അപർണ മർക്കോസ്
2016 നവംബറിൽ 2 ആണ് ജെയിംസ് വെബ് ടെലസ്കോപ്പിന്റെ വിക്ഷേപണത്തെക്കുറിച്ചുള്ള പ്രഖ്യാപനം നാസ പുറത്തുവിട്ടത്. അന്നു ലൂക്ക പ്രസിദ്ധീകരിച്ച ലേഖനം പുനപ്രസിദ്ധീകരിക്കുന്നു.
1990 മുതൽ ഭൂമിക്കു ചുറ്റും വട്ടമിട്ടുകൊണ്ട്, അതിവിദൂരങ്ങളായ നക്ഷത്രങ്ങളെക്കുറിച്ചും, ഗ്രഹങ്ങളെക്കുറിച്ചും, ഗാലക്സികളെക്കുറിച്ചുമുള്ള വിവരങ്ങൾ നമുക്ക് നൽകിയിരുന്നത് ഹബ്ബിൾ ടെലിസ്കോപ്പാണ്. പക്ഷെ ഹബിൾ ഈ പണി നിർത്താൻ പോവ്വാണ്. വെറുതെയല്ല, ഹബ്ബിളിനേക്കാൾ വലുതും ശക്തിയേറിയതുമായ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിനെ ഈ ജോലി ഏൽപ്പിച്ചിച്ചിട്ടാണ് ഹബിൾ ഔദ്യോഗികമായി വിരമിക്കാൻ പോകുന്നത്. കഴിഞ്ഞ നവംബർ 2 ന് നാസ ഈ തീരുമാനം ലോകത്തെ ഔദ്യോഗികമായി അറിയിച്ചു. ഒപ്പം 870 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന അതിഭീമൻ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിന്റെ നിർമാണം പൂർത്തിയായതായും പ്രഖ്യാപിച്ചു. നീണ്ട ഇരുപത് വർഷങ്ങളാണ് ഈ ഭീമൻ ടെലിസ്‌കോപ്പിന്റെ നിർമാണത്തിന് വേണ്ടി വന്നത്.
JWST യുടെ പ്രൈമറി മിററിനു ഹബിൾ ടെലിസ്കോപ്പിന്റേതിനേക്കാൾ മൂന്നു മടങ്ങു വലിപ്പമുണ്ട്. തേനീച്ചക്കൂടിന്റെ ആകൃതി തോന്നും ഇതിന് . ബഹിരാകാശത്തു പറക്കുന്ന ഏറ്റവും വലിയ ടെലിസ്‌കോപ്പ് ആകും JWST . മാത്രമല്ല. ഇതിനു ഇൻഫ്രാറെഡ് വികിരണങ്ങളെക്കൂടി ശേഖരിക്കാനും സാധിക്കും. പലപ്പോഴും ഗ്രഹങ്ങളിൽ നിന്നും നക്ഷത്രങ്ങളിൽ നിന്നും വരുന്ന പ്രകാശം, കട്ടി കൂടിയ പൊടിപടലങ്ങളുടെ ഇടയിൽ പെട്ട് , ആഗിരണം ചെയ്തു പോകാറുണ്ട്. ഇൻഫ്രാറെഡ്ഡിന് അതിൽക്കൂടി കടന്നു പോരാൻ പറ്റും. JWSTന് ഇവപിടിച്ചെടുത്ത്,പൊടിപടലങ്ങളുടെ അപ്പുറമുള്ള വിവരങ്ങളും നമുക്ക് നൽകാൻ സാധിക്കും.
ജെയിംസ് വെബ് ടെലിസ്കോപ്പിലെ ഏറ്റവും വലിയ ഭാഗം ഇതിന്റെ വെയിലടിക്കാതിരിക്കാനുള്ള മേൽത്തട്ടിയാണ് (സൺ ഷേഡ് ). ഒരു സാധാരണ ടെന്നീസ് കോർ്ട്ടിന്റെ വലിപ്പമുണ്ട് ഇതിന്. 5 പാളികൾ ചേർത്താണ് ഇതുണ്ടാക്കിയിരിക്കുന്നത്. ഓരോ പാളിക്കും ഇടയിൽ ശൂന്യമായ സ്ഥലം ഉണ്ട്. സൂര്യനിൽ നിന്നും പൊള്ളുന്ന ചൂടുമായി എത്തുന്ന വികിരണങ്ങളിൽ നിന്ന് ടെലിസ്കോപ്പിനെ സംരക്ഷിക്കുന്നത് ഈ പാളികളാണ്. ഇൻഫ്രാറെഡ് വികിരണങ്ങൾ അളക്കാനുള്ള ഉപകരണങ്ങൾ പൂജ്യം ഡിഗ്രിക്കും 223° സെൽഷ്യസ് താഴെയുള്ള താപനിലയിൽ സൂക്ഷിക്കാനും ഈ പാളികൾ സഹായിക്കുന്നു. ഈ താപനിലയിലാണ് JWST നന്നായി പ്രവർത്തിക്കുക.
ഇത് പത്തുലക്ഷം സൺസ്‌ക്രീൻ ഉപയോഗിക്കുന്നതിനു തുല്യമാണ് !!!
JWST , ഹബിളിനെ പോലെ ഭൂമിക്കു ചുറ്റുമായിരിക്കില്ല കറങ്ങുക. രണ്ടാം ലഗ്രാഞ്ചിയൻ പോയിന്റ് എന്ന് വിളിക്കുന്ന, ഭൂമിയിൽ നിന്നും ഏതാണ്ട് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒരു സ്ഥാനത്തു നിന്നു കൊണ്ട് അത് സൂര്യനെയാവും ചുറ്റുക. സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വബലം ഈ സ്ഥാനത്ത് ഭാഗികമായി അന്യോന്യം ശൂന്യമാക്കുന്നതിനാൽ, ഒരു നിശ്ചിത വേഗത്തിൽ സൂര്യനെച്ചുറ്റിക്കൊണ്ട് ആ സ്ഥാനത്ത് തുടരാൻ അതിനു കഴിയും. ഈ പ്രദേശം കുറഞ്ഞ താപനിലയുള്ള ഇടമായതിനാൽ , എല്ലായ്പ്പോഴും കൃത്യമായ താപനില നിലനിർത്താനും അതുവഴി പകലും രാത്രിയും ഭൂമിയുമായി ആശയവിനിമയം നടത്താനും അതിനു സാധിക്കും.
നാസയുടെ മുൻ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ജെയിംസ് ഇ വെബ് ന്റെ പേരിലാണ് ഈ പുത്തൻ ടെലിസ്കോപ്പ് അറിയപ്പെടുന്നത്. ബഹിരാകാശ ഗവേഷണങ്ങൾക്കു നാസയെ ഒരുക്കുന്നതിൽഏറ്റവും വലിയ പങ്കുവഹിച്ച ആളെന്ന നിലയ്ക്ക് അദ്ദേഹത്തോടുള്ള ആദരമാണ് ഈ പേരിടലിനു പിന്നിൽ.
2018ഒക്ടോബറിലാണ് ടെലിസ്കോപ്പിന്റെ വിക്ഷേപണം നടക്കുക. 10 വർഷത്തേക്കാണ് JWST വിവരങ്ങൾ ശേഖരിക്കുക. ഇപ്പോൾ അതികഠിനമായ പരീക്ഷണങ്ങൾക്ക് വിധേയമാവുകയാണ് ടെലിസ്കോപ്പ്. ബഹിരാകാശത്തെ അപ്രതീക്ഷിത പ്രക്ഷുബ്ധ സാഹചര്യങ്ങളെയും അപൂർവ്വമായി സംഭവിച്ചേക്കാവുന്ന പൂജ്യം കെൽവിനോടടുത്ത താപനിലയെയും എങ്ങനെ ടെലിസ്കോപ്പ് നേരിടുമെന്നറിയാനാണ് ഈ പരീക്ഷണങ്ങൾ. ശാസ്ത്രജ്ഞർക്ക് ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കുന്നത് കണ്ണാടികൾ തന്നെയാണ്. സ്വർണം പൂശിയ 18 ദർപ്പണങ്ങൾ ചേർന്നതാണ് JWST യുടെ പ്രൈമറി മിറർ. വിക്ഷേപണത്തിനും ഓർബിറ്റിലെത്തിച്ചേരലിനും ശേഷം രണ്ടാഴ്ച എടുത്തുമാത്രമേ കണ്ണാടി മുഴുവനായും വിടർന്നു വരികയുള്ളു. ആലോചിച്ചു നോക്കൂ.15 ലക്ഷം കിലോമീറ്റർ അകലെ, രണ്ടാഴ്‌ച സമയമെടുത്ത് വിടരുന്ന കണ്ണാടികൾക്കു , ചെറിയ പ്രശ്നമെന്തെങ്കിലും ഉണ്ടായാൽ പോലും അടുത്ത 10 വർഷത്തെ പരീക്ഷണങ്ങൾ വെള്ളത്തിലാകും. ഇനി വിടർന്നു വന്നാലും, വിചാരിച്ചതുപോലെ തന്നെയാണോ പ്രവർത്തിക്കുന്നത് എന്ന് അറിയാൻ ഏതാണ്ട് ആറു മാസത്തോളമെടുക്കും. ഹബ്ൾ ടെലിസ്കോപ്പിന് തകരാറു കണ്ടപ്പോൾ അവിടെപ്പോയി അതു നന്നാക്കിയതുപോലെ ഇവിടെ നടന്നെന്നു വരില്ല. 20 വർഷത്തോളമെടുത്ത് ശ്രദ്ധയോടെ നിർമിച്ചതായതിനാൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
JWST യുടെ ആദ്യത്തെ ദൗത്യം , ആൽഫ സെഞ്ചുറിയുടെ ചിത്രങ്ങളെടുക്കുകയാണ്. അതിനെ ചുറ്റുന്ന ഗ്രഹങ്ങളിലെ ജല സാന്നിദ്ധ്യം അറിയാനാണിത്. . ജീവന്റെ സാധ്യത തേടിയുള്ള ഒരു നോട്ടം തന്നെ. ഈ പ്രപഞ്ചത്തിൽ നമ്മളൊറ്റയ്ക്കാണോ എന്നറിയാനുള്ള ഈ ആഗ്രഹം പെട്ടെന്നൊന്നും തീരില്ലല്ലോ, നമ്മളൊറ്റയ്ക്കാകാനുള്ള സാധ്യത വെറും ഒരു ശതമാനം മാത്രമാണ്. 99 ശതമാനം സാധ്യതയും നമുക്ക് പ്രപഞ്ചത്തിൽ പലയിടങ്ങളിലും സുഹൃത്തുക്കൾ ഉണ്ടാകാനാണ്.
JWST യുടെ മറ്റൊരു ദൌത്യം, പലയിടത്തും കാണപ്പെടുന്ന നെബുലകളിലെ വിവരങ്ങൾ കണ്ടെത്തുകയാണ്. അതിലൂടെ പുതുതായി സൃഷ്ടിക്കപ്പെടുന്ന ഗ്രഹവ്യവസ്ഥകളെ കുറിച്ചു പഠിക്കാം. JWST ക്ക് പഴയതും പുതിയതുമായ ഗാലക്സികളെ താരതമ്യം ചെയ്യാനുള്ള ഉദ്ദേശ്യവുമുണ്ട്. ഇത് തമോദ്വാരങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ തരുമെന്നാണ് പ്രതീക്ഷിക്കുന്നത് .
ഇതാദ്യമായല്ല, ലഗ്രാഞ്ചിയൻ ഓർബിറ്റിലേക്ക് ഭൂമിയിൽ നിന്നും ബഹിരാകാശ ടെലിസ്കോപ്പ് അയക്കുന്നത്. യൂറോപ്യൻ ബഹിരാകാശ ഏജൻസി യുടെ ഹെർഷെൽ സ്പേസ് ഒബ്സർവേറ്ററി അവിടെ 2009 മുതൽ ഉണ്ട്. ദൈർഘ്യം കൂടിയ തരംഗങ്ങൾ നിരീക്ഷിച്ച് ഇപ്പോൾ സജീവമായിട്ടുള്ള ഗാലക്സികളെ പറ്റിയാണ് ഇത് പഠനം നടത്തുന്നത്. JWST ക്ക് വളരെ പണ്ട് പ്രപഞ്ചത്തിൽ ഉണ്ടായ തരംഗങ്ങൾ ശേഖരിച്ച്, പ്രപഞ്ചത്തിന്റെ തുടക്കത്തിലുണ്ടായ ഗാലക്സികളെ പറ്റി പഠിക്കാൻ സാധിക്കും.
ഈ രണ്ടു കൂട്ടരും കൂടി,കുറച്ച് പച്ച മനുഷ്യരെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം, അല്ലെ ?
ഹബിളിന് സ്നേഹത്തോടെ ഒരു യാത്രയയ്പ്പു നൽകി ജെയിംസ് വെബ് ടെലിസ്കോപ്പിനെ അടുത്ത തലമുറ ദൗത്യങ്ങൾ നമുക്ക് ഏല്പിയ്ക്കാം.