ജി ഗോപിനാഥൻ
പ്രപഞ്ച പഠനത്തിനുള്ള നാസയുടെ ഏറ്റവും ബൃഹത്തായ പദ്ധതിയാണ് ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ്. ഹബിൾ ടെലിസ്കോപ്പിന്റെ പിൻഗാമിയാകാൻ പോകുന്ന ഈ പ്രോജക്ടിൽ യൂറോപ്യൻ സ്പേസ് ഏജൻസിയും കനേഡിയൻ സ്പേസ് ഏജൻസിയും പങ്കാളികളാണ്. മഹാ വിസ്ഫോടനത്തിനു ശേഷം ആദ്യം ഉണ്ടായ നക്ഷത്രങ്ങളെയും ഗ്യാലക്സികളെയും തിരയുക, ഗ്യാലക്സികളുടെ രൂപീകരവും ഉത്ഭവവും പഠിക്കുക, നക്ഷത്രങ്ങളുടെ രൂപീകരണവും ഗ്രഹങ്ങളുടെ രൂപീകരണവും പഠിക്കുക, ജീവന്റെ ഉല്പത്തി പഠിക്കുക എന്നിവയാണ് ഈ ടെലിസ്കോപ്പിന്റെ ഉദ്ദേശ്യം.
പ്രപഞ്ചത്തിന്റെ ഉല്പത്തികാലത്ത് ആദ്യനഷത്രം പിറവിയെടുത്തത് കാണണമെങ്കിൽ ആദ്യം ഉണ്ടാക്കേണ്ടത് ഒരു അവതല (concave )കണ്ണാടിയാണ്, വളരെ വലുതും നല്ല മിനുസമുള്ളതും കുറ്റമറ്റതുമായ ഒന്ന്. എന്നാലേ ഏറെക്കാലം മുമ്പ് ഉറവിടത്തിൽ നിന്ന് പുറപ്പെട്ട് തീരെ മങ്ങിപ്പോയ പ്രകാശരശ്മികളെ പിടിച്ചെടുക്കാനാകൂ. വലിയ കണ്ണാടിയെ റോക്കറ്റിൽ കയറ്റി ബഹിരാകാശത്തേയ്ക്ക് കൊണ്ടുപോകാനാകില്ലല്ലോ. അതുകൊണ്ട് അതിനെ ചെറു കഷണങ്ങളാക്കി. അങ്ങിനെയാണ് 6.5 മീറ്റർ വ്യാസമുള്ള (ഹബിളിന്റെ കണ്ണാടി 2.4 മീറ്റർ മാത്രമാണ്.) കണ്ണാടി 18 ഷഡ്ഭുജങ്ങളായി തിരിച്ച് ഉണ്ടാക്കിയത്. ബഹിരാകാശത്ത് വിക്ഷേപിക്കപ്പെടുമ്പോൾ അവയെയെല്ലാം നിവർത്തിവച്ച് ഒരു തേനീച്ചക്കൂടുപോലെ നിരന്ന് വൃത്താകൃതി കൈവരിക്കും. സൂക്ഷ്മമായി ഇവ സെറ്റ് ചെയ്യുന്നത് ഓരോ കുഞ്ഞൻ മോട്ടോറുകളാണ്. ഓരോ കഷണങ്ങൾക്കിടയിലെ വിടവ് ഒരു വൈറസിന്റെ പകുതി വലിപ്പത്തിലേ ആകാവൂ. ഇവയെല്ലാം ചേർന്നുള്ള ഒരു ഒറ്റക്കണ്ണാടിയായി പ്രവർത്തിക്കും.
അന്നു പുറപ്പെട്ട നക്ഷത്രശോഭയുടെ രശ്മികൾ, സദാ വികസിച്ചുകൊണ്ടിരിക്കുന്ന ഈ മഹാപ്രപഞ്ചത്തിൽക്കൂടി കോടിക്കണക്ക് കൊല്ലങ്ങൾ സഞ്ചരിച്ചെത്തുമ്പോൾ അവ വലിഞ്ഞ്, അവയുടെ തരംഗദൈർഘ്യം ഇരുപതിരട്ടിയാവുകയും ഇൻഫ്രാറെഡ് തരംഗമായി മാറുകയും ചെയ്തിട്ടുണ്ട്. അതായത് നമ്മുടെ ശരീരവും നാം നിൽക്കുന്ന ഭൂമിയുമെല്ലാം പുറത്തുവിടുന്ന അതേ താപതരംഗം. അതിനാൽ അവയെല്ലാം കൂടിക്കുഴഞ്ഞ് തിരിച്ചറിയാനാകാതെ പോകും. അത് ഒഴിവാക്കാൻ കണ്ണാടി വളരെ തണുത്തിരിക്കണം. ബഹിരാകാശത്ത് താപനില പൊതുവേ കുറവാണ് എന്നത് ഇവിടെ സഹായകരമായ ഒരു കാര്യമാണ്. അതിനായി ഈ ടെലിസ്കോപ്പി നെ ഭൂമിയിൽ നിന്ന് ചന്ദ്രിലേക്കുള്ള ദൂരത്തിന്റെ നാലിരട്ടി ഉയരത്തിൽ(15 ലക്ഷം കിലോമീറ്റർ) എത്തിക്കും.
ഉയരത്തിലെത്തിയാലും പോരാ. അവിടെയും സൂര്യനും ഭൂമിയും ചന്ദ്രനും പുറപ്പെടുവിക്കുന്ന താപവികിരണവും പ്രകാശവും ടെലിസ്കോപ്പിനെ ബാധിക്കും. അതൊഴിവാക്കാനായി രണ്ടാം ലെഗ്രേഞ്ച് പോയിന്റ് ആണ് അതിനെ സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്നത്. അവിടെ ഉപഗ്രഹത്തിന്റെ പിന്നിലായി ചന്ദ്രനും ഭൂമിയും സൂര്യനും ഒരേ ദിശയിൽ ആയിരിക്കും. അങ്ങനെ അവയെ മറയ്ക്കാനാകും. കൂടാതെ ശരിയായി മറയ്ക്കുന്നതിന് ഉപഗ്രഹത്തിന്റെ പിന്നിലായി ഒരു വലിയ കുടയും നിവർത്തും, ഒരു ടെന്നീസ് കോർട്ടിന്റെ വലിപ്പത്തിലുള്ള കുട. അങ്ങനെ ടെലിസ്കോപ്പിന് 50 കെൽവിനിലും താഴ്ന്ന താപനില ലഭിക്കുകയും പ്രപഞ്ചോല്പത്തിയിൽ പുറത്തുവിട്ട താപതരംഗങ്ങളെ കണ്ടെത്താനാവുകയും ചെയ്യും.
എന്നാൽ ഈ സൺഷെയ്ഡും ഭാരം കുറഞ്ഞതാകണം. അതിനാലത് തുണികൊണ്ടാണ് ഉണ്ടാക്കിയത്. മുടിനാരിന്റെ കനം മാത്രമുള്ള പോളി ഇമൈഡ് ആണ് ഇതിനുപയോഗിച്ചിരിക്കുന്നത്. അതുതന്നെ അഞ്ചു പാളികളുണ്ട്. അവയുടെ ഇരുവശവും അലുമിനിയം പൂശുകയും ഏറ്റവും താഴെയുള്ള രണ്ടു പാളികളുടെ അടിയിൽ സിലിക്കൺ തേച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സൂര്യന്റെ ചൂട് പ്രതിപതിപ്പിച്ചുകളയാനാണിത്. തുണികൊണ്ടുള്ള ഈ കുട മടക്കി റോക്കറ്റിനകത്ത് കയറ്റാവുന്ന വലിപ്പത്തിലാക്കും. നിവർത്തുമ്പോൾ ശയായില്ലെങ്കിൽ സംഗതി മുഴുവനും വെറും ചവറായിമാറും!
ഈ പരിപാടിയുടെ ആശയം പിറവിയെടുത്തിട്ട് 30 കൊല്ലം കഴിഞ്ഞു. 14 കൊല്ലം മുന്നേ അത് വിക്ഷേപിക്കേണ്ടതായിരുന്നു. നിരവധി പരിശോധനകളും പ്രശ്നങ്ങളും പരിഹാരങ്ങളുമായി ഇത്രകാലം നീണ്ടുപോയി. നൊബേൽ സമ്മാനജേതാവായ അസ്ട്രോഫിസിസിസ്റ്റ് ജോൺ മാത്തർ ആണ് കഴിഞ്ഞ 25 കൊല്ലമായി ഈ പ്രോജക്ടിന്റെ തലപ്പത്തുള്ള നാസയുടെ ചീഫ് സയന്റിസ്റ്റ്. ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് 2021 ഡിസംബർ 22 ന് ആണ് ഏരിയൻ 5 റോക്കറ്റ് ഈ ഉപഗ്രഹവുമായി കുതിച്ചുയരുന്നത്.
പ്രപഞ്ചവിസമയങ്ങളിലേക്കൊരു ജാലകം – വീഡിയോ കാണാം
ജെയിംസ് വെബ്ടെലിസ്കോപ്പ് – ഒരു ആമുഖം