Read Time:19 Minute

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറും സയന്റിസ്‌റ്റുമായ പ്രൊഫ. എം.കെ. ജയരാജ് ശാസ്ത്രകേരളത്തിന് നൽകിയ അഭിമുഖം

അഭിമുഖം കേൾക്കാം

പ്രൊഫ. എം.കെ. ജയരാജ് / സുനിൽ സി.എൻ

പ്രൊഫ.(ഡോ.) എം.കെ. ജയരാജ്

കാലിക്കറ്റ് സർവകലാശാലാ വൈസ്‌ചാൻസലറായ ഡോ.എം.കെ. ജയരാജ് ഭൗതികശാസ്ത്ര മേഖലയിൽ, പ്രത്യേകിച്ച് ഒപ്റ്റോ ഇലക്ട്രോണിക് മെറ്റീരിയലുകളിലും ഉപകരണങ്ങളിലും പ്രാവീണ്യം നേടിയ സയന്റിസ്‌റ്റാണ്. സുതാര്യമായ ചാലക ഓക്സൈഡുകളുടെയും നാനോ ഘടനയുള്ള ഉപകരണങ്ങളു ടെയും വികസനത്തിനും ഗവേഷണത്തിനും അദ്ദേഹം ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഒപ്റ്റോഇല ക്ട്രോണിക് മെറ്റീരിയലുകളുടെയും ഉപകരണങ്ങളുടെയും മേഖലയിലാണ് അദ്ദേഹ ത്തിന്റെ സ്പെഷ്യലൈസേഷൻ, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഫിസിക്‌സ് പ്രൊഫസറായിരുന്ന അദ്ദേഹം നിരവധി വിദേശ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായും സയന്റ്റിസായും പ്രവർത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പ്രശസ്‌ത ജേണലുകളിൽ 250 പിയർ റിവ്യൂഡ് പേപ്പറുകൾ പ്രസിദ്ധീകരിക്കുകയും നാലു പുസ്‌തകങ്ങൾ എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

? ഇന്ത്യയിലെ ശാസ്ത്രപഠനത്തിന്റെ വർത്തമാനകാല അവസ്ഥയെ എങ്ങനെയാണ് വിലയിരുത്തുന്നത്?

ശാസ്ത്രരംഗത്ത് ഇന്ത്യയുടെ സംഭാവന വളരെ വലുതാണ്. ആയുർവേദത്തിലും ജ്യോതിശ്ശാസ്ത്രത്തിലും മികച്ച സംഭാവനകൾ ഇന്ത്യ നൽകിയിട്ടുണ്ട്. എന്നിരുന്നാലും ആധുനിക ഇന്ത്യയിൽ പൊതുജനങ്ങളുടെ സംഭാവനയാൽ പടുത്തുയർത്തിയ, 1876 ൽ സ്ഥാപിതമായ ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് (Indian Association for the Cultivation of Science) ആണ് അടിസ്ഥാന ശാസ്ത്രമേഖലയിൽ ഗവേഷണത്തിനായി രൂപംകൊണ്ട ആദ്യത്തെ സ്ഥാപനം എന്നു പറയാം. ഡോ. മഹേന്ദ്രലാൽ സിർക്കാർ എന്ന മെഡിക്കൽ ഡോക്‌ടർ ആണ് ഈ സ്വദേശി ശാസ്ത്രസ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയിൽ പതിനൊന്ന് ശാസ്ത്രസ്ഥാപനങ്ങ ൾ ആരംഭിക്കുന്നുണ്ട്. പക്ഷേ, നമ്മൾ പലപ്പോഴും വിമർശിക്കുന്ന ഒരു കാര്യം യൂണിവേഴ്‌സിറ്റികളിലും ഇത്തരത്തിലുള്ള ശാസ്ത്രസ്ഥാപനങ്ങളിലും ഉൽപാദിപ്പിക്കുന്ന ജ്ഞാനം സമൂഹത്തിന് ഉപകാരപ്പെടുന്നില്ല എന്നതാണ്.

? ഈ വിമർശനത്തെ എങ്ങനെ മറികടക്കാനാവും?

ഗവേഷണത്തിലെ പുതിയ അറിവ് സമൂഹത്തിന് ഉതകുന്ന ഉൽപന്നങ്ങളോ പ്രോസസോ ആക്കി മാറ്റുന്ന തരത്തിലുള്ള ഒരു സ്‌റ്റാർട്ടപ്പ് ഇക്കോ സിസ്‌റ്റം ഉണ്ടാക്കണം. സിലിക്കൻവാലി പോലുള്ള സ്‌റ്റാർട്ടപ്പ് ഇക്കോ സിസ്‌റ്റം മാതൃകയാക്കാം. അമേരിക്കയിലെ സിലിക്കൻവാലി, അതിപ്രശസ്‌തമായ സ്‌റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി, യുസി ബർകിലി…. അങ്ങനെയുള്ള പല യൂണിവേഴ്‌സിറ്റികളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇന്ന് കേരളത്തിൽ സ്‌റ്റാർട്ടപ്പും സ്വയം സംരംഭകത്വവും വളരെ വലിയ വളർച്ച നേടിയിരിക്കുകയാണ്. ശാസ്ത്രപഠനത്തിൻ്റെ പ്രസക്തിയും ഇത്തര ത്തിലുള്ള സ്‌റ്റാർട്ടപ്പ് ഇക്കോസിസ്‌റ്റവും തീ ർച്ചയായും വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി വർധിപ്പിക്കും.

? നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ശാസ്ത്ര വിദ്യാഭ്യാസം നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ് ?

നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മുടക്കുന്ന മുതൽ വളരെക്കുറവാണ്. ശാസ്ത്ര വിഷയങ്ങൾ സൈദ്ധാന്തിക തലത്തിൽ പഠിപ്പിച്ചാൽ പോര. അത് learning while doing എന്ന തത്ത്വത്തിൽ അധിഷ്ഠിതമായിരിക്കണം. നിരീ ക്ഷണ- പരീക്ഷണങ്ങളിലൂടെ ആർജിക്കുന്ന അറിവ്. ഉന്നത വിദ്യാഭ്യാസരംഗത്ത്, വലിപ്പം കൊണ്ട് ചൈനയുടെയും അമേരിക്കയുടെയും തൊട്ടുതാഴെയാണെങ്കിലും, ഭൗതിക സാഹ ചര്യത്തിന്റെ കാര്യത്തിൽ നമ്മൾ വളരെ പിറകിലാണ്. നികത്തപ്പെടാത്ത അധ്യാപക തസ്‌തി കകൾ മറ്റൊരു പ്രശ്നമാണ്. ഇതോടൊപ്പം വിദ്യാർഥികളിൽ ശാസ്ത്രകൗതുകം വളർത്തേണ്ടതുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങൾ ഇതിന് തീർച്ചയായും സഹായിക്കുന്നു. സയൻസ് സെൻ്റർ പോലുള്ള പ്ലാനറ്റേറിയം, മ്യൂസിയം തുടങ്ങിയവ തീർച്ചയായും കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തും.

? ശാസ്ത്രജ്ഞാനം (Science Knowledge), ശാസ്ത്രാവബോധം (Scientific Temper) – ഇവ തമ്മിലുള്ള വിടവ് ഏറിവരുന്നതായി തോന്നിയിട്ടുണ്ടോ ?

ശാസ്ത്രജ്ഞാനം അഥവാ ശാസ്ത്രീയമായ അറിവ് സമ്പാദിക്കുന്നതിൻ്റെ രീതിശാസ്ത്രം തന്നെയാണ് ശാസ്ത്രാവബോധം സൃഷ്ടിക്കു ന്നതിലും നമ്മൾ സ്വീകരിക്കുന്നത്. നിരീക്ഷണ-പരീക്ഷണങ്ങളിലൂടെ നേടുന്ന അറിവ് വീണ്ടും നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തി, മനനം ചെയ്തു‌കിട്ടുന്ന അറിവിനെ സമൂഹത്തിലേക്ക് നൽകുന്നതിനെയാണ് ശാസ്ത്രാവബോധം എന്നുപറയുന്നത്. ശാസ്ത്രാവബോധം പൗരരുടെ കടമയായി ഭരണഘടനയിൽ എഴുതപ്പെട്ടിട്ടുള്ളത് നമ്മുടെ രാജ്യത്ത് മാത്രമാണ്. ഇതിന് അതിന്റേതായ കാരണവുമുണ്ട്. ശാസ്ത്രജ്ഞരുടെയും ശാസ്ത്രസ്ഥാപനങ്ങളിലെ തൊഴിലാളികളുടേതുമായി അസോസിയേഷൻ ഓഫ് സയന്റിഫിക്ക് വർക്കേസ് ഓഫ് ഇന്ത്യ (ASWI) എന്ന സംഘടനയുണ്ട്. അതിന്റെ പ്രസിഡണ്ടായിരുന്നത് പ്രധാനമന്ത്രി തന്നെയാണ്. ഒരു തൊഴിലാളി സംഘടനയുടെ പ്രസിഡണ്ട് ആയി പ്രധാനമന്ത്രി തന്നെ പ്രവർത്തിക്കുന്നു എന്നതിൽ നിന്ന്അതിന്റെ പ്രാധാന്യം മനസ്സിലാക്കാം. ആ സംഘടനയിൽ പ്രവർത്തിക്കുമ്പോൾ പുഷ്‌പ ഭാർഗവയും (സെൻ്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലാർ ബയോളജിയുടെ സ്ഥാപകൻ) സതീഷ് ധവാനും (ഐ.എസ്. ആർ.ഒ. മുൻചെയർമാൻ) പറയുന്നത് എ.എസ്. ഡബ്ല്യു.ഐ. ലെ ശാസ്ത്രജ്ഞർക്ക് ശാസ്ത്രാവബോധം കുറവായിരുന്നു എന്നതാണ്. അവർ അവിടെ ഒരു സൊസൈറ്റി രൂപീകരിക്കുന്നുണ്ട് സൊസൈറ്റി ഫോർ സയൻറിഫിക് ടെംപർ. അതിൽ അംഗത്വം എടുക്കണമെങ്കിൽ ഒരു സത്യപ്രസ്താവന കൊടുക്കണമായിരുന്നു. അതിമാനുഷികശക്തിയിൽ ഞാൻ വിശ്വസിക്കുന്നില്ല എന്നും, മനുഷ്യൻ നേരിടേണ്ട പ്രശ്നങ്ങളെ മനുഷ്യൻ്റെ വിഭവശേഷി ഉപയോഗിച്ചുതന്നെ നിർധാരണം ചെയ്യാം എന്നതുമാണ് അതിന്റെ അന്തസത്ത. പക്ഷേ നിർഭാഗ്യവശാൽ വളരെ കുറവ് ശാസ്ത്രജ്ഞരേ സൊസൈറ്റി ഫോർ സയൻ്റിഫിക് ടെംപർ എന്ന ഈ സംഘടനയിൽ അംഗത്വമെടുത്തുള്ളൂ. അതിനുശേഷം അവരുടെയും മറ്റുള്ളവരുടെയും പ്രവർത്തനഫലമായിട്ടാണ് ഭരണഘട ഭേദഗതിയിൽ ഉൾപ്പെടുത്തി ശാസ്ത്രാവബോധം എന്നത് പൗരരുടെ കടമയായി ഇന്ത്യൻ ഭരണഘടനയിൽ എഴുതപ്പെടുന്നത്. ഇന്ന് നമ്മുടെ സമൂഹത്തിൽ ശാസ്ത്ര ജ്ഞാന സമ്പാദനം നടക്കുന്നുണ്ടെങ്കിലും ശാസ്ത്രാവബോധം കുറയുന്നതായി തന്നെ തോന്നുന്നുണ്ട്.

? നമ്മുടെ അക്കാദമിക രംഗത്ത് നാലു വർഷ ബിരുദം പോലുള്ള പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്ന സമയമാണല്ലോ. ശാസ്ത്രപഠനത്തിൽ അത് എന്തുതരം മാറ്റങ്ങളാണ് ഉണ്ടാക്കുക?

മൂന്ന് കാര്യങ്ങളിലാണ് അതിൽ ഊന്നൽ കൊടുക്കുന്നത്. ഒന്ന്, വിദ്യാർഥി കേന്ദ്രീകൃതമാണ് ഈ പഠനപദ്ധതി. രണ്ട്, വിദ്യാർഥിക്ക് സ്വന്തം അഭിരുചി അനുസരിച്ച് ഇഷ്ട്ടമുള്ള വിഷയങ്ങൾ പഠിക്കാനുള്ള അവസരം നൽകുന്നു. അതുപോലെ തന്നെ നൈപുണ്യ വികസനം. വിദ്യാർഥിയുടെ നൈപുണി വർധിപ്പിക്കുന്നത് തൊഴിൽ സാധ്യത വർധിപ്പിക്കുന്നു. അഭിരുചിക്കനുസരിച്ച് പഠിക്കാൻ സാധിക്കുന്നത് ക്രിയേറ്റിവിറ്റിയെ വളർത്തുന്നു. ഗവേഷണത്തിന് ഊന്നൽ നൽകുന്ന, അതുപോലെത്തന്നെ തൊഴിലധിഷ്ഠിതമായ ഇൻ്റേൺഷിപ്പിൽ ഊന്നൽ നൽകുന്ന ഈ നാലുവർഷ ബിരുദ കോഴ്സ് വിദ്യാർഥിക്ക് സ്വയം പഠനത്തിനുള്ള അവസരം നൽകുന്നു. ഗവേഷണം എന്നു പറയുന്നതും ഇന്റേൺഷിപ്പ് എന്നു പറയുന്നതും ഒരു ഓപ്പൺ എൻഡഡ് ക്വസ്‌റ്റ്യനെ അഭിസംബോധന ചെയ്യുകയാണ്. വിദ്യാർഥി ഏതെങ്കിലും ഒരു വിഷയം തെരഞ്ഞെടുത്ത് ആ വിഷയത്തിൽ സ്വതന്ത്രചിന്തയും പുതിയ ജ്ഞാനവും ഉൽപാദിപ്പിക്കുന്നതാണ് ഗവേഷണ രീതിശാസ്ത്രം. ഗവേഷണ കൗതുകം വളർത്തുന്നതോടൊപ്പം തന്നെ വിദ്യാർഥിക്ക് സ്വന്തമായി ജ്ഞാനോൽപാദനം നടത്താനുള്ള അവസരവും ഈ നാലുവർഷ ബിരുദം, ബിരുദ ഓണേഴ്‌സ് നൽകുന്നു.

? വിദ്യാഭ്യാസരീതികളും സർവകലാശാലകളും മൾട്ടി ഡിസിപ്ലിനറിയായി മാറുന്നത് ശാ സ്ത്രപഠനത്തിൻ്റെ ഫോക്കസ് നഷ്‌ടപ്പെടുത്തുമെന്ന് കരുതുന്നുണ്ടോ?

മൾട്ടി ഡിസിപ്ലിനറി ആയിട്ടുള്ള, ശാസ്ത്ര മേഖലയിൽ വളരെയധികം സംഭാവനകൾ നൽകിയിട്ടുള്ള പല വ്യക്തികളെയും നമുക്ക് ഈ അവസരത്തിൽ സ്‌മരിക്കാവുന്നതാണ്. ജി.എൻ. രാമചന്ദ്രൻ മഹാരാജാസ് കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ മാസ്‌റ്റേഴ്‌സ് ബിരുദം എടുത്ത വ്യക്തിയാണ്. എക്സ്-റേ ക്രിസ്റ്റലോഗ്രാഫി ആണ് അദ്ദേഹത്തിന്റെ ഗവേഷണ മേഖല. പക്ഷേ അദ്ദേഹത്തിന്റെ സംഭാവന എന്നു പറയുന്നത് രാമചന്ദ്രൻ പ്ലോട്ട് എന്നുള്ളതും കോളാജൻ്റെ സ്ട്രക്‌ചർ കണ്ടു പിടിച്ചതുമാണ്. മൾട്ടി ഡിസിപ്ലിനറി ആയി പഠിക്കുന്ന വിദ്യാർഥികൾക്ക് ഇത്തരത്തിലുള്ള സാധ്യതകൾ തുറന്നുകിട്ടുന്നു എന്നുള്ളതാണ് ഈ പുതിയ വിദ്യാഭ്യാസരീതിയുടെ മെച്ചം.

? കേരളത്തിലെ സർവകലാശാലകളിൽ ശാസ്ത്രഗവേഷണം എന്നതിന്റെ അവസ്ഥ ഇപ്പോൾ എങ്ങനെയാണ് ? അത് മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം ചെയ്യാം?

ശാസ്ത്ര ഗവേഷണത്തിലും മറ്റു മേഖലകളിലും പോസ്‌റ്റ് ഡോക്‌ടറൽ ഗവേഷണമൊക്കെ കഴിഞ്ഞ് വിദേശത്തു നിന്ന് അനുഭവപ രിചയം നേടിയ വളരെയധികം പേരുണ്ട് എന്നതാണ് കേരളത്തിലെ സർവകലാശാലകളിലും കോളേജുകളിലും പുതിയ അധ്യാപ കരെ നിരീക്ഷിക്കുമ്പോൾ മനസ്സിലാവുന്നത്. ഇവർക്ക് അവരുടെ ആശയങ്ങളിൽ, അവരുടെ ഗവേഷണ വിഷയത്തിൽ ഏർപ്പെടാൻ മികച്ച രീതിയിലുള്ള ഭൗതിക സാഹചര്യങ്ങളും ഒരു ക്കിക്കൊണ്ടിരിക്കയാണ്. കിഫ്ബി പ്രോഗ്രാം വഴി കേരളത്തിലെ എല്ലാ സർവകലാശാലകളിലും ആധുനിക ഉപകരണങ്ങളുടെ ഒരു കേന്ദ്രം സ്ഥാപിക്കുന്നുണ്ട്. ഇത് പൂർണരീതി യിൽ സജ്ജമാകുമ്പോൾ കേരളത്തിലെ ശാ സ്ത്രഗവേഷണത്തിൽ വലിയ കുതിച്ചുചാട്ടം സാധ്യമാകും എന്നുറപ്പാണ്. എന്നിരുന്നാലും ഇത് മതിയോ എന്ന് ചോദിച്ചാൽ തീർച്ചയായും അതു പോര എന്നു തന്നെയാണ് ഉത്തരം. പലപ്പോഴും പറയാറുള്ളതുപോലെ, ഒരു രാ ജ്യത്തിന്റെ വളർച്ച കണക്കാക്കുന്നതിന് ഉപ യോഗിക്കുന്ന ഒരു സൂചകമാണ് ഹ്യൂമൺ ഡവലെപ്മെന്റ് ഇൻഡെക്‌സ്‌. ഒരു ലക്ഷം പേരിൽ എത്ര ഗവേഷകർ ഉണ്ട് എന്നുള്ളതാ ണ്. ഒരു ലക്ഷം ആളുകളിൽ അറുന്നൂറോളം പേരാണ് ഡൻമാർക്കിൽ ഗവേഷണത്തിൽ ഏർപ്പെടുന്നത്. കേരളത്തിൻ്റെയത്ര ജനസം ഖ്യയില്ലാത്ത മലേഷ്യയിൽപോലും ഒരു ലക്ഷം പേരിൽ 250 ഗവേഷകർ ഉണ്ട്. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച് ഇവിടെ ഒരു ലക്ഷം പേരിൽ മുപ്പതോളം പേരാണ് ഗവേഷകരായിട്ടുള്ളത്. വരും വർഷങ്ങളിൽ നമ്മൾക്ക് ഈ ഗവേഷകരുടെ എണ്ണം പലമടങ്ങായി വർധിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ വർധിപ്പിക്കുമ്പോൾ അതിനനുസരിച്ച് പോസ്‌റ്റ് ഡോക്‌ടറൽ ഫെലോഷിപ്പുകൾ, ഗവേഷക ഫെല്ലോഷിപ്പ്, പിഎച്ച്‌ഡി നേടിയതിനു ശേഷം ഒരു ഇടക്കാലത്ത്, അവർ തൊഴിൽ നേടുന്നതുവരെയോ അതുമല്ലെങ്കിൽ സ്വയം സംരംഭകരാകുകയോ ചെയ്യുന്നതുവരെയുള്ള പോസ്‌റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ എന്നിവയും വർധിപ്പിക്കേണ്ടതുണ്ട്.

? കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ എന്ന നിലയിൽ കഴിഞ്ഞ നാലു വർഷത്തെ അനുഭവം എങ്ങനെയായിരുന്നു?

വിദ്യാർഥികളുടെ എണ്ണംകൊണ്ടും പ്രോഗ്രാമുകളുടെ എണ്ണംകൊണ്ടും കേരളത്തിലെ
ഏറ്റവും വലിയ സർവകലാശാലയാണ് കാലിക്കറ്റ് സർവകലാശാല. 426 അഫിലിയേറ്റഡ്
കോളേജുകൾ, സർവകലാശാല ക്യാമ്പസിൽ 35 പഠനവകുപ്പുകൾ, രണ്ട് ഓഫ് ക്യാമ്പസ്
സെന്ററുകൾ- തൃശൂരിൽ ജോൺ മത്തായി സെന്ററും വയനാട് ചെതലയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്‌റ്റഡീസ് ആന്റ് റിസർച്ചും. കഴിഞ്ഞ നാലു വർഷം അക്കാദമിക മേഖലയിൽ സർവകലാശാലയെ പുരോഗതിയിലേക്ക് നയിക്കാനായി എന്നാണ് എന്റെ
ഉത്തമ വിശ്വാസം. ഒഴിഞ്ഞുകിടന്നിരുന്ന അധ്യാപക തസ്തികകളിൽ നിയമനം നടത്താനായി എന്നത് ഒരു പ്രധാന കാര്യമാണ്. കോളേജ് തലത്തിലും പുതിയ ഗൈഡുമാരെ അനുവദിക്കുന്നതും സെൽഫ് ഫിനാൻസ് കോളേജിലും റിസർച്ച് സെന്ററുകൾ അനുവദിക്കുന്നതും ഒരു മാറ്റമാണ്. പുതിയ നാല് വർഷ ബിരുദം വരുമ്പോൾ ഗവേഷണത്തിൽ ഊന്നൽ നൽകിയിട്ടുള്ള എല്ലാ കോളേജുകളിലും ഇത്തരത്തിലുള്ള ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നാണ് കാലിക്കറ്റ് സർവകലാശാലയുടെ
ആഗ്രഹം. ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിലാണെങ്കിലും കേരള സർക്കാരിൽ നിന്നും വളരെ അധികം പിന്തുണയാണ് സർവകലാശാലയ്ക്ക് ലഭിച്ചത്. കിഫ്ബി പ്രോഗ്രാമിൽക്കൂടി സെൻട്രൽ സോഫിസ്‌റ്റികേറ്റഡ് ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റി, ട്രാൻ‌സ്ലേഷൻ റിസർച്ച് സെൻ്റർ, വിദേശവിദ്യാർഥികൾക്കും ഇവിടുത്തെ വിദ്യാർഥികൾക്കും താമസിക്കാനുള്ള ഹോസ്‌റ്റൽ സൗകര്യം എന്നിവ എടുത്തുപറയാവുന്നതാണ്. അതോടൊപ്പം നാലുവർഷ ബിരുദവും അതിനുശേഷം ഒരു വർഷ ബിരുദാനന്തര ബിരുദവും കൂടി ചേ ർത്തുകൊണ്ട് അഞ്ചു വർഷം എന്ന രീതിയിലുള്ള പത്ത് പ്രോഗ്രാമുകളാണ് ഈ വർഷം കാലിക്കറ്റ് സർവകലാശാലയിൽ തുടങ്ങുന്നത്. ഇതിന് ക്ലാസ് റൂമുകളും ലബോറട്ടറി സൗക ര്യങ്ങളും വേണം. അതിനായുള്ള ഭൗതിക സാഹചര്യം ഇപ്പോൾ ഒരുക്കുന്നു. ശാസ്ത്ര മേഖലയിൽ റിസർച്ചിനുവേണ്ടി ഡിപ്പാർട്ട് മെന്റ് ഓഫ് സയൻസ് ആൻ്റ് ടെക്നോളജി നൽകുന്ന പർസ് (PURSE – Promotion of University Research and Scientific Excellence) പ്രോഗ്രാമിൽ ഹരിത ഹൈഡ്രജൻ ഉൽപാദിപ്പിക്കാനുള്ള ഒരു പ്രോജക്ടിന് നമ്മൾ പ്രൊപോസൽ സമർപ്പിച്ചു. 11.28 കോടിയുടെ ഒരു ഫണ്ട് അനുവദി ക്കപ്പെട്ടിട്ടുണ്ട്. 68 യൂണിവേഴ്‌സിറ്റികൾ പ്രൊപ്പോസൽ സമർപ്പിച്ചതിൽ, 11 യൂണിവേഴ്‌സിറ്റികളെ ഷോർട്ട് ലിസ്‌റ്റ് ചെയ്ത് അതിൽ നിന്ന് ആറ് യൂണിവേഴ്‌സിറ്റികൾക്കാണ് ഇത് ലഭിച്ചത്. വൈസ് ചാൻസലർ എന്ന നിലയിലുള്ള കഴിഞ്ഞ നാലു വർഷത്തെ പ്രവർത്തനത്തിന് വലിയ പിന്തുണയാണ് എല്ലാവരിൽ നിന്നും ലഭിച്ചത് എന്ന സന്തോഷമുണ്ട്. ഒരു കൂട്ടായ പ്രവർത്തനമാണ് ഇക്കാലയളവിൽ സർവക ലാശാലയെ മുന്നോട്ട് നയിച്ചത്. ഇത്തരം കൂട്ടായ പ്രവർത്തനത്തോടു കൂടിത്തന്നെ കാലിക്കറ്റ് സർവകലാശാല ഇനിയും മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുകയാണ്.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുള്ള മഴ
Next post പദങ്ങളെ പിന്തുടരുമ്പോൾ…
Close