പ്രൊഫ.പി.കെ.രവീന്ദ്രൻ
ശാസ്ത്രലേഖകൻ
—
ശാസ്ത്രത്തെ ചരിത്രബദ്ധമായി മനസ്സിലാക്കാനുള്ള മൗലികമായ ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ശാസ്ത്രത്തിന്റെ സാമൂഹികധര്മ്മത്തെപ്പറ്റി വ്യക്തമായ കാഴ്ച്ചപ്പാട് അവതരിപ്പിക്കുകയും അതിനായി നിലകൊള്ളുകയും ചെയ്ത ശാസ്ത്രജ്ഞനായിരുന്നു ജെ.ഡി.ബര്ണല്
ജൈവരാസവസ്തുക്കളുടെ ഘടന പഠിക്കുന്നതിന് ക്രിസ്റ്റലോഗ്രഫിക രീതികള്‍ പ്രയോഗിക്കുന്നതിന് ആരംഭം കുറിച്ച ശാസ്ത്രജ്ഞനാണ് ജോണ്‍ ഡെസ്മണ്ട് ബര്‍ണാല്‍ (John Desmond Bernal). 1901 മെയ് 10ന് അയര്‍ലന്റില്‍ സാമുവല്‍ ബര്ണാലിന്റെയും എലിസബത്ത് മില്ലറുടെയും മകനായി ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം ബര്‍ണാലിന് ആകെ ബോറായാണ് തോന്നിയത്. 1919ല്‍ സ്കോളര്‍ഷിപ്പോടുകൂടി കേംബ്രിഡ്ജിലെ ഇമ്മാനുവേല്‍ കോളേജില്‍ ചേര്‍ന്നു. ഗണിതവും ശാസ്ത്രവും വിഷയങ്ങളായെടുത്ത് 1922ല്‍ ബിരുദം നേടി. തുടര്‍ന്ന് ഒരു വര്‍ഷം ജ്യോതിശാസ്ത്രം പഠിച്ചു. പഠനകാലത്ത് ക്രിസ്റ്റലീയഘടനയെക്കുറിച്ച് എഴുതിയ പ്രബന്ധം സമ്മാനാര്‍ഹമായി. കേംബ്രിഡ്ജില്‍ സഹപാഠികളും സുഹൃത്തുക്കളും ബര്‍ണാലിന് നല്കിയ പേരാണ് sage (മഹര്‍ഷി) എന്നത്.
ലണ്ടനിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ വില്യം ഹ്രാഗിന്റെ (William Henry Bragg ) കീഴിലാണ് ബര്‍ണാല്‍ ഗവേഷണം തുടങ്ങിയത്. ക്രിസ്റ്റല്‍ വിശ്ളേഷണത്തിന്റെ പരീക്ഷണരീതികളില്‍ അതിനിപുണനായിരുന്നു ബര്‍ണാല്‍. 1924ല്‍ ഗ്രഫൈറ്റിന്റെ ഘടന നിര്‍ണയിച്ചു. ക്രിസ്റ്റലുകളുടെ എക്സ്- രശ്മി വിശ്ളേഷണത്തിനുപയോഗിക്കുന്ന ഗോണിയോ മീറ്റര്‍ (X-ray spectro-goniometer.), X-രശ്മി ഫോട്ടോഗ്രാഫുകള്‍ വ്യാഖ്യാനിക്കുന്നതിനുള്ള ബര്‍ണാല്‍ ചാര്‍ട്ട് എന്നിവ ബര്‍ണാലിന്റെ സംഭാവനകളാണ്. 1927 ല്‍ കാംബ്രിഡ്ജില് സ്ട്രക്ചറല്‍ ക്രിസ്റ്റലോഗ്രഫിയില്‍ ലക്ചററും, 1934ല്‍ കാവന്‍ഡിഷ് ലബോറട്ടറിയുടെ അസിസ്റ്റന്റ് ഡയറക്ടറുമായി. ജൈവതന്മാത്രകളുടെ പഠനത്തിന് ക്രിസ്റ്റലോഗ്രഫിക രീതികള്‍ ഉപയോഗപ്പെടുത്തുന്നതിന് തുടക്കമിട്ടു. നിരവധി ജൈവ രാസവസ്തുക്കളുടെ ഘടന ക്രിസ്റ്റലോഗ്രഫി ഉപയോഗിച്ചിട്ടാണ് കണ്ടുപിടിച്ചത്. നൊബേല്‍ സമ്മാനാര്‍ഹയായ ഡോറോത്തി ഹോഡ്ജ്കിന്‍ (Dorothy Hodgkin) ബര്‍ണാലിന്റെ സഹപ്രവര്‍ത്തകയും ശിഷ്യയുമായിരുന്നു. ക്രിസ്റ്റലോഗ്രഫി പഠനങ്ങള്‍ക്ക് നൊബേല്‍ സമ്മാനം നേടിയ മാര്‍ക്സ് പെറൂട്സ് (Max Perutz), ആരോണ്‍ ക്ലഗ് (Aaron Klug), ജോണ്‍ കെന്‍ഡ്രു (John Kendrew) എന്നിവരും റോസലിന്‍ഡ് ഫ്രാങ്ക്ലിനും (Rosalind Franklin) ബര്‍ണാലിന്റെ ശിഷ്യരില്‍ പ്രമുഖരാണ്. രണ്ടാം ലോകയുദ്ധകാലത്ത് സഖ്യസേനയുടെ തലവനായ മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ശാസ്ത്രഉപദേഷ്ടാവായിരുന്നു ബര്‍ണാല്‍.
ശാസ്ത്രവും സമൂഹവും തമ്മിലുള്ള അന്യോനബന്ധത്തെക്കുറിച്ച് ബര്‍ണാലിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ശാസ്ത്രം സമൂഹത്തെയും സമൂഹം ശാസ്ത്രത്തേയും എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് ശാസ്ത്രസമൂഹത്തെയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. ബര്‍ണാലിന്റെ രചനകള്‍ ഇതിനു തെളിവാണ്. ബര്‍ണാലിന്റെ രചനകളില്‍ ചിലത്.
- The World, the Flesh & the Devil: An Enquiry into the Future of the Three Enemies of the Rational Soul (1929)
- ശാസ്ത്രത്തിന്റെ സാമൂഹികധർമ്മം The social function of science (1939)
- ജീവന്റെ ഭൗതികാടിസ്ഥാനം The Physical Basis of Life (1951)
- മാർക്സും ശാസ്ത്രവും Marx and Science (1952)
- ശാസ്ത്രം ചരിത്രത്തിൽ Science in History (1954) four volumes
- യുദ്ധമില്ലാത്ത ലോകം World without War (1958)
- ജീവന്റെ ഉല്പത്തി The Origin of Life (1967)
ഇവയാണ്. ബര്‍ണലിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകമാണ് ശാസ്ത്രം ചരിത്രത്തിൽ ((Science in History). ശാസ്ത്രത്തെ ചരിത്രബദ്ധമായി മനസ്സിലാക്കുക എന്ന സങ്കീർണമായ പ്രക്രിയയെയാണ് ഈ പുസ്തകത്തിലൂടെ ബര്‍ണാല്‍ പരിചയപ്പെടുത്തുന്നത്. [box type=”info” align=”” class=”” width=””]ശാസ്ത്രം ചരിത്രത്തില്‍ (നാല് വാല്യം), ശാസ്ത്രത്തിന്റെ സാമൂഹിക ധര്‍മ്മം(വിവര്‍ത്തനം:എം.സി നമ്പൂതിരിപ്പാട്) എന്നീ പുസ്തകങ്ങള്‍ മലയാളത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവർത്തനസാഹിത്യത്തിനുള്ള 2002-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു.[/box]
ബര്‍ണാല്‍ ഇടതുപക്ഷക്കാരനായിരുന്നു. 1923ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. 1934ല്‍ പാര്‍ട്ടി അംഗത്വം വേണ്ടെന്നു വെച്ചെങ്കിലും ഇടതുപക്ഷത്തുതുടര്ന്നു. സോവിയറ്റ് യൂണിയന്റേയും സ്റ്റാലിന്റെയും കടുത്ത ആരാധകനായിരുന്നു. ലൈസെങ്കോയുടെ (Trofim Lysenko) ജനിതകസിദ്ധാന്തത്തെ പിന്തുണച്ചത് ശാസ്ത്രസമൂഹത്തില്‍ ബര്‍ണാലിന് തിരിച്ചടിയായി.
സമാധാനത്തിന് വേണ്ടി യുദ്ധത്തിനെതിരായുള്ള ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. 1948ല്‍ പോളണ്ടില്‍ നടന്ന സമാധാനത്തിനുവേണ്ടിയുള്ള ബുദ്ധിജീവികളുടെ സമ്മേളനം (World Congress of Intellectuals for Peace ,1948. ) പിന്തുണച്ചു. 1949ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ലോകസമാധാന സമ്മേളനത്തില്‍ (world peace conference) യു.എസ്. വിസ നിഷേധിച്ചതിനാല്‍ പങ്കെടുക്കാനായില്ല. എന്നാല്‍ പാരീസില്‍ നടന്ന പാര്‍ട്ടി സാന്‍ ഫോര്‍ പീസ് ലോക സമ്മേളനത്തില്‍ സംഘടനയുടെ വൈസ് പ്രസിഡന്റ് ആയി. നൊബേല്‍ സമ്മാനജേതാവായ ഫെഡറിക് ഷോളിയറ്റ് ക്യൂറി (Frédéric Joliot-Curie) ആയിരുന്നു പ്രസിഡന്റ്. ഈ സംഘടനയുടെ പേര് പിന്നീട് ലോക സമാധാന കൗണ്‍സില്‍ (World Peace Council ) എന്നാക്കി മാറ്റി. 1959 മുതല്‍ 1965 വരെ ലോക സമാധാന കൗണ്‍സിലിന്റെ ആധ്യക്ഷന്‍ ബര്‍ണാല്‍ ആയിരുന്നു.
1922 ല്‍ ബര്‍ണാല്‍ ആഗ്നസ് ഐറീന് പ്രാഗിനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ടു കുട്ടികള്‍. ഡെറോത്തി ഹോഡ്ജ്കിനുമായി വളരെ അടുത്ത ബന്ധമായിരുന്നു ബര്‍ണാലിന്. മാര്‍ഗരറ്റ് ഗാര്ഡിനറുമായി (Margaret Gardiner) ദീര്‍ഘകാല ബന്ധമുണ്ടായിരുന്നു ബര്‍ണാലിന്. ഇവരുടെ പുത്രനായ മാര്ട്ടിന് ബര്‍ണാല്‍ ആണ് ബ്ലാക്ക് അഥീന എന്ന ആഫ്രിക്കന്‍ കേന്ദ്രിതമായ വിവാദ ഗ്രന്ഥത്തിന്റെ രചയിതാവ്. ജെ.ഡി.ബര്‍ണാല്‍ 1971 സെപ്റ്റംബര്‍ 15ന് ലണ്ടനില്‍വെച്ച് നിര്യാതനായി.