Read Time:8 Minute
[author title=”സാബു ജോസ്” image=”http://luca.co.in/wp-content/uploads/2015/05/Sabu-Jose.jpg”][/author]

 

ഇന്ത്യന്‍ സ്‌പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ അടുത്തിടെ വിജയകരമായി പരീക്ഷിച്ച പുതിയ റോക്കറ്റ്‌ എഞ്ചിനാണ്‌ സ്‌ക്രാംജെറ്റ്‌. ഇതുവരെ അമേരിക്ക, റഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാല്‌ രാജ്യങ്ങളേ സ്‌ക്രാംജെറ്റ്‌ എഞ്ചിനുകള്‍ പരീക്ഷിച്ചിട്ടുള്ളൂ. എന്നാല്‍ അമേരിക്ക മാത്രമാണ്‌ ഇന്ത്യയ്ക്കു മുമ്പ്‌ ഈ സാങ്കേതിക വിദ്യ വിജയകരമാക്കിയത്‌. കൂടുതൽ വായിക്കാം….

സ്ക്രാം ജെറ്റ് ഘടിപ്പിച്ച ഹൈപ്പർസോണിക് വിമാനം, കലാകാരന്റെ ഭാവനയിൽ | (ചിത്രത്തിന് വിക്കിപ്പീഡിയയോട് കടപ്പാട്)

എന്താണ്‌ സ്‌ക്രാംജെറ്റ്‌?

സൂപ്പര്‍സോണിക്‌ കംബസ്റ്റിങ്‌ റാംജെറ്റ്‌ (Supersonic combusting ramjet) എന്നതിന്റെ ചുരുക്കരൂപമാണ്‌ സ്‌ക്രാംജെറ്റ്‌ (Scramjet). വിമാനങ്ങളിലുപയോഗിക്കുന്ന ടര്‍ബോജെറ്റ്‌ എഞ്ചിനുകളാണ്‌ റാംജെറ്റ്‌. ടര്‍ബോജെറ്റ്‌ എഞ്ചിനില്‍ അന്തരീക്ഷത്തിലെ ഓക്‌സിജനും ഇന്ധനവും ചേര്‍ത്താണ്‌ ഉപയോഗിക്കുന്നത്‌. ടര്‍ബോജെറ്റ്‌ എഞ്ചിനില്‍ കംപ്രസര്‍ ഫാനുകൾ ഉപയോഗിച്ച് വായുവിന്റെ വേഗതകൂട്ടുന്നു. ഇങ്ങനെ വേഗതകൂട്ടിയ വായുവില്‍ ഇന്ധനം സ്‌പ്രേ ചെയ്‌ത്‌ കത്തിക്കുന്നു. അതില്‍ നിന്നും പുറന്തള്ളുന്ന വാതകത്തിന്റെ (ജെറ്റിന്റെ ) തള്ളലിലാണ്‌ വിമാനം നീങ്ങുന്നത്‌. എന്നാല്‍ ഒരു റോക്കറ്റിന്‌ ആവശ്യമായ വേഗത ടര്‍ബോജെറ്റ്‌ എഞ്ചിന്‍ ഉപയോഗിച്ചാല്‍ ലഭിക്കില്ല.

ഒരു റോക്കറ്റ്‌ എഞ്ചിനും വിമാനത്തിന്റെ എഞ്ചിനും തമ്മിലുള്ള വ്യത്യാസം എന്താണെന്ന്‌ നോക്കാം. ചിറകുപയോഗിച്ച്‌ വായുവില്‍ പൊങ്ങിക്കിടന്ന്‌ വായുവിനെ തള്ളി നീക്കിയോ ജെറ്റ്‌ ഉപയോഗിച്ച്‌  തള്ളിയോ ആണ്‌ വിമാനം നീങ്ങുക. എഞ്ചിനില്‍ ഇന്ധനം ജ്വലിക്കാനാവശ്യമായ ഓക്‌സിജന്‍ വായുവില്‍ നിന്ന്‌ ലഭിക്കും. എന്നാല്‍ റോക്കറ്റ്‌ ബഹിരാകാശ വാഹനമാണ്‌. അവിടെ കത്താനാവശ്യമായ ഓക്‌സിജന്‍ ലഭ്യമാകില്ല. അതിനാല്‍ ഇന്ധനത്തോടൊപ്പം കത്താനാവശ്യമായ ഓക്‌സീകാരിയും (Oxidiser) കൊണ്ടുപോകണം.

[box type=”info” align=”” class=”” width=””]ഇന്ധനത്തിന്റെ ഒന്നര മടങ്ങ്‌ ഓക്‌സീകാരിയാണ്‌ സാധാരണയായി റോക്കറ്റില്‍ കരുതുന്നത്‌. ഓക്‌സീകാരി ഒഴിവാക്കാൻ കഴിഞ്ഞാല്‍ റോക്കറ്റിന്റെ ഭാരം 60 ശതമാനം വരെ കുറയ്‌ക്കാം. ഭാരം കുറഞ്ഞ റോക്കറ്റിന്‌ കുറഞ്ഞ ഇന്ധനം മതിയാകും. ഓക്‌സീകാരി കുറഞ്ഞതുകൊണ്ട് റോക്കറ്റിന്റെ ഭാരം കുറഞ്ഞു. ഭാരം കുറഞ്ഞതുകാരണം ഇന്ധനവും കുറഞ്ഞു. ഈ രീതിയില്‍ ഇന്ധനച്ചെലവ്‌ പത്തിലൊന്ന്‌ വരെ ആക്കാന്‍ കഴിയും.[/box]

ടര്‍ബോജെറ്റ്‌ എഞ്ചിന്റെ പരിഷ്‌ക്കരിച്ച രൂപമാണ്‌ സ്‌ക്രാം ജെറ്റ്‌ എന്നുപറഞ്ഞല്ലോ. എന്നാല്‍ ഇതിനൊരു പരിമിതിയുണ്ട്. ഇത്‌ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ വായുവിന്റെ വേഗത വളരെയധികം വേണം. ടര്‍ബോജെറ്റ്‌ എഞ്ചിനിലേപ്പോലെ കംപ്രസര്‍ ഫാനുകള്‍ ഉപയോഗിച്ച്‌ ഇതിനാവശ്യമായ ഉയര്‍ന്ന വേഗത സൃഷ്‌ടിക്കാന്‍ കഴിയില്ല. റോക്കറ്റിന്റെ വേഗത ശബ്‌ദത്തിന്റെ വേഗതയുടെ നാലിരട്ടിയെങ്കിലും (Mach 4) ആയതിനു ശേഷമേ സ്‌ക്രാംജെറ്റ്‌ ഉപയോഗിച്ചുതുടങ്ങാന്‍ സാധിക്കൂ. എന്നാല്‍ കംപ്രസര്‍ ഫാനുകളുടെ ആവശ്യമില്ലാത്തതുകൊണ്ട് എഞ്ചിന്റെ ഭാരം കുറവായിരിക്കും. ഈ സാങ്കേതിക വിദ്യ അത്ര പുതിയതൊന്നുമല്ലെങ്കിലും ഇത്‌ പരീക്ഷിച്ച്‌ വിജയിപ്പിക്കാന്‍ പ്രയാസമാണ്‌. ഒന്നുകില്‍ സൂപ്പര്‍ സോണിക്‌ വായുസഞ്ചാരമുള്ള ഒരു അറ ഉണ്ടാക്കണം. അല്ലെങ്കില്‍ ഒരു സൂപ്പര്‍സോണിക്‌ വിമാനത്തിലോ റോക്കറ്റിലോ കൊണ്ടുപോയി പരീക്ഷിക്കണം. ഐ.എസ്‌.ആര്‍.ഒ നടത്തിയത്‌ കേവലം അഞ്ച്‌ സെക്കന്റ്‌ മാത്രമുള്ള ഒരു ചെറിയ പരീക്ഷണമായിരുന്നു.

സ്ക്രാം ജെറ്റ് ഘടിപ്പിച്ച റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കപ്പെടുന്നു.
സ്ക്രാം ജെറ്റ് ഘടിപ്പിച്ച റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കപ്പെടുന്നു.

സൈദ്ധാന്തികമായി സ്‌ക്രാംജെറ്റ്‌ എഞ്ചിന്‍ ഉപയോഗിച്ചാല്‍ റോക്കറ്റിന്റെ വേഗത ശബ്‌ദവേഗതയുടെ 24 മടങ്ങുവരെ ആകാം. എന്നാല്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ച്‌ ഒരു കൃത്രിമ ഉപഗ്രഹം ഭൂമിയെ പ്രദക്ഷിണം വയ്‌ക്കണമെങ്കില്‍ ആ വേഗത മതിയാകില്ല. അതുകൊണ്ട് റോക്കറ്റിന്റെ അവസാന സ്റ്റേജില്‍ ക്രയോജനിക്‌ എഞ്ചിനോ, പരമ്പരാഗത ദ്രാവക എഞ്ചിനോ ഉപയോഗിക്കണം. അതുമാത്രമല്ല റോക്കറ്റിന്റെ ആദ്യ സ്റ്റേജില്‍ സ്‌ക്രാംജെറ്റ്‌ എഞ്ചിന്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ആദ്യ വേഗത നന്നായി വേണം. അതു കൊണ്ട് ഭൂമിയില്‍ നിന്ന്‌ പ്രവര്‍ത്തിച്ച്‌ സ്വയം ഉയരാന്‍ കഴിയില്ല. അതിനാൽ സ്‌ക്രാംജെറ്റ്‌ എഞ്ചിന്‍ റോക്കറ്റിന്റെ രണ്ടാമത്തെ സ്റ്റേജ്‌ ആയി ഉപയോഗിക്കുകയാണ്‌ അഭികാമ്യം. ആദ്യ സ്റ്റേജില്‍ ദ്രാവക ഇന്ധനമുപയോഗിച്ച്‌ ഉയര്‍ത്തിയ റോക്കറ്റ്‌ 10 മുതല്‍ 20 വരെ കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയശേഷം സ്‌ക്രാംജെറ്റ്‌ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാം. സാങ്കേതികമായി പറഞ്ഞാല്‍ 10 മുതല്‍ 100 വരെ കിലോമീറ്റര്‍ ഉയരം ഉള്ള ഭാഗത്ത്‌ സ്‌ക്രാംജെറ്റ്‌ എഞ്ചിന്‍ ഉപയോഗിക്കാന്‍ സാധിക്കും.

[box type=”info” align=”” class=”” width=””]മിസൈലുകള്‍ക്കും, സൂപ്പര്‍സോണിക്‌ വിമാനങ്ങള്‍ക്കും ഏറ്റവും അനുയോജ്യമാണ്‌ സ്‌ക്രാംജെറ്റ്‌ എഞ്ചിന്‍. കുറച്ച്‌ ഇന്ധനം കൊണ്ട് കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. അഗ്നി പോലെയുള്ള ദീര്‍ഘ ദൂരമിസൈലുകളുടെ ദൂരപരിധി വര്‍ധിപ്പിക്കാനും ഇന്ത്യയില്‍ നിന്ന്‌ അമേരിക്ക വരെ എത്താന്‍ കഴിയുന്ന മിസൈലുകള്‍ വികസിപ്പിക്കാനും കഴിയും. [/box]

ഇന്ത്യന്‍ സ്‌പേസ്‌ ഷട്ടില്‍ പദ്ധതിയായ അവതാറില്‍ ഈ എഞ്ചിന്‍ ഉപയോഗിക്കാനാണ്‌ ഐ.എസ്‌.ആര്‍.ഒ ഉദ്ദേശിക്കുന്നത്‌. ക്രൂയിസ്‌ മിസൈലുകളിലും ജെറ്റ്‌ വിമാനങ്ങളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ കഴിയുമെന്നാണ്‌ വിദഗ്‌ധാഭിപ്രായം. ഇതുമായി ബന്ധപ്പെട്ട്‌ ഡി.ആര്‍.ഡി.ഒ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഡിഎന്‍എ തകരാറുകള്‍: ഒരു നൊബേല്‍ കഥ
Next post Kinematics
Close