ശരീരിശാസ്ത്രത്തില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയ റഷ്യന്‍ ശാസ്ത്രജ്ഞനായ ഇവാന്‍ പെട്രോവിച്ച് പാവ്‌ലോവിന്റെ ജന്മദിനമാണ് സെപ്റ്റംബര്‍ 14. സോപാധിക പ്രതികരണങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ മന:ശ്ശാസ്ത്ര പഠനങ്ങളിലെ ഒരു നാഴികക്കല്ലാണ്.
റഷ‍്യയിലെ റൈസാന്‍ എന്ന പട്ടണത്തിലാണ് ഇവാന്‍ പെട്രോവിച്ച് പാവ്‌ലോവ് (1849 സെപ്റ്റംബര്‍ 14 -1936 ഫെബ്രുവരി 27) ജനിച്ചത്. പിതാവ് ഒരു പുരോഹിതനും മാതാവ് ഡ്‌മിട്രിവിച്ച് പാവ്ലോവിന്റെയും വര്‍വര ഇവാനോവ്‌ന ഉസ്പെന്‍സ്കയ വീട്ടമ്മയുമായിരുന്നു. ചെറുപ്പത്തില്‍ വീടിനോട് വളരെ ഇണങ്ങി കഴിഞ്ഞിരുന്ന പാവ്‌ലോവ് വായിക്കുവാനും എഴുതുവാനുമുള്ള വാസന ചെറുതിലേ പ്രകടമാക്കിയിരുന്നു. ദൈവശാസ്ത്ര പഠനത്തിന് ചേര്‍ന്ന അദ്ദേഹം അത് മുഴുമിക്കാതെ പ്രകൃതിശാസ്ത്ര – ഗണിതശാസ്ത്ര പഠനത്തിലേക്ക് തിരിഞ്ഞു.
സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്ഗ് സര്‍വ്വകലാശാലയില്‍ പഠനത്തിനായി ചേര്‍ന്ന അദ്ദേഹം ജന്തുശാസ്ത്ര സംബന്ധമായ പഠനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഗവേഷണങ്ങളാരംഭിച്ച പാവ്‌ലോവിന് മിലിട്ടറി മെഡിക്കല്‍ അക്കാദമിയില്‍ അസിസ്റ്റന്റായി ജോലി കിട്ടി. അവിടെ നിന്നും വൈദ്യശാസ്ത്ര സംബന്ധിയായ കാര്യങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം പിന്നീട് വെറ്ററിനറി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബ് അസിസ്റ്റന്റായി ജോലി നോക്കുകയും ഇവിടെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കുള്ള ഇടം ലഭിക്കുകയും ചെയ്തു. 1878 – ല്‍ പ്രൊസര്‍ ബോട്കിന്റെ ഫിസിയോളജി ലാബില്‍ ഗവേഷകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. പത്തുവര്‍ഷത്തോളം നീണ്ട അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ രക്തചംക്രമണത്തിന്റെയും ദീപനത്തിന്റെയും ഫിസിയോളജിയെക്കുറിച്ച് അദ്ദേഹം പഠനം നടത്തുകയുണ്ടായി. കടുത്ത ദാരിദ്ര്യവും കുടുംബ്രശ്നങ്ങളും അക്കാലത്ത് അദ്ദേഹത്തെ അലട്ടിയിരുന്നുവെങ്കിലും തന്റെ ഗവേഷണം പൂര്‍ത്തിയാക്കി ഡോക്ടര്‍ ബിരുദം കരസ്ഥമാക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
1890 -ല്‍ അദ്ദേഹത്തെ മിലറ്ററി മെഡിക്കല്‍ അക്കാദമിയുടെ ഫാര്‍മക്കോളജി അദ്ധ്യാപകനായി നിയമിച്ചു. 1901 – ല്‍ സയന്‍സ് അക്കാദമി അംഗമായി. 1904 -ല്‍ നോബല്‍ സമ്മാനം ലഭിച്ചു. എഴുപത്തിയഞ്ചാമത്തെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷണ പഠനങ്ങള്‍ക്കായി സര്‍ക്കാര്‍ ഒരു ഫിസിയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് തുടക്കമിട്ടു. എണ്‍പത്തിയഞ്ചാമത്തെ ജന്മദിനത്തില്‍ ലെനിന്‍ ഗ്രാഡിനടുത്ത് ശാസ്ത്രസംബന്ധമായ ഗവേഷണങ്ങള്‍ക്കായി “സിറ്റി ഓഫ് സയന്‍സ്” സ്ഥാപിക്കുകയുണ്ടായി. മാനസികവും നാഡീസംബന്ധവുമായ അസുഖങ്ങള്‍ അലട്ടുന്നവരെ ചികിത്സിക്കാനായി അവിടെ പ്രത്യേകം കേന്ദ്രവുമാരംഭിച്ചു. മികച്ച ശാസ്ത്രജ്ഞന്മാരുടെ സംഘത്തെയും പരീക്ഷണ – നിരീക്ഷണ ഉപകരണങ്ങളെയും അദ്ദേഹത്തിനായി സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തു.
1889 -ലാണ് ദീപനപ്രക്രിയയെ നാഡികള്‍ സ്വാധീനിക്കുന്നെതങ്ങനെയെന്ന് കണ്ടെത്തുന്നതിനായി അദ്ദേഹം ഒരു ഗവേണ പരമ്പര ആരംഭിച്ചത്. കഴുത്തിന് മുറിവുണ്ടാക്കപ്പെട്ടതിലൂടെ ആമാശയത്തിലേക്കുള്ള നാഡികള്‍ മുറിക്കപ്പെട്ട പട്ടിയുടെ വായില്‍ ഉമിനീര്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ല എന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇതിലൂടെ ഭക്ഷണം വായിലെത്തുമ്പോള്‍ നാഡികള്‍ വഴി കിട്ടുന്ന സന്ദേശങ്ങള്‍ മൂലമാണ് ആമാശയരസം സ്രവിക്കപ്പെടുന്നതെന്ന് അദ്ദേഹം തെളിയിച്ചു. അദ്ദേഹത്തിന് നോബല്‍ സമ്മാനം ലഭിച്ചത് ഈ പഠനങ്ങളുടെ വെളിച്ചത്തിലായിരുന്നു. എന്നാല്‍ പിന്നീടുള്ള പഠനങ്ങളിലൂടെ, നാഡികള്‍ വഴിയുള്ള പ്രചോദനത്തേക്കാള്‍ കൂടുതലായി, രാസസന്ദേശവാഹകങ്ങള്‍ വഴിയുള്ള പ്രചോദനമാണ്, ദഹനരസങ്ങളെ സ്രവിപ്പിക്കുന്നതില്‍ പ്രധാനമെന്ന് തെളിയിക്കപ്പെട്ടു.
യഥാര്‍ത്ഥത്തില്‍ നോബല്‍ സമ്മാനിതനായതിനുശേഷമുള്ള ഗവേഷണങ്ങളാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനകാലത്ത് ഏറെ പ്രധാനപ്പെട്ടത്. അതില്‍ പ്രിസദ്ധമാണ് നായയുടെ ദീപനപ്രക്രിയയുമായി ബന്ധപ്പെട്ട പഠനം. ഒരു നായയുടെ മുന്നില്‍ ഭക്ഷണം വെയ്കുമ്പോള്‍ അതിന്റെ വായില്‍ ഉമിനീര്‍ ഉത്പാദിപ്പിക്കപ്പെട്ടുതുടങ്ങും. ഇത് നിരുപാധിക പ്രതികരണം (കണ്ടീഷന്‍ ചെയ്യപ്പെടാത്ത റിഫ്ലക്സ് ). പരീക്ഷണം വീണ്ടും അവര്‍ത്തിക്കുന്നതോടൊപ്പം മണിയടിക്കുകയും ചെയ്യുന്നു. ഇത് ആവര്‍ത്തിക്കകയും ഭക്ഷണം മുന്നില്‍ കാണാതെ തന്നെ, മണിയടി ശബ്ദം കേട്ടാലുടന്‍ നായയില്‍ ഉമിനീര്‍ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടെന്ന് കണ്ടെത്തി. അതായത് നായയ്ക് മണിയടിയും ഭക്ഷണവും തമ്മില്‍ ബന്ധപ്പെടുത്താന്‍ കഴിഞ്ഞു.ഈ പ്രതിഭാസത്തെ പാവ്‌ലോവ് സോപാധിക പ്രതികരണം (കണ്ടീഷന്‍ ചെയ്യപ്പെട്ട റിഫ്ളക്സ് -ക്ലാസിക്കല്‍ കണ്ടീഷനിംഗ്) എന്നു വിളിച്ചു. പെരുമാറ്റശാസ്ത്രത്തില്‍ പഠനപ്രക്രിയയെക്കുറിച്ച് മനസ്സിലാക്കുന്നതിലും മറ്റും ഇതിന് വലിയ പങ്കുണ്ട്. ശാസ്ത്രീയ മന:ശാസ്ത്ര പഠനങ്ങളില്‍ പാവ്‌ലോവിന്റെ സിദ്ധാന്തത്തിന്റെ സ്വാധീനം വലുതാണ്.
1936- ല്‍ തന്റെ എണ്‍പത്തിയേഴാമത്തെ വയസ്സില്‍ ന്യൂമോണിയ പിടിപെട്ട് അദ്ദേഹം മരണമടഞ്ഞു. സെറാഫിന വാസലീവ്നയായിരുന്നു അദ്ദേഹത്തിന്റെ ജീവത പങ്കാളി.
[divider] കടപ്പാട് : ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്