
ജൈവവൈവിധ്യം പലവിധ ഭീഷണികൾ നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് അധിനിവേശ ജീവികളിൽ നിന്നുള്ള ഭീഷണികൾ. ഇവയുടെ വ്യാപനം മറ്റു സ്വാഭാവിക ജീവജാലങ്ങളുടെ വംശനാശത്തിന് വരെ കാരണമാകുന്നതായി പഠനങ്ങളുണ്ട്. കഴിഞ്ഞ കുറച്ചു ദശകങ്ങളായി മനുഷ്യാരോഗ്യത്തിനും, പ്രാദേശിക ജൈവവൈവിധ്യത്തിനും, പരിസ്ഥിതിയുടെ നിലനില്‍പ്പിനും, അധിനിവേശ ജീവജാലങ്ങള്‍ വന്‍ഭീഷണികൾ ഉയര്‍ത്തുന്നുണ്ട്. ഇവ നമ്മുടെ വനമേഖലകളിലും കൃഷിയിടങ്ങളിലും, ജലാശയങ്ങളിലും, തണ്ണീർത്തടങ്ങളിലും അതിവേഗം വ്യാപിച്ച് ആവാസവ്യവസ്ഥയ്ക്കുതന്നെ ഭീഷണിയായി മാറുകയാണ്. നമ്മുടെ ജലാശയങ്ങളെ മൂടുന്ന കുളവാഴയും, വയനാടൻ കാടുകളിൽ അതിവേഗം പടർന്ന് കൊണ്ടിരിക്കുന്ന രാക്ഷസക്കൊന്നയും, ആഫ്രിക്കൻ ഒച്ചുമൊക്കെ കുപ്രശസ്തരായ അധിനിവേശക്കാരാണ്!
അന്യ അധിനിവേശ ജീവികൾ
ഒരു ആവാസവ്യവസ്ഥയിൽ കടന്നുകയറി സാമ്പത്തികമായും, പാരിസ്ഥിതികമായും ദോഷമുണ്ടാക്കുന്നതും, നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതുമായ സസ്യങ്ങളും, ജന്തുക്കളും, മൽസ്യങ്ങളും, സൂക്ഷ്മാണുക്കളും ഉൾപ്പെടുന്ന ജീവികളെയാണ് ‘അധിനിവേശ ജീവികൾ’ (invasive species) എന്നു വിളിക്കുന്നത്. പേര് പോലെ, ‘അധിനിവേശ’ സ്പീഷിസുകൾ മറ്റ് തദ്ദേശീയ ജീവിവർഗ്ഗങ്ങളെ സ്ഥാനഭ്രഷ്ടരാക്കുകയും അവിടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്യും. ഈ ഗണത്തിൽ പെടുത്താവുന്ന ധാരാളം സസ്യങ്ങളും, ജന്തുക്കളും, മൽസ്യങ്ങളും, കീടങ്ങളും പല കാലങ്ങളിലായി കേരളത്തിൽ എത്തിപ്പെട്ടിട്ടുണ്ട്. മനുഷ്യരുടെ പ്രവർത്തനങ്ങളാൽ അതിന്റെ സ്വാഭാവിക ഭൗമപരിധിക്കപ്പുറം പുതിയ ഒരു പ്രദേശത്തേക്ക് നീങ്ങുന്ന ജീവികളാണ് ‘അന്യദേശ ജീവികൾ’(alien species). ഇവയുടെ രണ്ടിന്റേയും സ്വഭാവമുള്ള പുറത്തു നിന്നും എത്തിച്ചേർന്ന ആക്രമണോൽസുകരായ ജീവികളെ ‘അന്യ-അധിനിവേശ ജീവികൾ’ (invasive alien species) എന്നു വിളിക്കുന്നു.
ജൈവവൈവിധ്യം, വിളകൾ, വനം, സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി, പൊതുജനാരോഗ്യം എന്നിവയ്ക്ക് അന്യ-അധിനിവേശജീവികൾ (invasive alien species) വൻനാശമുണ്ടാക്കുന്നു. ആവാസവ്യവസ്ഥയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതിനൊപ്പം ജൈവവൈവിധ്യ നഷ്ടത്തിന്റെ പ്രധാന ചാലകമായും ഇവ പ്രവർത്തിക്കുന്നു. ജീവശാസ്ത്രപരമായ അധിനിവേശങ്ങൾക്ക് ജീവിവർഗങ്ങളുടെ ഘടനയെ സാരമായി ബാധിക്കാനും അധിനിവേശ സമൂഹത്തിനുള്ളിലെ സ്പീഷിസ് ഇടപെടലുകളിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്. മാത്രമല്ല വരുമാനം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളെ ബാധിക്കുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും.
IUCN ന്റെ ‘അധിനിവേശ സ്പീഷീസ് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ’ (IUCN Invasive Species Specialist Group) അഭിപ്രായത്തിൽ, ലോകത്തിലെ ഏറ്റവും മോശം ആക്രമണകാരികളായ 100 സ്പീഷീസുകളിൽ 32 എണ്ണം സസ്യങ്ങളാണ്. ചരിത്രപരമായി, കാർഷിക ഉൽപാദനത്തിനും മണ്ണൊലിപ്പ് നിയന്ത്രിക്കുന്നതിനും അലങ്കാര ആവശ്യങ്ങൾക്കുമായി മനുഷ്യർ ബോധപൂർവം പലതരം സസ്യങ്ങളെ ഇറക്കുമതി ചെയ്തു. കൂടാതെ, കപ്പൽ ബാലസ്റ്റുകൾ, കലർപ്പുള്ള വിത്ത്, മൃഗങ്ങളുടെ ദേഹത്ത് ഒട്ടിപ്പിടിക്കൽ, വസ്ത്രങ്ങൾ, അല്ലെങ്കിൽ യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും സ്ഥലംമാറ്റം എന്നീ ആകസ്മിക മാർഗ്ഗങ്ങളിലൂടെയും പുതിയ സസ്യങ്ങൾ അവതരിപ്പിക്കപ്പെടുകയുണ്ടായി.
മനുഷ്യ ഇടപെടലും അധിനിവേശവും
സ്പാനിഷ് സഞ്ചാരി കൊളംബസിന്റെ കാലം മുതൽ യൂറോപ്യൻ കൊളോണിയൽ കാലഘട്ടത്തിൽ ആരംഭിച്ച സ്പീഷീസ് കൈമാറ്റത്തിനും ജീവിവർഗങ്ങളുടെ സഞ്ചാരത്തിനും പിന്നിലെ പ്രധാന ഘടകം മനുഷ്യന്റെ ഇടപെടലാണ്. കാർഷിക, അലങ്കാര ആവശ്യങ്ങൾക്കായി ഈസ്റ്റ് ഇന്ത്യാ കമ്പനി പോലുള്ള യൂറോപ്യൻ താത്പര്യങ്ങൾ കോളനി പ്രദേശങ്ങളിൽ തിരഞ്ഞെടുത്ത സാമ്പത്തിക മൂല്യമുള്ള സസ്യങ്ങളെ വൻതോതിൽ അവതരിപ്പിച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ താത്പര്യങ്ങൾ പ്രധാനമായും,ബൊട്ടാണിക്കൽ ഉദ്യാനങ്ങൾ മുഖേന നടപ്പിലാക്കിയപ്പോൾ, അതോടൊപ്പം അധിനിവേശ സ്വഭാവം കാണിക്കുന്ന ധാരാളം വിദേശജീവികളും ഇവിടെ എത്തിപ്പെടുകയുണ്ടായി. കാര്‍ഷികോല്‍പന്നങ്ങളുടെ ആഗോള വ്യാപാരത്തിലൂടെയും, വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും കൊടുക്കൽ വാങ്ങലുകളിലൂടെയും അധിനിവേശ ജീവികൾ കടന്നു കയറുന്നുണ്ട്. സ്പീഷീസ് കൈമാറ്റത്തിന്റെ ഒരു പ്രധാന പാത കൃഷിയും ഉദ്യാന പരിപാലനവുമാണ്.
അന്യദേശ ജീവികളുടെ സംഖ്യ എല്ലാ പ്രദേശങ്ങളിലും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 1492-ൽ ആരംഭിച്ച ആഗോള പര്യവേക്ഷണവും കൊളോണിയലിസവും, മനുഷ്യരുടെയും ചരക്കുകളുടെയും അനുബന്ധ ചലനവും, തുടർന്നുള്ള വ്യവസായവൽക്കരണവും അന്യദേശ ജീവികളുടെ ആഗോള സഞ്ചാരത്തിലും വൻകുടിയേറ്റത്തിലും കലാശിച്ചു. 1950 മുതൽ ആഗോള വ്യാപാരത്തിൽ ഉണ്ടായ വർദ്ധനയുടെ ഫലമായി അന്യദേശ ജീവികളുടെ കുടിയേറ്റം അഭൂതപൂർവമായി വർദ്ധിച്ചിട്ടുണ്ട്. ഇവയിൽ ചിലത് വൻ ആക്രമണകാരികളായി മാറിയിട്ടുണ്ട്. ലോകത്ത് ഇപ്പോൾ അന്യദേശ ജീവികൾ എന്ന് അറിയപ്പെടുന്നവയുടെ 37 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 1970നു ശേഷമാണ്.
ജൈവഅധിനിവേശം പ്രാദേശികതലത്തിൽ മാത്രമല്ല ദേശീയതലത്തിലും, ആഗോളതലത്തിലുമുള്ള ജൈവവൈവിധ്യ നാശത്തിന് ആക്കം കൂട്ടുന്നുണ്ട്. 1992 ലെ ‘അന്താരാഷ്ട്ര ജൈവവൈവിധ്യ ഉടമ്പടി’(CBD) യിൽ ആവാസവ്യവസ്ഥകളുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പിന് ഭീഷണിയാകുന്ന ജീവിവർഗങ്ങളുടെ കടന്നുകയറ്റം എത്രയും വേഗം തടയുകയും നിയന്ത്രിക്കുകയും ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്.
2022 ൽ നടന്ന CBD-COP 15 ൽ അംഗീകരിച്ച ‘കുൻമിംഗ്-മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഫ്രെയിംവർക്കിന്റെ’ ലക്ഷ്യം-6 അധിനിവേശ ജീവികളെ ഉദ്ദേശിച്ചുള്ളതാണ്. അതിപ്രകാരമാണ്: “ആക്രമണകാരികളായ അന്യദേശ ജീവികൾ വരുന്ന പാതകൾ തടയുക, നിയന്ത്രിക്കുക, അല്ലെങ്കിൽ അവയുടെ ഇറക്കുമതിയുടെയും സ്ഥാപിക്കപ്പെടുന്നതിന്റെയും നിരക്ക് കുറഞ്ഞത് 50 ശതമാനമെങ്കിലും കുറയ്ക്കുക; ഒപ്പം മുൻഗണനയുള്ള സ്പീഷീസുകളിലും മുൻഗണനാ പ്രദേശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ആഘാതം കുറയ്ക്കുന്നതിന് വേണ്ടി അവയെ നിയന്ത്രിക്കുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്യുക”.
നമ്മുടെ പ്രധാന ജീവനോപാധി മേഖലകളായ കൃഷി, വനം, മത്സ്യബന്ധനം തുടങ്ങിയ ആവാസ വ്യവസ്ഥകളെയാണ് അധിനിവേശ ജീവജാലങ്ങൾ കൂടുതലായി ബാധിക്കുന്നത്. കുളവാഴ, ആഫ്രിക്കൻ പായൽ, കമ്മ്യൂണിസ്റ്റ് പച്ച, തൊട്ടാവാടി, ആനത്തൊട്ടാവാടി, കൊങ്ങിണി (ലന്റാന), സിങ്കപ്പൂർ ഡയ്സി, മ്യൂക്കുണ, ധൃതരാഷ്ട്ര പച്ച (മൈക്കേനിയ), പാർത്തീനിയം, പൂച്ചവാലൻ പുല്ല്, മലങ്കൂവളം, മുട്ടപ്പായൽ, വേനപ്പച്ച, തോട്ടുചീര, റങ്കൂൺ വള്ളി, നാറ്റപൂച്ചെടി, രാക്ഷസകൊന്ന തുടങ്ങി ഇവിടെയെത്തിപ്പെട്ട അനേകം വിദേശ സസ്യങ്ങൾ അധിനിവേശ കളകളായി മാറി (Prameela et al., 20236). ഇവയിലെ ജലസസ്യങ്ങൾ നമ്മുടെ ജലമേഖലയ്ക്കും, ജലഗതാഗതത്തിനും ഏൽപ്പിക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. അത് പോലെ തന്നെ കരയിൽ വളരുന്ന അധിനിവേശ കളകൾ കൃഷിയെ സാരമായി ബാധിക്കുന്നു, കളനിയന്ത്രണം ചിലവുള്ളതാക്കുന്നു. ഇതേവരെ കുഴപ്പക്കാരായി തോന്നാത്തവ, ഉദാഹരണത്തിന്, ഒരു മികച്ച അക്വേറിയം ചെടിയായി കരുതിയിരുന്ന കബോംബാ, പെട്ടന്ന് പ്രശ്നക്കാരായി മാറുന്ന പ്രതിഭാസവുമുണ്ട്. കോഴിക്കോട് ഭാഗത്തെ ചില തോടുകളിൽ ഇവ പെരുകി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. കോൾനിലങ്ങളിലും ഇവ പ്രശ്നക്കാരായി മാറിയിട്ടുണ്ട്.
അധിനിവേശം ആഗോളതലത്തിൽ
ആഗോളതലത്തിൽ ജൈവവൈവിധ്യ നഷ്ടത്തിന് കാരണക്കാരാവുന്ന അഞ്ചു ഘടകങ്ങളിൽ ഒന്നാണ് അധിനിവേശ ജീവികൾ (ഭൂമിയുടെയും സമുദ്രത്തിന്റെയും ഉപയോഗത്തിലുള്ള മാറ്റം, ജീവികളെ നേരിട്ട് ചൂഷണം ചെയ്യൽ, കാലാവസ്ഥാ മാറ്റം, മലിനീകരണം എന്നിവയാണ് മറ്റുള്ളവ). പ്രാദേശിക ജൈവവൈവിധ്യത്തിന്റെ ഇടിവാണ് സസ്യ അധിനിവേശത്തിന്റെ ആഘാതങ്ങളിൽ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലായി 37,000-ലധികം അന്യദേശ ജീവികൾ മനുഷ്യ പ്രവർത്തനങ്ങൾ വഴി അവതരിപ്പിക്കപ്പെട്ടിട്ടുണ്ടന്ന് കണക്കാക്കുന്നു. പ്രതിവർഷം ഏകദേശം 200 എന്ന നിരക്കിൽ പുതിയ അന്യദേശ ജീവികളുടെ കണ്ടെത്തൽ രേഖപ്പെടുത്തുന്നു (IPBES, 2023). ഇവയിൽ, 3500-ലധികം സ്പീഷീസുകൾക്ക് വിപരീത സ്വാധീനത്തിന്റെ തെളിവുകളുണ്ട്. ഇവ അന്യ-അധിനിവേശ (invasive alien) ജീവികളാണ്. ഇതേവരെ, 1061 അന്യദേശ സസ്യങ്ങൾ (ആകെയുള്ള അന്യദേശ സസ്യങ്ങളുടെ 6%), 1852 അന്യദേശ അകശേരു ജന്തുക്കൾ (22%), 461 അന്യദേശ കശേരു ജന്തുക്കൾ (14%), 141 അന്യദേശ സൂക്ഷ്മാണുക്കൾ (11%) എന്നിവ ആഗോളതലത്തിൽ അധിനിവേശം നടത്തുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. മൊത്തം ആഘാതങ്ങളുടെ 20 ശതമാനവും ദ്വീപുകളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതുപോലെ തന്നെ, രേഖപ്പെടുത്തപ്പെട്ട വിപരീത ആഘാതങ്ങളുടെ 25 ശതമാനവും ജലമണ്ഡലങ്ങളിൽ നിന്നാണ്.
വിഭാഗം | വിവരങ്ങൾ |
---|---|
വിപരീത സ്വാധീനമുള്ള ജീവികൾ (Invasive Alien Species) | 3500-ലധികം സ്പീഷീസുകൾ |
അന്യദേശ സസ്യങ്ങൾ (Alien Plants) | 1061 സസ്യങ്ങൾ (6%) |
അന്യദേശ അകശേരു ജന്തുക്കൾ (Alien Invertebrates) | 1852 ജന്തുക്കൾ (22%) |
അന്യദേശ കശേരു ജന്തുക്കൾ (Alien Vertebrates) | 461 ജന്തുക്കൾ (14%) |
അന്യദേശ സൂക്ഷ്മാണുക്കൾ (Alien Microorganisms) | 141 സൂക്ഷ്മാണുക്കൾ (11%) |
ആക്രമണകാരികളായ അന്യദേശ ജീവികളുടെ 16 ശതമാനം പാരിസ്ഥിതിക സേവനങ്ങളിലും 7 ശതമാനം നല്ല ജീവിത നിലവാരത്തിലും പ്രതികൂല സ്വാധീനം ചെലുത്തുന്നു. അന്യ-അധിനിവേശ ജീവികൾ വഴിയുള്ള ആഗോള സാമ്പത്തിക നഷ്ടം 2019 ലെ വിലയിരുത്തൽ പ്രകാരം പ്രതിവർഷം 423 ശതകോടി ഡോളർ കവിഞ്ഞു. 1970 മുതൽ ഓരോ ദശകത്തിലുമുള്ള നഷ്ടം കുറഞ്ഞത് നാലിരട്ടിയായി വർദ്ധിക്കുകയും ചെയ്തു (IPBES, 2023). ആഗോള നഷ്ടത്തിന്റെ ഭൂരിഭാഗവും (92%) മനുഷ്യർക്ക് പരിസ്ഥിതി സേവനങ്ങളിലോ ജീവിത നിലവാരത്തിലോ ഉള്ള ഇവയുടെ പ്രതികൂല സ്വാധീനത്തിൽ നിന്നാണ് വരുന്നത്. അതേസമയം, ആ തുകയുടെ 8 ശതമാനം മാത്രമേ ജൈവ അധിനിവേശ മാനേജ്‌മെൻ്റ് ചെലവുകളുമായി ബന്ധപ്പെട്ടിരിക്കുന്നുളളു.
ചില അന്യ-അധിനിവേശ ജീവജാലങ്ങൾ മനുഷ്യർക്ക് ചില പ്രയോജനങ്ങൾ നൽകുമെങ്കിലും (ഉദാ. ഭക്ഷണവും നാരുകളും), ആ ആനുകൂല്യങ്ങൾ മനുഷ്യന്റെ ആരോഗ്യം (രോഗം പകരുന്നത് പോലുള്ളവ), ഉപജീവനമാർഗങ്ങൾ, ജലസുരക്ഷ, ഭക്ഷ്യസുരക്ഷ, ഭക്ഷ്യ വിതരണത്തിലെ കുറവ് എന്നിവ ഉൾപ്പെടുന്ന അവരുടെ പ്രതികൂല പ്രത്യാഘാതങ്ങൾ ലഘൂകരിക്കുകയോ പഴയപടിയാക്കുകയോ ചെയ്യുന്നില്ല. ഭക്ഷ്യ വിതരണത്തിലെ കുറവാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആഘാതം (66% ൽ അധികം). അതുപോലെ തന്നെ, ജീവികളുടെ രേഖപ്പെടുത്തിയിട്ടുള്ള 60 ശതമാനം ആഗോള വംശനാശവും അന്യ-അധിനിവേശ ജീവികൾ കൊണ്ട് സംഭവിച്ചതാണ്.
അന്യദേശ ജീവികളുടെ പരിസ്ഥിതി ആഘാത വർഗ്ഗീകരണം
പ്രകൃതി സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര യൂണിയൻ (International Union for Conservation of Nature, IUCN) 2020-ൽ അന്യഅധിനിവേശ ജീവികൾ സൃഷ്ടിക്കുന്ന ആഘാതങ്ങളുടെ തീവ്രതയും രീതികളും അനുസരിച്ച് അവയെ തരംതിരിച്ച് കാണുന്നതിനുള്ള ഒരു ആഗോള നിലവാരം പ്രസിദ്ധീകരിച്ചു. ഇത് ‘അന്യദേശ ജീവികളുടെ പരിസ്ഥിതി ആഘാത വർഗ്ഗീകരണം’ (Environmental Impact Classification for Alien Taxa,EICAT) എന്നറിയപ്പെടുന്നു (IUCN, 2020). ലോകമെമ്പാടുമുള്ള സംരക്ഷണ ശ്രമങ്ങളെ പിന്തുണക്കുന്നതിനും, പ്രശ്നക്കാരായ അധിനിവേശ ജീവികളെ തിരിച്ചറിയുന്നത് എളുപ്പമാക്കുകയുമാണ് EICAT ലക്ഷ്യമിടുന്നത്. അന്യദേശ ജീവികൾ ഉണ്ടാക്കുന്ന ദോഷങ്ങളുടെ തെളിവുകൾ കണക്കിലെടുത്ത് വിവിധ ആഘാത വിഭാഗങ്ങളായി തരംതിരിക്കുന്നു (ചാർട്ട്1 കാണുക). IUCN ന്റെ തന്നെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ചുവപ്പ് പട്ടിക (red list) മാതൃകയിലാണ് (IUCN, 2023) തരം തിരിക്കൽ നടത്തിയിരിക്കുന്നത്

ഒരു സ്പീഷിസിനെ തരംതിരിക്കാൻ എട്ട് വ്യക്തമായി നിർവചിക്കപ്പെട്ട വിഭാഗങ്ങളുണ്ട്. ‘സ്വാധീന വിഭാഗങ്ങൾ’ (impact categories) എന്ന് വിളിക്കപ്പെടുന്ന ആദ്യത്തെ അഞ്ച് വിഭാഗങ്ങൾ, അന്യദേശ സ്പീഷീസുകളുടെ വർദ്ധിച്ചുവരുന്ന ആഘാത സാഹചര്യങ്ങളുടെ തുടർച്ചയായ ശ്രേണി പിന്തുടരുന്നു. വർദ്ധിച്ചുവരുന്ന ആഘാതത്തിന്റെ ക്രമത്തിൽ അഞ്ച് EICAT വിഭാഗങ്ങൾ കുഴപ്പമില്ലാത്തവ (minimal concern), ലഘു (minor), മിതമായത് (moderate), വലിയത് (major), വൻതോതിലുള്ളത് (massive)എന്നിവയാണ്. മിതമായ, വലിയ, വൻതോതിലുള്ള എന്നീ മൂന്ന് വിഭാഗങ്ങളിൽ പെടുന്ന സ്പീഷിസുകളെ ‘ഹാനികരം'(harmful) എന്ന് വിളിക്കുന്നു.
ദേശീയ, പ്രാദേശിക, ആഗോള തലങ്ങളിൽ ഈ EICAT പദ്ധതി ബാധകമാണ്. അന്യ-അധിനിവേശ ജീവികളുടെ ഈ തരംതിരിക്കൽ വിവിധ സ്ഥാപനങ്ങൾക്കും രാജ്യങ്ങൾക്കും അവരുടെ വിഭവങ്ങൾ എവിടെ, എങ്ങിനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള വിവരങ്ങൾ നല്കും. ആഗോള തലത്തിൽ നടത്തുന്ന എല്ലാ EICAT വിലയിരുത്തലുകളും IUCN-ന്റെ ‘ഗ്ലോബൽ ഇൻവേസീവ് സ്പീഷീസ് ഡാറ്റാബേസ്’ വഴി ലഭ്യമാകും (ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അന്യ-അധിനിവേശ ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്ന ഓൺലൈൻ ഉറവിടമാണ് ഗ്ലോബൽ ഇൻവേസീവ് സ്പീഷീസ് ഡാറ്റാബേസ്: https://www.iucngisd.org/gisd/ ).
ഒരു സ്പീഷിസിനെ ‘ഡാറ്റാ കുറവ്’ (Data Deficient, DD)ആയി ലിസ്റ്റുചെയ്യുന്നത്, അവയുടെ ആഘാതത്തെ വിലയിരുത്താൻ നിലവിലെ വിവരങ്ങൾ പര്യാപ്തമല്ലെന്ന തിരിച്ചറിവിൽ നിന്നാണ്. ഒരു സ്പീഷിസിന് അതിന്റെ സ്വഭാവിക ഭൌമ പരിധിക്കപ്പുറമുള്ള ഒരു പ്രദേശത്ത് വന്യമായ അവസ്ഥയിൽ ജീവികൾ ഉണ്ടെന്ന് സ്ഥാപിക്കാൻ വിശ്വസനീയമായ തെളിവുകൾ ഇല്ലാതെ വരുമ്പോൾ, ‘അന്യദേശ ജീവികൾ ഇല്ല’ (No Alien Population, NA)എന്ന് തരംതിരിക്കുന്നു. സ്പീഷിസുകളെ EICAT ഇംപാക്ട് വിഭാഗങ്ങൾക്കായി ഇതുവരെ മൂല്യനിർണ്ണയം നടത്താത്ത കേസുകളിൽ ‘വിലയിരുത്തപ്പെടാത്തവ’ (Not evaluated, NE) എന്ന് പറയുന്നു. അവസാനത്തെ മൂന്ന് വിഭാഗങ്ങളായ ‘ഡാറ്റാ കുറവ്’ (DD), ‘അന്യദേശ ജീവികൾ ഇല്ല’ (NA), ‘വിലയിരുത്തപ്പെടാത്തവ’ (NE) എന്നിവ ഒരു സ്പീഷിസിന്റെ സ്വാധീന നിലയെ പ്രതിഫലിപ്പിക്കുന്നില്ല എന്നത് ശ്രദ്ധിക്കുക.
അധിനിവേശ സ്പീഷീസുകളുടെ പ്രധാന പാതകൾ
അധിനിവേശ ജീവികൾ ഒരു ഭൂഖണ്ഡത്തിൽ നിന്ന് അല്ലെങ്കിൽ രാജ്യത്ത് നിന്ന് മറ്റ് ഭൂഖണ്ഡങ്ങളിലേക്കും രാജ്യങ്ങളിലേക്കും സഞ്ചരിക്കുന്നത് പല പാതകളിലൂടെയാണ്. പണ്ട് കാലത്ത് കുറച്ചു പാതകളെ ഉണ്ടായിരിന്നുളളൂ. ആധുനിക കാലത്ത് ഇവ ക്വാറന്റയിൻ നിയമയമൊക്കെ ലംഘിച്ച് എങ്ങിനെയൊക്കെയാണ് വരുന്നതെന്ന് പ്രവചിക്കാൻ കഴിയില്ല, ചില പ്രധാന പാതകൾ നോക്കാം.
- കപ്പൽ ബാലസ്റ്റ് വെള്ളം
- അക്വേറിയം/വളർത്തു ജന്തുക്കൾ
- ഹിച്ച്ഹൈക്കർമാർ (തടി, പാക്കേജിംഗ്, വാഹനങ്ങൾ)
- കൃഷി/വനവൽക്കരണ സസ്യങ്ങൾ
- അലങ്കാര സസ്യങ്ങൾ
- ജൈവ നിയന്ത്രണ ജീവികൾ
- ഹൾ ഫൗളിംഗ്
- വിനോദസഞ്ചാരികളും ലഗേജുകളും

കപ്പൽ ബാലസ്റ്റ് വെള്ളം
രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കും കടലിൽ നിന്ന് കടലിലേക്കും ചില അധിനിവേശ ജീവികളുടെ സഞ്ചാരത്തിന്റെ പാത കപ്പലുകളുടെ സഞ്ചാരത്തോടൊപ്പമാണെന്നതിൽ സംശയമില്ല. കപ്പലുകളുടെ യാത്രയ്ക്കിടെ സ്ഥിരത നിലനിർത്താൻ സഹായിക്കുന്നതിന് കപ്പലുകൾ ബാലസ്റ്റ് ടാങ്കുകളിൽ കൊണ്ടുപോകുന്ന വെള്ളമാണ് ബാലസ്റ്റ് ജലം. സമുദ്ര ജൈവഅധിനിവേശത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട പാതകൾ കപ്പലുകളുടെ ബാലസ്റ്റ് ടാങ്കുകളിലും കപ്പലുകളുടെ പുറംഭാഗത്തുള്ള ഫൗളിംഗിലുമാണ് (fouling). കപ്പലിന്റെ പ്രതലങ്ങളിലുള്ള സൂക്ഷ്മാണുക്കൾ, സസ്യങ്ങൾ, ആൽഗകൾ, മറ്റ് ചെറുജീവികൾ എന്നിവയുടെ ശേഖരണമാണ് ഫൗളിംഗ്. ഒരു കപ്പലിൽ നിന്നുള്ള സാമ്പിളുകളിൽ നൂറുകണക്കിന് ജീവജാലങ്ങളെ ജീവനോടെ കണ്ടെത്താൻ കഴിയും.

അക്വേറിയത്തിലേക്കും തുറന്ന മേഖലയിലേക്കും ഓമന ജന്തുക്കൾ (pets)
വിദേശ അക്വേറിയം മത്സ്യങ്ങളും, സസ്യങ്ങളും, വളർത്തുമൃഗങ്ങളും, മനഃപൂർവ്വമോ ആകസ്‌മികമായോ പുറത്തുവിടുകയും സ്ഥാപിക്കപ്പെടുകയും ചെയ്‌താൽ ആക്രമണകാരികളായി മാറാൻ സാധ്യതയുണ്ട്. ഓമനജീവികളും, അക്വേറിയം ജീവികളും ആവശ്യമില്ലാതാകുമ്പോൾ പുഴയിലേക്കും കാട്ടിലേക്കും ഉപേക്ഷിക്കുന്ന പരിപാടിയുമുണ്ട്. അങ്ങിനെ ഇവ കുളങ്ങളിലേക്കും പ്രാദേശിക ജലസംവിധാനത്തിലേക്കും പ്രവേശിക്കുന്നു. വളർത്തുമൃഗങ്ങൾ, അക്വേറിയം ജീവികൾ, ലൈവ് ബെയ്റ്റ്, ലൈവ് ഫുഡ് എന്നിവയുടെ വ്യാപാരത്തിലുൾപ്പെടുന്ന അപകടസാധ്യതകളെക്കുറിച്ച് പ്രത്യേക അന്താരാഷ്ട്ര മാനദണ്ഡങ്ങളില്ല.

ഹിച്ച്ഹൈക്കർമാർ
തടി, പാക്കേജിംഗ്, യന്ത്രസാമഗ്രികൾ, വാഹനങ്ങൾ എന്നിവയിലൂടെ ജീവികൾ സൌജന്യ യാത്ര നടത്തിയേക്കാം, ഹിച്ച്ഹൈക്കർമാരെപ്പോലെ! (റോഡിലൂടെ വാഹനങ്ങളിൽ പോകുന്ന യാത്രക്കാരോട് സൗജന്യ യാത്ര ചോദിച്ചുകൊണ്ട് യാത്ര ചെയ്യുന്ന ഒരാളാണ് ഹിച്ച്‌ഹൈക്കർ). മരവും തടിഉൽപന്നങ്ങളും വനത്തിലെ കീടങ്ങളുടെയും രോഗങ്ങളുടെയും ഉറവിടമാണ്. യന്ത്രസാമഗ്രികളും വാഹനങ്ങളും പലപ്പോഴും വൃത്തിയാക്കാതെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് കയറ്റി അയക്കാറുണ്ട്. ആക്രമണകാരികളായ അന്യദേശ ജീവികളുടെ ഒരു പ്രധാന പാതയാണ് വ്യോമഗതാഗതം. യാത്രക്കാരുടെ വസ്ത്രങ്ങളിലോ ലഗേജുകളിലോ, പാക്കിംഗ് മെറ്റീരിയലുകൾ, ചക്രങ്ങൾ, മറ്റ് വിമാന ഭാഗങ്ങൾ എന്നിവയിലൂടെയോ ഇവ സഞ്ചരിക്കുന്നു. പാർത്തീനിയം എന്ന കള അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗോതമ്പിനൊപ്പം സൌജന്യ യാത്ര ചെയ്തു വന്നതാണ്.

കൃഷി അല്ലെങ്കിൽ വനവൽക്കരണ ആവശ്യങ്ങൾക്കായി അവതരിപ്പിച്ച സസ്യങ്ങൾ
പ്രധാന വിളകളുടെയും വൃക്ഷങ്ങളുടെയും വലിയൊരു ഭാഗം മെച്ചപ്പെട്ട സമ്പദ്‌വ്യവസ്ഥയ്ക്കും ഫലപ്രദമായ ഭക്ഷ്യ ഉൽപാദനത്തിനും വേണ്ടി അവയുടെ സ്വാഭാവിക വിതരണത്തിന് പുറത്തുള്ള പ്രദേശങ്ങളിലേക്ക് കൊണ്ടുവരപ്പെട്ടവയാണ്. ഈ വിദേശ സ്പീഷീസുകൾ പുതിയ വാസസ്ഥലങ്ങളിലേക്കും സംരക്ഷണ മേഖലകളിലേക്കും കയ്യേറി താമസമുറപ്പിക്കുന്നതോടെ ജൈവവൈവിധ്യത്തിന് ഭീഷണിയായേക്കാം. അക്കേഷ്യ (Acacia mearnsii ), മീസോപ്സിസ് (Maesopsis eminii) പോലുള്ള മരങ്ങൾ ഉണ്ടാക്കിവെച്ച കുഴപ്പങ്ങൾ വിവരണാതീതമാണ്.

അലങ്കാര സസ്യങ്ങൾ
നല്ലൊരു ശതമാനം അധിനിവേശ സസ്യങ്ങളും യഥാർത്ഥത്തിൽ അലങ്കാരച്ചെടികളായി കൊണ്ടുവരപ്പെട്ടവയാണ്. കുളവാഴ, സിംഗപ്പൂർ ഡയിസി, കാറ്റ്സ് ക്ലോ, രാക്ഷസ കൊന്ന തുടങ്ങി ഉദാഹരണങ്ങൾ ധാരാളമുണ്ട്.

ജൈവ നിയന്ത്രണത്തിന് കൊണ്ടുവന്ന ജീവികൾ
ലളിതമായി പറഞ്ഞാൽ ശത്രുകീടങ്ങളെ ഉപയോഗിച്ചുള്ള ഒരു കീടനിയന്ത്രണ തന്ത്രമാണ് ജൈവ നിയന്ത്രണം. വിദേശ ജീവികളെ ഇറക്കുമതി ചെയ്ത് കീടങ്ങളെ നിയന്ത്രിക്കാൻ പലപ്പോഴും ഉപയോഗിക്കുന്നു. പക്ഷേ ചിലതെങ്കിലും കാലക്രമത്തിൽ ആക്രമണകാരികളായ കീടങ്ങളായി മാറും. ഇതൊരു പ്രശ്നമാണ്, പ്രത്യേകിച്ച് പഴയകാല അവതരണങ്ങളുടെ കാര്യത്തിൽ. ഇന്ന്, ജൈവ നിയന്ത്രണത്തിനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാണ്. അവ നിയമങ്ങളും ചട്ടങ്ങളും വഴി നിയന്ത്രിക്കപ്പെടുന്നു, ഇറക്കുമതിക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് അപകടസാധ്യത വിശകലനം ചെയ്യുകയും വേണം.

ഹൾ ഫൗളിംഗ്
കപ്പലുകൾ സമുദ്രത്തിലൂടെ ആദ്യമായി ഇറക്കുന്നത് മുതൽ കപ്പൽ ഹളളുകളിൽ വാസമുറപ്പിക്കുന്ന (കപ്പലുകളുടെ വഞ്ചി പോലത്തെ ഭാഗം) ജീവികൾ സാമ്പത്തിക നഷ്ടം ഉണ്ടാക്കാറുണ്ട്. ദൂരെയുള്ള തുറമുഖത്തോ വർക്ക്‌സൈറ്റിലോ എത്തിയ ശേഷം, ദീർഘനേരം നങ്കൂരമിട്ടിരിക്കുന്ന കപ്പലുകൾ പലതരം ചെറിയ ജീവികൾക്ക് മുട്ടയിടാനും വളരാനും അവസരം നൽകുന്നു. ഏത് തരത്തിലുള്ള കപ്പലുകളുടെയും ബാഹ്യവും ആന്തരികവുമായ നനഞ്ഞ പ്രതലങ്ങൾക്ക് ആക്രമണകാരികളായ ജീവികളെ വഹിക്കാൻ (vector) കഴിയും. ആന്റി-ഫൗളിംഗ് കോട്ടിംഗുകൾ പഴകിയതോ, കേടായതോ, ഇല്ലാതെയോ ആണെങ്കിൽ, പ്രതലങ്ങളും വിള്ളലുകളും പലതരത്തിലുള്ള ചെറുജീവികളാൽ കോളനിവൽക്കരിക്കപ്പെടും.
അന്യദേശ ജീവികളുടെ സ്വയം ഇറക്കുമതി തടയുന്നതിന് ഫലപ്രദമായ ഹൾ ക്ലീനിംഗും ആൻ്റി ഫൗളിംഗ് പ്രോഗ്രാമുകളും ആവശ്യമാണ്. ബോട്ട് ഓപ്പറേറ്റർമാർക്കും കപ്പൽ ഉടമകൾക്കും അധിനിവേശകാരികളായ അന്യദേശ ജീവികൾ ഇങ്ങിനെ എത്തിച്ചേരാനുള്ള സാധ്യതയെക്കുറിച്ചും അപകടസാധ്യതകൾ കുറയ്ക്കുന്നതിന് അവർ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും അവബോധം വളർത്തുന്നതിന് വിദ്യാഭ്യാസ പരിപാടികൾ ആവശ്യമാണ്.

വിനോദസഞ്ചാരികളും അവരുടെ ലഗേജുകളും
വിദൂരദേശങ്ങളിലേക്ക് അന്യദേശ ജീവികളെ എത്തിക്കുന്ന വാഹകർ എന്ന നിലയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിലും സഞ്ചാരത്തിലുമുള്ള വൻവർധനവ് ഈ പാതയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. സഞ്ചാരികൾ മണ്ണ് പറ്റിപ്പിടിച്ച ഉപകരണങ്ങളും വാഹനങ്ങളും വഴി അബദ്ധവശാൽ കാർഷിക ഇനങ്ങളെ കൊണ്ടുപോകുക മാത്രമല്ല, പലർക്കും സസ്യങ്ങളോ, സസ്യഭാഗങ്ങളോ, ജീവനുള്ള മൃഗങ്ങളോ സുവനീറായി കൊണ്ടുപോകുന്ന രീതിയുമുണ്ട്. കൃഷിയിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്താൻ സാധ്യതയുള്ളതുപോലെ തന്നെ, അധിനിവേശ കീടങ്ങളോ സൂക്ഷ്മാണുക്കളോ ഉണ്ടാകാൻ സാധ്യതയുള്ള പഴങ്ങളോ മറ്റ് സസ്യവസ്തുക്കളോ ആളുകൾ വീട്ടിലേക്ക് കൊണ്ടുവരുന്നതും മുൻകരുതലുകൾ വേണ്ട പണിയാണ്. വിനോദസഞ്ചാരികൾ, ട്രാവൽ കൺസൾട്ടൻ്റുകൾ, ഏജൻസികൾ, ഗൈഡുകൾ, എന്നിവർക്ക് അന്യ-അധിനിവേശ ജീവജാലങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചുള്ള പൊതു അവബോധവും വിദ്യാഭ്യാസവും പ്രതിരോധ പരിപാടികളുടെ ഭാഗമായി നല്കേണ്ടത് അത്യാവശ്യമാണ്.
ജലാശയങ്ങളിലെ അധിനിവേശം
പുഴകൾ, തോടുകൾ, കായലുകൾ എന്നിങ്ങനെയുള്ള ജലാശയങ്ങളാൽ സമ്പന്നമായ കേരളത്തിൽ ഇവയെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി ജനങ്ങളുണ്ട്. ജലാശയങ്ങളിലെ അധിനിവേശ സസ്യങ്ങളുടെയും മത്സ്യങ്ങളുടെയും സാന്നിധ്യം നമ്മുടെ തനതായ ഉൾനാടൻ മത്സ്യസമ്പത്തിനും മറ്റ് പ്രകൃതിദത്ത ജലജീവികളുടെ നിലനിൽപ്പിനും മാത്രമല്ല, മുഴുവൻ ആവാസവ്യവസ്ഥയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നു.
കേരളത്തിലെ ജലാശയങ്ങളിൽ വളരെ വ്യാപകമായി കാണുന്ന മൂന്ന് അധിനിവേശ കളകളാണ് ആഫ്രിക്കൻ പായൽ (Salvinia molesta), കുളവാഴ (Pontederia crassipes / Eichhornia crassipes), മുട്ടപ്പായൽ (Pistia stratiotes)എന്നിവ. ഇവ അലങ്കാര സസ്യങ്ങളായി കൊണ്ടുവരപ്പെട്ടവയാണെന്ന് കരുത്തുന്നു. തുടർന്നുള്ള അവയുടെ സ്വാഭാവിക ജലസംവിധാനങ്ങളിലേക്കുള്ള പ്രവേശനം ആകസ്മികമാകാം. കബോംബാ (Cabomba furcata) ഒരു സാധാരണ അക്വേറിയം സസ്യമാണ്. ഇത് ഗാർഹിക അക്വേറിയത്തിൽ നിന്നോ നദീതടത്തോട് ചേർന്നുള്ള അക്വേറിയം കുളങ്ങളിൽ നിന്നോ സ്വാഭാവിക ജലാശയങ്ങളിലേക്ക് പ്രവേശിച്ചതാകാനാണ് സാധ്യത. ഭാഗ്യവശാൽ, വളരെക്കാലം നമ്മുടെ ജലാശയങ്ങളെയും നെൽപ്പാടങ്ങളെയും മലിനപ്പെടുത്തിയിരുന്ന ആഫ്രിക്കൻ പായലിനെതിരെ സൽവീനിയ വണ്ടുകൾ മുഖേനയുള്ള ജൈവിക നിയന്ത്രണം വളരെ ഫലപ്രദമായി മാറി. പക്ഷേ, അപ്പോഴേക്കും കുളവാഴ, കമോംബ തുടങ്ങിയ മറ്റു ജലസസ്യങ്ങളുടെ ശല്യം അധികരിച്ചു.

2018-ലെ വെള്ളപ്പൊക്കത്തിന് ശേഷം സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നടത്തിയ പഠനങ്ങൾ അക്വാകൾച്ചർ ഫാമുകളിൽ നിന്ന് അധിനിവേശ മത്സ്യങ്ങൾ രക്ഷപ്പെടുന്ന പ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നു. 2018 ലെ വെള്ളപ്പൊക്കത്തെത്തുടർന്ന് പശ്ചിമഘട്ടത്തിൽ നിന്ന് രേഖപ്പെടുത്തിയ ഏഴ് അധിനിവേശ മത്സ്യഇനങ്ങളിൽ പലതും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിച്ചിരുന്ന ഇനങ്ങളുടെ പട്ടികയിൽ പെട്ടിട്ടുള്ളവയല്ല; അക്വേറിയം വളർത്തു മൽസ്യങ്ങളുടെ വ്യാപാരത്തിലൂടെ നിയമവിരുദ്ധമായി കൊണ്ടുവന്നതാണ്. കുട്ടനാടൻ നദീതടങ്ങളിലും പാടശേഖരങ്ങളിലും അധിനിവേശ മത്സ്യങ്ങളെ ധാരാളമായി കണ്ടു, പഠനത്തിനിടെ കണ്ടെത്തിയ ചില ഇനങ്ങൾ,
- മൊസാമ്പിക്ക് തിലാപ്പിയ (Mozambique tilapia, Oreochromis mossambicus),
- നൈൽ തിലാപ്പിയ (Nile tilapia, Oreochromis niloticus),
- ഗപ്പി (Guppy, Poecilia reticulata),
- കൊതുക് വിഴുങ്ങി മൽസ്യം (Mosquito fish, Gambusia affinis),
- ആമസോൺ മുഷി (Amazon sailfin catfish, Pterygoplichthys pardalis),
- സാധാരണ കാർപ് (common carp, Cyprinus carpio),
- മഴവിൽ മൽസ്യം (Rainbow trout, Oncorhynchus mykiss),
- ആഫ്രിക്കൻ മുഷി (North African Catfish, Clarias gariepinus),
- ജയന്റ് ഗൗരാമി (Giant gourami, Osphronemus goramy),
- റെഡ്ബെല്ലിഡ് പാക്കു (Piaractus brachypomus),
- റെഡ് പിരാന (Pygocentrus nattereri)
മുതലായവയാണ്. ഇത്തരം അധിനിവേശ കളകളുടെയും മാംസഭുക്കുകളായിട്ടുള്ള മൽസ്യങ്ങളുടെയും നിയന്ത്രണത്തിനും അവയുടെ തുടർന്നുള്ള കടന്നുകയറ്റം ഒഴിവാക്കുന്നതിനുമായി അടിയന്തിരമായ ഇടപെടലുകൾ ആവശ്യമാണ്.
അധിനിവേശം കൃഷിയിൽ
മനുഷ്യർ അവരുടെ വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി ചില സസ്യങ്ങളെമാത്രം തിരഞ്ഞെടുത്ത് വളര്‍ത്തുന്നതിനെയാണ് പൊതുവിൽ കൃഷി എന്നു പറയുന്നത്. എന്നാല്‍ കർഷകർ അറിയാതെതന്നെ ആവശ്യമില്ലാത്ത സസ്യങ്ങളും അവയോടൊപ്പംതന്നെ വളര്‍ന്നുവെന്നുവരാം. ഇങ്ങനെ കർഷകർ ആഗ്രഹിക്കാത്ത സ്ഥലത്ത് സ്വമേധയാ വളര്‍ന്നുവരുന്ന സസ്യങ്ങളെ മൊത്തത്തിൽ ‘കളകള്‍’ എന്നു വിളിക്കുന്നു. കൃഷിസ്ഥലങ്ങളിലും മറ്റു തുറസ്സായ സ്ഥലങ്ങളിലും ആവശ്യമില്ലാതെ മുളച്ചുണ്ടാകുന്ന പാഴ്ചെടികളെ മാത്രമെ കളകൾ എന്നു പറയാറുള്ളൂ. കളകള്‍ വിളകളുമായി ജലം, പോഷകങ്ങള്‍, സൂര്യപ്രകാശം, സ്ഥലം എന്നിവക്കുവേണ്ടി മത്സരിച്ചു വളരുന്നു. ഈ മത്സരത്തിൽ മനുഷ്യന്‍ ഇടപെടുന്നില്ലെങ്കിൽ ജയം എപ്പോഴും കളകള്‍ക്കായിരിക്കും!
കൃഷിയെ സംബന്ധിച്ചിടത്തോളം ‘സസ്യ അധിനിവേശം’ എന്നത് ‘കള ആക്രമണം’ എന്നതിന്റെ പര്യായമാണ്. കൃഷിയോഗ്യമായ ഭൂമിയിൽ പുറത്തു നിന്നുള്ള ഒരു സസ്യം വിജയകരമായി സ്ഥാനം ഉറപ്പിക്കുന്ന പ്രക്രിയയായി കള ആക്രമണത്തെ കണക്കാക്കാം. ഇവ വിളകളോട് മത്സരിച്ചുകൊണ്ടോ സാംസ്കാരിക ആചാരങ്ങളിൽ ഇടപെട്ടുകൊണ്ടോ ആവാം. കളകൾ കാർഷിക പ്രവർത്തനങ്ങൾക്ക് ഗുരുതരമായ ഭീഷണി ഉയർത്തുകയും സാമ്പത്തിക നഷ്ടം വരുത്തി വെക്കുകയും ചെയ്യും. ചില സസ്യങ്ങൾ വളരെവേഗം ‘കളകൾ’ ആയി മാറും. ഏതു കൃഷിയിലും കള എന്നത് അഭികാമ്യമല്ലാത്തതും ദോഷകരവും പ്രശ്‌നകരവുമായ ഒരു സസ്യമാണ്, അവ കൃഷി ചെയ്ത വിളകളെ തടസ്സപ്പെടുത്തുകയും മനുഷ്യന്റെ മറ്റു കാര്യങ്ങളെ ബാധിക്കുകയും ചെയ്യുന്നു.
ആക്രമണകാരികളായ അന്യദേശ കളകളെ നിർവചിക്കുന്നതിന്, ദോഷകരമായ കളകൾ (noxious weeds), അധിനിവേശ കളകൾ (invasive weeds), അന്യദേശ കളകൾ (alien weeds) എന്നിങ്ങനെ മൂന്ന് പദങ്ങൾ ഉപയോഗിക്കാറുണ്ട്. വിളകൾ, കന്നുകാലികൾ, പൊതുജനാരോഗ്യം, അല്ലെങ്കിൽ മറ്റ് സ്വത്തുക്കൾ എന്നിവയ്ക്ക് ദോഷം വരുത്തുന്ന സസ്യങ്ങളാണ് ‘ദോഷകരമായ കളകൾ’. അതിവേഗം പടരാനും ദോഷകരമാകാനും സാധ്യതയുള്ള സസ്യജാലങ്ങളാണ് ‘അധിനിവേശ കളകൾ’. മനുഷ്യരുടെ പ്രവർത്തനങ്ങളാൽ അതിന്റെ പ്രാദേശിക ഭൌമപരിധിക്കപ്പുറം സ്വാഭാവികമായി കാണാത്ത ഒരു പ്രദേശത്തേക്ക് നീങ്ങുന്ന കളകളെ ‘അന്യദേശ കളകൾ’ എന്ന് വിളിക്കുന്നു.
കർഷകരും പൊതുജനങ്ങളും ഭയക്കുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകൾ (Giant African Snail, Lissachatina fulica) 2018-ലെ പ്രളയത്തിന് ശേഷം കേരളത്തിൽ പെരുകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആഫ്രിക്കൻ ഒച്ചുകൾ കാർഷിക വിളകൾക്കും നാടൻ സസ്യങ്ങൾക്കും ഗുരുതരമായ നാശമുണ്ടാക്കുന്നതോടൊപ്പം പല സസ്യ രോഗാണുക്കളുടെയും വാഹകർ (vector) കൂടിയാണ്. ലോകത്തിലെ ഏറ്റവും കുഴപ്പക്കാരായ 100 അധിനിവേശ ഇനങ്ങളിൽ ഒന്നായി ഈ ഒച്ചിനെ പട്ടികപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരുടെയും, മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേരള സർക്കാരിന്റെ “ഏകാരോഗ്യം” (One Health) പദ്ധതിയുടെ ഭാഗമായി ആഫ്രിക്കൻ ഒച്ചു നിർമ്മാർജ്ജന പരിപാടികൾ ഒച്ചുബാധയുള്ള ജില്ലകളിൽ നടപ്പിലാക്കുന്നുണ്ട്.
അനേകം വിദേശ കീടങ്ങളും ഇവിടെയെത്തി നമ്മുടെ കാർഷിക വിളകളെയും മറ്റ് സസ്യങ്ങളേയും ആക്രമിച്ചു കൊണ്ടിരിക്കുന്നു. പരുത്തി, തക്കാളി, ഉരുളക്കിഴങ്ങ്, പേര, മരച്ചീനി, ആപ്പിൾ, കാപ്പി, തെങ്ങ്, തുടങ്ങി വിവിധ വിളകളെ അക്രമിക്കുന്ന വിദേശ കീടങ്ങളുണ്ട്. കേരളത്തിൽ ജനശ്രദ്ധ ആകർഷിച്ച ചില അധിനിവേശ കീടങ്ങളാണ് നാളികേര മണ്ഡരി (coconut eriophyid mite), പപ്പായ മീലിബഗ്(papaya mealy bug), മരച്ചീനി മീലിബഗ് (cassava mealybug ), അധിനിവേശ ഇലപ്പേനുകൾ (invasive thrips), കാപ്പിക്കുരു തുരപ്പൻ (coffee berry borer), റുഗോസ് വെള്ളീച്ച (rugose spiralling whitefly) എന്നിവ.
വനമേഖലയിലെ അധിനിവേശം
അന്യദേശ സസ്യങ്ങളുടെ അധിനിവേശം മൂലമുള്ള ആവാസവ്യവസ്ഥയുടെ നാശം വനമേഖലയിലും ചർച്ചയായിട്ടുണ്ട്. അധിനിവേശ സസ്യങ്ങൾ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നതു വന്യമൃഗങ്ങൾക്ക് കാലിത്തീറ്റയുടെയും വെള്ളത്തിന്റെയും ലഭ്യത കുറയുന്നതിന് കാരണമാകുന്നു. ഉദാഹരണത്തിന് വയനാട്ടിൽ അധിനിവേശം നടത്തുന്ന മഞ്ഞക്കൊന്ന അഥവാ രാക്ഷസക്കൊന്ന (Senna spectabilis) എന്ന അന്യദേശ മരം സ്വഭാവിക പുൽമേടുകൾക്കും മറ്റു സസ്യങ്ങൾക്കും ഭീഷണിയാണ്. രാക്ഷസക്കൊന്ന വന്യമൃഗങ്ങൾക്ക് ഭക്ഷ്യയോഗ്യമല്ല. കൊങ്ങിണി അഥവാ ലന്റാന (Lantana camara), ധൃതരാഷ്ട്ര പച്ച (Mikania micrantha), കമ്മ്യൂണിസ്റ്റ് പച്ച (Chromolaena odorata), സിങ്കപ്പൂർ ഡെയ്‌സി (Sphagneticola trilobata) എന്നിവയും പ്രശ്നക്കാരാണ്. ഇവ അടിക്കാടുകളിലെ സ്വാഭാവിക സസ്യങ്ങളെ നിഷ്കാസനം ചെയ്യുകയും സസ്യഭുക്കുകളായ വന്യജീവികള്‍ക്ക് ആഹാര ദൗര്‍ലഭ്യം സൃഷ്ടിക്കുകയും ചെയ്യുന്നു. വനഭൂമിയില്‍ ആഹാര ലഭ്യത കുറഞ്ഞത് കാടുകളോട് ചേര്‍ന്നുകിടക്കുന്ന ജനവാസ മേഖലകളിലേക്കു വന്യജീവികൾ ഇറങ്ങുന്നത് വർദ്ധിക്കാൻ കാരണമായി.
കേരളത്തിലെ വനങ്ങളിൽ രാക്ഷസക്കൊന്ന, കൊങ്ങിണി എന്നീ അധിനിവേശ സസ്യങ്ങൾ സർവസാധാരണമായി കാണപ്പെടുന്നു. വയനാട് വന്യജീവിസങ്കേതം ഉൾപ്പെടെ നീലഗിരി ബയോസ്ഫിയർ റിസർവിന്റെ വനമേഖലയിൽ അതിവേഗ വളർച്ച കാരണം വലിയ ഭീഷണി ഉയർത്തുന്ന രാക്ഷസക്കൊന്നയെ തുടച്ചുനീക്കാൻ വനംവകുപ്പ് പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു. മൈക്കേനിയ എന്നു വിളിക്കുന്ന വള്ളിച്ചെടിയും വനാതിർത്തികളിൽ കാണാറുണ്ട്.
അധിനിവേശ സസ്യങ്ങളുടെ നിയന്ത്രണം
സസ്യങ്ങളുൾപ്പെടെയുള്ള ജീവികളുടെ നിയമവിരുദ്ധമായതും ആകസ്മികവുമായ ഇറക്കുമതി തടയുന്നതിന് ക്വാറന്റൈൻ നടപടികൾ ശക്തമാക്കേണ്ടതുണ്ട്. കേരളത്തിലെ അധിനിവേശ ജീവജാലങ്ങളുടെ നിയന്ത്രണത്തിന് മുതല്‍ക്കൂട്ടാവുംവിധത്തിൽ വിവിധ ആവാസവ്യവസ്ഥകളിലെ അധിനിവേശ ജീവജാലങ്ങളുടെ നിലവിലെ സ്ഥിതിയും, മുന്‍ഗണനാടിസ്ഥാനത്തിൽ അവയുടെ നിയന്ത്രണത്തിനായുള്ള തന്ത്രങ്ങളും രൂപപ്പെടുത്തുകയും അവ പൊതുജനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കാനും സാധിക്കണം. കേരളത്തിലെ അധിനിവേശ ഭീഷണിയെ നേരിടുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ സാധിക്കും.
അധിനിവേശ കളകളെ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മർഗ്ഗമാണ് പ്രതിരോധം (prevention). പ്രതിരോധമാണ് എല്ലായ്പ്പോഴും ചികിത്സയേക്കാൾ നല്ലത്! കൃത്യമായ നിരീക്ഷണം, കർശനമായ ക്വാറന്റൈൻ നിയമങ്ങൾ, എൻട്രി പോയിന്റുകളിൽ ആക്രമണകാരികൾ ഉൾപ്പെട്ടേക്കാവുന്ന ഇറക്കുമതി ചെയ്ത വസ്തുക്കളുടെ പരിശോധന എന്നിവയാണ് ഭാവിയിലെ അവതരണങ്ങൾ ഒഴിവാക്കാൻ ഉടനടി ശ്രദ്ധിക്കേണ്ട പ്രതിരോധ നടപടികൾ. ഇതിനകം സ്ഥാപിതമായതും ആക്രമണകാരിയാകാൻ സാധ്യതയുള്ളതുമായ കളകളെ നേരിടാൻ വിവിധ മാനേജ്മെന്റ് രീതികൾ ലഭ്യമാണ്.
ഒരു അന്യദേശ സസ്യം അവതരിക്കുകയും അധിനിവേശം നടത്തുകയും ചെയ്തുകഴിഞ്ഞാൽ, യാന്ത്രിക രീതികൾ, കൃഷി രീതികൾ, ജൈവ രീതികൾ, അല്ലെങ്കിൽ രാസ നിയന്ത്രണ നടപടികൾ, എന്നിവ ഒരു സംയോജിത രീതിയിൽ സ്വീകരിക്കുന്നതാണ് നല്ലത്. കാരണം ദീർഘകാലത്തേക്ക് ഫലം ചെയ്യുന്നതും സുസ്ഥിരവുമായ ഒരു മാനേജ്മെന്റ് രീതിയും കണ്ടെത്താനായിട്ടില്ല! കളകളുടെ വളർച്ചാ സാഹചര്യങ്ങളും സസ്യശാസ്ത്രവും മനസ്സിലാക്കുന്നത് ശരിയായ മാനേജ്മെന്റ് രീതികൾ ആവിഷ്കരിക്കാൻ സഹായിക്കും. കളകളെ നിയന്ത്രിക്കുന്നതിന് യാന്ത്രികരീതികൾ പ്രധാനമായും പിന്തുടരുന്നു. യാന്ത്രിക രീതികളിൽ വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് വെട്ടൽ, മുറിക്കൽ, കുഴിച്ച് നീക്കം ചെയ്യൽ എന്നിവ ഉൾപ്പെടുന്നു. ചെടികൾ നീക്കം ചെയ്തതിനുശേഷം അവ കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യണം. പുതയിടൽ, ആവരണ വിളകൾ, വിള പരിക്രമം, ഇടയ്ക്കിടെയുള്ള മണ്ണ് ഇളക്കൽ, എന്നിവ സാംസ്കാരിക നിയന്ത്രണത്തിൽ ഉൾപ്പെടുന്നു. ആഫ്രിക്കൻ പായൽ പോലെ ആക്രമണകാരികളായ അന്യദേശ കളകളിൽ പ്രാണികളെ ഉപയോഗിച്ചുള്ള ജൈവിക നിയന്ത്രണവും വളരെ ഫലപ്രദമായി കണ്ടിട്ടുണ്ട്.
ആഫ്രിക്കൻ പായൽ, കുളവാഴ, കമ്മ്യൂണിസ്റ്റ് പച്ച, തൊട്ടാവാടി എന്നിവയായിരിക്കും കേരളത്തിൽ ആദ്യമായി ശ്രദ്ധിക്കപ്പെട്ടതും പഠിച്ചതുമായ അധിനിവേശ സസ്യങ്ങൾ. പിന്നീട്, മൈക്കേനിയ, ആനത്തൊട്ടാവാടി, സിംഗപ്പൂർ ഡെയ്‌സി, രാക്ഷസക്കൊന്ന, കബോംബ തുടങ്ങിയവ ആക്രമണകാരികളായ കളകളുടെ സ്വഭാവം പ്രകടിപ്പിക്കാൻ തുടങ്ങി. ഇവയിൽ കുളവാഴ, സിംഗപ്പൂർ ഡെയ്‌സി, രാക്ഷസക്കൊന്ന എന്നീ പ്രധാന അന്യ-അധിനിവേശ കളകളുടെ മാനേജ്മെന്റ് തന്ത്രങ്ങൾ ഇവിടെ സംക്ഷിപ്തമായി വിവരിച്ചിരിക്കുന്നു.

കുളവാഴ
ഏറ്റവും മോശക്കാരായ കളകൾ (worlds’ worst weeds) എന്നു ലിസ്റ്റ് ചെയ്യപ്പെട്ടവയിൽ എട്ടാം സ്ഥാനമാണ് കുളവാഴക്കുള്ളത് (1977 ലെ അവസ്ഥ പ്രകാരം). തെക്കേ അമേരിക്കയിൽ നിന്ന് അലങ്കാര സസ്യം എന്ന നിലയിലാണ് ഇവ മറ്റു സ്ഥലങ്ങളിലേക്ക് പോയത്. കേരളത്തിലെത്തിയതും അങ്ങിനെ തന്നെ! ഇംഗ്ലിഷിൽ ‘വാട്ടർ ഹയാസിന്ത്’, ‘ലൈലാക് ഡെവിൾ’ എന്നൊക്കെ അറിയപ്പെടുന്ന ഈ സസ്യം ലോകത്തിലെ ഏറ്റവും കുഴപ്പം പിടിച്ച കളകളിൽ ഒന്നാണ്. ബ്രസീല്‍ സ്വദേശിയായ ഈ കളസസ്യം ഒരു പക്ഷെ മനുഷ്യന് ഏറ്റവുമധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണെന്ന് പറയാം. 1896 ല്‍ ഇവിടേക്ക് കൊണ്ടുവരപ്പെട്ട ഈ കളക്ക് വളരെ പെട്ടെന്ന് പെരുകി ഒരു ജലാശയം മുഴുവന്‍ നിറയുന്നതിനു കഴിയും. ഒരു ചെടിമാത്രം ഒറ്റ വര്‍ഷംകൊണ്ട് ഒരേക്കര്‍ നിറക്കുന്നതിനു കഴിയുമത്രെ; ഒരു ഹെക്ടര്‍ നിറഞ്ഞു വളരുന്ന ഒരു കുളവാഴ ശേഖരത്തിന് ഒരു ദിവസം കൊണ്ട് മാത്രം 1500 ച. മീറ്റര്‍ സ്ഥലത്തേക്ക് കൂടി വ്യാപിക്കുന്നതിന് സാധിക്കുന്ന രീതിയില്‍ (15%) അത്ര അത്ഭുതകരമായ വ്യാപന ശേഷിയാണുള്ളത്. ഇവ ജലാശയങ്ങളെ ജലഗതാഗതത്തിന് അനുയോജ്യമല്ലാതാക്കുന്നതു കൂടാതെ മലിനപ്പെടുത്തുകയും കൊതുകുകള്‍ക്ക് പെറ്റുപെരുകുന്നതിനുള്ള അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും മനുഷ്യന് ഒരു തീരാശല്യമാണിത്. കേരളത്തിൽ 1960-70 കളിൽ കുളവാഴ ഒരു പ്രശ്നമായിരുന്നില്ല. അക്കാലത്തു ആഫ്രിക്കൻ പായൽ ആയിരുന്നു വില്ലൻ. ആഫ്രിക്കൻ പായൽ ഉണ്ടായിരുന്നത് കൊണ്ട് കുളവാഴക്കു പെരുകാൻ സാധിച്ചില്ല എന്ന് പറയുന്നതാവും ശരി!
കുളവാഴ (Pontederia crassipes/Eichhornia crassipes) ചിരസ്ഥായിയായ ഒരു പ്ളവഗ സസ്യമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലും, നനവുള്ള മണ്ണിലും ഒരുപോലെ വളരും. പ്രവര്‍ധനം വിത്തുമൂലവും ഭൂസ്താരികള്‍(offset) മുഖേനയുമാണ്. വിത്തുകള്‍ 15 വര്‍ഷം വരെ കേടുകൂടാതിരിക്കും. കുറഞ്ഞ് 3-4 സെ. മീ. വെള്ളം എത്തുമ്പോഴേ മുളക്കൂ. മുളച്ച ഉടന്‍ ചെളിയുമായി ചേര്‍ന്നു കാണപ്പെടും. പിന്നീട് ചെളിയില്‍നിന്ന് വിട്ട് വെള്ളത്തില്‍ പൊന്തിക്കിടക്കാനാരംഭിക്കുന്നു. ശുദ്ധജലത്തില്‍ മാത്രമേ ഇവ പെരുകാറുള്ളൂ. കുട്ടനാടന്‍ മേഖലയില്‍ ഓരുവെള്ളം കയറുന്നത് നിന്നതോടെ ഇവയുടെ പ്രശ്നം രൂക്ഷമായിട്ടുണ്ട്. ഇലകള്‍ക്ക് കരണ്ടിയുടെ (spoon) ആകൃതിയാണുള്ളത്. ഇലഞെട്ട് പൊന്തിക്കിടക്കുന്നതിനുവേണ്ടി ഉരുണ്ട് പൊള്ളയായി വായു അറകളോട് കൂടിയതായിരിക്കും. പൂങ്കുല വളരെ മനോഹരവും ലൈലാക് നിറത്തോട് കൂടിയതുമാണ്. ഇക്കാരണം കൊണ്ട് ഈ സസ്യത്തിന് ‘ലൈലാക് ചെകുത്താന്‍’ (lilac devil) എന്നും പേരുണ്ട്. കോരിനീക്കുകയാണ് സാധാരണ നിയന്ത്രണരീതി, വളരെ ചിലവേറിയ ഒന്നാണിത്.
കേരള കാർഷിക സർവകലാശാല ആഫ്രിക്കൻ പായലിനെതിരെ സാൽവിനിയ വണ്ട് (Cyrtobagous salvineae) ഉപയോഗിച്ചുള്ള ജൈവിക നിയന്ത്രണം വളരെ വിജയകരമായി മാറിയത് കൊണ്ട് ആഫ്രിക്കൻ പായൽ വലിയ പ്രശ്നമല്ലാതായി, പകരം കുളവാഴയായി! കുളവാഴ നിയന്ത്രണത്തിനു ലോകത്തിന്റെ പല ഭാഗങ്ങളിലും പല തരത്തിലുള്ള ഗവേഷണങ്ങൾ നടക്കുന്നുണ്ട്. നിരോധം (prevention) ആണ് ഏറ്റവും നല്ല മാർഗ്ഗം. നൈട്രജൻ ലോഡ് കുറഞ്ഞ ജലത്തിൽ കുളവാഴശല്യം കുറവായിരിക്കും. ജലം ശുദ്ധമായി തന്നെ നിലനിർത്തുക എന്നതാണ് പ്രധാനം. അത് പോലെ തന്നെ ഉപ്പുരസം കൂടിയാൽ കുളവാഴ നശിച്ചു പോകും. സധാരണ 0.5 ശതമാനത്തിൽ കൂടുതൽ ഉപ്പുണ്ടെങ്കിൽ കുളവാഴ നശിച്ചു പോകും (കടൽ ജലത്തിൽ 3.5% ആണ് ഉപ്പ്).
കുളവാഴയിൽ ജൈവ നിയന്ത്രണവും പരീക്ഷിക്കുന്നുണ്ട്. നിയോക്കിറ്റിനെ എക്കോര്‍ണിയെ, നിയോകീറ്റിനെ ബ്രൂക്കി (Neochetina bruchi , Neochetina eichirniae) എന്നീ ചെറു വണ്ടുകൾ ഇവയെ തിന്നു നശിപ്പിക്കും. പക്ഷേ, ആഫ്രിക്കൻ പായലിലേതു പോലുള്ള നിയന്ത്രണം കിട്ടുന്നില്ല. തെക്കേ അമേരിക്കൻ മണ്ഡരി (South American mite, Orthogalumna terebrantis) എന്ന പേരിൽ അറിയപ്പെടുന്ന മണ്ഡരിയും ഇവയെ ആക്രമിക്കാറുണ്ട്. ഇവ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ ലോകത്ത് പലയിടത്തുമായി നടന്നു വരുന്നു. മറ്റൊന്ന് Fusarium pallidoroseum എന്ന കുമിളാണ്.
ഇനിയൊരു മാർഗ്ഗം ‘കളകളിൽ നിന്ന് ധനം’ (wealth from weeds) എന്ന ആശയം ആണ്. കുളവാഴയിൽ നിന്നും സൈലേജ് (കാലിതീറ്റ), കമ്പോസ്റ്റ്, പുതയിടൽ എന്നീ മാർഗ്ഗങ്ങൾ വളരെ ഫലപ്രദമെന്ന് തെളിയുണ്ടായി (Indulekha, 2018; Indulekha et al., 2019)1,2. മൊളാസസിന് പകരം കപ്പപൊടി ഉപയോഗിച്ചുള്ള സഞ്ചി സൈലേജ് (little bag silage) വിജയം ആയിരുന്നു. കമ്പോസ്റ്റ്, പുതയിടൽ എന്നിവയും ഗുണ നിലവാരം ഉള്ളവ തന്നെയായിരുന്നു.
കുളവാഴ ഇടയ്ക്കിടെ വാരി മാറ്റുകയാണ് ഏറ്റവും ഫലപ്രദമായ നിയന്ത്രണ മാർഗ്ഗം. ഇങ്ങനെ വാരിമാറ്റുമ്പോൾ അവയെ ഉപകാരപ്രദമായി ഉപയോഗിക്കുക എന്ന തന്ത്രമായിരിക്കും നന്നാവുക. കുളവാഴയിൽ നിന്ന് ബാഗുകൾ, തൊപ്പി, ഫയൽ പാഡ് തുടങ്ങിയ ഉൽപ്പന്നങ്ങളും പലരും ഉണ്ടാക്കുന്നുണ്ട്. ഫർണിച്ചർ, കരകൗശല വസ്തുക്കൾ, കടലാസ്, പാക്കിംഗ് മെറ്റീരിയൽ, ബയോഗ്യാസ് ഉൽപ്പാദനം, ജൈവവളം, മൃഗങ്ങളുടെ തീറ്റ, തുടങ്ങിയവയുടെ നിർമ്മാണം കുളവാഴയുടെ പ്രതികൂല സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് ബദലായി വരുമാനം നൽകുന്ന സംരംഭങ്ങളാക്കി മാറ്റുന്നതിനുള്ള വിവിധ രീതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സിംഗപ്പൂർ ഡെയ്‌സി
സിംഗപ്പൂർ ഡെയ്‌സി, മഞ്ഞക്കയ്യുന്നി എന്നീ പേരുകളിൽ അറിയപ്പെടുന്ന സ്ഫഗ്നെറ്റിക്കോളാ ട്രിലോബാറ്റ (Sphagneticola trilobata) അവയുടെ എല്ലാ മുട്ടുകളിലിൽ നിന്നും വേരോടെ പടരുന്ന ഒരു സസ്യമാണ്. വ്യാപകമായി പടരുന്ന ശീലം കൊണ്ട് ഈ സസ്യം ഇതിനകം തന്നെ കാർഷിക, വന ജൈവവൈവിധ്യത്തിന് ഭീഷണിയായി മാറിയിരിക്കുന്നു. മാത്രമല്ല, ഈ അധിനിവേശ സസ്യം IUCN ന്റെ ഏറ്റവും മോശമായ 100 അധിനിവേശ ഇനങ്ങളുടെ പട്ടികയിലുണ്ട്. സിംഗപ്പൂർ ഡെയ്‌സിയുടെ ഇടതൂർന്ന കർപ്പറ്റ് പോലുള്ള വളർച്ച മറ്റ് സസ്യങ്ങൾക്ക് ഭീഷണിയാണ്. അവ തദ്ദേശീയ സസ്യജാലങ്ങളെ മറയ്ക്കുകയും സൂര്യപ്രകാശം കിട്ടാതെ അവ നശിച്ചു പോകയും ചെയ്യുന്നു. കൂടാതെ മണ്ണിലെ വിത്ത്ബാങ്കിൽ നിന്ന് മറ്റ് ജീവജാലങ്ങളുടെ പുനരുജ്ജീവനത്തെ തടയാനും കഴിയും. വരണ്ട സീസണിൽ വളർച്ച കുറവാണ്, പക്ഷേ, മഴക്കാലത്ത് ശക്തമായ വളർച്ച കാണപ്പെടുന്നു. ഇവ സൂര്യകാന്തിയുടേത് പോലുള്ള സ്വർണമഞ്ഞ നിറത്തിലുള്ള ദ്വിലിംഗ പുഷ്പങ്ങൾ ഉല്പ്പാദിപ്പിക്കുന്നു. പൂക്കാലം വർഷം മുഴുവനുമാണ്.
പ്രവർധനം തണ്ടിന്റെ കഷണങ്ങൾ മുഖേനയാണ്. ചെറിയ കഷണങ്ങൾ മതി പുതിയൊരു ചെടിയായി മാറാൻ. അതിനാൽ, പതിവ് നിയന്ത്രണ നടപടികളിലൂടെ ഇത് കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. സിങ്കപ്പൂർ ഡെയ്‌സിയുടെ നിയന്ത്രണത്തിന് 2,4-D, ഗ്ലൈഫോസേറ്റ് എന്നീ കളനാശിനികൾ ഫലപ്രദമല്ല. മെറ്റ്‌സൾഫ്യൂറോൺ മിതയിൽ (ആൽഗ്രിപ്പ് 20 WP) 7.5 ഗ്രാം/ഹെക്‌ടർ ആണ് ഏറ്റവും ഫലപ്രദം. രണ്ട് സസ്യനാശിനികളുടെ മിക്സ് ആയ (മെറ്റ്‌സൾഫ്യൂറോൺ-മിതയിൽ + ക്ലോറിമുറോൺ-എഥൈൽ) 10.0 g/ha എന്ന തോതിൽ സ്പ്രേ ചെയ്യുന്നതും ഫലപ്രദമാണ് (ആൽമിക്സ് 20 WP). ഇടയ്ക്കിടെ കിളച്ച് നീക്കം ചെയ്യുക എന്നതാണ് മറ്റൊരു പോംവഴി. മറ്റൊരു രാസേതര മാർഗം മുകളിലെ 5 സെന്റീമീറ്റർ മണ്ണ് നീക്കം ചെയ്ത് വൻപയർ വിതയ്കൂകയാണ്.

രാക്ഷസക്കൊന്ന
അമേരിക്കൻ ഉഷ്ണമേഖലാപ്രദേശങ്ങളിൽ നിന്നുള്ള ഒരു ഇലപൊഴിയും വൃക്ഷമാണ് മഞ്ഞക്കൊന്ന (Senna spectabilis). രാക്ഷസക്കൊന്ന, അമേരിക്കൻ കൊന്ന എന്നീ പേരുകളിലും അറിയപ്പെടുന്നു. മനോഹരമായ മഞ്ഞപ്പൂക്കൾ ഇവയുടെ പ്രത്യേകതയാണ്. വനനശീകരണവും മരുഭൂവൽക്കരണവും മൂലം നശിച്ചുകൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെ ചെറുക്കുന്നതിനും, വിറക് പോലുള്ള വനവിഭവങ്ങൾക്കും, അലങ്കാര വൃക്ഷമായും കൊണ്ടുവന്ന ഇവ ആഫ്രിക്കയിലെയും ദക്ഷിണേന്ത്യയിലെയും ചില ഭാഗങ്ങളിൽ ഒരു അന്യ-അധിനിവേശ സസ്യമായി മാറിയിരിക്കുന്നു. രാക്ഷസക്കൊന്നയുടെ അതിവേഗം വളരാനുള്ള കഴിവ് കാട്ടിലെ തദ്ദേശീയ വൃക്ഷങ്ങളെ മറികടക്കുന്നതാണ്. മഞ്ഞക്കൊന്നയുടെ ഇലയോ, തണ്ടോ സസ്യഭുക്കുകളായ മൃഗങ്ങളൊന്നും കഴിക്കാറില്ല. തദ്ദേശീയ ഇനങ്ങൾ മുളയ്ക്കുന്നതിനെയും അവയുടെ വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നു. മറ്റ് സസ്യജാലങ്ങളുടെ വളർച്ച തടയുന്നതിനാൽ സസ്യഭുക്കുകളായ മൃഗങ്ങൾക്ക് തീറ്റക്ഷാമമുണ്ടാകും. കാലാന്തരത്തിൽ, വന്യജീവികളുടെ സംഖ്യ കുറയാനും അതു മനുഷ്യ-വന്യ ജീവിസംഘർഷം വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്.

മഞ്ഞക്കൊന്നയെ നിയന്ത്രിക്കുന്നതിന് പല വഴികളും നോക്കുന്നുണ്ട്. കാടിന്റെ പരിസ്ഥിതിയെ എങ്ങിനെ ബാധിക്കുമെന്ന് ശങ്കയുള്ളതിനാൽ രാസ സസ്യനാശിനികളുപയോഗിച്ചുള്ള നിയന്ത്രണം ശുപാർശ ചെയ്യുന്നില്ല. ഐലന്റ് പിൻഹോൾ ബോറർ (Xyleborus perforans) എന്ന ചെറിയ പ്രാണിയെ മഞ്ഞക്കൊന്നയുടെ ജൈവനിയന്ത്രണത്തിന് ഉപയോഗിക്കാമോ എന്ന് നിർണ്ണയിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ഇവ സ്വാഭാവികമായി മഞ്ഞക്കൊന്നയെ ബാധിക്കുന്നതായി കണ്ടിട്ടുണ്ട്.
രാക്ഷസക്കൊന്നയെ നിയന്ത്രിക്കുന്നതിന് വൃക്ഷത്തിന്റെ ലാൻഡ്സ്കേപ്പ്-ലെവൽ മാനേജ്മെന്റ് ആണ് ഇപ്പോൾ വിഭാവനം ചെയ്യുന്നത്. വലിയ മരങ്ങൾ, വലിയ വൃക്ഷത്തൈകൾ, ചെറിയ തൈകൾ എന്നിവയ്ക്ക് മൂന്ന് തരത്തിലുള്ള സമീപനമാണ് ശുപാർശ ചെയ്യുന്നത്. വലിയ മരങ്ങൾ ഭൂനിരപ്പിൽ നിന്ന് ഏകദേശം 1.3 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് മരത്തിന്റെ കോളർ ഭാഗം ഉൾപ്പെടെ തൊലി നീക്കം ചെയ്യണം. ഒരിക്കൽ ചെയ്തുകഴിഞ്ഞാൽ, മാസത്തിലൊരിക്കൽ മരങ്ങളെ സന്ദർശിച്ച് പുറംതൊലിയിലെ പുതിയ വളർച്ച നീക്കം ചെയ്യണം. രണ്ടാമത്തേത് വലിയ തൈകളുടെ നിയന്ത്രണമാണ്. പ്രത്യേകം രൂപകല്പന ചെയ്ത കള പുള്ളറുകൾ ഉപയോഗിച്ച് അവ പിഴുതുമാറ്റാം. ചെറിയ ചെടികളുടെ കാര്യമാണ് മൂന്നാമത്തേത്. അവ കൈകൊണ്ട് പറിച്ചു നീക്കുകയാകും ഉചിതം.
വയനാട്ടിൽ നിന്ന് മഞ്ഞക്കൊന്ന നീക്കം ചെയ്യുന്നതിനായി വനം വകുപ്പ് വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌ട്‌സ് ലിമിറ്റഡുമായി (കെ.പി.പി.എൽ.) സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. തുടക്കത്തിൽ കെ.പി.പി.എൽ. മഞ്ഞക്കൊന്ന മരങ്ങൾ ശേഖരിച്ച് പേപ്പർ നിർമ്മാണത്തിനായി പൾപ്പ് വുഡാക്കി മാറ്റും. വന്യജീവി ആവാസവ്യവസ്ഥയ്ക്കും ജൈവവൈവിധ്യത്തിനും ഇവ ഉയർത്തുന്ന ഭീഷണി പരിഹരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഈ പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം വന പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.
References
- Indulekha V. P. 2018. Management and utilization of water hyacinth (Eichhornia crassipes (Mart.) Solms). PhD Thesis, Kerala Agricultural University, Thrissur, 152p.
- Indulekha, V. P., Thomas, C. G., and Anil, K. S. 2019. Utilization of water hyacinth as livestock feed by ensiling with additives. Indian Journal of Weed Science, 51(1): 67–71.
- IPBES [Intergovernmental Science-Policy Platform on Biodiversity and Ecosystem Services] 2023. Thematic Assessment Report on Invasive Alien Species and their Control. IPBES secretariat, Bonn, Germany, 890p. Available: >>>
- IUCN [International Union for Conservation of Nature] 2024. The IUCN Red List of Threatened Species. Available: >>>
- IUCN [International Union of Conservation of Nature] 2020. IUCN EICAT Categories and Criteria: The Environmental Impact Classification for Alien Taxa. IUCN, Gland, Switzerland, 22p. Available: >>>
- Prameela, P., Antony, S., Thomas, C.G., and Krishna, V.R. 2023. Plant invasions: A threat to agroecosystems. In: Biological Invasions: Issues in Biodiversity Conservation and Management. Proceedings of a National Conference (3rd to 4th Dec. 2022). Kerala State Biodiversity Board, Thiruvananthapuram, pp.1-23. Available: >>>
- Sankaran K. and Suresh T. (2013). Invasive alien plants in the forests of Asia and the Pacific. RAPPublication (2013/06) >>>