![](https://i0.wp.com/luca.co.in/wp-content/uploads/2025/02/iyc2025.png?resize=1140%2C627&ssl=1)
കേരളീയർക്ക് ഒരുവർഷം എത്ര കുളിസോപ്പു വേണം? എത്ര അലക്കുകട്ട വേണം? എത്ര ലീറ്റർ ലിക്വിഡ് സോപ്പു വേണം? ടൂത്ത് പേസ്റ്റും ബ്രഷും ഷാമ്പൂവും ചപ്പലും ഷൂസും എത്ര വേണം? ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള ഉപഭോഗസാധനങ്ങൾ എത്രവീതം വേണം? ഈ കണക്കെടുത്താൽ, അവയെല്ലാം നമുക്കു കേരളത്തിൽ ഉത്പാദിപ്പിക്കാനാകുമോ? ആകുമെങ്കിൽ, ഉപഭോക്തൃസംസ്ഥാനമെന്ന ദുഷ്പ്പേരുള്ള കേരളം ചരക്കുവിലയും നികുതിയുമടക്കം പുറത്തേക്കൊഴുക്കുന്ന എത്രയേറെ ധനം ഇവിടെ പിടിച്ചുനിർത്താം! നമ്മുടെ സമ്പദ്ഘടന എത്ര ശക്തമാകും! പ്രാദേശികവാദമൊന്നും കൂടാതെ, ഗാന്ധിജി വിഭാവനം ചെയ്ത സ്വാശ്രിതനാടായി കേരളത്തിനു മാറിക്കൂടേ? ഗ്രാമത്തിൽ നിർമ്മിക്കാനാവാത്ത ആധുനികാവശ്യങ്ങൾ വച്ച് സ്വാശ്രിതഗ്രാമം സാദ്ധ്യമല്ലെങ്കിലും സ്വാശ്രിതകേരളം സാദ്ധ്യമല്ലേ? ഇവിടെ പറ്റാത്തവ മാത്രം പുറത്തുനിന്നു വരുത്താം.
ആഗ്രഹവും ആശയവും കൊള്ളാം. പക്ഷെ, ഇതിനെല്ലാമുള്ള ഉത്പാദനശാലകൾ തുടങ്ങാൻ മൂലധനമെവിടെ? അവിടെയാണ് നാം ഇനിയും അധികം പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത സഹകരണമേഖലയുടെ പ്രസക്തി. രാജ്യത്ത് സഹകരണമേഖല ഏറ്റവും വ്യാപകവും സജീവവുമായ സംസ്ഥാനമാണു കേരളം എന്നു പറയുമ്പോഴും നമുക്കുള്ളത് വലിയപങ്കും വായ്പാസംഘങ്ങളാണ്. ഉത്പാദനരംഗത്തെ അതിന്റെ സാദ്ധ്യതയുടെ ചെറിയ പങ്കുപോലും നാം പ്രയോജനപ്പെടുത്തിയിട്ടില്ല.
ഒരു മിൽമയോ ഒരു ദിനേശോ റബ്കോയോ റെയിഡ്കോയോ ഒക്കെയല്ലാതെ ഉത്പാദനരംഗത്ത് ശക്തമായ സാന്നിദ്ധ്യമായി ഏറെയൊന്നും സ്ഥാപനങ്ങളില്ല. കാർഷിക, കാർഷികസംസ്ക്കരണരംഗങ്ങളിലെ സാദ്ധ്യതയുടെ നേരിയ അംശംപോലും സഹകരണമേഖലയിലോ അല്ലാതെയോ നാം പ്രയോജനപ്പെടുത്തുന്നില്ല. കാർഷികബാങ്കുകൾ വായ്പ നല്കുന്നതല്ലാതെ ഉത്പാദനത്തിൽ നേരിട്ടു സംഭാവന ചെയ്യുന്നില്ല. സേവനരംഗത്തു മൂന്നോ നാലോ സഹകരണാശുപത്രികളും ഏതാനും വിദ്യാഭ്യാസസംഘങ്ങളും സപ്ലൈകോയും അഗ്രി-ഹോർട്ടിക്രോപ്പും ബെവ്കോയും പോലുള്ള ചില്ലറവില്പനസംഘങ്ങളുമേ പൊടുന്നനെ ഓർമ്മയിൽ എത്തുന്നവയായുള്ളൂ.
അതേസമയംതന്നെ, കേരളത്തിന്റെ മാത്രം സാദ്ധ്യതകൾ ഉപയോഗിച്ച് വ്യവസായ-ഉപഭോക്തൃസേവനമേഖലയിൽ ലോകത്തെ രണ്ടാമത്തെ സഹകരണസ്ഥാപനം എന്ന നിലയിലേക്കുവരെ ഉയർന്ന നിർമ്മാണത്തൊഴിലാളികളുടെ സഹകരണസംഘമായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അനുഭവവും നാം കാണണം.
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/iyc_2025_logo_horizontal_e-w-tagline.png?resize=580%2C247&ssl=1)
സഹകരണവർഷം
ഐക്യരാഷ്ട്രസഭ ആദ്യത്തെ അന്താരാഷ്ട്ര സഹകരണവർഷമായി 2012-നെ പ്രഖ്യാപിച്ചപ്പോൾ മുന്നോട്ടുവച്ച മുദ്രാവാക്യം ‘Cooperative Enterprises Build a Better World’ എന്നായിരുന്നു. ‘സഹകരണസംരഭങ്ങൾ കൂടുതൽ നല്ല ലോകം നിർമ്മിക്കും’ എന്ന്. സംരഭം എന്നാൽ, ഉത്പാദന, സേവന സംരംഭങ്ങൾ തന്നെ. സാമൂഹിക, സാമ്പത്തിക ശാക്തീകരണത്തിൽ പൊതുവിലും പട്ടിണി കുറയ്ക്കൽ, തൊഴിൽസൃഷ്ടി, സാമൂഹികോദ്ഗ്രഥനം തുടങ്ങിയവയിൽ വിശേഷിച്ചും സഹകരണമേഖലയ്ക്കുള്ള സ്വാധീനം ഉയർത്തിക്കാട്ടിയായിരുന്നു ആ വർഷാചരണം. ലോകത്താകെ അതു കാര്യമായ പ്രതികരണം ഉണ്ടാക്കിയെങ്കിലും നമ്മുടെനാട്ടിൽ പതിവാചാരങ്ങൾ നടന്നതല്ലാതെ സംരംഭരംഗത്ത് മുന്നേറ്റമൊന്നും ഉണ്ടായില്ല. ഐ ടി രംഗത്തുംമറ്റും യുവാക്കളുടെ മുൻകൈയിൽ ചില സഹകരണസംഘങ്ങൾ ഉയർന്നുവന്നത് സാങ്കേതികവിദ്യാമുന്നേറ്റത്തിന്റെ സ്വാഭാവികഫലം മാത്രമായിരുന്നു.
ഐക്യരാഷ്ട്രസഭ ഒരിക്കൽക്കൂടി അന്താരാഷ്ട്രസഹകരണവർഷം പ്രഖ്യാപിച്ചിരിക്കുന്നു. ഇക്കൊല്ലത്തെ മുദ്രാവാക്യം ‘Cooperatives Build a Better World’ എന്നാണ്. ‘സഹകരണസംഘങ്ങൾ കൂടുതൽ നല്ല ലോകം നിർമ്മിക്കും’ എന്ന്. പഴയതിൽനിന്ന് ‘സംരംഭങ്ങൾ’ ഒഴിവായി. ‘സംഘങ്ങ’ളെന്നായി. ഊന്നലും സാമൂഹിക-സാമ്പത്തിക ശാക്തീകരണം എന്നതിൽനിന്ന് ‘സുസ്ഥിരവികസനം’ എന്നതിലേക്കു മാറി. “സഹകരണമാതൃക പല ആഗോളവെല്ലുവിളികളും അതിലംഘിക്കാനുള്ള ‘അനിവാര്യപരിഹാരം’ (essential solution) ആകുന്നതും 2030-ലേക്ക് യുഎൻ പ്രഖ്യാപിച്ചിട്ടുള്ള സുസ്ഥിരവികസനലക്ഷ്യങ്ങൾ (SDGs) കൈവരിക്കുന്നതിൽ സുപ്രധാനപങ്കു വഹിക്കുന്നതും എങ്ങനെ” എന്നതിലാണ് ‘സഹകരണവർഷം 2025’-ന്റെ ഊന്നൽ.
![](https://i0.wp.com/luca.co.in/wp-content/uploads/2020/08/sdg-malayalam.png?resize=1140%2C790&ssl=1)
ഒരു നല്ല ലോകം നിർമ്മിക്കാൻ ലോകത്തെ നാനാജനവിഭാഗങ്ങളും ഒന്നിക്കുന്നതിന്റെ ആവിഷ്ക്കാരമാണ് പുതിയ സഹകരണവർഷത്തിന്റെ മുദ്ര. സുസ്ഥിരവികസനലക്ഷ്യങ്ങളുടെ ഗ്രാഫിക്സിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് മൂന്നു നിറങ്ങൾ – സമൂഹം, സമ്പദ്ഘടന, പരിസ്ഥിതി എന്നിവയെ പ്രതിനിധാനം ചെയ്ത് യഥാക്രമം ചുവപ്പും നീലയും പച്ചയും – ആണ് മുദ്രയിൽ ഉള്ളത്. പരിസ്ഥിതിക്കുകൂടി ഇത്തവണത്തെ വർഷാചരണത്തിൽ സുപ്രധാനസ്ഥാനം കൈവന്നിരിക്കുന്നു എന്നതാണ് ഇതിലൂടെ യു എൻ വ്യക്തമാക്കുന്നത്.
ഇന്നത്തെ വികസനരീതി സുസ്ഥിരമല്ലെന്നും വിനാശത്തിന്റേതാണെന്നുമുള്ള വസ്തുത ലോകത്തിനു കൂടുതൽ ബോദ്ധ്യമാകുന്നതിന്റെ സൂചന ഇതിൽ കാണാം. ഇതിൽ മാത്രമല്ല ഇൻഡസ്ട്രി 5.0 എന്നു വിളിക്കുന്ന അടുത്ത വ്യവസായയുഗം സംബന്ധിച്ച ചർച്ചകളിൽ ഉയർന്നുകേൾക്കുന്നതും ഈ ആശങ്കതന്നെ. ആർത്തിമൂത്തു ചിത്തഭ്രമം ബാധിച്ച ആഗോളമൂലധത്തിന്റെ കോർപ്പറേറ്റ് വികസനസമീപനത്തിനുള്ള ബദലുകൾക്കുള്ള അന്വേഷണം പല തലത്തിലും നടക്കുന്നു. ‘സഹകരണസംഘങ്ങൾക്കു കൂടുതൽ നല്ല ലോകം നിർമ്മിക്കാനാകും’ എന്ന നിലപാടും കോർപ്പറേറ്റിനു ബദലാകാനുള്ള സഹകരണപ്രസ്ഥാനത്തിന്റെ സാദ്ധ്യതയാണു വിളംബരം ചെയ്യുന്നത്.
ആർത്തി Vs സുസ്ഥിരത
പുതിയ വ്യവസായയുഗം സാങ്കേതികവിദ്യകൾ കേന്ദ്രമാക്കിയുള്ളതാവില്ല, മറിച്ച്, മനുഷ്യകേന്ദ്രിതമാകും എന്നാണ് ‘വ്യവസായയുഗം 5.0’ സംബന്ധിച്ച പല ആലോചനകളും പ്രവചിക്കുന്നത്. വ്യവസായയുഗം 5.0 എന്നത് മുൻകാലവ്യവസായവിപ്ലവങ്ങൾപോലെ പുതിയ എന്തെങ്കിലും സാങ്കേതികവിദ്യാമുന്നേറ്റത്തിലൂടെ സംഭവിക്കുന്ന ഒന്നായല്ല വിഭാവനം ചെയ്യുന്നത്. മറിച്ച്, നിലനില്ക്കുന്ന സമ്പ്രദായങ്ങളെ തകർക്കുന്ന (disruptive) സാങ്കേതികവിദ്യകളുടെ മുന്നേറ്റം നടക്കുന്ന ഇന്നത്തെ വ്യവസായയുഗം (industry 4.0) മനുഷ്യകേന്ദ്രിതമായി മാറുന്നു എന്നാണ്. അങ്ങനെയുണ്ടാകുന്ന സമൂഹത്തെ ‘പുതിയ സമൂഹം’ അഥവാ സൊസൈറ്റി 5.0 ആയും നിർവ്വചിക്കുന്നു.
മാനവനാഗരികതയുടെ ഭാവിയുടെ മാർഗ്ഗദർശനം എന്നൊക്കെയാണ് പലരും 5.0 സമൂഹത്തെ കാണുന്നത്. അത് സമത്വത്തിലും നീതിയിലും ഉൾച്ചേർക്കലിലും മിതത്വത്തിലും സമാനമൂല്യങ്ങളിലും ഊന്നുന്ന, മനുഷ്യ-യന്ത്രബന്ധം സഹവർത്തിത്വമായി പുനർനിർവ്വചിക്കുന്ന, ഒരു ‘സൂപ്പർ സ്മാർട്ട് സമൂഹം’ ആയിരിക്കുമെന്നും അവർ ചിന്തിക്കുന്നു.
ഏതായാലും, ഈ പുതിയ സങ്കല്പനപ്രകാരം ഒരു സാമൂഹികപരിണാമമാണ് ഇനി സംഭവിക്കേണ്ടത്. ഇന്നത്തെ സാമൂഹികസാമ്പത്തികവ്യവസ്ഥയിൽ സാരമായ പ്രശ്നങ്ങൾ ഉണ്ടെന്നും അവ പരിഹരിച്ചുകൊണ്ടേ മുന്നോട്ടുപോകാനാകൂ എന്നുമുള്ള തിരിച്ചറിവാണ് ഈ ചിന്തകളിലെല്ലാം കാണുന്നത്.
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/a-prehistoric-setting-where-early-humans-are-seen-1.png?ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/a-rural-village-scene-with-people-farming-plowing.png?ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/a-bustling-city-during-the-industrial-revolution-w.png?ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/a-modern-digital-cityscape-with-skyscrapers-peopl2.png?ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/a-modern-digital-cityscape-with-skyscrapers-peopl.png?ssl=1)
സമൂഹം 5.0 സുസാദ്ധ്യമോ?
അതേസമയം, ഇതുസംബന്ധിച്ച പ്രായോഗികനിർദ്ദേശങ്ങൾ ഊന്നുന്നത് നവസാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഉത്പാദനവർദ്ധന സാദ്ധ്യമാക്കാൻ തൊഴിലാളികളെ നിപുണരാക്കുന്നതിലും അതിലൂടെ അവരുടെ ജീവിതം മെച്ചമാക്കുന്നതിലും വ്യവസായങ്ങളുടെ നിലനില്പിനുകൂടി ആവശ്യമായ പരിസ്ഥിതിസംരക്ഷണത്തിലും മറ്റുമാണ്. പരിസ്ഥിതിത്തകർച്ചയും അമിതവിഭവചൂഷണവുമൊക്കെ ഒഴിവാകുന്നതെന്നേ വികസിതസമൂഹങ്ങളിലെ വികസനചിന്തകർ പറയുന്നുള്ളൂ.
ചുരുക്കത്തിൽ, ആശയം കേൾക്കുമ്പോൾ തോന്നുന്നപോലെ സാമൂഹികവിപ്ലവമൊന്നും ഇതിലൂടെ സംഭവിക്കാൻപോകുന്നില്ല. ധനികദരിദ്ര അന്തരം വർദ്ധിക്കുന്നതോ തൊഴിലില്ലായ്മ പെരുകുന്നതോ പോലുള്ള കാര്യങ്ങളൊന്നും എവിടെയും കാണുന്നില്ല. വ്യവസായികൾ, തൊഴിൽ കിട്ടാൻ ഇടയുള്ളവർ, ഉപഭോക്താക്കൾ, പരിസ്ഥിതി എന്നിവയ്ക്കൊപ്പം സമൂഹം എന്നും പറയുന്നുണ്ടെങ്കിലും സൊസൈറ്റി 5.0 പൊതുസമൂഹത്തിന്റെ നില എങ്ങനെ മെച്ചമാക്കുമെന്നു പറയുന്നില്ല. പൊതുവിൽ വ്യവസായതാത്പര്യങ്ങളാണു ചർച്ചചെയ്യപ്പെടുന്നത്.
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/1572518495756.png?resize=1140%2C639&ssl=1)
സർക്കാരേജൻസികളും അക്കാദമികസമൂഹവും സന്നദ്ധസാമൂഹികസംഘടനകളും ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോഴും മൂലധനശക്തികളും അവരുടെ കാര്യകർത്താക്കളായ രാഷ്ട്രഭരണകൂടങ്ങളും എങ്ങനെ ഇതിനോടു പ്രതികരിക്കും എന്നത് ഇനിയും വ്യക്തമായിട്ടില്ല.
എട്ടുകൊല്ലമായി ഈ ചർച്ച നടക്കുമ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ത് എന്നതു ദിശാസൂചകമാണ്. സോഫ്റ്റ്‌വെയർവികസനത്തിലുൾപ്പെടെ വന്നിരിക്കുന്ന പുതുസങ്കേതങ്ങളും നിർമ്മിതബുദ്ധിയും റോബോട്ടിക്സും ത്രീഡി പ്രിന്റിങ്ങും ഐഒറ്റിയും ബിഗ് ഡേറ്റയും സമ്പൂർണ്ണസ്വയംപ്രവർത്തന(total automation)വും യന്ത്രവത്ക്കരണവുമെല്ലാം വൻതോതിൽ തൊഴിൽ ഇല്ലാതാക്കുകയാണ്. അങ്ങനെ പെരുകാൻപോകുന്ന തൊഴിൽരഹിതസമൂഹത്തിന് ഉപജീവനവും അന്തസുറ്റ ജീവിതവും ഉറപ്പാക്കൽ വലിയ വെല്ലുവിളിയാകും.
തൊഴിൽ നഷ്ടമാക്കൽ മാത്രമല്ല, വികസിതരാജ്യങ്ങളിൽ ദേശീയവരുമാനത്തിലെ കൂലിയുടെ പങ്ക് നിരന്തരം കുറയുന്നു. ചരിത്രത്തിൽ ഇല്ലാത്ത അസമത്വമാണ് ഉണ്ടായിരിക്കുന്നത്. നിലവിലെ ഉത്പാദനബന്ധങ്ങൾക്ക് ഉൾക്കൊള്ളാനാവാത്ത നിലയിലേക്ക് ഉത്പാദനശക്തികൾ വളരുന്നതാണു മറ്റൊരു പ്രതിഭാസം. ഇത് കാലാവസ്ഥാമാറ്റം, തൊഴിലില്ലായ്മ, ധനിക-ദരിദ്ര അന്തരം തുടങ്ങിയവ രൂക്ഷമാക്കുന്നു.
പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ നാലായി ചുരുക്കുന്ന ‘ഫോർ ഡേ വർക്ക്‌വീക്ക്’ പല സ്ഥാപനങ്ങളും പ്രദേശങ്ങളും നടപ്പാക്കുകയും അതു മനുഷ്യരെ കൂടുതൽ ആരോഗ്യവും സന്തോഷവും ഉത്പാദനക്ഷമതയും ഉള്ളവരാക്കുന്നു എന്നു പഠനങ്ങൾ തെളിയിക്കുകയും ചെയ്ത പശ്ചാത്തലത്തിലും ജോലിസമയം കൂട്ടുന്നതിനെപ്പറ്റിയാണു മുതലാളിമാർ സംസാരിക്കുന്നത്. പ്രവൃത്തിസമയം ആഴ്ചയിൽ 70 മണിക്കൂർ (ദിവസം 12 മണിക്കൂർവീതം ആഴ്ചയിൽ ആറുദിവസം) ആക്കണമെന്നു പറഞ്ഞ നാരായണമൂർത്തിയും 90 മണിക്കൂറാക്കണമെന്നു പറഞ്ഞ എൽ & റ്റി മേധാവി എസ്. എൻ. സുബ്രഹ്മണ്യനും തൊഴിലവകാശങ്ങൾ റദ്ദാക്കി നിയമനിർമ്മാണം നടത്തിയ ഇൻഡ്യൻ ഭരണകൂടവുമെല്ലാം നമുക്കുമുന്നിൽ ഉണ്ടല്ലോ.
സാധനങ്ങളുടെ ചില്ലറവിതരണം, ടാക്സി ലഭ്യമാക്കൽ തുടങ്ങിയ സേവനങ്ങൾ നല്കുന്ന പ്ലാറ്റ്ഫോം കോർപ്പറേറ്റുകളുടെ ചൂഷണത്തിനെതിരെ സമീപകാലത്തു നടന്നതും ഇനിയും നടക്കാൻ ഇടയുള്ളതുമായ പണിമുടക്കുസമരങ്ങൾ നല്കുന്ന സൂചനയും മറ്റൊന്നല്ല. ടാക്സി ഡ്രൈവർമാർക്കും സാധനങ്ങൾ വീടുകളിൽ എത്തിക്കുന്ന വിതരണക്കാർക്കും തൊഴിലാളികൾ എന്ന നിലയിലുള്ള അവകാശങ്ങൾ നിഷേധിക്കാനായി അവരെ കരാറുകാരായി പുനർനിർവ്വചിച്ചാണല്ലോ ഈ പ്ലാറ്റ്ഫോം കോർപ്പറേറ്റുകൾ പ്രവർത്തിക്കുന്നത്. ബയോടെക്നോളജിയുടെയും ജനൈതകവിദ്യയുടെയും ദുരുപയോഗസാദ്ധ്യത പോലുള്ള സാമൂഹിക, നൈതിക പ്രശ്നങ്ങളുമുണ്ട്. ഇതൊക്കെ ഇൻഡസ്ട്രി 4.0-യുടെ സ്വഭാവങ്ങളാണെന്ന് ഓർക്കണം.
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/sustainability-13-02682-g001.png?resize=1140%2C550&ssl=1)
ഇവയടക്കം മൂലധനതാത്പര്യങ്ങൾക്കു മുന്നിലുള്ള വെല്ലുവിളി ചെറുതല്ല. കാലാവസ്ഥാവ്യതിയാനവും വിഭവശോഷണവും പരിസ്ഥിതിനാശവും പോലുള്ള കാര്യങ്ങൾ ലോകമാകെ ഉത്ക ണ്ഠയോടെ കാണുമ്പോൾ അതിനു വഴിതെളിക്കുന്ന പ്രവർത്തനങ്ങളും നയവുമായി മുന്നോട്ടുപോകുക മുതലാളിത്തത്തിനു സുഗമമാകില്ല. ഇവയൊക്കെമൂലം വർദ്ധിച്ചുവരുന്ന ജനരോഷം അടക്കാനുള്ള പഞ്ചാരപൂശലാകുമോ ഈ മാനവികതാവാദം?
മാനുഷികമൂല്യങ്ങൾ പാലിക്കുകയെന്ന പഴയ ഗുണദോഷിക്കലിനൊന്നും ഇത്തരമൊരു സാഹചര്യത്തിൽ പ്രസക്തിയില്ലാതാകും. വികസനംതന്നെ മാനവികമായ മനുഷ്യകേന്ദ്രിതമായ, ഒന്നായി പുനർനിർവ്വചിക്കേണ്ടിവരും. അതിനു കൂടുതൽ വ്യാപകമായ ചർച്ചകൾ ആവശ്യമാണ്. തുടക്കത്തിൽ പറഞ്ഞതുപോലുള്ള ആവശ്യാധിഷ്ഠിത ഉത്പാദനാസൂത്രണം, സുസ്ഥിരതയിലൂന്നുന്ന നിയന്ത്രണം തുടങ്ങിയവ ഇവരെല്ലാം വിഭാവനം ചെയ്യുന്നതുപോലെ നടപ്പിലാക്കണമെങ്കിൽ അത്തരം ആശയങ്ങൾ ഉള്ളവരുടെ ബോധപൂർവ്വമായ ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്. സാങ്കേതികവിദ്യാവികാസം സ്വയം മാനവികത കൊണ്ടുവരില്ല എന്നു ചുരുക്കം.
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/a-lively-dairy-cooperative-scene-where-kerala-farm-1.png?ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/a-lively-dairy-cooperative-scene-where-kerala-farm1-2.png?ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/a-lively-dairy-cooperative-scene-where-kerala-farm3-2.png?ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/a-lively-dairy-cooperative-scene-where-kerala-farm2-1.png?ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/a-kerala-coastal-village-where-fishermen-from-a-co1.png?ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/a-kerala-coastal-village-where-fishermen-from-a-co.png?ssl=1)
സഹകരണം മാനവികം
ആവശ്യമായ സാധനങ്ങളും സേവനങ്ങളും ദേശ, ഭാഷാ, ലിംഗ, പ്രായഭേദമെന്യേ സകലർക്കും ലഭ്യമാക്കി സാമൂഹികപ്രശ്നങ്ങൾ പരിഹരിക്കുക എന്നതും സാമ്പത്തികപുരോഗതിയും തമ്മിലാണല്ലോ മുതലാളിത്തത്തിൽ വൈരുദ്ധ്യം. അവയെ പൊരുത്തപ്പെടുത്താൻ ഭൗതികയിടവും സൈബറിടവും തമ്മിൽ വൻതോതിലുള്ള സംലയനം വഴി കഴിയുമെന്നതാണ് 5.0 സമൂഹം സംബന്ധിച്ച ചിന്തകളുടെ അടിസ്ഥാനം. വിവര-വിവരവിനിമയസാങ്കേതികവിദ്യാരംഗത്തെ മുന്നേറ്റത്തിന്റെ സാഹചര്യത്തിൽ ഇതു സാദ്ധ്യമാണെന്നാണു വിലയിരുത്തൽ. നിലനില്ക്കുന്ന സമ്പ്രദായത്തെ അപേക്ഷിച്ച് ഇതു വളരെ സങ്കീർണ്ണമാണ്.
ലാഭത്തിനായി മുതൽ മുടക്കുന്ന വ്യവസായി ഉള്ളിടത്തോളം ഈ സ്വപ്നങ്ങൾ എത്രകണ്ടു സാധുതപ്രായമാകും? മുതലാളിത്തത്തിൽനിന്നു മനുഷ്യത്വം പ്രതീക്ഷിക്കുന്നതിൽപ്പരം വിഢിത്തം വേറെയുണ്ടോ? രാഷ്ട്രഭരണകൂടങ്ങളെയും അന്താരാഷ്ട്രസംഘടനകളെയുമൊക്കെ നിയന്ത്രിക്കുന്ന മൂലധനശക്തികൾക്ക് ആരു മണി കെട്ടും? അതു സാദ്ധ്യമല്ലെങ്കിൽ സൊസൈറ്റി 5.0 സാദ്ധ്യമാണോ? ലാഭേച്ഛയിലല്ലാതെ, സാമൂഹികാവശ്യത്തിൽ ഊന്നുന്ന വ്യവസായങ്ങളോ മൂലധനമോ സാദ്ധ്യമാണോ?
അവിടെയാണ്, മാനവികമായ പുതിയ (5.0) സമൂഹത്തിനൊത്ത വികസനം സാദ്ധ്യമാക്കാൻ കഴിയുന്ന ഏറ്റവും ഉത്തരവാദപൂർണ്ണമായ സംവിധാനമായി സഹകരണപ്രസ്ഥാനത്തെ പലരും ഉയർത്തിക്കാട്ടുന്നത്. ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റും വേൾഡ് ഇക്കണോമിക് ഫോറവും ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസുമൊക്കെ ഇക്കാര്യം വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നത് അതുകൊണ്ടാണ്.
സഹകരണവർഷത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങൾ ഐക്യരാഷ്ട്രസഭ നിർവ്വചിക്കുന്നത് ഇങ്ങനെയാണ്: 1. സഹകരണസ്ഥാപനങ്ങൾക്കു സുഗമമായ അന്തരീക്ഷം സർക്കാരുകൾ ഒരുക്കുക, 2. ബോധവത്ക്കരണവും പുത്തൻ നേതൃവികസനവും സഹകരണം പ്രയോജനപ്പെടുത്തലും സഹകരണസംഘങ്ങൾ ചെയ്യുക, 3. വിദ്യാഭ്യാസവും ശേഷികൾ ശക്തിപ്പെടുത്തലും അന്താരാഷ്ട്രസഹകരണത്തിനുള്ള സഹായവും വഴി സഹകരണസംഘങ്ങളെ പ്രോത്സാഹിപ്പിക്കൽ വികസനയേജൻസികളും സ്ഥാപനങ്ങളും നിർവ്വഹിക്കുക, 4. പൊതുജനങ്ങൾ സഹകരണത്തിന്റെ തനിമ മനസിലാക്കുകയും സഹകരണമുൻകൈകളെ പിന്തുണയ്ക്കുകയും ചെയ്യുക.
ഇതൊക്കെ നിറവേറിയാൽ സഹകരണമേഖലയ്ക്ക് എന്തൊക്കെ മാറ്റം കൊണ്ടുവരാനാകും?
സഹകരണമേഖലയ്ക്ക് ഒരേസമയം വ്യവസായവളർച്ചയും സാങ്കേതികമുന്നേറ്റവും സുസ്ഥിരവികസനവും തൊഴിലും നൈ പുണ്യവികസനവും മികച്ച വേതനവും തൊഴിലാളിക്ഷേമവും സാമൂഹികവികാസവും മാനവികതയും സമന്വയിപ്പിക്കാൻ കഴിയും. ലാഭത്തിനു പറ്റുന്ന സാധനങ്ങൾ വികസിപ്പിച്ച്, ആവശ്യം സൃഷ്ടിച്ച്, വിപണിയുണ്ടാക്കി പണം നേടുക എന്നതിനുപകരം, തുടക്കത്തിൽ പറഞ്ഞപോലെ സമൂഹത്തിന്റെ ആവശ്യങ്ങൾ നിർണ്ണയിച്ചുള്ള ഉത്പാദന, സേവനപ്രദാന പ്രക്രിയകളിലേക്ക് ഉത്പാദനമാതൃക മാറുകകൂടി ചെയ്താൽ തികച്ചും വ്യത്യസ്തമായ ഒരു സാമൂഹികസൃഷ്ടി സാദ്ധ്യമാകുകതന്നെ ചെയ്യും. ആധുഷുനികസാങ്കേതികവിദ്യകൾ സാദ്ധ്യമാക്കുന്ന വികേന്ദ്രീകൃത ഉത്പാദനരീതികൂടി വ്യാപിപ്പിക്കാനായാൽ പ്രാദേശികഭേദമില്ലാത്ത സമതുലിതവികസനവും സാദ്ധ്യമാകും. അതിനുപറ്റിയ ഉത്പാദനവ്യവസ്ഥയും സഹകരണത്തിന്റേതുതന്നെ.
കോർപ്പറേറ്റിനെ വെല്ലുന്ന സംഘങ്ങൾ
ഇതൊക്കെ വെറും ആശയവാദമല്ലേ? ഇതൊക്കെ എത്രവരെ സാദ്ധ്യമാണ്? സഹകരണമേഖലയ്ക്ക് എത്രത്തോളം മുന്നേറാനാകും?
അതു മനസിലാക്കാൻ ലോകസഹകരണരംഗത്തെ മികച്ച മാതൃകകൾ നോക്കണം. സഹകരണമേഖല സുപ്രധാനപങ്കു വഹിക്കുന്ന സ്പെയിൻ പോലെയുള്ള രാജ്യങ്ങളുടെ സമ്പദ്ഘടന 2007-ലെ ആഗോളസാമ്പത്തികമാന്ദ്യത്തിൽപ്പോലും വളർച്ച രേഖപ്പെടുത്തിയിരുന്നു. കാറും ബസും മുതൽ ആധുനികറോബോട്ടുകൾ വരെ നിർമ്മിക്കുന്ന സഹകരണസ്ഥാപനങ്ങൾ അവിടങ്ങളിലുണ്ട്. ലോകത്തേതന്നെ വലിയ ഉത്പാദകരാണവർ.
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/20210617_MONDRAGON-LOGO_en.jpg?resize=1132%2C282&ssl=1)
മികച്ച ഉദാഹരണം സ്പെയിനിലെ മോന്ദ്രാഗൺ കോർപ്പറേഷനാണ്. അവരുടെ കോ-ഓപ്പറേഷൻ ഡിസെമിനേഷൻ മുൻ ഡയറക്ടർ മീക്കെൽ ലെസാമിസിന്റെ വാക്കുകളിൽ, ലോകത്ത് പത്തിൽ ഓരോ കാറിനും ഇവരുടെ യന്ത്രഭാഗങ്ങളുണ്ട്. ലോകം ഉപയോഗിക്കുന്ന പത്തുലക്ഷത്തിലധികം ഗാർഹികോപകരണങ്ങളിലും അവരുടെ സ്പെയർ പാർട്സ്. ചില കമ്പനികൾ അവരുടെ രംഗത്ത് വേൾഡ് ലീഡേഴ്സാണ്. ലോകത്തെ 90 ശതമാനം വിമാനവും പറക്കുന്നത് ഇവരുടെ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച്; 60 ശതമാനം ട്രയിനുകളും. ബാസ്ക് മേഖലയിലെ നാലിലൊന്ന് ഇന്നവേഷൻ പേറ്റന്റുകളിലും ഇവരുടെ മുദ്രയുണ്ട്. യൂറോപ്പിലെ മിക്ക സോളാർ പാനൽ നിർമ്മാതാക്കളും ഇവരുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ലോകമെങ്ങുമുള്ള വിൻഡ് മില്ലുകളിൽ ഇവരുടെ യന്ത്രം പ്രവർത്തിക്കുന്നു. ഇവരുടെ സൈക്കിളും ലോകചാമ്പ്യൻ. ചൊവ്വയിൽ എത്തിക്കഴിഞ്ഞ മോന്ദ്രാഗോൺപെരുമ വൈകാതെ ചന്ദ്രനിലും എത്തുമത്രെ!
ലാഭത്തിനപ്പുറം സാമൂഹികോത്തരവാദിത്വത്തിന് ഊന്നൽ കൈവരുന്നു എന്നതാണ് സഹകരണസംരംഭങ്ങളുടെ മെച്ചം. ഇതിനുള്ള നല്ല ഉദാഹരണം നമ്മുടെ കണ്മുന്നിൽത്തന്നെയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്. അഴിമതിയുടെ കൂത്തരങ്ങെന്നു പേരുകേട്ട മരാമത്തുരംഗത്താണ് അവർ ഇടപെട്ടത്. അഴിമതിയിലൂടെ കരാർ നേടുക, പണി സമയത്തു തീർക്കാതെ നീട്ടിക്കൊണ്ടുപോകുക, എന്നിട്ട് അധികൃതരെ സ്വാധീനിച്ച് കരാർത്തുക വർദ്ധിപ്പിക്കുക, ഗുണമേന്മയില്ലാതെ നിർമ്മാണം നടത്തുക, ഉപയോഗിക്കാത്ത സാമഗ്രികളുടെയടക്കം കണക്കു ചേർത്തു ബില്ലു മാറി പണം വാങ്ങുക… ഇതൊക്കെയാണു മരാമത്തുരംഗത്തു പലപ്പോഴും നടക്കുന്നതെന്നു നമുക്കെല്ലാം അറിയാം.
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/Ulccs.svg-removebg-preview.png?resize=522%2C478&ssl=1)
അവിടെ ഊരാളുങ്കൽ സൊസൈറ്റി സെറ്റ് ചെയ്ത ചില മാതൃകകളുണ്ട്. സമയബന്ധിതമായി, കഴിയുമെങ്കിൽ സമയത്തിനു മുമ്പുതന്നെ, പണി തീർക്കുക എന്നതാണ് ഒന്ന്. അവർക്ക് അതിനു കഴിയുന്നത്, തങ്ങൾ നടത്തുന്നത് കേവലം കരാർപ്പണിയല്ല, രാഷ്ട്രനിർമ്മാണമാണ്, തന്റെകൂടി വിയർപ്പിന്റെ പങ്കായ നികുതിപ്പണംകൊണ്ടാണ് അതു നടത്തുന്നത് എന്നെല്ലാമുള്ള ബോദ്ധ്യംകൊണ്ടാണ്. ഈ ബോദ്ധ്യം സംഘത്തിനും തൊഴിലാളികൾക്കുമുണ്ട്. അതുകൊണ്ടുതന്നെയാണ് ആക്‌ച്വൽ എക്സ്‌പെൻസ് മാത്രം കാണിച്ചു ബില്ലു മാറുകയും മിച്ചം വന്നിട്ടുണ്ടെങ്കിൽ സർക്കാരിനു തിരികെ നല്കുകയും ചെയ്യാൻ കഴിയുന്നത്. അതുപോലെതന്നെ ഗുണമേന്മയും. ഗുണമേന്മ പരിശോധിക്കാൻ സ്വന്തമായി ഒരു മെറ്റീരിയൽ ടെസ്റ്റിങ് ലാബുതന്നെ അവർ തുടങ്ങിയിരിക്കുന്നു – മാറ്റർ ലാബ്. കോഴിക്കോട്ടുള്ള ഈ ലാബ് ദക്ഷിണേൻഡ്യയിലെ ഏറ്റവും വലുതും ആധുനികവും മികച്ചതുമാണ്.
മറ്റാരും നല്കാത്ത ഉയർന്ന വേതനവും ആനുകൂല്യങ്ങളുമാണ് അവർ തൊഴിലാളികൾക്കു നല്കുന്നത്. ഒരു നിർമ്മാണത്തൊഴിലാളിക്ക് അലവൻസുകളടക്കം ദിവസം കിട്ടുന്നത് 2500 രൂപ! അത്യാകർഷകമായ ഒട്ടനവധി മറ്റ് ആനുകൂല്യങ്ങളും ഇൻഷ്വറൻസുകളും ക്ഷേമപദ്ധതികളും വേറെ. ചുരുക്കത്തിൽ, കരാർപ്പണിയിലൂടെ കിട്ടുന്ന ലാഭം സ്വകാര്യകരാറുകാരെപ്പോലെ വ്യക്തിയുടെ കീശയിലേക്കു പോകുകയല്ല, 18,000-ത്തോളം കുടുംബങ്ങളുടെ വികാസത്തിനായാണു വിനിയോഗിക്കപ്പെടുന്നത്. ഏഴായിരം തൊഴിലാളികൾ അംഗമായ ഈ സംഘത്തിൽ കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു തെരഞ്ഞെടുപ്പുപോലും നൂറു വർഷത്തിനിടെ ഉണ്ടായിട്ടില്ല. വിഭാഗീയതകളില്ലാത്ത ഈ കെട്ടുറപ്പാണ് സഹകരണസംഘങ്ങൾക്ക് ഉണ്ടാകേണ്ടത്.
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/a-vibrant-illustration-showing-kerala-s-traditiona.png?ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/a-lush-rural-landscape-in-kerala-where-farmers-are1.png?ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/a-bustling-kerala-village-scene-where-farmers-fis2.png?ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/a-panoramic-view-of-kerala-s-green-landscape-wher1.png?ssl=1)
കേരളം
അങ്ങനെയൊക്കെ സാദ്ധ്യമാകാൻ കേരളത്തിലെ സഹകരണമേഖലയിൽ ഗൗരവമാർന്ന ആശയവിപ്ലവവും ഇടപെടലുകളും ആവശ്യമാണ്.
ഉത്പാദനസേവനമേഖലകളിൽ വൻകിടസ്ഥാപനങ്ങൾ കുറവാണെങ്കിലും കേരളത്തിൽ ജനജീവിതത്തിന്റെ നാനാമേഖലകളിൽ നിർണ്ണായകപിന്തുണ സഹകരണരംഗം വഹിക്കുന്നു. കൃഷിരംഗത്ത് വായ്പമുതൽ വിത്തും വളവും കൃഷിയായുധങ്ങളും യന്ത്രങ്ങളും വിളയ്ക്കു ന്യായമായ വിലയും ലഭ്യമാക്കുന്നതുവരെയുള്ള കാര്യങ്ങളിൽ സഹകരണമേഖലയുണ്ട്. മൃഗപരിപാലനം, ക്ഷീരോത്പാദനം, സംഭരണം, മാംസത്തിന്റെയും പാലിന്റെയും സംസ്ക്കരണവും ഉത്പന്നവൈവിദ്ധ്യവത്ക്കരണവും വിപണനവും എന്നിവയുടെ അടിത്തറതന്നെ സഹകരണരംഗമാണ്. പരമ്പരാഗതവ്യവസായങ്ങളിൽ മുതൽ ഐറ്റി-ഐറ്റിസേവനങ്ങളിൽവരെ സംഘങ്ങളുണ്ട്. വൻകിട നിർമ്മാണത്തിലും നിർമ്മാണസാമഗ്രികളുടെ ഉത്പാദനത്തിലും സംഘങ്ങളുമുണ്ട്. ചില്ലറവില്പനരംഗം മുതൽ പെട്രോൾ പമ്പു നടത്തലിൽവരെ സഹകരണരംഗം സജീവം. ചുരുക്കത്തിൽ ഒരു സമൂഹത്തിനു നിലനില്ക്കാൻ അടിസ്ഥാനപരമായി വേണ്ടതെല്ലാം ഉത്പാദിപ്പിക്കാനും ഉത്പാദകർക്കു ന്യായമായ പ്രതിഫലം ലഭ്യമാക്കാനും ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായവിലയ്ക്കു ലഭ്യമാക്കാനുമെല്ലാം കഴിയുന്ന സഹകരണമേഖല കേരളസമൂഹത്തിന്റെ നട്ടെല്ലാണ്.
ഇതിൽ പല രംഗങ്ങളിലേക്കു കോർപ്പറേറ്റുകൾ കടന്നുവന്നുകൊണ്ടിരിക്കുന്നു. ചില്ലറവില്പന, പച്ചക്കറി-പാൽ-മാംസം-മത്സ്യം തുടങ്ങിയവയുടെ ഉദ്പാദനവുംസംഭരണവും വിപണനവും, ബാങ്കിങ്, ഐറ്റി – ഐറ്റി അനുബന്ധസേവനങ്ങൾ, ആശുപത്രി, വിദ്യാഭ്യാസം, നിർമ്മാണമേഖല, കൃഷിയുപകരണങ്ങളുടെ ഉത്പാദനം, വസ്ത്രനിർമ്മാണം, ഹോട്ടൽ ഒക്കെ ഉദാഹരണങ്ങളാണല്ലോ. അതിനു യൂണിയൻ സർക്കാരിന്റെ ഒത്താശയുമുണ്ട്. അവർക്കായി സഹകരണമേഖലയെ തകർക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.
ഈ സാഹചര്യം കടുത്ത മത്സരവും പലതരം വെല്ലുവിളികളും സഹകരണമേഖലയ്ക്കു സൃഷ്ടിക്കുന്നുണ്ട്. അവയെ നേരിടാൻ ഈ രംഗം കൂടുതൽ സുസജ്ജമാകണം. ജനങ്ങൾക്കു നല്കുന്ന സേവനങ്ങളും സാധനങ്ങളും കൂടുതൽ ഗുണമേന്മ ഉള്ളതാക്കുക, അവ ലഭ്യമാക്കുന്നതിൽ കാലതാമസം ഒഴിവാക്കുക, പുതിയ കാലത്തിന്റെ നടത്തിപ്പുരീതികളും സേവനപ്രദാനരീതികളും നടപ്പിലാക്കുക, അതിനനുസരിച്ച ആധുനികീകരണം നടപ്പാക്കുക, കൂടുതൽ ഉപഭോക്തൃസൗഹൃദമാകുക, കൂടുതൽ കരുത്തുള്ളതാകുക എന്നിങ്ങനെ പലതും അതിനായി ചെയ്യേണ്ടതുണ്ട്. അതിനെല്ലാമുള്ള വിഭവശേഷി സഹകരണമേഖലയ്ക്ക് ഇന്നുണ്ട്.
ആ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെങ്കിൽ അടിയന്തരമായി പലതും ചെയ്യേണ്ടതുണ്ട്. ഒന്നാമതായി, ഉത്പാദന, സേവന, അടിസ്ഥാനസൗകര്യവികസന രംഗങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കണം. പുതിയതരം കൃഷി-വ്യവസായ-സംരംഭകത്വങ്ങൾക്കുള്ള സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണം. ഗവേഷണപഠനങ്ങൾ, നൂതനാശയങ്ങൾ, ഉത്പന്നവികസനം, വിപണന-വിതരണസംവിധാനങ്ങൾ, ആധുനികസമ്പ്രദായങ്ങളും സമീപനങ്ങളും എന്നിവയൊക്കെ ഇതിന് ആവശ്യമാണ്. രണ്ടാമതായി, പ്രവൃത്തിയിലും മാനേജ്‌മെന്റിലും സാങ്കേതികവിദ്യാവത്ക്കരണം ഉൾപ്പെടെയുള്ള ആധുനികീകരണം നടക്കണം. സഹകരണസംഘങ്ങൾ തമ്മിലും ആഗോളതലത്തിലും സഹകരണം വികസിപ്പിക്കുകയാണു മൂന്നാമത്തേത്.
ഇതെല്ലാം ചെയ്യുമ്പോഴും, തൊഴിലാളികളുടെ കാര്യങ്ങൾ, ക്ഷേമം, പരിസ്ഥിതിയടക്കമുള്ള സാമൂഹികോത്തരവാദിത്വങ്ങൾ, തൊഴിൽ സൃഷ്ടിച്ചുകൊണ്ടുള്ള ആധുനികീകരണം തുടങ്ങിയവയും ജനാധിപത്യവും അംഗങ്ങൾക്കുള്ള നിയന്ത്രണം, പങ്കാളിത്തം, ഉടമസ്ഥത തുടങ്ങിയ സഹകരണമൂല്യങ്ങളുമെല്ലാം ഉറപ്പാക്കുക എന്ന സവിശേഷ സഹകരണദൗത്യത്തിൽ ഉറച്ചുനില്ക്കുക എന്നതാണ് നാലാമത്തേത്. മറ്റൊരു സുപ്രധാനകാര്യം, സഹകരണമേഖലയിലെ അനഭിലഷണീയമായ പ്രവണതകൾ കർക്കശമായി തടയുകയാണ്. അതോടൊപ്പം ആറാമതായി വേണ്ടത്, സഹകരണമേഖലയുടെ പ്രാധാന്യവും പ്രസക്തിയും സാദ്ധ്യതകളും കൂടുതൽ ശക്തമായി സമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയാണ്. സഹകരണമേഖലയെ തകർക്കാനും മോശപ്പെടുത്താനും നടക്കുന്ന ആസൂത്രിതനീക്കങ്ങൾ തുറന്നുകാട്ടി പരാജയപ്പെടുത്താനും കഴിയണം.
കേരളം ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളികളായ ഉത്പാദനക്കുറവും തൊഴിലില്ലായ്മയും പരിഹരിക്കാനുള്ള സർക്കാരിന്റെ ഉദ്യമങ്ങളിൽക്കൂടി ക്രിയാത്മകമായി പങ്കുവഹിക്കാൻ സഹകരണമേഖലയ്ക്കു കഴിയണം. കേരളസമൂഹത്തിന്റെ ആവശ്യങ്ങൾ മനസിലാക്കി ഉത്പാദന-സംഭരണ-വിപണനരംഗങ്ങളിൽ കൂടുതൽ സംരംഭങ്ങൾ സൃഷ്ടിക്കുന്നത് തൊഴിലവസരങ്ങളും ഗണ്യമായി സൃഷ്ടിക്കും. ഓൺലൈൻ അടക്കമുള്ള വിപണനവും വാതിൽപ്പടിവിതരണസമ്പ്രദായവുമൊക്കെ വലിയതോതിൽ ഉപയോഗിക്കുന്നത് വ്യാപാരവും വരുമാനവും ഉയർത്തുന്നതോടൊപ്പം തൊഴിലും സൃഷ്ടിക്കും. സഹകരണസംഘങ്ങളുടേതും അല്ലാത്തതുമായ കേരളീയവിഭവങ്ങളുടെ വിപണനത്തിനു പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവുകൾ ഉണ്ടാകണം. കേരളീയമല്ലാത്ത ഉത്പന്നങ്ങളും അവയിലൂടെ ലഭ്യമാക്കാനാകും. ജോലിക്കു തൊഴിലാളികളെ ലഭ്യമാക്കുന്നതും ടാക്സി സേവനവും ഉൾപ്പെടെ പലതും പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവുകൾ വഴി നിർവ്വഹിക്കാനാകും. കേരളത്തിൽ ഏറെ സാദ്ധ്യതയുള്ള ഒന്നാണ് പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവുകൾ. സർക്കാർമുൻകൈയിലും മറ്റും അടുത്തകാലത്തു കൊണ്ടുവന്ന ഇത്തരം സംരംഭങ്ങൾക്കു പറ്റിയ പരാജയങ്ങൾ പഠിച്ച് മെച്ചപ്പെട്ട മാതൃകകൾ വികസിപ്പിക്കണം. സഹകരണവിപണന പ്ലാറ്റ്‌ഫോമുകളുടെ കൺസോർഷ്യം നടത്തിയ സർവ്വേയിൽ 53 രാജ്യങ്ങളിളിലായി 638 സഹകരണസംഘങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. അവയെപ്പറ്റിയും പഠിക്കണം.
കൂടുതൽ ജനങ്ങളെ സഹകാരികളാക്കി മാറ്റണം. അംഗങ്ങളല്ലാത്തവർക്കു വായ്പ നല്കാൻ പാടില്ല എന്നൊക്കെയുള്ള നിയന്ത്രണങ്ങൾ വരുമ്പോൾ നാം അതിനു മറുപടി നല്കേണ്ടത് വായ്പാസഹായം ആവശ്യമുള്ള ജനതയെയാകെ സഹകരണമേഖലയുടെ ഭാഗവും ഗുണഭോക്താക്കളും ആക്കിക്കൊണ്ടാകണം. കക്ഷിരാഷ്ട്രീയത്തിനതീതമായി ഇതു സാധിക്കാനാകണം. അത്തരം ബദലുകൾ നാം ആവിഷ്ക്കരിക്കണം.
ജനങ്ങൾക്ക് സഹകരണമേഖലയെക്കൊണ്ട് ധാരാളം ആവശ്യങ്ങൾ ഉണ്ടെന്ന് അവരെ അനുഭവത്തിലൂടെ ബോദ്ധ്യപ്പെടുത്തിക്കൊണ്ട്, അവർക്ക് ഒരുതരത്തിലുള്ള അനിഷ്ടവും ഇല്ലെന്ന് ഉറപ്പാക്കിക്കൊണ്ട്, അവരുടെ ഐക്യനിരകൂടി സഹകരണമേഖലയുടെ സംരക്ഷണത്തിനായി വളർത്തിയെടുക്കാനുള്ള ആലോചനകൾ ഉണ്ടാകണം.
ഒരു സമൂഹത്തിനു നിലനില്ക്കാൻ അടിസ്ഥാനപരമായി വേണ്ടതെല്ലാം ഉത്പാദിപ്പിക്കാനും ഉത്പാദകർക്കു ന്യായമായ പ്രതിഫലം ലഭ്യമാക്കാനും ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായവിലയ്ക്കു ലഭ്യമാക്കാനുമെല്ലാം കഴിയുന്ന സഹകരണമേഖല കേരളസമൂഹത്തിന്റെ നട്ടെല്ലാണ്. രാജ്യത്തും ലോകത്തിനുതന്നെയും അനുകരണീയവും അവഗണിക്കാനാകാത്തതുമായ ബദലുകൾ സൃഷ്ടിച്ചുകൊണ്ടേ മുതലാളിത്തവികസനത്തിനുള്ള മനുഷ്യകേന്ദ്രിതവും സുസ്ഥിരവുമായ വികസനത്തിനും സമൂഹത്തിനുമുള്ള ബദൽ ലോകത്തിനു കാട്ടിക്കൊടുക്കാനാകൂ. മറ്റൊരു കേരള മോഡൽകൂടി സൃഷ്ടിക്കാനുള്ള അവസരമാണ് അതു തുറന്നുതരുന്നത്.
![](https://i0.wp.com/luca.co.in/wp-content/uploads/2023/02/satheesh-1.png?resize=1024%2C1024&ssl=1)