Read Time:21 Minute

ഡോ. നീന ജോർജ്ജ്‌

മഹാരാജാസ് കോളേജ്, എറണാകുളം

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു.  ഇന്ന് അയോഡിൻ മൂലകത്തെ പരിചയപ്പെടാം. 

അയോഡിൻ എന്ന വാക്ക് നിങ്ങൾക്ക് ഏറെ സുപരിചിതമാണ്. അയൊഡൈസ്ഡ്  ഉപ്പ് എന്ന വാചകം ആയിരിക്കും അതിലേറെ പരിചിതം. പ്രകൃതിയിൽ സുലഭമായ ഈ മൂലകം മനുഷ്യനടക്കമുള്ള ജീവജാലങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. 

ആവർത്തന പട്ടികയിൽ P ബ്ലോക്കിൽ അഞ്ചാമത്തെ പീരിയഡിൽ പതിനേഴാം ഗ്രൂപ്പിലെ ഹാലൊജനുകളുടെ കൂട്ടത്തിലാണ്  അയഡിന്റെ സ്ഥാനം. വയലറ്റ് എന്നർത്ഥം വരുന്ന ‘അയോഡസ് ‘എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് അയഡിന് ആ പേര് ലഭിച്ചത് .” I ” എന്ന  പ്രതീകമാണ് ഈ മൂലകത്തെ പ്രതിനിധാനം ചെയ്യാൻ ഉപയോഗിക്കുന്നത് . അറ്റോമിക സംഖ്യ 53 ഉം അറ്റോമിക് മാസ്സ് 126.9 ഉം ആയ ഒരു അലോഹ മൂലകമാണ് അയോഡിൻ. സ്ഥിരതയുള്ള ഹാലൊജനുകളിൽ വച്ച് ഏറ്റവും ഭാരമേറിയതാണ് ഈ മൂലകം .ഒരു ദ്വയാറ്റോമിക  തന്മാത്രയായ അയഡിൻ(I2) സാധാരണ അന്തരീക്ഷ ഊഷ്മാവിൽ നീലകലർന്ന കറുപ്പുനിറത്തിലുള്ള ലോഹതിളക്കമുള്ള ഒരു ഖര വസ്തുവാണ്.

അയോഡിൻ മൂലകം അടങ്ങിയിട്ടുള്ള ഉപ്പിനെയാണ് അയൊഡൈസ്ഡ്  ഉപ്പ് എന്ന് പറയുന്നത്.മനുഷ്യശശീരത്തിന്റെ പ്രവർത്തനങ്ങളിൽ അയഡിൻ പ്രധാന പങ്കു വഹിക്കുന്നു. നമ്മുടെ ശരീരത്തിലെ രക്തത്തിൽ അയോഡിന്റെ അളവ് 5-10 μg/dLആണ്. ഈ അളവ് നിലനിർത്തുവാൻ ദിവസവും 150മുതൽ 200 μg വരെ അയഡിൻ ആവശ്യമാണ്. ഗര്‍ഭകാലം, മുലയൂട്ടൽ എന്നിങ്ങനെയുള്ള  അവസരങ്ങളിൽ കൂടുതൽ അളവിൽ അയഡിൻ ആവശ്യമാണ്. മൊത്തം അയഡിന്റെ 90ശതമാനവും നമുക്ക് ലഭിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ്. 10 ശതമാനം കുടിക്കുന്ന വെള്ളത്തിലൂടെയും  

അയൊ‍ഡൈസ്ഡ് ഉപ്പ് , കടൽ മൽസ്യങ്ങൾ ,കടലോരത്തു വളരുന്ന സസ്യങ്ങൾ, കടൽപായലുകൾ ഇവയിലാണ് അയഡിന്റെ അളവ് കൂടുതലായും കണ്ടു വരുന്നത്. ഇതു കൂടാതെ പാലിലും  ധാന്യങ്ങളിലും മാംസത്തിലും ചെറിയ അളവിൽ അയഡിൻ അടങ്ങിയിട്ടുണ്ട്. ഒരു പ്രദേശത്തെ വെള്ളത്തിലെയും മണ്ണിലെയും അയോഡിന്റെ അളവ് അവിടത്തെ ഭക്ഷണത്തിലെ അയോഡിന്റെ അളവിനെ സ്വാധീനിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

അയഡിന്റെ കണ്ടുപിടുത്തം 

ളരെ യാദൃച്ഛികമായാണ് 1811 -ൽ ഫ്രാൻസിലെ ബെർണാഡ് കർട്ടോയിസ്  എന്ന രസതന്ത്രജ്ഞൻ അയഡിൻ കണ്ടുപിടിച്ചത് .അദ്ദേഹം കടൽപായലിൽ നിന്നും പൊട്ടാസിയം ക്ലോറൈഡിനെ ക്രിസ്റ്റലൈസേഷനിലൂടെ വേർതിരിച്ച ശേഷം അവശേഷിച്ച ലായനിയിൽ സൾഫ്യൂരിക് ആസിഡ് ചേർത്തപ്പോൾ ഒരു വയലറ്റ് പുക പുറത്തേക്കു ബഹിർഗമിച്ചു. അവ ഘനീഭവിച്ചു ലോഹ തിളക്കത്തോടെ കടുത്ത വയലറ്റ്  നിറത്തിലുള്ള പരലുകളായി രൂപപ്പെട്ടു. ഇത് ഒരു പുതിയ ഘടകമാണെന്ന് കോർട്ടോയിസ് ഊഹിച്ചു. ഇതിന്‌റെ സാമ്പിളുകൾ ശാസ്ത്രജ്ഞരായ ചാൾസ്-ബെർണാഡ് ഡെസോർമസിനും നിക്കോളാസ് ക്ലെമന്റിനും നൽകി, അവരുടെ നേതൃത്വത്തിൽ പരീക്ഷണം ആവർത്തിക്കുകയും അയഡിൻ എന്ന പുതിയ മൂലകത്തെ സ്ഥിരീകരിക്കുകയും ചെയ്തു.. 1813 നവംബറിൽ അവർ പാരീസിലെ ഇംപീരിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അയോഡിൻ പ്രദർശിപ്പിച്ചു. ഇത് ശരിക്കും പുതിയതാണെന്ന് ജോസഫ് ഗേ-ലുസാക്ക് തെളിയിക്കുകയും പാരീസ് സന്ദർശിച്ച ഹംഫ്രി ഡേവി സ്ഥിരീകരിക്കുകയും ചെയ്തു. ഡേവി, ലണ്ടനിലെ റോയൽ ഇൻസ്റ്റിറ്റ്യൂഷന് ഒരു റിപ്പോർട്ട് അയച്ചു, അവിടെ അദ്ദേഹം അയഡിൻ  കണ്ടെത്തിയയാളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു, ഈ വിശ്വാസം 50 വർഷത്തിലേറെയായി തുടർന്നു. അയഡിൻ ഫോസ്‌ഫറസുമായും ഹൈഡ്രജനുമായും സംയുക്തങ്ങൾ ഉണ്ടാക്കുന്നതായും എന്നാൽ കാർബൺ, ഓക്‌സിജൻ എന്നിവയുമായി പ്രവർത്തിക്കാത്തതായും ബെർണാഡ് കർട്ടോയിസ് മനസ്സിലാക്കി. അമോണിയവുമായി കലർത്തിയപ്പോൾ ബ്രൗൺ നിറത്തിലുള്ള നൈട്രജൻ ട്രൈ അയഡൈഡ് എന്ന ഖരവസ്തു ഉണ്ടായതായും മൃദുവായി സ്പർശിച്ചാൽ പ്പോലും അത് പൊട്ടിത്തെറിക്കുന്നതായും അന്നദ്ദേഹം കണ്ടെത്തി .

അയോഡിന്റെ സ്വഭാവ സവിശേഷതകൾ 

  • വിഭാഗം : ഹാലൊജൻ ,അലോഹം
  •  നിറം : ഖരാവസ്ഥയിൽ നീലകലർന്ന കറുപ്പ്,  വാതകാവസ്ഥയിൽ വയലറ്റ് 
  • അറ്റോമിക മാസ്സ്:  126 .9 
  • അവസ്ഥ : ഖരം 
  • ദ്രവണാങ്കം : 113 .5 ℃, 386 .6 K  
  • തിളനില: 184 ℃, 457 K  
  • ഇലക്ട്രോണുകൾ :53, പ്രോട്ടോണുകൾ : 53 ന്യൂട്രോണുകൾ: 74 .
  • ഷെല്ലുകളിലെ ഇലക്ട്രോൺ വിന്യാസം  : 2, 8 ,18, 18, 7 
  • ഇലക്ട്രോൺ വിന്യാസം   : [Kr ] 4d10 5s2 5p5
  • സാന്ദ്രത @ 20 ℃ : 4 .93 g/cm3
  • ഇലക്ട്രോൺ അഫിനിറ്റി :  295 .16 kJ/mol
  • ഇലക്ട്രോ നെഗറ്റിവിറ്റി    [പോളിങ് സ്കെയിൽ ] : 2 .66 
  • കുറഞ്ഞ ഓക്സീകരണാവസ്ഥ : -1 
  • കൂടിയ ഓക്സീകരണാവസ്ഥ : 7 
  • സാധാരണ നിലയിൽ കുറഞ്ഞ  ഓക്സീകരണാവസ്ഥ: 0 
  • സാധാരണ നിലയിൽ കൂടിയ  ഓക്സീകരണാവസ്ഥ : 7 
  • ഓക്‌സൈഡുകൾ : I2O5 , I4O9, I2O4
  • ഹൈ ഡ്രൈഡുകൾ : HI  
  • ക്ലോറൈഡുകൾ : ICl, ICl3
  • അറ്റോമിക ആരം : 140 pm
  • താപ ചാലകത : 0.45 Wm-1K-1
  • വൈദ്യുത ചാലകത : 1.0 x 10-5 Sm-1

അയഡിന്റെ ഉപയോഗങ്ങൾ 

  • റേഡിയോ ആക്റ്റീവ് ആയ അയഡിൻ (131I ) രോഗ നിര്‍ണ്ണയത്തിനുപയോഗിക്കുന്നു 
  • അയോഡിന്റെയും (2 -7 %) പൊട്ടാസിയം അയഡൈഡിന്റെയും  ആൽക്കഹോളിലുള്ള ലായനി (ടിങ്ചർ ഓഫ് അയഡിന്‍) പ്രധാനപ്പെട്ട ഒരു അണുനാശിനി ആണ്. ബാഹ്യമായ മുറിവുകൾ അണുവിമുക്തമാക്കാൻ ഇത്  ഉപയോഗിച്ചുവരുന്നു.അയഡിൻ മൂലകാവസ്ഥയിലും ഒരു നല്ല അണുനാശിനിയാണ് 
  • അയോഡിന്റെ  വിവിധ സംയുക്തങ്ങൾ അണുനാശിനി ആയി ഉപയോഗത്തിലുണ്ട്. ലിക്വർ അയഡിൻ, അയൊഡൈസ്ഡ്‌  കോട്ടൺ, അയൊഡൈസ്ഡ്‌ വെള്ളം, ഓയിൽ, സിറപ്പുകൾ എന്നിവ; പൊട്ടാസ്യം, മെർക്കുറി, ഇരുമ്പ്, ലെഡ് ഇവയുടെ അയൊഡൈഡുകൾ, അയൊഡോഫോം, മീതൈൽ അയൊഡൈഡ്, ഈതൈൽ അയൊഡൈഡ്, ഇൻഡോൾ എന്നിവ.
  • പൊട്ടാസിയം അയഡൈഡ്  ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്നു .
  • അയഡൈസ്‌ഡ്   ഉപ്പ് തൈറോയിഡ് രോഗത്തെ തടയാൻ ഉപയോഗിക്കുന്നു .
  • ഉൽപ്രേരകങ്ങളായും  കാലിത്തീറ്റ, അച്ചടിമഷി ,ഡൈ  എന്നിവയുടെ നിര്‍മ്മാണത്തിനും അയോഡിൻ ഉപയോഗിക്കുന്നു. LCD ഡിസ്‌പ്ലേകളിൽ പോളറൈസിങ് ഫിൽറ്റെർസ് ആയി ഇവ ഉപയോഗിച്ച് വരുന്നു.

അയഡിൻ അപര്യാപ്തത

അയോഡിന്റെ അപര്യാപ്തത മൂലമുണ്ടാകുകുന്ന രോഗങ്ങൾ അയഡിൻ ഡെഫിഷ്യൻസി ഡിസോർഡർ എന്നറിയപ്പെടുന്നു. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. അയഡിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ് ഗോയിറ്റർ . അയോഡിൻ പര്യാപ്തമായ അളവിൽ മനുഷ്യ ശരീരത്തിന് ലഭ്യമാകാത്ത അവസ്ഥയിൽ തൈറോയ്ഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോര്‍മോണുകളുടെ അളവിൽ കുറവുണ്ടാകുന്നു. കൂടുതൽ ഹോർമോൺ ഉല്പാദിപ്പിക്കുന്നതിനായി തൈറോയ്ഡ് ഗ്രന്ഥിയുടെ വലിപ്പം വർധിക്കുകയും തൊണ്ടയുടെ കീഴ്ഭാഗത്തു മുഴകളായി കാണപ്പെടുകയും ചെയ്യുന്നു. ഇതാണ് ഗോയിറ്റർ.  ഇവരിൽ ചിലർക്ക് തൈറോയ്ഡ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോൺ ആയ തൈറോക്സീനിന്റെതോതു കുറയുന്ന ഹൈപ്പോതൈറോയ്ഡിസം എന്ന രോഗം വരാം. ഹൃദയത്തേയും തലച്ചോറിനേയും ഒക്കെ ബാധിക്കുന്ന ഗുരുതരമായ രോഗമായി ഇതു രൂപാന്തരപ്പെടാം. ഹൈപ്പോതൈറോയ്ഡിസവും അയഡിൻ കുറവും ഉള്ള അമ്മമാർക്ക് ജനിക്കുന്ന കുട്ടികൾ ഹൈപ്പോതൈറോയ്ഡിസവുമായി ജനിക്കുകയും ബുദ്ധിമാന്ദ്യവും വിവിധ അവയവങ്ങളുടെ കേടുപാടുകൾ ഉണ്ടാവുകയും ചെയ്യുന്നു. അയോഡിൻ അപര്യാപ്തത തടയുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

  • പാചകത്തിന് അയൊ‍ഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുക 
  • പാൽ,ധാന്യം,കടൽമൽസ്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക 
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം

108 മുതൽ144വരെ മാസ്സ് നമ്പറോട് കൂടിയ 37 ഐസോടോപ്പുകൾ അയഡിനുണ്ട്. ഇവയിൽ പ്രകൃത്യാ കാണപ്പെടുന്ന സ്ഥിരതയുള്ള ഒരേയൊരു ഐസോടോപ് ആണ് 127I .

അയോഡിന്റെ സ്രോതസ്സ് 

കടൽ ജലത്തിൽ അയോഡൈഡ് അയോണുകളായി ഇവ കണ്ടുവരുന്നു(0.05 ppm ). കടൽപായലിലും കടൽമൽസ്യങ്ങളിലും കടൽ സസ്യങ്ങളിലും മണ്ണിലും ചില ധാതുക്കളിലും ഇവ കണ്ടുവരുന്നുണ്ട്. പണ്ട് അയഡിൻ പ്രധാനമായും കിട്ടിയിരുന്നത് കടൽപായലുകളിൽ നിന്നായിരുന്നു. എന്നാൽ ഇന്ന് അവയുടെ മുഖ്യ സ്രോതസ്സ് അയഡേറ്റ് ധാതുക്കളാണ് .വാണിജ്യാടിസ്ഥാനത്തിൽ അയഡിൻ നിർമ്മിക്കുന്നത് നൈട്രേറ്റ് ആയിരുകളിൽ നിന്നു ലഭിക്കുന്ന അയോഡേറ്റുകളിൽ നിന്നും ഉപ്പുവെള്ളത്തിൽ നിന്നും ആണ് .

അയോഡിന്റെ ഭൗതിക, രാസഗുണങ്ങൾ   

അയോഡിൻ ചൂടാക്കിയാൽ സബ്ലിമേഷനിലൂടെ വയലറ്റ് നിറത്തിലുള്ള ബാഷ്പമായി മാറുന്നു.

അയോഡിൻ ചൂടാക്കിയാൽ സബ്ലിമേഷനിലൂടെ വയലറ്റ് നിറത്തിലുള്ള ബാഷ്പമായി മാറുന്നു. ജലത്തിൽ കുറഞ്ഞ അളവിൽ
ലയിച്ചു തവിട്ടു നിറത്തിലുള്ള ലായനി തരുന്നു. ക്ലോറോഫോം, കാർബൺ ടെട്രാക്ലോറൈഡ് എന്നിവയിൽ ലയിച്ചാൽ വയലറ്റ് നിറത്തിലുള്ള ലായനി ലഭിക്കുന്നു.
17 -ആം ഗ്രൂപ്പിലെ മറ്റു മൂലകങ്ങളെ അപേക്ഷിച്ചു  അയഡിന് രാസപ്രവർത്തനശേഷി കുറവാണെങ്കിലും ഇത് മറ്റനേകം മൂലകങ്ങളുമായി സംയുക്തങ്ങൾ ഉണ്ടാക്കുന്നുണ്ട്. അയഡിൻ ഒരു അലോഹമാണെങ്കിലും ചില ലോഹസ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നു. 

മൂലകങ്ങൾ സാധാരണയായി ഒരു ഗ്രൂപ്പിൽ താഴോട്ടു വരുന്തോറും ലോഹ സ്വഭാവം അഥവാ ബേസിക് സ്വഭാവം കാണിക്കുന്നു. 14, 15, 16 എന്നീ ഗ്രൂപ്പുകളിലെ ആദ്യത്തെ മൂലകമായ C, N , O എന്നിവ അലോഹങ്ങൾ ആണ്. എന്നാൽ ഭാരമേറിയ Sn, Pb, Bi, Po എന്നിവ ലോഹങ്ങളാണ് .പക്ഷേ ഇങ്ങനെയൊരു പ്രവണത 17 -ആം ഗ്രൂപ്പിൽ കാണപ്പെടുന്നില്ല. അയോഡിൻ ഒരു ലോഹം അല്ല എന്നത് ഇതിന് തെളിവാണ്. എന്നാൽ ഐ പ്ലസ് അയോൺ കൂടുതൽ സ്ഥിരത ഉള്ളതാണ്. ഇത് അയോഡിന്റെ  ലോഹ സ്വഭാവം അഥവാ ബേസിക് സ്വഭാവത്തോടുള്ള പ്രവണതയെ സൂചിപ്പിക്കുന്നു. അയോഡിൻ ഒലിയം പോലെയുള്ള ശക്തിയേറിയ ഓക്സീകാരികളായ ലായകത്തിൽ ലയിച്ച് ശോഭയുള്ള നീല ലായനികൾ ഉണ്ടാക്കുന്നു. ഇവ പാരാമാഗ്നെറ്റിക് ആണ്. ഇവ [I2]+ കാറ്റയോണുകൾ ആയിട്ടാണ് ഈ ലായനിയിൽ സ്ഥിതിചെയ്യുന്നത്.  അയോഡിൻ [I3]+, [I5]+ എന്നീ കാറ്റയോണുകളായി സ്ഥിതിചെയ്യുന്ന സംയുക്തങ്ങൾക്ക് ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.

[I3] ലീനിയർ ആണ് എന്നാൽ [I3]+ വളഞ്ഞതാണ്. I7SO3F എന്ന ഒരു കറുത്ത നിറത്തിലുള്ള സംയുക്തം നിലവിൽ ഉണ്ട്. ഇതിൽ അയോഡിൻ [I7]+ ആയി കാണപ്പെടുന്നു എന്ന് അനുമാനിക്കുന്നു.അയോഡിൻ  കാറ്റയോണുകളായി നിലനിൽക്കുന്ന വളരെയധികം സംയുക്തങ്ങൾ ഉണ്ട് .എന്നിവ (?)  ഉദാഹരണങ്ങളാണ് .അയോഡിൻ അയോണുകൾ ആയി മറ്റു കോംപ്ലക്സ് അയോണുകളോടൊപ്പം  ജലത്തിൽ കാണപ്പെടുന്നു ഉദാഹരണം

 ഉരുക്കിയ  ICl3 ക്കു  ഉയർന്ന ചാലകത ഉണ്ട് (8.4 x 10-3 Ω-1 cm-1). അയോഡിൻ  ഫ്യൂമിങ് നൈട്രിക് ആസിഡും അസറ്റിക് അൺഹൈഡ്രൈഡുമായി ചേർന്ന് I(acetate)3 എന്ന അയോണിക സംയുക്തം ഉണ്ടാകുന്നു .അയോഡിൻ ഫോസ്ഫേറ്റിലും (IPO4) അയോഡിൻ ഫ്ലൂറോ സള്‍ഫൊണേറ്റിലും (I (SO3F)3),  [I3]+ ആയി സ്ഥിതിചെയ്യുന്നു.

അയോഡിൻ നിർമ്മാണം

ലാബിൽ അയോഡിൻ നിർമ്മിക്കുന്ന വിധം

പൊട്ടാസ്യം അയൊഡൈഡ്, മാംഗനീസ് ഡയോക്സൈഡ്, സൾഫ്യൂറിക് ആസിഡ് എന്നീ രാസവസ്തുക്കൾ ഉപയോഗിച്ച് അയഡിൻ നിർമ്മിക്കാം. രാസസമവാക്യം താഴെ കൊടുക്കുന്നു.

ഏകദേശം 1.1g KI ഉം 0.7 g MnO2 ഉം തമ്മിൽ നല്ലവണ്ണം ഒരു 100 mL ബീക്കറിൽ യോജിപ്പിക്കുക. ഇതിലേക്ക് 1 mL conc. H3PO4 ശ്രദ്ധാപൂർവ്വം ഒഴിക്കുക. ഈ മിശ്രിതം ചൂടാക്കിയാൽ വയലറ്റ് നിറത്തോടു കൂടി അയഡിൻ വാതകം പുറത്തേക്ക് വരുന്നത് കാണാം. ചൂടാകുമ്പോൾ ഒരു വാച്ച് ഗ്ലാസ് കൊണ്ട് ബീക്കർ മൂടിയിരിക്കണം. അതിന് മുകളിൽ ഐസ് കട്ട വയ്കണം. ബീക്കറിനുള്ളിൽ വയലറ്റ് നിറത്തിലുള്ള വാതകത്തിന്റെ അളവ് കുറയുന്നതു വരെ ചൂടാക്കുക . 5  മിനിറ്റ് തണുക്കാൻ അനുവദിക്കുക. വാച്ച് ഗ്ലാസിലുള്ള ഐസ് ക്യൂബ് എടുത്തുമാറ്റുക. വാച്ച് ഗ്ലാസ് എടുത്തു നോക്കിയാൽ അടിഭാഗത്ത് കടുത്ത വയലറ്റ് നിറത്തിലുള്ള അയഡിന്‍ പരലുകൾ കാണാൻ കഴിയും.

അയോഡിന്റെ വ്യാവസായിക നിർമാണം 

അയൊഡൈഡ്അയോണുകൾ അടങ്ങിയ ഉപ്പുവെള്ളത്തിൽ (പ്രകൃതിദത്ത ഉപ്പുവെള്ളം, പ്രത്യേകിച്ചും എണ്ണയ്ക്കും പ്രകൃതിവാതകത്തിനും സമീപമുള്ള ഉപ്പുവെള്ളം) നിന്നാണ് വാണിജ്യപരമായി അയഡിൻ ഉത്പാദിപ്പിക്കുന്നത്.  ഇതിൽ നിന്നും കളിമണ്ണ്, മണൽ, എണ്ണ തുടങ്ങിയ മാലിന്യങ്ങൾ ശുദ്ധീകരണത്തിലൂടെ നീക്കംചെയ്യുന്നു, ഈ ലായനി സൾഫർ ഡൈ ഓക്സൈഡ് വാതക പ്രവാഹത്തിലൂടെയും പിന്നീട് ചെമ്പുകമ്പിയുടെ ബണ്ടിലുകൾ വച്ചിരിക്കുന്ന നിരവധി പാത്രങ്ങളിലൂടെയും കടന്നുപോകുന്നു. അങ്ങിനെ രൂപം കൊള്ളുന്ന കോപ്പർ അയഡൈഡ്  ശുദ്ധീകരണം വഴി നീക്കം ചെയ്തതിനു ശേഷം വെള്ളത്തിൽ കഴുകി ഉണക്കി നന്നായി പൊടിക്കുന്നു. ഇത് പൊട്ടാസിയം അയോഡൈഡ് ആക്കി മാറ്റുന്നതിന് വേണ്ടി പൊട്ടാസിയം കാർബണേറ്റ് ചേർത്ത് ചൂടാക്കുന്നു. ഇങ്ങനെ ലഭിക്കുന്ന പൊട്ടാസിയം അയോഡൈഡിനെ ഡൈക്രോമേറ്റ്, സൾഫ്യൂറിക് ആസിഡ് എന്നിവ ഉപയോഗിച്ച് അയഡിൻ മൂലകം ആക്കി ഓക്സീകരിക്കുന്നു.

മേൽ പറഞ്ഞ ഓക്സീകാരികൾക്കു പകരം ക്ലോറിനും  ഓക്സീകാരിയായി ഉപയോഗത്തിലുണ്ട് . 

അയോഡിൻ തിരിച്ചറിയുന്ന വിധം

  1. സ്വതന്ത്ര രൂപത്തിലുള്ള അയോഡിൻ വയലറ്റ് നിറത്തിലുള്ള ബാഷ്പം തരുന്നു
  2. കാർബൺ ടെട്രാ ക്ലോറൈഡ് ,ക്ലോറോഫോം എന്നിവയിൽ വയലറ്റ് ലായനി ഉണ്ടാക്കുന്നു.
  3. സ്റ്റാർച്ച് ലായനിയിൽ ശോഭയുള്ള നീലനിറം തരുന്നു
  4. അയൊഡൈഡ് അയോണുകൾ നേർപ്പിച്ച നൈട്രിക് ആസിഡിന്റെ സാന്നിധ്യത്തിൽ സിൽവർ നൈട്രേറ്റുമായി പ്രവർത്തിച്ച് സിൽവർ അയൊഡൈഡിന്റെ മഞ്ഞ നിറത്തിലുള്ള അവക്ഷിപ്തം ഉണ്ടാക്കുന്നു. ഇത് വെള്ളത്തിലും അമോണിയയിലും ലയിക്കുന്നില്ല
  5. ക്ലോറിൻ അല്ലെങ്കിൽ ബ്രോമിൻ വാട്ടർ ചേർക്കുമ്പോൾ അയോഡിൻ ഉണ്ടാകുന്നു
  6. ഹൈഡ്രജൻ പെറോക്സൈഡ് (H2O2) പൊട്ടാസ്യം ഡൈക്രോമേറ്റ് (K2Cr2O7) പോലുള്ള ഓക്സീകാരികളുടെ സാന്നിധ്യത്തിൽ അയോഡിൻ ആയി മാറുന്നു .
  7. മെർക്കുറിക് ക്ലോറൈഡുമായി പ്രവർത്തിച്ച് മെർക്കുറിക്  അയൊഡൈഡിന്റെ സ്കാർലെറ്റ് റെഡ് അവക്ഷിപ്തം ഉണ്ടാക്കുന്നു.

ഇവ കൂടുതല്‍ അയൊഡൈഡ് അയോണുകളുടെ സാന്നിധ്യത്തിൽ ലയിച്ചു ചേരുന്നു .ഇത് [HgI4]2- എന്ന കോംപ്ലക്സ് ഉണ്ടാകുന്നതു കൊണ്ടാണ്

അയോഡിന്റെ അളവ് നിർണ്ണയിക്കുന്നതിന്, ഇനിപ്പറയുന്ന രീതികളിലൊന്ന് ഉപയോഗിക്കാം:

 (1) ഗ്രാവിമെട്രി : സിൽവർ അയോഡൈഡ്   അവക്ഷിപ്തപ്പെടുത്തി (2)വോള്യമെട്രി:  സോഡിയം തയോസൾഫേറ്റിന്റെ സ്റ്റാൻഡേർഡ് ലായനി ഉപയോഗിച്ച് അയോഡിൻ ടൈട്രേറ്റ്  ചെയ്യുന്നതിലൂടെ (അന്നജം ഒരു സൂചകമായി ഉപയോഗിക്കുന്നു); അല്ലെങ്കിൽ (3) സിൽവർ നൈട്രേറ്റ് ഉപയോഗിച്ചുള്ള പൊട്ടൻഷ്യോമെട്രിക് ടൈട്രേഷൻ വഴി. ഇത് ക്ലോറൈഡിന്റെയും ബ്രോമൈഡിന്റെയും സാന്നിധ്യത്തിലും സാധ്യമാണ് . രണ്ടാമത്തെ രീതി പല ഓക്സിഡൈസിംഗ് വസ്തുക്കളുടെ നിർണ്ണയത്തിലും പ്രയോഗിക്കുന്നു.                                                                                             

അയോഡിന്റെ ദോഷഫലങ്ങൾ 

കുറഞ്ഞ അളവിൽ അയഡിൻ അത്ര വിഷകരമല്ലെങ്കിലും കൂടിയ അളവിൽ ഈ മൂലകം അപകടകാരിയാണ്. അയഡിന്റെ ബാഷ്പം കണ്ണെരിച്ചിലിനും ത്വക്ക്‌ ചൊറിച്ചിലിനും കാരണമാകും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പൂച്ച മാന്തിയാലെന്തുചെയ്യണം ?
Next post എന്താണ് ചാകര എന്ന പ്രതിഭാസം ?
Close