Read Time:36 Minute


വെളിയനാട് ഗോപാലകൃഷ്ണൻ നായർ

1642-മാണ്ട് ഡിസംബർ മാസം 25ാം തീയതി ക്രിസ്തുമസ് ദിവസം. ഇംഗ്ലണ്ടിലുള്ള വൂൾസ് തോപ്പ് ഗ്രാമത്തിൽ നിന്നും കോൾസ്റ്റർവർത്തിലേയ്ക്കുള്ള വഴിയിൽ കൂടി മദ്ധ്യവയസ്കരായ രണ്ടു സ്ത്രീകൾ ധൃതിയിൽ നടന്നു പോകുന്നു. ഒരാൾ പറഞ്ഞു:

 “നാം എന്തു ഭാഗ്യഹീനകളാണ് ? ആ കുട്ടി ഇപ്പോഴേ മരിച്ചതു പോലെയായിരിക്കുന്നു. നാം തിരിച്ചു വരുന്നതുവരെ അത് ജീവിച്ചിരുന്നെങ്കിൽ ഭാഗ്യം. എന്തൊരു കുട്ടിയാണത്? ഒരു പൂച്ചക്കുഞ്ഞിന്റെ ആകൃതിയും, വലിപ്പവും. അത് ഈ ലോകത്തേയ്ക്കു വന്നതാണെന്നു തോന്നുന്നില്ല. ദൈവം ഇങ്ങനെയൊരു ജോലിയാണല്ലോ നമുക്കു തന്നത്. കഷ്ടം തന്നെ ! ഏതായാലും വേഗം വരൂ.

വൂൾതോപ്പിൽ ഒരു സ്ത്രീയുടെ പ്രസവത്തിനായി വന്നിട്ടു തിരിച്ചുപോകുന്ന ആയകളാണവർ. ഈ ലോകത്തിലേയ്ക്കു വന്നിട്ടുള്ള ഒരു ശിശുവിനെയല്ല അവർ കണ്ടതെന്നുള്ളത് തികച്ചും പരമാർത്ഥമായിരുന്നു. വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയുമൊക്കെ പ്രത്യേക ലോകത്തിന്റെ ഏകച്ഛത്രാധിപതിയായിത്തീർന്ന ഐസക് ന്യൂട്ടൺ ആയിരുന്നു ആ ദുർബ്ബലശിശു. അവരുടെ സംഭാഷണത്തിൽ  നിന്നും ശിശുവിന്റെ നില ആശങ്കാജനകമാണെന്നു മനസ്സിലാക്കാം. പക്ഷെ ലോകം അത്ര നിർഭാഗ്യയല്ലായിരുന്നു. അതുകൊണ്ടു തന്നെയാണ് ഒന്നേകാൽ കിലോഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന ആ ശിശുവിന്, പില്ക്കാലത്ത് ശാസ്ത്രലോകത്തിന്റെ അജ്ഞാത മേഖലകളിലേയ്ക്ക് കടന്നു ചെന്ന് സന്ധിയില്ലാത്ത സമരം നടത്തി വിജയം നേടുന്നതിന് ആരോഗ്യം ലഭിച്ചത്.

തുടർക്കഥ

ഗലീലിയോ മരണമടഞ്ഞ അതേവർഷം തന്നെയാണ് ന്യൂട്ടൺ ജനിച്ചതും. 1642 ജനുവരി 8-ാം തീയതി ഗലീലിയോ മരിച്ചപ്പോൾ, അതേ തരത്തിൽ തന്നെയുള്ള സ്വതന്ത്രചിന്തകനും ശാസ്ത്രകാരനുമായ മറ്റൊരാൾ, അതേ വർഷം തന്നെ ഡിസംബർ 25-ാം തീയതി ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞനായിത്തീർന്ന ന്യൂട്ടൺ ഭൂജാതനായി. ശാസ്ത്രത്തിന്റെ വളർച്ചയെപ്പറ്റി പഠിക്കുന്നവർക്ക് രസകരമായ ഒരു പരമാർത്ഥമാണ് ഈ തുടർക്കഥ.

“ന്യൂട്ടൺ ! ആ മഹാപുരുഷനെ താമതമ്യപ്പെടുത്തുന്നതിന് ഒരൊറ്റ ഉപമാനമേയുള്ളു. നൈൽനദി! അതിന്റെ അതിഭയങ്കരമായ ശക്തി വിശേഷം നമുക്കു നേരിട്ടുകണ്ട് മനസ്സിലാക്കാം. പക്ഷേ അതിന്റെ ഉത്ഭവസ്ഥാനത്തെപ്പറ്റിയും, മൂലകാരണത്തെപ്പറ്റിയും ആർക്കും ഒന്നും അറിഞ്ഞുകൂടാ.‘” ന്യൂട്ടന്റെ ഒരു ജീവചരിത്രകാരൻ പറഞ്ഞിട്ടുള്ള അഭിപ്രായമാണിത്. ആ ജീവിതത്തിലെ വൈവിദ്ധ്യം നിറഞ്ഞ സംഭവ പരമ്പരകളിലേയ്ക്ക് കടന്നു ചെന്നാൽ നാം അത്ഭുതസ്തബ്ധരായിപ്പോകും. മഠയന്മാരെന്നു നിരാശപ്പെടുന്ന വിദ്യാർത്ഥികൾ പോലും ഉണർവും, ഉന്മേഷവും സംഭരിച്ചുകൊണ്ട് സ്വയം മുന്നോട്ടടുക്കും. ഭക്തന്മാർക്ക് പുരാണഗ്രന്ഥപാരായണം മോക്ഷദായകമെന്ന് വിശ്വസിക്കുന്നതുപോലെ, ന്യൂട്ടന്റെ ജീവചരിത്രപഠനം ‘ശാസ്ത്ര വിദ്യാർത്ഥികൾക്ക് മാർഗ്ഗദർശനം നൽകുന്നതാണെന്നുള്ളതിൽ സംശയമില്ല.

അനാഥശിശു

ന്യൂട്ടൺ ഭൂജാതനാകുന്നതിന് നാലഞ്ചുമാസം മുമ്പ് ഒരു ചെറു കർഷകനായിരുന്ന പിതാവ് മരിച്ചു. വിധവയായിത്തീർന്ന മാതാവിന്റെ പുനർ വിവാഹം ന്യൂട്ടന്റെ ജീവിതത്തെ സാരമായി സ്പർശിച്ചു. ‘ഹന്നായെസ് കഫ്’ എന്നാണ അവരുടെ നാമധേയം. ന്യൂട്ടന് രണ്ടു വയസ്സുള്ളപ്പോഴാണ് ഹന്നാ, മി.ബർണബാസ് സ്മിത്തുമായി വിവാഹത്തിലേർപ്പെട്ടത്. ഒരു കുടുംബത്തെത്തന്നെ വിവാഹത്തിന്റെ പേരിൽ സംരക്ഷിക്കുന്നതിന് ചെറുപ്പക്കാരനായ സ്മിത്ത് മടികാണിച്ചു. അതുകൊണ്ട് ശിശുവിനെ തന്റെ പിതാവിന്റെ സംരക്ഷണയിൽ ഏല്പിച്ചിട്ടാണ് ഹന്നാ ഭർത്താവിനെ അനുഗമിച്ചത്. അങ്ങനെ അച്ഛന്റെയും അമ്മയുടേയും പരിലാളനങ്ങളേല്ക്കാൻ കഴിയാതെ ഒരനാഥശിശുവായി ന്യൂട്ടൺ ജീവിതമാരംഭിച്ചു.

ഉറക്കം തൂങ്ങി 

ബാല്യകാലത്തു ന്യൂട്ടനെ അറിയാവുന്നവർക്കൊക്കെ അദ്ദേഹത്തിന്റെ പില്ക്കാലജീവിതം അതിശയകരമായിരുന്നു. ക്ലാസ്സിലെ മഠയനായ വിദ്യാർത്ഥിയായിരുന്നു ന്യൂട്ടൺ. പഠനകാര്യങ്ങളിലെന്നല്ല, ബാലന്മാരുടെ നിത്യവിനോദങ്ങളിലും കളികളിലുമൊന്നും തീരെ ശ്രദ്ധയില്ലാത്ത ഒരു നിരുപദ്രവജീവിയായ “ഉറക്കം തൂങ്ങി’യായിട്ടാണ് ആ ബാലൻ ജീവിച്ചിരുന്നത്. പക്ഷേ ലോകത്തിന്റെ ഭാഗ്യമെന്നു പറയട്ടെ, ഒരു നിസ്സാര സംഭവം ന്യൂട്ടനെ മറ്റൊരാളാക്കിത്തീർത്തു. നിസ്സാര സംഭവങ്ങളാണല്ലോ മഹാസംഭവങ്ങളെക്കാൾ കൂടുതൽ ഫല പ്രദമായി മനുഷ്യജീവിതത്തെ സ്പർശിക്കുന്നത്.

ഒരു ദിവസം സ്കൂളിലേയ്ക്കു പോകുന്ന വഴി ക്ലാസ്സിലെ ഏറ്റവും മിടുക്കനായിരുന്ന ഒരു കുസൃതിക്കുട്ടൻ ഈ ‘ഉറക്കം തൂങ്ങിയുടെ തലയിലൊന്നു പ്രഹരിച്ചു. അതിന്റെ വേദന അസഹനീയമായിരുന്നു. “ഉറക്കം തൂങ്ങി’: ഒന്നുണർന്നുനിന്നു. ആ കണ്ണുകളിൽ കോപവും വെറുപ്പും എല്ലാം പ്രതിഫലിച്ചു. ശക്തിയും തന്റേടവും സംഭരിച്ചുകൊണ്ട് എതിരാളിയുടെ നേരെ ന്യൂട്ടൺ കുതിച്ചു. ആ ആക്രമണം തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. എന്തിനധികം? നിമിഷനേരം കൊണ്ട് കിട്ടിയ പ്രഹരം, പലിശ സഹിതം നൽകുന്നതിനും എതിരാളിയെ അടിപ്പെടുത്തുന്നതിനും കഴിഞ്ഞു. പരാജിതനായ ബാലൻ നിരാശയും വേദനയും  കലർന്ന സ്വരത്തിൽ തന്റെ തൽക്കാല പരാജയത്തെ മറയ്ക്കുന്നതിനായി ഇങ്ങനെ പറഞ്ഞു:

“എടാ, ക്ലാസ്സിൽ ഉയർന്ന മാർക്ക് വാങ്ങുന്ന കാര്യത്തിൽ നിനക്കെന്നെ തോല്പിക്കാൻ സാധിക്കയില്ലല്ലോടാ പട്ടീ?”

– “അതുമിനി കാണാമെടാ, നോക്കിക്കോ”

– ആ സംഭവത്തോടുകൂടി ന്യൂട്ടൺ ഒരു പുതിയ വിദ്യാർത്ഥിയായിത്തീർന്നു. അടുത്ത പരീക്ഷയിൽ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും അമ്പരിപ്പിച്ചുകൊണ്ട് ആ വിദ്യാർത്ഥി ക്ലാസ്സിലെ ഏറ്റവും കൂടുതൽ മാർക്കു വാങ്ങി. ആ ഉണർവ് പിന്നീടൊരിക്കലും കുറഞ്ഞില്ല. അതിന്റെ ചലനങ്ങളാണ് ന്യൂട്ടന്റെ ജീവിതം മുഴുവൻ നമുക്കു കാണുവാൻ കഴിയുന്നത്.

കുട്ടിക്കർഷകൻ 

ന്യൂട്ടനു 14 വയസ്സുള്ളപ്പോഴാണ് രണ്ടാം ഭർത്താവിനാൽ തിരസ്കൃതയായ ഹന്നാ തിരിച്ചെത്തിയത്. അപ്പോഴേയ്ക്കും അവർ മുന്നു കുട്ടികളുടെയും കൂടി അമ്മയായി കഴിഞ്ഞിരുന്നു. മാതാവിന്റെ പ്രത്യാഗമനം ന്യൂട്ടന്റെ ജീവിതത്തിന് ഒരു പുതിയ മാർഗ്ഗം നിർദ്ദേശിച്ചു കൊണ്ടായിരുന്നു. മകൻ പിതാവിനെ പിൻതുടരാൻ കഴിവുള്ള ഒരു കർഷകനായിത്തീരണമെന്നായിരുന്നു ഹന്നായുടെ ആഗ്രഹം. ഗ്രാൻതം സ്കൂളിൽ നിന്നും അവർ ന്യൂട്ടനെ തിരിച്ചുവിളിച്ചു. 14 വയസ്സുള്ള ഒരു “കുട്ടിക്കർഷകൻ’ അങ്ങനെ വയലിലേയ്ക്കിറങ്ങി. പക്ഷേ പഠിക്കുവാനും അറിയുവാനുമുള്ള അവന്റെ ആഗ്രഹം കുറഞ്ഞിരുന്നില്ല. തൂമ്പയും പിക്കാസും ഉപയോഗിക്കുമ്പോഴൊക്കെ അവയുടെ പ്രവർത്തനം സുഖകരമാക്കുന്ന അത്ഭുതവിദ്യകളെപ്പറ്റി ചിന്തിക്കുകയും മനസ്സിലാക്കുകയുമായിരുന്നു ബാലന്റെ ജോലി. കിളയ്ക്കാനിറങ്ങുന്നവൻ തിരിച്ചു വരുന്നത് ഊരിപ്പിടിച്ച തുമ്പാക്കയ്യുമായിട്ടാകും. വളമിടുന്നതിനോ കളപറിക്കുന്നതിനോ ഒന്നും അയാൾക്കു ശ്രദ്ധയേയില്ലായിരുന്നു കലപ്പ കണ്ടാൽ അതിന്റെ അടുത്തു ചെന്ന് ഒരു ഗവേഷണം തന്നെ നടത്തിയെന്നു വരാം. ന്യൂട്ടന്റെ ഈ നില മാതാവിനെ വിഷമിപ്പിച്ചു. അവരുടെ സാമ ദാന ഭേദ ദണ്ഡനങ്ങൾക്കൊന്നും ന്യൂട്ടണിൽ ഒരു കർഷകനെ വളർത്തിയെടുക്കാൻ സാധിച്ചില്ല. പരാജിതയായ മാതാവ് ഒടുവിൽ ബാലനെ സ്കൂളിലേയ്ക്കുതന്നെ അയച്ചു.

കാറ്റിനെതിരേ………!

1658- സെപ്തംബർ മാസത്തിൽ ലണ്ടനിലെ ഒരു രാജഹർമ്മ്യത്തിൽ പ്രസിദ്ധനായ ഒലീവർ ക്രോംവെൽ മരണശയ്യയിൽ കിടന്ന് കൊണ്ട് തന്റെ തെറ്റുകൾ ഏറ്റുപറഞ്ഞ് പശ്ചാത്താപം പ്രകടിപ്പിക്കുകയായിരുന്നു. പുറത്ത് ചീറ്റി അടിച്ചു കൊണ്ടിരുന്ന ഉഗ്രമായ കൊടുങ്കാറ്റിന്റെ ശക്തികൊണ്ട് അദ്ദേഹത്തിന്റെ വാക്കുകൾ പുറത്ത കേട്ടില്ല. ഈ സമയത്ത് വുൾതോപ്പിൽ ഐസക്ക് ന്യൂട്ടൺ ഒരു ശാസ്ത്രീയപരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. കാറ്റിന്റെ ഗതിവേഗം അളന്നുനോക്കുക എന്നതായിരുന്നു ബാലന്റെ ലക്ഷ്യം. കാറ്റിനെതിരെയും അതിനനുകൂലമായും ചാടുമ്പോൾ ദൂരങ്ങൾ . തമ്മിലുണ്ടാകുന്ന വ്യത്യാസത്തിൽ നിന്നും കാറ്റിന്റെ ഗതിവേഗം കണ്ടുപിടിക്കാമെന്നതായിരുന്നു അയാളുടെ ഉദ്ദേശ്യം. ഗണിത ശാസ്ത്രത്തിന്റെ ഉന്നത തത്വങ്ങൾ അറിഞ്ഞിരിക്കാതെ കുറെയെങ്കിലും അതു സാധിക്കയില്ലെന്നു ആ ബാലന് അന്നറിയാമായിരുന്നില്ല. പതിനാറു വയസ്സുകാരനായ ന്യൂട്ടന്റെ കൂർമ്മബുദ്ധിക്കും പരിശ്രമശീലത്തിനും ഇതിൽ കൂടുതൽ ഒരുദാഹരണം ആവശ്യമില്ലതന്നെ.

ബാല്യകാലത്ത് സ്വന്തം ബുദ്ധിയുപയോഗിച്ച് പുതിയ പുതിയ കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്നതിൽ ന്യൂട്ടൺ മിടുക്കനായിരുന്നു. ഗ്രാൻതം സ്കൂളിനടുത്തു കണ്ട് കാറ്റാടിയന്ത്രം (Wind Mill) പോലെയുള്ള ഒരെണ്ണം ചെറിയമാതൃകയിൽ അയാൾ നിർമ്മിച്ചു. കാറ്റില്ലാത്തപ്പോഴും അതു കറങ്ങുന്നതിന് ഒരു എലിയെ ചക്രത്തോടു ബന്ധിക്കുകയും ചെയ്തു. അതിനെ ക്രമമായി നടക്കുന്നതിനു പരിശീലിപ്പിക്കുകയു ചെയ്തിരുന്നു. ആ എലിക്ക് ന്യൂട്ടൺ നൽകിയിരുന്ന ഓമനപ്പേര് മില്ലർ എന്നായിരുന്നുവത്രെ. ജലപതനംകൊണ്ട് നടക്കുന്ന ഒരു ഘടികാരം. പുതിയ തരത്തിലുള്ള കോടാലികൾ, തൂമ്പകൾ തുടങ്ങിയവ  സ്വന്തം പണിയായുധങ്ങൾ ഉപയോഗിച്ചു നിർമ്മിച്ചുകൊണ്ടിരുന്നു രാത്രികാലങ്ങളിൽ കടലാസ്സുകൊണ്ടു പൊതിഞ്ഞ് വിളക്കുകൾ പട്ടത്തിൽ തൊടുത്തി അയാൾ പറപ്പിക്കുമായിരുന്നു. പലരും ആ വിളക്കുകൾ കണ്ട്, ചെകുത്താന്റെ കണ്ണുകളാണെന്നു പറഞ്ഞ് ഭയപ്പെടുന്നത്, ബാലനെ രസിപ്പിച്ചിരിക്കണം.

ട്രിനിറ്റി കോളേജ്

19 -ാമത്തെ വയസ്സു മുതൽ കേംബ്രിഡ്ജിലുള്ള ട്രിനിറ്റി കോളേജിലായിരുന്നു ന്യൂട്ടന്റെ വിദ്യാഭ്യാസം. പുതിയ കാര്യങ്ങൾ കേൾക്കുന്നതിനും, പഠിക്കുന്നതിനും, താനറിഞ്ഞിട്ടില്ലാത്ത വിജ്ഞാനശകലങ്ങൾ ഉൾക്കൊള്ളുന്നതിനും ന്യൂട്ടൺ കാണിച്ച വ്യഗ്രത അസാധാരണമായിരുന്നു. 17-ാം നൂറ്റാണ്ടിൽ ലണ്ടൻ നഗരം മുഴുവൻ പടർന്നു പിടിച്ച പ്ലേഗുബാധകാരണം പാഠശാലകൾ എല്ലാം അടച്ചിടുകയുണ്ടായി. ന്യൂട്ടന്റെ വിദ്യാഭ്യാസത്തിന് ഇതും ഒരു തടസ്സമായി പരിണമിച്ചു. 1668-ൽ അദ്ദേഹം എം.എ. പരീക്ഷയിൽ പ്രശസ്തമായ വിധത്തിൽ വിജയം നേടി പുറത്തു വന്നു.

പ്രശ്നങ്ങൾ 

പ്രകാശത്തിന്റെ സ്വഭാവം അന്നുതന്നെ ഈ യുവഹൃദയത്തിൽ ചില ചോദ്യങ്ങൾ ഉയർത്തിക്കഴിഞ്ഞിരുന്നു. എന്താണീ പ്രകാശം? എന്തൊക്കെയാണിതിന്റെ മൗലികസ്വഭാവങ്ങൾ? അത് ഒരു സ്ഥലത്തു നിന്നും എങ്ങനെയാണ് സഞ്ചരിക്കുന്നത് ? അങ്ങനെ എണ്ണമറ്റ ചോദ്യങ്ങൾ അദ്ദേഹം സ്വയം ചോദിച്ചുകൊണ്ടിരുന്നു. ഒരു ത്രികോണ പ്രിസത്തിൽ (Triangular Prism) കൂടി സൂര്യപ്രകാശം കടത്തിവിടുമ്പോൾ അതു വിവിധ വർണ്ണങ്ങളായിത്തീരുന്നുവെന്ന് അദ്ദേഹം കണ്ടു പിടിച്ചിരുന്നു. പില്ക്കാലത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് പുറത്തുവന്ന സിദ്ധാന്തങ്ങൾക്ക് ആണിക്കല്ലിട്ടത് ഈ പരീക്ഷണമായിരുന്നു. രണ്ടാമതൊരു പ്രിസം ഉപയോഗിച്ചു വീണ്ടും പ്രകാശത്തിന്റെ നിറവൈചിത്ര്യത്തെ ഇല്ലാതാക്കാമെന്നും അതുകൊണ്ട് സൂര്യപ്രകാശം അനേകം നിറങ്ങളുള്ള ഘടകങ്ങളുടെ ഒരു സമ്മിശ്ര പ്രതികരണമാണെന്നും അന്നുതന്നെ ന്യൂട്ടൺ പ്രവചിച്ചിരുന്നു.

1668-ൽ ന്യൂട്ടന് 26 വയസ്സുള്ളപ്പോഴാണ് അദ്ദേഹം ഒരു പുതിയ ദൂരദർശിനി കണ്ടുപിടിച്ചത്. 1671-ൽ ന്യൂട്ടനെ റോയൽ സൊസൈറ്റി അംഗമായി സ്വീകരിച്ചതിനു പ്രധാനകാരണം പ്രകാശശാസ്ത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകളായിരുന്നു. 1669-ൽ കേംബ്രിഡ്ജിലെ പ്രൊഫസ്സറായി നിയമിക്കപ്പെട്ടു. ഇക്കാലത്ത് തന്നെയാണ് അദ്ദേഹം ഭൂഗുരുത്വത്തെപ്പറ്റിയുള്ള പഠനത്തിൽ ശ്രദ്ധചെലുത്തിയത്. ആ ചിന്താഗതി ന്യൂട്ടൺ ചെറുപ്പകാലം മുതൽ വച്ചുപുലർത്തിയിരുന്നു എന്നുള്ളതിനു രസകരമായ ഒരു കഥ പറഞ്ഞ കേൾക്കുന്നുണ്ട്.

1665-ൽ പ്ലേഗുബാധകാരണം പഠനം തുടരാൻ കഴിയാതെ അദ്ദേഹം വീട്ടിൽ താമസിക്കുന്ന കാലത്താണതു സംഭവിച്ചത്. ന്യൂട്ടൺ തോട്ടത്തിലുള്ള ഒരാപ്പിൾ മരത്തിന്റെ ചുവട്ടിൽ നിൽക്കുകയായിരുന്നു. വലിയ ഒരാപ്പിൾപഴം അദ്ദേഹത്തിന്റെ തലയിലേക്കു തന്നെ വീണു. വേദനിച്ച തല തടവിക്കൊണ്ട് അദ്ദേഹം മുകളിലേയ്ക്കു നോക്കി. ആപ്പിൾ പഴത്തിന്റെ പതനമാണു തന്നെ വേദനിപ്പിച്ചതെന്നു മനസ്സിലായി. പക്ഷെ അവിടെത്തീർന്നില്ല ആ യുവാവിന്റെ ആകാംക്ഷ. അതു നേരെ താഴോട്ടുതന്നെ വീണിട്ടല്ലേ തന്റെ തല വേദനിച്ചത്? അതിനു സ്വല്പം മാറിപ്പോകാമായിരുന്നില്ലേ? അതെന്തുകൊണ്ട് മുകളിലേയ്ക്ക് വീഴുന്നില്ല?’ ആ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ അന്നു ന്യൂട്ടനു കഴിഞ്ഞില്ല. ഒരാപ്പിൾ പഴം താഴോട്ടു വീഴുന്നത് അസാധാരണ സംഭവമൊന്നുമല്ല. ന്യൂട്ടൺ തന്നെ അതു പലതവണ കണ്ടുകാണണം. പക്ഷെ അന്നൊന്നും അങ്ങനെയൊരു പ്രശ്നം അദ്ദേഹത്തിനു തോന്നിയില്ല. അന്നു മാത്രം കുറെ ചോദ്യ അദ്ദേഹത്തിന്റെ ഹൃദയത്തിലേയ്ക്ക് പൊങ്ങി വന്നു. സാധാ സംഭവങ്ങൾ യാദ്യശ്ചികമായി വലിയ കണ്ടുപിടിത്തങ്ങൾ പ്രചോദനം നൽകുന്നത് ശാസ്ത്രത്തിന്റെ ചരിത്രത്തിൽ  കാണാൻ കഴിയും. ഇത് ഒരുദാഹരണമാണ്. ന്യൂട്ടൺ തന്റെ ചോദ്യങ്ങൾക്കു മറുപടി കാണാതെ അന്നുമുതൽ ആലോചിച്ചുകൊണ്ടിരുന്നു. ഈ കഥ നടന്നതല്ല എന്നു വാദിക്കുന്നവരുണ്ട്. അതെന്തായാലും ഭൂഗുരുത്വത്തെപ്പറ്റി അദ്ദേഹം ചെറുപ്പം മുതൽക്കേ ചിന്തിച്ചിരുന്നു എന്നത് പരമാർത്ഥമാണ്. പ്രൊഫസറായി ശേഷം പക്വത വന്ന തന്റെ ബുദ്ധിയും നിഗമനങ്ങളും ഈ പ്രശ്നത്തിനു പരിഹാരം കാണുന്നതിനായി അദ്ദേഹം ഉപയോഗിച്ചു എന്നു മാത്രം.

ന്യൂട്ടൺ ബിരുദധാരിയായതിനുശേഷം വെറും പതിനെട്ടു മാസങ്ങൾ കൊണ്ടാണ് ഏറ്റവും പ്രസിദ്ധങ്ങളായ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾക്കെല്ലാം രൂപം കൊടുത്തത്. ചരിത്രത്തിന്റെ താളുകളിൽ ഈ ദിവസങ്ങൾ, സൃഷ്ടിപരമായ സ്വതന്ത്രചിന്തയുടേയും യുക്തിപൂർവ്വകമായ നിഗമനങ്ങളുടേയും അനർഘനിമിഷങ്ങളായി ചിത്രീകരിക്കപ്പെടേണ്ടവയാണ്. ന്യൂട്ടൺ പില്ക്കാലത്തൊക്കെ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സിദ്ധാന്തങ്ങൾ എല്ലാം ഈ പതിനെട്ടുമാസത്തെ കണ്ടുപിടിത്തങ്ങൾക്ക് വിപുലമായ വിശദീകരണം കൊടുക്കുന്നവ മാത്രമായിരുന്നു.

ദരിദ്രനായ ശാസ്ത്രജ്ഞൻ 

തന്റെ ശാസ്ത്രീയനേട്ടങ്ങളുടെ നേരെ ചന്ദ്രഹാസമിളക്കിയ പലരോടും ന്യൂട്ടന് ഏറ്റുമുട്ടേണ്ടതായി വന്നു. വർണ്ണഭേദത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ അടിമുടി എതിർത്തുകൊണ്ട് അന്നു പലരും മുന്നോട്ടു വന്നിരുന്നു. ആ സിദ്ധാന്തം തെറ്റാണെന്ന് പിൽക്കാലത്തു തെളിഞ്ഞുവെങ്കിലും അന്ന് ചോദ്യം ചെയ്യപ്പെടാൻ വയ്യാത്ത വിധത്തിൽ കെട്ടുറപ്പുള്ളതാണ് തന്റെ സിദ്ധാന്തമെന്ന് ന്യൂട്ടൺ വിശ്വസിച്ചിരുന്നു. പ്രകാശമെന്നത് സ്വയം പ്രകാശശക്തിയുള്ള കുറെ കണികകളാണെന്നും, അവയുടെ ഭാരവ്യത്യാസം കൊണ്ടാണ് നിറഭേദമുണ്ടാകുന്നതെന്നുമായിരുന്നു ന്യൂട്ടന്റെ വാദം. ഹൈജൻസ് നേരത്തെതന്നെ രൂപം നൽകിയിരുന്ന തരംഗസിദ്ധാന്തത്ത പുറംതള്ളിക്കൊണ്ടായിരുന്നു ന്യൂട്ടൺ തന്റെ സിദ്ധാന്തം സ്ഥാപിച്ചത്. എന്നാൽ പില്ക്കാലത്ത് ന്യൂട്ടന്റെ കണികാസിദ്ധാന്തം അബദ്ധജടിലമാണെന്നു തെളിയുകയും, തരംഗസിദ്ധാന്തത്തിന് അംഗീകാരം ലഭിക്കുകയും ചെയ്തു. സാമ്പത്തികമായി ന്യൂട്ടൺ ഇക്കാലത്ത് വളരെ ക്ലേശിച്ചിരുന്നു. പ്രതിമാസ വരിസംഖ്യ കൊടുക്കുന്നതിന് സാധിക്കാതെ വന്നതുകൊണ്ട് റോയൽ സൊസൈറ്റിയിലെ തന്റെ അംഗത്വം തന്നെ പിൻവലിക്കുന്നതിന് അദ്ദേഹം ആഗ്രഹിച്ചിരുന്നുവത്രെ. കൂടുതൽ ധനാഗമമാർഗ്ഗമുള്ള അഭിഭാഷക വൃത്തിയിലേയ്ക്കു തിരിയണമെന്നും പലപ്പോഴും ആ ശാസ്ത്രജ്ഞൻ ചിന്തിച്ചിരുന്നു. ലോകത്തിന്റെ ഭാഗ്യമെന്നു പറയട്ടെ; അന്ന് അങ്ങനെയൊരു തീരുമാനം അദ്ദേഹം സ്വീകരിച്ചില്ല.

ഒരു പ്രത്യേകജീവിതം

ന്യൂട്ടന്റെ ജീവിതരീതിതന്നെ ഒരു പ്രത്യേകവിധത്തിലായിരുന്നു. യാതൊരു വിനോദങ്ങളിലും അദ്ദേഹം ഏർപ്പെട്ടിരുന്നില്ല. ക്ലാസ്സുകളിൽ പഠിപ്പിക്കുമ്പോൾ താൻ പറയുന്നതു വിദ്യാർത്ഥികൾ മനസ്സിലാക്കുന്നുണ്ടോ എന്ന് ആ അദ്ധ്യാപകനു ശ്രദ്ധയുണ്ടായിരിക്കയില്ല. ഭിത്തികളോടു തന്നെ വേണമെങ്കിൽ അദ്ദേഹം സംസാരിച്ചുകളയും. ആഹാര കാര്യത്തിൽ പോലും ആ ശാസ്ത്രജ്ഞന് ശ്രദ്ധയില്ലായിരുന്നു. സഹപ്രവർത്തകരുടെ വളരെ നേരത്തെ നിർബന്ധം കൊണ്ടായിരിക്കും അദ്ദേഹം തീൻമേശയുടെ അടുത്തേയ്ക്കു വരുന്നതുതന്നെ. ചിലപ്പോൾ അവർ അദ്ദേഹത്തിന്റെ മുറിയിൽ ചെന്ന് ആഹാരകാര്യത്തെപ്പറ്റി ഓർമ്മിപ്പിക്കും.

“അങ്ങ് ഇതുവരെ ഒന്നും കഴിച്ചില്ലല്ലോ?”

“ഇല്ലേ? ഞാനിന്ന് ഒന്നും കഴിച്ചില്ലേ?”

“ഇല്ല”

“ഓ, ഞാനതു മറന്നുപോയിരിക്കും, വരു”

മേശയുടെ അരികിൽ നിന്നു കൊണ്ടുതന്നെ ഒന്നു രണ്ടുമിനിട്ടിനകം അദ്ദേഹം ആഹാരം കഴിക്കും. ഉടനെ, പുസ്തകവും കടലാസ്സുമായി പഴയ സ്ഥാനം പിടിക്കുകയും ചെയ്യും. മൂന്നു മണിക്കാണ് സാധാരണ കിടക്കുന്നത്. രാത്രി ഉറക്കമില്ലാത്ത ദിവസങ്ങളുമുണ്ട്. പരീക്ഷണങ്ങൾ വല്ലതുമുണ്ടെങ്കിൽ ഒന്നു രണ്ടാഴ്ചക്കാലം അദ്ദേഹം ഉറങ്ങാതെ കഴിച്ചു കളയും!

മുന്നേറ്റം 

1672 ഫെബ്രുവരി 6-ാം തീയതിയാണ് ന്യൂട്ടൺ പ്രകാശത്തെപ്പറ്റിയുള്ള പുതിയ സിദ്ധാന്തം വിവരിച്ചുകൊണ്ട് റോയൽ സൊസൈറ്റിയിലേയ്ക്ക് ഒരു കത്തയച്ചത്. സൊസൈറ്റിയിലെ അംഗങ്ങളുടെ നിശിതമായ വിമർശനങ്ങളെല്ലാം അദ്ദേഹം സഹിക്കേണ്ടിവന്നു. നിറവ്യത്യാസമുണ്ടാകുന്ന കാരണങ്ങളെപ്പറ്റിയുള്ള വിശദീകരണമായിരുന്നു കുടുതൽ വിമർശിക്കപ്പെട്ടത്. ഹൈജൻസ് തുടങ്ങിയ പ്രസിദ്ധ ശാസ്ത്രജ്ഞന്മാർ അന്ന് റോയൽ സൊസൈറ്റിയിലെ അംഗങ്ങളായിരുന്നു. അവരുടെ ഓരോ വിമർശനത്തിനും മറുപടി പറഞ്ഞുകൊണ്ട് ന്യൂട്ടൺ വീണ്ടും വീണ്ടും കത്തുകളയച്ചു. പക്ഷേ എല്ലാം വിഫലമായതേയുള്ളു.  മേലിൽ താൻ യാതൊരു ശാസ്ത്രീയ പരീക്ഷണവും പ്രസിദ്ധപ്പെടുത്തുന്നതല്ല എന്ന് സ്നേഹിതനായ ലിബിനിറ്റ്സിന് ന്യൂട്ടൺ എഴുതി. പക്ഷേ ആ തീരുമാനം പില്ക്കാലത്ത് അദ്ദേഹം പിൻവലിച്ചു എന്നു തോന്നുന്നു. പ്രസിദ്ധനാകുന്നതിനുള്ള ആഗ്രഹം ന്യൂട്ടന് കലശലായുണ്ടായിരുന്നു. പ്രതിയോഗികൾ ഇക്കാര്യം പറഞ്ഞ് അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചിട്ടുമുണ്ട്. വാനനീരിക്ഷകനായിരുന്ന ഫ്ളാംസ്റ്റീഡ് പറയുന്നത് ഇങ്ങനെയാണ്:- “വഞ്ചന, ദുരാശ, വിമർശനങ്ങൾ കേട്ടിരിക്കുന്നതിനുള്ള അക്ഷമ തുടങ്ങിയവകൊണ്ട് ആ ഹൃദയം നിറഞ്ഞിരുന്നു. അദ്ദേഹം നല്ലവനായിരുന്നു. പക്ഷേ ആ സ്വഭാവങ്ങൾ നിഷ്കളങ്കമായവയല്ലായിരുന്നു എന്നു പറയാതെ തരമില്ല.” – ശാസ്ത്രലോകത്തിന്റെ ശ്രദ്ധയിലേയ്ക്ക് പിന്നീട് പെട്ടെന്നദ്ദേഹം കടന്നുവന്നില്ല. കേംബ്രിഡ്ജിനെ പ്രതിനിധീകരിച്ചുകൊണ്ട് ആയിടയ്ക്ക് അദ്ദേഹം പാർലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. വളരെ രഹസ്യമായി അക്കാലത്തും ന്യൂട്ടൺ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ലിബിനിറ്റ്സുമായി അക്കാലത്ത് അടുത്ത സമ്പർക്കമുണ്ടായിരുന്നെങ്കിലും ശാസ്ത്രപരമായ തന്റെ പ്രവർത്തനങ്ങളെപ്പറ്റി ന്യൂട്ടൺ അദ്ദേഹത്തോട് ഒന്നും സംസാരിച്ചിരുന്നില്ല. കാൽകുലസ്സ് (Calculus) എന്ന ഗണിതശാസ്ത്രശാഖ കണ്ടുപിടിച്ചത് ന്യൂട്ടനും, ലിബിനിറ്റ്സും പ്രത്യേകം പ്രത്യേകമായിട്ടായിരുന്നെങ്കിലും, ഇന്നും അവരിലാരാണ് അതിന്റെ അവകാശി എന്നതിനെപ്പറ്റി തർക്കം അവസാനിച്ചിട്ടില്ല. ഏതായാലും തന്റെ ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ മോഷ്ടിച്ച് പ്രസിദ്ധപ്പെടുത്തി എന്ന് ലിബിനിറ്റ്സിന്റെ പേരിൽ ആരോപണം നടത്തുന്നതിന് ന്യൂട്ടൺ മുന്നോട്ടു വന്നു. ഈ സംഭവം ന്യൂട്ടന്റെ സങ്കുചിതമനസ്ഥിതിക്ക് ഒരുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. താൻ കൈവയ്ക്കുന്ന ഏതു ശാസ്ത്രമണ്ഡലത്തിലും ഏകച്ഛത്രാധിപതിയായിരിക്കണമെന്ന് ന്യൂട്ടന് നിർബന്ധമായിരുന്നു.

എഡ്മണ്ട് ഹാലിയും ന്യൂട്ടണും കടപ്പാട് ©Patrick Nicolle illustration

ഒരു യാദൃച്ഛിക സംഭവം

1684-ൽ പ്രസിദ്ധ വാനനിരീക്ഷകനായിരുന്ന എഡ്മൺഡ് ഹാലി ന്യൂട്ടനെ സന്ദർശിച്ച്, തന്റെ ചില സംശയങ്ങൾ അദ്ദേഹത്തെ അറിയിച്ചു. സുര്യനും മറ്റുഗ്രഹങ്ങളും തമ്മിൽ ഉള്ള ആകർഷണബലത്തെ സംബന്ധിക്കുന്നതായിരുന്നു അത്. അന്നറിയപ്പെട്ടിരുന്ന നിയമങ്ങൾ, സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള ആകർഷണബലം അവ തമ്മിലുള്ള ദൂരത്തിന്റെ വർഗ്ഗ (Square) ത്തിന് വിപരീതാനുപാതികമായി (Inversely Proportional) ട്ടായിരിക്കുമെന്നു സ്ഥാപിച്ചിരുന്നു. ഹാലി ന്യൂട്ടനുമായുള്ള സംഭാഷണത്തിൽ ഇങ്ങനെയൊരു സംശയം എടുത്തിട്ടു.

ഹാലി: “ആ നിഗമനങ്ങൾ ശരിയാണെങ്കിൽ, അതനുസരിച്ചു. കൊണ്ട് ചലിക്കുന്ന ഗ്രഹങ്ങളുടെ ഭ്രമണപഥത്തിന്റെ ആകൃതി എന്താണെന്നു കണ്ടുപിടിക്കാൻ ഞങ്ങളിൽ പലരും തനിച്ചും സഹകരിച്ചും ആവുംവിധം ശ്രമിച്ചുനോക്കി. യാതൊരു നിവൃത്തിയുമില്ല. അതൊരു ദുർഘടപ്രശ്നം തന്നെ.”

ന്യൂട്ടൺ: “എന്ത്? അതത്ര പ്രയാസമോ? അതൊരു ആയത് വൃത്തം (Ellipse) ആയിരിക്കും .”

ഹാലി: “അങ്ങേയ്ക്ക് എങ്ങനെയറിയാം?” .

ന്യൂട്ടൺ: “ഞാൻ അതെന്നെ കണക്കുകൂട്ടി കണ്ടുപിടിച്ചിരിക്കുന്നു’

ന്യൂട്ടൺ ഒരു മഹാകാര്യമാണ് സാധിച്ചിരിക്കുന്നതെന്നു ഹാലി മനസ്സിലാക്കി. ആ കണക്കുകൂട്ടലുകൾ തന്നെയൊന്നു കാണിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ തന്റെ പുസ്തകക്കൂമ്പാരത്തിൽ നിന്നും അതു തിരഞ്ഞു പിടിക്കുന്നതിന് ന്യൂട്ടൺ എത്ര ശ്രമിച്ചിട്ടും അപ്പോൾ സാധിച്ചില്ല. വീണ്ടും ഒന്നെഴുതാമെന്ന് ന്യൂട്ടൺ സമ്മതിച്ചു. ഹാലിയുടെ നിർബന്ധപൂർവ്വമായ ആവശ്യപ്പെടലുകൾകൊണ്ട് അദ്ദേഹം ആ സിദ്ധാന്തങ്ങൾ എഴുതി റോയൽ സൊസൈറ്റിക്ക് സമർപ്പിച്ചു. പ്രിൻസിപ്പിയ (“Principia’) എന്ന പ്രസിദ്ധ ഗ്രന്ഥമാണത്. അതിന്റെ പ്രസിദ്ധീകരണത്തിലൊക്കെ ഹാലി സജീവമായ പങ്കു വഹിച്ചിരുന്നു. “ന്യൂട്ടൺ സിദ്ധാന്തങ്ങൾ’ (Newton’s Laws) തുടങ്ങിയ എല്ലാ പ്രാമാണിക സിദ്ധാന്തങ്ങളും ഈ പുസ്തകത്തിലൂടെയാണു പുറത്തു വന്നത്. വിപരീതാനുപാതികവർഗ നിയമംകൊണ്ടുമാത്രം ഒരു വസ്തുവിന്റെ താഴോട്ടുള്ള പതനത്തേയും, ഗ്രഹങ്ങളുടെ ചലനത്തേയും എങ്ങനെ വിശദീകരിക്കാമെന്ന് അതിൽ വിവരിച്ചിരുന്നു.

CC BY-SA 2.0, Link

“പ്രിൻസിപ്പിയ’യുടെ പ്രസിദ്ധീകരണത്തിനുശേഷം ആ ശാസ്ജ്ഞന്റെ ആരോഗ്യം സാരമായി കുറഞ്ഞു തുടങ്ങിയിരുന്നു. അവിവാഹിതനായി കഴിഞ്ഞിരുന്ന അദ്ദേഹത്തിന്, അവസാനകാലത്തു പരിചരിക്കുന്നതിനായി സ്നേഹം നിറഞ്ഞ ഒരു ഹൃദയത്തിന്റെ കുറവ് നന്നായി അനുഭവപ്പെട്ടു. യൗവ്വനകാലത്തുണ്ടായ ഒരു പ്രേമനൈരാശ്യം കൊണ്ടാണ് അദ്ദേഹം വിവാഹം കഴിക്കാതിരുന്നത് എന്നൊരു കഥയുണ്ട്. വിവാഹം കഴിച്ചിരുന്നെങ്കിൽ ന്യൂട്ടൺ ഇത്ര പ്രസിദ്ധനാകുമായിരുന്നോ എന്ന് ആർക്കറിയാം?

ശാസ്ത്രീയനേട്ടങ്ങൾ മൂലമുള്ള ബഹുമതികൾ ഓരോന്നായി അദ്ദേഹത്തിനു ലഭിച്ചു തുടങ്ങി. 1705-ൽ “സർ’ ബഹുമതി അദ്ദേഹത്തിനു നൽകപ്പെട്ടു. റോയൽ സൊസൈറ്റിയുടെ അനിഷേധ്യ നേതാവായ അദ്ധ്യക്ഷനെന്നുള്ള സ്ഥാനത്തേയ്ക്ക് അദ്ദേഹം പല തവണ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ജീവിതത്തിന്റെ അവസാനഘട്ടമായ പത്തിരുപതുവർഷക്കാലം പറയത്തക്ക യാതൊരു സംഭാവനകളും ശാസ്ത്രലോകത്തിന് അദ്ദേഹത്തിൽ നിന്നും ലഭിക്കുകയുണ്ടായില്ല. ആ തലച്ചോറിന്റെ പ്രവർത്തനം മന്ദിച്ചുപോയിയെന്നു ചിലർ പറഞ്ഞു. എങ്കിലും അവസാനദിവസങ്ങളിൽ പോലും വളരെയധികം പ്രശ്നങ്ങൾ ലോകത്തിന്റെ മുന്നിലേയ്ക്കു ന്യൂട്ടൺ അണിനിരത്തിക്കൊണ്ടിരുന്നു. വിദ്യുച്ഛക്തി, കാന്തപ്രഭാവം തുടങ്ങിയവയുടെ മൂലകാരണങ്ങൾ, ഭൂഗുരുത്വത്തിന്റെ കാരണം, ഈതറിന്റെ നിലനില്പ് തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഗവേഷണം നടത്തുന്നതിന് യുവശാസ്ത്രകാരന്മാരെ അദ്ദേഹം ആഹ്വാനം ചെയ്തു.

യുക്തിവാദത്തിന്റേതായ ഒരു യുഗം ഉൽഘാടനം ചെയ്ത മഹാനായിട്ടാണ് ന്യൂട്ടനെ പലരും ചിത്രീകരിക്കുന്നത്. അലക്സാണ്ടർപോപ്പ് അദ്ദേഹത്തെപ്പറ്റി പറഞ്ഞിരിക്കുന്നതു നോക്കുക.

“Nature and Nature’s Laws lay hid in night, God Said: let Newton be! and all was Light ” പ്രകൃതിയും, പ്രകൃതി നിയമങ്ങളും അന്ധകാരത്തിലാണ്ടുകിടക്കുകയായിരുന്നു. അപ്പോഴാണ് “ന്യൂട്ടൺ വന്നുചേരട്ടെ . എന്നു ദൈവം ആജ്ഞാപിച്ചത്. അതോടുകൂടി എല്ലാം പ്രഭാപൂരിതമാകുകയും ചെയ്തു!
ട്രിനിറ്റികോളേജിലെ ന്യൂട്ടൺ പ്രതിമ കടപ്പാട് വിക്കിപീഡിയ

1727 മാർച്ച് 2-ാം തീയതി ന്യൂട്ടൺ റോയൽ സൊസൈറ്റിയുടെ ഒരു മീറ്റിംഗിൽ ആദ്ധ്യക്ഷ്യം വഹിച്ചു. അന്നു വൈകുന്നേരം തന്നെ ക്ഷീണിതനായി അദ്ദേഹം കിടപ്പിലാകുകയും ചെയ്തു. വാർദ്ധക്യ സഹജമായ സാധാരണ സുഖക്കേടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മാർച്ച് 20-ാം തീയതി ആ ശാസ്ത്രജ്ഞൻ ലോകത്തോടും തന്റെ പ്രിയപ്പെട്ട ശാസ്ത്രപരീക്ഷണങ്ങളോടുമെല്ലാം അവസാനയാത്ര പറഞ്ഞു. സ്ഥിരവും കഠിനവുമായ അത്യദ്ധ്വാനത്തിന്റെ ആ പ്രതീകം അങ്ങനെ മൺമറഞ്ഞു.

തന്റെ ശാസ്ത്രീയ നേട്ടങ്ങൾ അദ്ദേഹത്തെ തൃപ്തനാക്കിയിരുന്നില്ല. ഇനിയും അനേകമനേകം അജ്ഞാതരഹസ്യങ്ങൾ കണ്ടുപിടിക്കാൻ കിടക്കുന്നു എന്നദ്ദേഹം വിശ്വസിച്ചിരുന്നു. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കുമുമ്പ് അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി.

“എന്നെ ലോകം എങ്ങനെയാണ് കാണുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. എനിക്കാകട്ടെ, ഞാൻ കടൽപ്പുറത്ത് കളിച്ചുകൊണ്ടിരിക്കുന്ന ഒരു ബാലൻ മാത്രമായിരുന്നു. ഭംഗിയുള്ള മുത്തുച്ചിപ്പികളുടേയും ശംഖുകളുടേയും ആകർഷണീയത കണ്ട് ഞാനങ്ങോട്ടൊക്കെ ഓടിപ്പോയി. അപ്പോഴൊക്കെ എന്റെ മുമ്പിൽ, അറിയപ്പെട്ടിട്ടില്ലാത്ത പ്രപഞ്ചസത്യങ്ങളുടെ ഒരു മഹാസമുദ്രം അലയടിച്ചുയരുന്നുണ്ടായിരുന്നു.”


വെളിയനാട് ഗോപാലകൃഷ്ണൻ നായർ എഴുതിയ ശാസ്ത്രവീഥിയിലെ നാഴികക്കല്ലുകൾ എന്ന പുസ്തകത്തിൽ നിന്നും

Happy
Happy
31 %
Sad
Sad
0 %
Excited
Excited
62 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
8 %

Leave a Reply

Previous post ഐസക് ന്യൂട്ടണും പ്രിൻസിപ്പിയ മാത്തമാറ്റിക്കയും
Next post ഐസക് ന്യൂട്ടൺ  – ജെയിംസ് ഗ്ലീക് എഴുതിയ ജീവചരിത്രത്തിൽ നിന്ന് ഒരു ഏട് 
Close