മനുഷ്യന്റെ സർഗ്ഗവാസനയിൽ നിന്നും ഉരുത്തിരിയുന്ന സൃഷ്ടികളാണ് സാഹിത്യ രചനകളും, കലാരൂപങ്ങളുമെല്ലാം. അതുപോലെ തന്നെ ഒരു മനുഷ്യന്റെ അഥവാ കൂട്ടായ്മയുടെ ബൗദ്ധിക ശ്രമത്തിൽ ഉരുത്തിരിയുന്ന ശാസ്ത്രീയ അടിത്തറയുള്ള ഏതൊരു നൂതന ആശയവും സാങ്കേതികവിദ്യയിലൂടെ രൂപപ്പെടുമ്പോഴാണ് ഒരു കണ്ടുപിടിത്തമാകുന്നത്. ഏതൊരു വ്യക്തിയുടെ അഥവാ കൂട്ടായ്മയുടെ ശ്രമമാണോ അത്തരം ഒരു സർഗ്ഗസൃഷ്ടി അഥവാ കണ്ടുപിടിത്തം ആദ്യമായി പൊതു സമൂഹത്തിലേക്കു കൊണ്ടുവരുന്നത് അവരാണ് ആ സൃഷ്ടിയുടെ (ബൗദ്ധിക സ്വത്തിന്റെ) ഉടമസ്ഥർ. ഒരു ബൗദ്ധിക സ്വത്തിനെ അതിന്റെ ഉടമയ്ക്ക് നിയമപരമായി ഒരു നിശ്ചിത കാലയളവിലേക്ക് പൂർണ്ണ അവകാശം സ്ഥാപിച്ചു നൽകുകയാണ് ബൗദ്ധിക സ്വത്തവകാശ നിയമം ചെയ്യുന്നത്. ഒരു രാജ്യം അവരുടെ രാജ്യത്തെ ബൗദ്ധിക സമ്പത്തിനെ സംരക്ഷിക്കുന്നതിന് ശക്തവും അതേസമയം അന്തർദേശീയമായി അംഗീകരിക്കപ്പെട്ട നിയമവും പ്രായോഗിക രീതികളും അനുവർത്തിക്കുന്നു.
ബൗദ്ധിക സ്വത്തിന്റെ വൈവിധ്യം അനുസരിച്ച് സംരക്ഷണ നിയമം പല പേരുകളിൽ അറിയപ്പെടുന്നു. പൊതുവായി ഏറെ അറിയപ്പെടുന്ന ബൗദ്ധിക സ്വത്തുക്കളും സംരക്ഷണ നിയമങ്ങളും താഴെ ലിസ്റ്റുചെയ്യുന്നു.
നം | ബൗദ്ധിക സ്വത്ത് | സംരക്ഷണ നിയമം |
---|---|---|
i | നൂതന ശാസ്ത്ര ആശയങ്ങളെ അടിസ്ഥാനമാക്കിയ കണ്ടുപിടിത്തങ്ങൾ | പേറ്റന്റ് അവകാശം |
ii | സാഹിത്യ രചനകൾ, കലാസൃഷ്ടികൾ | പകർപ്പ് അവകാശം |
iii | വ്യാപാര, വാണിജ്യ, സേവന മുദ്രകൾ | ട്രേഡ് മാർക്ക് അവകാശം |
iv | ഗോത്രവർഗ്ഗ അറിവുകൾ, നാട്ടറിവുകൾ മുതലായ പാരമ്പര്യ അറിവുകൾ | പാരമ്പര്യ വിജ്ഞാന സംരക്ഷണ നിയമം |
v | ഉറവിടമായ ഭൗമ സ്ഥലത്തിന്റെ പ്രത്യേകതള്ള ഗുണമേന്മ നിലനിൽക്കുന്ന പ്രകൃതിജന്യ ഉൽപ്പന്നങ്ങൾ | ഭൗമസൂചികയും അവയുടെ സംരക്ഷണവും |
vi | വാണിജ്യ ഉൽപ്പന്നങ്ങളുടെ രൂപകല്പന, മാതൃക മുതലായവ | ഡിസൈൻ സംരക്ഷണം |
vii | വ്യാപാര രഹസ്യങ്ങൾ | ട്രേഡ് സീക്രട്ട് സംരക്ഷണം |
ബൗദ്ധിക സ്വത്ത് സംരക്ഷണ നിയമത്തിലൂടെ അതിന്റെ ഉടമയ്ക്ക് ലഭിക്കുന്ന അവകാശത്തിന് നിയതമായ ഒരു കാലയളവ് ഉണ്ട്. നിയമപ്രാബല്യ കാലവും അതിന്റെ പുതുക്കലും ബൗദ്ധിക സ്വത്തിന്റെ പ്രത്യേകതയനുസരിച്ച് വ്യത്യസ്തമാണ്. ഇന്ത്യയിലെ ഓരോ ഇനം ബൗദ്ധിക സ്വത്തും അതിന്റെ സംരക്ഷണ കാലവും താഴെപ്പറയുന്നു.
No | ബൗദ്ധിക സ്വത്ത് | സംരക്ഷണ കാലം, പ്രത്യേകത |
---|---|---|
i | പേറ്റന്റ് അവകാശം | 20 വർഷം- പുതുക്കാവുന്നതല്ല |
ii | പകർപ്പ് അവകാശം | രചയിതാവിന്റെ മരണം വരെയും തുടർന്ന് 60 വർഷവും |
iii | ട്രേഡ് മാർക്ക് അവകാശം | 10 വർഷം പുതുക്കാവുന്നത്, ഓരോ പത്തുവർഷത്തേക്കും പലപ്രാവശ്യം പുതുക്കുന്നത് |
iv | ഡിസൈൻ സംരക്ഷണം | 10 വർഷം, ഒരു പ്രാവശ്യം അഞ്ചുവർഷത്തേക്ക് പുതുക്കാം |
v | ഭൗമസൂചികയും അവയുടെ സംരക്ഷണവും | 10 വർഷം, പല പ്രാവശ്യം പുതുക്കാവുന്നത് |
vi | പാരമ്പര്യ വിജ്ഞാപന സംരക്ഷണ നിയമം | അനിശ്ചിതകാല പ്രാബല്യം |
vii | ട്രേഡ് സീക്രട്ട് സംരക്ഷണം | അനിശ്ചിതകാല പ്രാബല്യം |
പേറ്റന്റ് നിയമം
ശാസ്ത്ര സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ, വാണിജ്യ പ്രാധാന്യമുള്ള ഏതൊരു നൂതന ആശയമോ ആവിഷ്കാരമോ അതിന്റെ ഉപജ്ഞാതാവിനെ ഒരു നിശ്ചിത കാലയളവിലേക്കും നിയമപരമായ ഉടമസ്ഥത സ്ഥാപിച്ചു നൽകുകയാണ് ഇതിലൂടെ ചെയ്യുന്നത്. സ്വദേശിയോ വിദേശിയോ ആയ ഏതൊരാൾക്കും വ്യക്തികളുടെ കൂട്ടായ്മയ്ക്കും സ്ഥാപനത്തിനും പേറ്റന്റിന് അപേക്ഷിക്കാൻ അവകാശമുണ്ട്. എന്നാൽ, അപേക്ഷിക്കുന്ന എല്ലാ ആശയവും ഉൽപ്പന്നവും പേറ്റന്റിന് പരിഗണിക്കുകയുമില്ല.
- സാർവത്രികമായ അംഗീകരിക്കപ്പെട്ട ശാസ്ത്രസത്യങ്ങൾക്കു വിരുദ്ധമായൊരു അവകാശവാദവും, കണ്ടുപിടിത്തവും പേറ്റന്റിന് പരിഗണിക്കുകയില്ല.
- സമൂഹത്തിന്റെ നിലനിൽപ്പ് ധാർമികത സുരക്ഷ എന്നിവയ്ക്കെതിരായതും പരിസ്ഥിതിക്കും ജീവസസ്യജാലങ്ങൾക്കും ഹാനികരമായ ഒരു കണ്ടുപിടിത്തവും പരിഗണിക്കുകയില്ല.
- യാതൊരു കൃഷിരീതിയും പേറ്റന്റിന് അർഹമല്ല.
- ശാസ്ത്ര തത്വങ്ങൾ ഗണിത സിദ്ധാന്തങ്ങൾ എന്നിവയുടെ കണ്ടുപിടിത്തവും ഭൂമിയിലും പ്രപഞ്ചത്തിലും നിലവിലുള്ള ഏതൊരു കണ്ടുപിടുത്തവും പരിഗണിക്കുകയില്ല.
- ചികിത്സാരീതികൾ, രോഗനിർണയ രീതികൾ ഔഷധങ്ങളുടെ പ്രായോഗിക രീതികൾ, ശസ്ത്രക്രിയ രീതികൾ എന്നിവ അനുവദനീയമല്ല.
- അണുശക്തി അടിസ്ഥാനമാക്കിയ ഏതൊരു കണ്ടുപിടിത്തവും അനുവദനീയമല്ല.
- രാജ്യ സുരക്ഷയെ ബാധിക്കുന്ന ഏതൊരു കണ്ടുപിടുത്തവും പേറ്റൻ്റിന് പരിഗണിക്കുകയില്ല.
- ഗണിത രീതികൾ, വ്യാവസായിക വാണിജ്യ സമ്പ്രദായങ്ങൾ, കമ്പ്യൂട്ടർ പ്രോഗ്രാമുകൾ എന്നിവ പരിഗണിക്കുകയില്ല.
- സാഹിത്യകൃതികൾ, സംഗീത സൃഷ്ടികൾ, കലാസൃഷ്ടികൾ, സിനിമ, ടെലിവിഷൻ പരിപാടികൾ എന്നിവ പരിഗണിക്കുകയില്ല.
- വിവിധ കളികൾ, കളി നിയമങ്ങൾ എന്നിവ പേറ്റന്റിന് പരിഗണിക്കുകയില്ല.
- വിഷയ അവതരണത്തിലെ നവീനമായ രീതികൾ പരിഗണിക്കുകയില്ല.
- പരമ്പരാഗതമായി ലഭിച്ച അറിവുകൾ ഒന്നും പേറ്റന്റിന് അർഹമല്ല.
- സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഏതാനും ഉപകരണങ്ങളെ ഘടകമാക്കി ചേർത്തുള്ള ഒരു സൃഷ്ടിയും നൂതനമായ കണ്ടുപിടിത്തം അല്ല; അതിനാൽ പേറ്റന്റിന് പരിഗണനാർഹവുമല്ല.
- ഇലക്ട്രോണിക് ചിപ്പുകളുടെ ആന്തരിക രൂപകല്പന പേറ്റന്റിന് പരിഗണിക്കുകയില്ല.
ഇങ്ങനെ കുറെ പൊതുവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള കണ്ടുപിടിത്തങ്ങളെ ഒഴിവാക്കിയാണ് പേറ്റന്റിന് പരിഗണിക്കുന്നത്.
ബൗദ്ധിക സ്വത്ത് സംരക്ഷണ നിയമം എന്തിന്?
ഒരു രാജ്യത്തെ മനുഷ്യന്റെ ബുദ്ധിയാലും കലാപരമായ കഴിവുകളാലും രൂപപ്പെട്ട ഏതൊരു നൂതന ആശയവും പ്രയോഗവും ആവിഷ്കാരവും ആ രാജ്യത്തിന്റെ ബൗദ്ധിക സ്വത്ത് ആണ്. ഈ നൂതന ആശയമോ ഉൽപ്പന്നമോ ആവിഷ്കാരമോ ആദ്യമായി പൊതുവേദിയിലേക്ക് കൊണ്ടുവരുന്ന വ്യക്തിക്കോ കൂട്ടായ്മക്കോ തങ്ങളുടെ ബൗദ്ധിക സ്വത്തിന്മേൽ ഒരു നിശ്ചിത കാലയളവിലേക്ക് പൂർണ്ണ അവകാശമുണ്ട്. ഈ കാലയളവിൽ ഉടമസ്ഥന് തങ്ങളുടെ ബൗദ്ധിക സ്വത്ത് ആശയമായി കൈമാറ്റം ചെയ്യാനോ, ഉൽപ്പന്നമായി രൂപപ്പെടുത്താനോ, വ്യാവസായികമായി നിർമ്മിക്കാനോ, ഉപയോഗിക്കാനോ, വാണിജ്യം നടത്താനോ, കൂടുതൽ മികവുറ്റതാക്കാൻ ഗവേഷണം നടത്താനോ ഒക്കെ അനുവാദമുണ്ട്.
വലിയതോതിൽ ആവശ്യമുള്ള ഏതൊരു ബൗദ്ധിക സമ്പത്തും അതിന്റെ ഉടമസ്ഥന് സാമ്പത്തിക വർദ്ധനയുണ്ടാക്കും എന്നത് നിസ്തർക്കമാണ്. അത്തരം ഒരു ബൗദ്ധിക സ്വത്തിനെ ഉപയോഗിച്ച് വ്യാവസായിക ആവശ്യങ്ങൾക്കും ഉൽപന്നസൃഷ്ടിക്കും വിപണനത്തിനും ഏറെ ആളുകൾ മുൻപോട്ട് വരും. ഈ വിഷയത്തിന്മേൽ കൂടുതൽ പഠനം നടത്താനും കൂടുതൽ മികച്ച ഉൽപ്പന്നങ്ങൾ രൂപപ്പെടുത്താനും വ്യക്തികളും സ്ഥാപനങ്ങളും മുന്നിട്ടിറങ്ങും. ഫലമായ സാങ്കേതികവിദ്യയുടെ വളർച്ചയും വ്യാവസായിക വളർച്ച സാമൂഹ പുരോഗതി സമ്പദ്ഘടനയുടെ വളർച്ച എന്നിവ ചേർന്നു വരും.
ഒരു രാജ്യത്ത് പേറ്റന്റ് ലഭിച്ചിട്ടുള്ള ഒരു നൂതന ആശയമോ ഉൽപന്നമോ മറ്റൊരു രാജ്യത്തു നിന്നും ഇറക്കുമതി ചെയ്യാൻ ആർക്കും അനുവാദമില്ല. തന്മൂലം എത്ര വലിയ സാമ്പത്തിക വിപണനശേഷിയുള്ള ആളായാലും ഇന്ത്യയിൽ പേറ്റന്റ് ഉള്ള ഒരു ഉൽപന്നമോ ആശയമോ ഇവിടേക്കു ഇറക്കുമതി ചെയ്യാനാവില്ല. അതിലൂടെ ഇന്ത്യയിലെ ഏതൊരു സാധാരണക്കാരന്റെയും ബൗദ്ധിക ശേഷിയിലൂടെ രൂപപ്പെടുന്ന ഉപയോഗപ്രദമായ ഏതൊരു നവീന ആശയവും കണ്ടുപിടിത്തവും പേറ്റന്റ് നിയമത്തിലൂടെ ഉടമസ്ഥനും സ്വന്തമായി തീരുന്നു. ഉടമയുടെ അനുവാദത്തോടെ മാത്രമേ ഈ ആശയത്തെ ഉപയോഗിക്കാനോ ഉൽപ്പന്നമാക്കാനോ വാണിജ്യവൽക്കരിക്കാനോ സാധിക്കുകയുള്ളൂ. കൂടാതെ ഉടമയ്ക്ക് തന്റെ ബൗദ്ധിക സ്വത്തിന്മേലുള്ള അവകാശം വിൽക്കാനോ ഉൽപ്പന്ന നിർമ്മാണത്തിനു മാത്രം വേറൊരാൾക്കും വിതരണത്തിനു മാത്രം രണ്ടാമത് ഒരാൾക്കും ലൈസൻസും നൽകാനും അനുവാദമുണ്ട്. ഈ വിധത്തിൽ നിയമസംരക്ഷണം ലഭിക്കുന്നതുകൊണ്ട് ബഹുരാഷ്ട്ര സാമ്പത്തിക ഭീമന്മാരുടെ ചൂഷണത്തിൽ നിന്നും രാജ്യത്തിന്റെ സമ്പദ്ഘടനയും രാജ്യത്തെ ധൈഷണിക മൂല്യമുള്ള സാധാരണക്കാരുടെ സമ്പത്തും സംരക്ഷിക്കപ്പെടുന്നു.
ചുരുക്കത്തിൽ ഈ രാജ്യത്തിന്റെ ബൗദ്ധിക സമ്പത്ത് കൊള്ളയടിക്കപ്പെടാതെ സാമ്പത്തിക സ്വാതന്ത്ര്യം നിലനിർത്തുകയാണ് ബൗദ്ധിക സംരക്ഷണവും പേറ്റന്റ് നിയമവും ചെയ്യുന്നത്.
പേറ്റന്റ് രംഗത്തെ ഇന്ത്യയുടെ സ്ഥാനം
ലോകത്താകമാനം പേറ്റന്റുകളുടെ എണ്ണം വർധിക്കുന്നു എന്നാണ് യു.എൻ -ന്റെ കീഴിലുള്ള ബൌദ്ധിക സ്വത്തവകാശ സംരക്ഷണത്തിന്റെ സംഘടനയായ WIPO (World Intellectual Property Organisation)-യുടെ കണക്കുകൾ ബോധ്യപ്പെടുത്തുന്നത്. ശാസ്ത്രസാങ്കേതിക വളർച്ചയും തുടർന്നുള്ള സാമ്പത്തിക പുരോഗതിയും വ്യക്തമാക്കുന്നതാണ് ഈ കണക്കുകകൾ. 2013 മാർച്ച് മുതൽ 2022 മാർച്ച് വരെയുള്ള വർഷങ്ങളിൽ WIPO യിലൂടെ അനുവദിച്ചിരിക്കുന്ന പേറ്റന്റുകളുടെ എണ്ണമാണ് താഴെ ഒന്നാമത്തെ ഗ്രാഫിൽ സൂചിപ്പിച്ചിരിക്കുന്നത്.
ഈ സംഘടനയുടെ സ്ഥിതിവിവരക്കണക്കുകൾ കൂടുതൽ വിശകലനം ചെയ്യുമ്പോൾ ബോധ്യമാകുന്ന വസ്തുത ഈ പേറ്റന്റുകളുടെ സിംഹഭാഗവും ചൈന, അമേരിക്ക, തെക്കൻകൊറിയ, ജപ്പാൻ, ജർമ്മനി, ഫ്രാൻസ്, മുതലായ സാമ്പത്തിക വളർച്ചയും ശാസ്ത്രസാങ്കേതിക മികവും പുലർത്തുന്ന രാജ്യങ്ങളുടേതാണ് എന്നതാണ്. ഇവർക്കിടയിലാണ് ഇന്ത്യയിൽ പേറ്റന്റുകളുടെ രംഗത്തെ വളർച്ചയെ പഠിക്കേണ്ടത്.
ഇന്ത്യൻ പേറ്റന്റ് ഓഫീസിലെ വാർഷിക റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ ഓരോ വർഷവും ഇന്ത്യയിൽ പേറ്റന്റുകളുടെ എണ്ണം വർധിക്കുന്നതായി കാണാം. 2013 മാർച്ചു മുതൽ 2024 മാർച്ച് വരെ ഇന്ത്യൻ പേറ്റന്റ് ഓഫീസിലെ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനമാക്കിയുള്ള ഗ്രാഫ് ചുവടെ കൊടുക്കുന്നു.
എണ്ണത്തിൽ കുറവെങ്കിലും ലോകത്തെ ശക്തമായ രാജ്യങ്ങളുടെ പാതയിൽ തന്നെയാണ് ഇന്ത്യയും എന്നത് വ്യക്തമാക്കുന്നതാണ്ഈ ഗ്രാഫ്. ഏറ്റവും ശ്രദ്ധേയമായത് 2023 വർഷത്തേക്കാൾ മൂന്ന് മടങ്ങ് വർധനവാണ് 2024-ൽ നമ്മൾ കൈവരിച്ചത് എന്നതാണ്. ചുരുക്കത്തിൽ, ഇത് നമുക്ക് കൂടുതൽ ഊർജവും പ്രതീക്ഷയും നൽകുന്നു. മനുഷ്യ വിഭവശേഷിയിൽ ഒന്നാമത് നിൽക്കുന്ന നാം കൂടുതൽ മികവോടെ ബൗദ്ധികസ്വത്തസംരക്ഷണത്തിലും ഒന്നാമത് വരട്ടെ.