Read Time:11 Minute

കേൾക്കാം

എഴുതിയത് : സംഗീത ചേനംപുല്ലി, അവതരണം : ഐശ്വര്യ

2022 ൽ ശാസ്ത്രലോകത്തുണ്ടായ സുപ്രധാന ചലനങ്ങൾ എന്തൊക്കെയാണ്? ആരൊക്കെയാണ് അവയ്ക്ക് ചുക്കാൻ പിടിച്ചത് എന്നറിഞ്ഞിരിക്കുക രസമല്ലേ. പ്രശസ്തമായ നേച്ചർ മാസിക 2022 ൽ ശാസ്ത്രരംഗത്തെ മുന്നോട്ട് നയിച്ച 10 ശാസ്ത്രജ്ഞരുടെ പട്ടിക തയ്യാറാക്കിയിരുന്നു. അവരാരൊക്കെ, അവരുടെ സംഭാവനകൾ എന്തൊക്കെ എന്ന് നോക്കാം.

ജെയ്ൻ റിഗ്ബിയുടെ പോരാട്ടങ്ങൾ

ജയിംസ് വെബ്സ്പേസ് ടെലസ്കോപ്പ് വിക്ഷേപിച്ച സമയത്ത് അതിന്റെ ഓപ്പറേഷൻസ് സയന്റിസ്റ്റിന്റെ പ്രധാന ഭയങ്ങളിലൊന്ന് ടെലസ്കോപ്പിന്റെ വലിയ പ്രധാന കണ്ണാടിക്ക് മുന്നിലുള്ള ചെറിയ കണ്ണാടി വേണ്ട വിധം വിടരാതിരിക്കുമോ എന്നതായിരുന്നു. ഫോട്ടോണുകളെ പിടിച്ചെടുത്ത് ഭൂമിയിലേക്ക് എത്തിക്കാനുള്ള ആ കണ്ണാടിയില്ലെങ്കിൽ കോടിക്കണക്കിന് ഡോളർ ചെലവാക്കി നിർമ്മിച്ച ആ ശാസ്ത്രസാങ്കേതിക വിസ്മയം തനി പരാജയമായി മാറിയേനെ. ഏതായാലും അപകടമൊന്നും സംഭവിച്ചില്ല. മുൻ നിശ്ചയിച്ച പോലെത്തന്നെ അത് സ്ഥാപിക്കപ്പെടുകയും വിവരങ്ങൾ ഭൂമിയിൽ കാത്തിരിക്കുന്നവർക്ക് കൈമാറിത്തുടങ്ങുകയും ചെയ്തു. ജെയ്ൻ റിഗ്ബി എന്ന ജ്യോതിശാസ്ത്രജ്ഞയായിരുന്നു ടെലസ്കോപ്പിന്റെ വിജയത്തെ ആകാംക്ഷയോടെ കാത്തിരുന്നത്. പിന്നീട് അതിന്റെ പ്രവർത്തനം വിലയിരുത്തുന്ന സംഘത്തെ നയിച്ചതും അവർ തന്നെയാണ്.

ജെയ്ൻ റിഗ്ബി കടപ്പാട്: സ്റ്റീഫൻ വോസ്, നേച്ചർ

കാൾ സാഗന്റെ കോസ്മോസ് പരമ്പര കണ്ടും അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞയും ബഹിരാകാശ സഞ്ചാരിയുമായ സാലി റൈഡിനെ ആരാധിച്ചും വളർന്ന റിഗ്ബിയുടെ കണ്ണുകൾ സ്വാഭാവികമായും മാനത്തേക്കായിരുന്നു. ബഹിരാകാശ യാത്രികയാവുക എന്ന മോഹത്തിന് തടസ്സം നിന്നത് ഉയരക്കുറവാണ്. അപ്പോൾ അവർ ജ്യോതിശാസ്ത്ര ഗവേഷണ രംഗത്തേക്ക് കടന്നു. ഒരു സെക്കന്റ് ഹാന്റ് ടെലസ്കോപ്പുമായി ഒഴിഞ്ഞ പാടത്തേക്കിറങ്ങിയ അവർക്ക് ഫിസിക്സ് അധ്യാപകനായ അച്ഛന്റെ പിന്തുണയും കിട്ടി.

നാസയുടെ ജ്യോതിശാസ്ത്രജ്ഞ ഡോ. ജെയ്ൻ റിഗ്ബി, 2017 മാർച്ച് 31-ന് മേരിലാൻഡിലെ ഗ്രീൻബെൽറ്റിലുള്ള ഗോദാർഡ് സ്‌പേസ് ഫ്ലൈറ്റ് സെന്ററിൽ നിർമ്മാണത്തിലിരിക്കുന്ന ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് (JWST) നാസയുടെ ആദ്യത്തെ ജ്യോതിശാസ്ത്ര മേധാവി ഡോ. നാൻസി ഗ്രേസ് റോമനെ കാണിക്കുന്നു. കടപ്പാട്: നാസ

ഡിഗ്രി പഠനത്തിന് മുൻപ് തന്നെ അവർ ജ്യോതിശാസ്ത്ര ഗവേഷണങ്ങളിൽ പങ്കെടുത്തു തുടങ്ങിയിരുന്നു. ഹവായിയിലെ കെക്ക് ദൂരദർശിനിയിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്യാൻ സഹായിക്കുന്നത് ഇക്കാലത്താണ്. യൂണിവേഴ്സിറ്റി ഓഫ് അരിസോണയിലെ ഡിഗ്രി പഠനത്തിനിടെ തന്നെ നാസയുടെ സ്പിറ്റ്സർ സ്പേസ് ടെലസ്കോപ്പിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്യുകയും പുതിയ കണ്ടെത്തലുകൾ നടത്തുകയും ചെയ്തിരുന്നു. മികച്ച ഒരു ഇൻഫ്രാറെഡ് ടെലസ്കോപ്പ് ആയ സ്പിറ്റ്സർ ഉപയോഗിച്ചുള്ള ഗവേഷണ പരിചയം അവർക്ക് വലിയ അനുഭവ പരിചയം നല്കി. 1989 ൽ വിഭാവനം ചെയ്യപ്പെട്ട ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പിന്റെ നിർമ്മാണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. പദ്ധതി നീളുന്നതിനനുസരിച്ച് പണച്ചെലവും മറ്റ് പ്രശ്നങ്ങളും കൂടിക്കൊണ്ടിരുന്നു. പദ്ധതി പ്രതിസന്ധികളുടെ പാരമ്യത്തിൽ നിൽക്കുന്ന സമയത്ത് 2010 ലാണ് മറ്റ് രണ്ട് ജോലി വാഗ്ദാനങ്ങൾ നിരസിച്ച് റിഗ്ബി പദ്ധതിയുടെ ഭാഗമാകുന്നത്. ബഡ്ജറ്റ് പരിമിതിയെത്തുടർന്ന് ഒഴിവാക്കേണ്ട സൗകര്യങ്ങൾ എങ്ങനെ ഉൾപ്പെടുത്താൻ കഴിയും എന്ന് പരിശോധിക്കലും അവരുടെ ചുമതലയുടെ ഭാഗമായിരുന്നു.

ഒരു വ്യാഴവട്ടത്തിന്റെ കാത്തിരിപ്പിന് ഒടുവിലാണ് 2022 ൽ ടെലസ്കോപ്പ് വിക്ഷേപിക്കപ്പെട്ടത്. റോക്കറ്റിൽ നിന്ന് വേർപ്പെട്ട് ടെലസ്കോപ്പിലെ സോളാർ പാനലുകൾ വൈദ്യുതി ഉത്പാദിപ്പിക്കാൻ തുടങ്ങിയ നിമിഷം അത്യാഹ്ളാദത്തിന്റെതായിരുന്നു എന്ന് അവർ പറയുന്നു.

തുടർന്ന് ടെലസ്കോപ്പ് കമ്മീഷൻ ചെയ്യുന്നത് വരെയുള്ള അഞ്ച് മാസക്കാലം പശ്ചാത്തലത്തിലുള്ള നോയ്സ് സിഗ്നലുകൾ ടെലസ്കോപ്പിൽ നിന്നുള്ള ഡാറ്റയെ ബാധിക്കുന്നതെങ്ങനെ എന്നുള്ള നിരീക്ഷണത്തിന് അവർ നേതൃത്വം നല്കി. നോയ്സ് ഉള്ളിടത്തോളം ടെലസ്കോപ്പിൽ നിന്നുള്ള വിവരങ്ങൾ പ്രയോജന രഹിതമാണ്. ഈ ദൗത്യം വിജയകരമായി നിറവേറ്റി JWS ടെലസ്കോപ്പിനെ വിശ്വാസയോഗ്യമാക്കാൻ അവർക്ക് കഴിഞ്ഞു. ജൂലൈ 22 ന് ആദ്യ ശാസ്ത്രീയ നിഗമനങ്ങൾ അടങ്ങിയ പേപ്പർ അവർ പ്രസിദ്ധീകരിച്ചു. തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ടെലസ്കോപ്പിൽ നിന്നുള്ള ദൃശ്യങ്ങൾ കാണിച്ച് വിശദീകരിച്ചതും റിഗ്ബിയാണ്. മാധ്യമങ്ങളിൽ JWS ടെലസ്കോപ്പിന്റെ ശാസ്ത്രീയ മുഖമായി അവർ നിറഞ്ഞു നിൽക്കുന്നു.

ഒരു ക്വിയർ വ്യക്തിയായി സ്വയം പ്രഖ്യാപിച്ചിട്ടുള്ള അവർ LGBTQIA+ വിഭാഗത്തിനായി നിലകൊള്ളുന്ന ആക്ടീവിസ്റ്റ് കൂടിയാണ്. ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പിന്റെ പേരുമായി തനിക്കുള്ള വിയോജിപ്പും അവർ രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിൽ, നാസയിൽ നിന്നടക്കം LGBTQIA+ വിഭാഗത്തിൽപ്പെട്ട ശാസ്ത്രജ്ഞരെ പുറത്താക്കിയ കാലത്ത് നാസയുടെ മേധാവിയായിരുന്നു ജെയിംസ് വെബ് എന്നതാണ് അവരുടെ വിയോജിപ്പിന് കാരണം. LGBTQIA+ സമൂഹത്തിനായുള്ള തന്റെ പ്രവർത്തനങ്ങൾ ശാസ്ത്രജ്ഞ എന്ന നിലയ്ക്കുള്ള മികവും കൂട്ടുന്നു എന്ന് അവർ കരുതുന്നു. കാലിഫോർണിയയിൽ സ്വലിംഗ വിവാഹം നിയമവിരുദ്ധമാക്കാനുള്ള ബില്ലിനെതിരെ പ്രചരണം നടത്തി ബില്ലിനെതിരെ പൊതുജന വികാരം രൂപപ്പെടുത്തുന്നതിൽ വിജയിച്ചിരുന്നു. ഗേ ആണെന്ന കാരണം കൊണ്ട് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട് പിൽക്കാലത്ത് ഗേ റൈറ്റ്സ് ആക്ടീവിസ്റ്റ് ആയി മാറിയ ശാസ്ത്രജ്ഞൻ ഫ്രാങ്ക് കമേനിയെ അവർ റോൾ മോഡലായി കാണുന്നു.

വ്യത്യസ്തരായ തങ്ങളെ പ്രപഞ്ചം തിരസ്കരിക്കുന്നില്ല എന്ന അറിവ് ജ്യോതിശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന ക്വിയർ വ്യക്തികളെ ചേർത്ത് നിർത്തുന്നു എന്നും, താൻ കുറേക്കൂടി വലിയ മറ്റൊരു പ്രപഞ്ച യാഥാർഥ്യത്തിന്റെ ഭാഗമാണ് എന്ന തിരിച്ചറിവുണ്ടാക്കാൻ ജ്യോതിശാസ്ത്രം സഹായിച്ചു എന്നും റിഗ്ബി പറയുന്നു. ഏതായാലും റിഗ്ബിയുടെ നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്. അതുകൊണ്ടാണ് നേച്ചർ മാസിക പ്രസിദ്ധീകരിച്ച പത്ത് ശാത്രജ്ഞരുടെ പട്ടികയിൽ അവർ പ്രഥമസ്ഥാനത്ത് നിൽക്കുന്നതും.


മറ്റൊരു ലേഖനം

Happy
Happy
50 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
17 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ബക്കിബോൾ കൊണ്ടൊരു കളി
Next post ഹാപ്പി ബെർത്ത്സോൾ പേഴ്സിവിയറൻസ്
Close