്പം തെക്ക് മാറിയാണ് വ്യാഴത്തിന്റെ സ്ഥാനം. ചിങ്ങത്തിന്റെ തലഭാഗത്തുള്ള നക്ഷത്രങ്ങള്‍ ചേര്‍ന്ന് മകം, നടുവിലുള്ള രണ്ട് നക്ഷത്രങ്ങള്‍ ചേര്‍ന്ന് പൂരം, വാല്‍ഭാഗത്തുള്ളവ ചേര്‍ന്ന് ഉത്രം എന്നീ നക്ഷത്രക്കൂട്ടങ്ങള്‍ രൂപപ്പെടുന്നു.
വ്യാഴത്തിന് ഇടതുവശത്തായി (അല്പം മുകളിലായി) കാണുന്ന മഞ്ഞുപോലെ വെളുത്ത് തിളക്കമുള്ള നക്ഷത്രം ചിത്തിരയാണ് (ചിത്ര -Spica). കന്നിരാശിയിലാണ് ചിത്തിര നക്ഷത്രം ഉള്ളത്. കുറച്ചുകൂടി മുകളിലേക്ക് നോക്കിയാല്‍ തലയ്ക്ക് മുകളില്‍ അല്പം കിഴക്ക് തെക്കായി കാണുന്ന ഇളം ചുവപ്പ് നിറമാര്‍ന്ന തിളക്കമുള്ള ആകാശഗോളം ചൊവ്വയാണ്. തുലാം രാശിയില്‍ ഇത് നിലകൊള്ളുന്നു. മെയ് മാസത്തില്‍ കാണാന്‍ കഴിഞ്ഞതിനേക്കാള്‍ തിളക്കം കുറവാണെങ്കിലും ചൊവ്വയെ അനായാസമായി തിരിച്ചറിയാന്‍ കഴിയും. ചൊവ്വയുടെ ചുവപ്പ് നിറം അതിന്റെ പ്രതലത്തിലെ ഇരുമ്പ് ഓക്സൈഡിന്റെ സാന്നിദ്ധ്യംകൊണ്ട് കൈവന്നതാണ്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലായി ഖഗോള മദ്ധ്യരേഖയ്ക്ക് അല്പം വടക്ക് മാറി കാണുന്ന തിളക്കമുള്ള നക്ഷത്രമാണ് ചോതി(Arcturus). ഇളം ചുവപ്പ് നിറമാണിതിന്. ഇത് ചിത്രയ്ക്കും അല്പം വടക്ക് മാറി അവപുരുഷന്‍ (Bootes) എന്ന നക്ഷത്രസമൂഹത്തിന്റെ ഭാഗമാണ്.
ചൊവ്വയ്ക്കും വലതുവശത്തായി (കിഴക്ക്) വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന രണ്ട് ജ്യാതിര്‍ ഗോളങ്ങളുണ്ട്. അതില്‍ മുകളില്‍ കാണുന്നത് ശനി ഗ്രഹവും താഴെ കാണുന്നത് തൃക്കേട്ടയുമാണ്. തൃക്കേട്ട ഉള്‍പ്പെടുന്നതും തേളിന്റെ ആകൃതിയില്‍ കാണപ്പെടുന്നതുമായ നക്ഷത്രരാശിയാണ് വൃശ്ചികം. വൃശ്ചികത്തിന്റെ തലഭാഗത്ത് ശരാശരി തിളക്കമുള്ളതും നിരയായി കാണപ്പെടുതന്നതുമായ മൂന്ന് നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് അനിഴം. ഹൃദയഭാഗത്ത് തൃക്കേട്ടയും താഴെ വാല്‍ ഭാഗം മൂലവും.
വടക്കേ ചക്രവാളത്തിന് മുകളിലായി സപ്തര്‍ഷികളെയും തെക്കേ ചക്രവാളത്തില്‍ തെക്കന്‍ കുരുശിനേയും കാണാന്‍ ഈ മാസം സാധിക്കും. തെക്കന്‍ കുരിശ് ദൃശ്യമാകണമെങ്കില്‍ ഉയരമുള്ള പ്രദേശത്ത് നില്‍ക്കേണ്ടി വരും. ഏതായാലും നിരനിരയായി മൂന്ന് പ്രധാന ഗ്രഹങ്ങളെ നിരീക്ഷിക്കാന്‍ കിട്ടുന്ന അവസരം എല്ലാവരും പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നു.
[divider] [author image=”http://luca.co.in/wp-content/uploads/2015/04/sanu.jpg” ]എന്‍. സാനു[/author]