എല്ലാവർഷവും മാർച്ച് 21 ഹിമാനികൾക്കായുള്ള ദിനമായി ആചരിക്കാറുണ്ട് .ഇപ്പോൾ 2025 വർഷം തന്നെ ഹിമാനികളുടെ സംരക്ഷണത്തിനായി UN0 നിർദ്ദേശിച്ചിരിക്കുന്നു.
കാലാവസ്ഥ വ്യവസ്ഥയിൽ ഹിമാനികൾ ,മഞ്ഞ് എന്നിവയുടെ നിർണായക പങ്കിനേയും അതിൻ്റെ സാമ്പത്തിക സാമൂഹിക പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചും അവബോധമുണ്ടാക്കാൻ ഇത്തരം വർഷാചരണങ്ങൾ സഹായകമാണ്. ആഗോള കാലാവസ്ഥയെ നിയന്ത്രിക്കുന്നതിനും കോടിക്കണക്കിന് ജനതയ്ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനും ഹിമാനികൾ നിർണായക പങ്കു വഹിക്കുന്നുണ്ട്.
എന്താണ് ഹിമാനികൾ ?
കരയിൽ ഒഴുകിനടക്കുന്ന കൂറ്റൻ മഞ്ഞ് പാടങ്ങളാണ് ഹിമാനി അഥവാ ഗ്ലേസിയർ എന്നറിയപ്പെടുന്നത് .ഉയർന്ന പർവ്വതാഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലുമെല്ലാം അവ കാണപ്പെടുന്നു.100 മുതൽ 3000 മീറ്റർ വരെയാണ് അവയുടെ കനം .1 സെ.മീ മുതൽ 1 മീ വരെയും ചലനശേഷിയുമുണ്ടാകും. ആസ്ട്രേലിയ ഒഴിച്ച് മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും ഹിമാനികൾ കാണപ്പെടുന്നുണ്ട്. ഭൂമിയിലെ ശുദ്ധജലത്തിൻ്റെ വലിയ സ്രോതസ്സുകളാണ് ഗ്ലേസിയറുകൾ .സമുദ്രങ്ങൾ കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും വലിയ ജലസംഭരണികളാണിവ. ഹിമാനിയിൽപ്പെട്ട ഭാഗങ്ങൾ അടർന്നാണ് ഹിമശിലകൾ (icebergs) ഉണ്ടാകുന്നത്.
ഹിമാനികളുടെ നാട്
അമേരിക്കയിലെ അലാസ്ക്കയെ ഹിമാനികളുടെ നാട് എന്നു വിളിക്കുന്നു. ധാരാളം ഗ്ലേസിയറുകളാൽ പ്രശസ്തമാണ് ഈ സ്റ്റേറ്റ്. അൻ്റാർട്ടിക്കായിലെ ലാംബർട്ട് എന്ന ഹിമാനിയെയാണ് ഏറ്റവും വലിപ്പമുള്ളതായി കണക്കാക്കുന്നത്. 400 KM നീളവും 100 KM വീതിയുമാണിതിനുള്ളത് .ഏറ്റവും ഉയരം കൂടിയ ഹിമാനി എവറസ്റ്റിൽ കാണപ്പെടുന്ന 7600 മീ. ഉയരമുള്ള ഖുംബു ഗ്ലേസിയറാണ്. ഏറ്റവും വേഗത കൂടിയത് ഗ്രീൻലൻഡിലെ ജക്കോബ് ഷാവൻ ഹിമാനിയാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭ്യമാകുന്ന ഗ്ലേസിയറുകളിലൊന്നാണ് ഹിമാലയത്തിലെ സൗത്ത് കോൾ. വേഗത്തിൽ ഉരുകിത്തീരുന്നതിനാൽ ഈ നൂറ്റാണ്ടിൻ്റെ മധ്യത്തോടെ ഈ ഹിമാനി അപ്രത്യക്ഷമാകുമെന്ന് കലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു . ഇന്ത്യയിലും നിരവധി ഹിമാനികൾ ഉണ്ട്. സിയാച്ചിൻ ഗ്ലേസിയർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിർത്തിയിലെ തർക്കഭൂമിയുമാണിത് . ഗംഗോത്രി എന്ന മഞ്ഞ് മലയിൽ നിന്നുമാണ് ഗംഗയുടെ ഉദ്ഭവം .യമുന നദി ,യമുനോത്രി എന്ന ഹിമാനിയിൽ നിന്നുമാണ് ഉദ്ഭവിക്കുന്നത്. വേനൽക്കാലത്ത് ഹിമാനികൾ വേഗത്തിൽ ഉരുകുന്നതിനാൽ ഗംഗയിലും ബ്രഹ്മപുത്രയിലുമെല്ലാം വെള്ളപ്പൊക്കമുണ്ടാകാറുണ്ട്.
മരവിപ്പിക്കുന്ന കൊടുംതണുപ്പ്
ജലം മരവിപ്പിക്കുന്ന വിധം താപനിലയുള്ള പ്രദേശങ്ങളിൽ വളരെവേഗത്തിൽ വെള്ളം തണുത്തുറഞ്ഞ് മഞ്ഞായി മാറി വലിയ അളവിൽ അടിഞ്ഞ് കൂടുമ്പോഴാണ് ഹിമാനികൾ രൂപവത്ക്കരിക്കപ്പെടുന്നത്. അവിടെ മഞ്ഞ് വീഴ്ച്ചയ്ക്ക് പുറമെ വർഷം മുഴുവനും മഞ്ഞ് പാളികൾ ഘനീഭവിക്കുന്നതിനാവശ്യമായ തണുപ്പും ഉണ്ടായിരിക്കണം.
ഹിമാനികൾ പൊട്ടി അതിനുള്ളിൽ സംഭരിക്കപ്പെട്ട ജലം അതിവേഗം പുറത്തേക്ക് ഒഴുകുന്നതാണ് ഹിമാനി തടാക സ്ഫോടന വെള്ളപ്പൊക്കം എന്നറിയപ്പെടുന്നത്. (Glacial Lake Out burst Flood – GLOF – ഗ്ലോഫ്)
ഹിമാനികൾ പ്രശ്നക്കാരാകുമ്പോൾ
ഹിമാനികൾ ഉരുകുന്നത് ആഗോള സമുദ്രനിരപ്പ് ഉയരാനിടവരുത്തുകയും അത് വഴി രൂക്ഷമായ പ്രളയവും വെള്ളപ്പൊക്കവും അനുഭവപ്പെടുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്യും. മഞ്ഞുരുകി കടൽ ജലനിരപ്പ് ഉയരുന്നതിനാൽ പല ദ്വീപുകളും മുങ്ങിപ്പോകാനുള്ള സാധ്യതയുണ്ട്. 2100 ആകുമ്പോഴേക്കും താപവർധന 2 ഡിഗ്രിക്ക് മുകളിലെത്തുമത്രെ. 1.5 എന്ന പരിധി 2030-കളിൽ തന്നെ മറികടക്കുമെന്ന് IPCC യുടെ പഠനങ്ങൾ വ്യക്തമാക്കുന്നു. തത്ഫലമായി കടലിലെ ജലനിരപ്പ് 88 സെ.മീ വരെ ഉയർന്നേക്കാമെന്നും പ്രവചിക്കപ്പെട്ടിട്ടുണ്ട്. പല കാരണങ്ങൾ കൊണ്ടും ഇന്ത്യൻ മഹാസമുദ്രത്തിലെ ജലനിരപ്പ് പ്രതിവർഷം ഏതാണ്ട് 3 മി.മീ കണ്ട് ഉയരുന്നുണ്ടത്രെ. ഗ്ലേസിയറുകളുടെ ഉരുകൽ ഫലമായി ഗ്ലേഷ്യൽ തടാകങ്ങൾ വ്യാപിക്കുകയും ലോകമെമ്പാടും വിനാശകരമായ വെള്ളപ്പൊക്കത്തിന് ഇടവരുത്തുകയും ചെയ്യുന്നു.
പടുകൂറ്റൻ മഞ്ഞ് മലകൾ ഉരുകുന്നതോടൊപ്പം അവ ഇടിഞ്ഞും അപകടങ്ങൾ സംഭവിക്കാറുണ്ട്. പെൻഗ്വിനുകൾ , ധ്രുവക്കരടികൾ തുടങ്ങി ഹിമാനികളിൽ കാണുന്ന മൃഗങ്ങളേയും ഗ്ലേസിയറുകളുടെ നാശം പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത്തരം ജീവികൾക്ക് അവിടം വാസയോഗ്യമാക്കാൻ സഹായകമായ അനുകൂലനങ്ങൾ ഉണ്ട്. എന്നാൽ ശരീരം മരവിപ്പിക്കുന്ന കൊടും തണുപ്പ് അസഹനീയമായതിനാൽ മനുഷ്യവാസയോഗ്യമല്ല, ഹിമാനികളൊന്നും.
അപ്രത്യക്ഷമാകുന്ന ഗ്ലേസിയറുകൾ
ഭൂമിയിലെ 3% ശുദ്ധജലത്തിൻ്റെ ഏകദേശം 68% ഉം ഗ്ലേസിയറുകളിലാണ് സംഭരിച്ച് വെച്ചിരിക്കുന്നത്. ഉഷ്ണ തരംഗം രൂക്ഷമായി തുടരുകയാണെങ്കിൽ കുറഞ്ഞ കാലം കൊണ്ട് തന്നെ ലോകത്തിലെ ഹിമാനികളുടെ മുന്നിൽ രണ്ട് ഭാഗവും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് കണക്കാക്കിയിരിക്കുന്നു. താജിക്കിസ്ഥാനിൽ മാത്രം ഏതാനും പതിറ്റാണ്ടുകളായി ആയിരത്തിലധികം ഹിമാനികൾ പൂർണമായും ഉരുകിയിരിക്കുന്നു.
ആഗോള താപനം കാരണം ഹി മാനികൾ നാശത്തിൻ്റെ വക്കിലാണ്. 2100- ഓടെ ഇവയിൽ 80% ഉം അപ്രത്യക്ഷമാകുമെന്ന് പ്രവചിക്കപ്പെടുന്നു. ലോകത്തിലെ പ്രശസ്തമായ ടൂറിസം കേന്ദ്രമായ കാശ്മീർ ഒരു കാലത്ത് ഹിമാനികളാൽ സമൃദ്ധമായിരുന്നു. പക്ഷെ ഇപ്പോഴവയെല്ലാം കാണാകാഴ്ചകളായി മാറിയിരിക്കുന്നു. ഫോസിൽ ഇന്ധനങ്ങളുടെ അമിതോപയോഗം തുടരുകയാണെങ്കിൽ ലോകത്തെ മുഴുവൻ മഞ്ഞ് മലകളും കാണാമറയത്താകുമെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
മഞ്ഞ്മല കൊണ്ട് അണക്കെട്ടും
കല്ലും സിമൻ്റും കൊണ്ടു മൊന്നുമല്ലാതെ മഞ്ഞ് കൊണ്ട് പ്രകൃതി നിർമിച്ച മനോഹര ദൃശ്യമാണ് അർജൻ്റീനയിൽ കാണപ്പെടുന്ന, ഇടയ്ക്ക് തകരുകയും പിന്നീട് വളരുകയും വീണ്ടും തകരുകയുമെല്ലാം ചെയ്യുന്ന വൈറ്റ് ജയൻ്റ് എന്ന പേരിലറിയപ്പെടുന്ന പെരിറ്റോ മൊറേനോ എന്ന വൻ ഹിമാനി .ഹിമാനികളെല്ലാം ഉരുകിത്തിരുമ്പോൾ ഇപ്പോഴും വളരുന്ന ഹിമാനി എന്ന വിശേഷണവും ഇതിനുണ്ട്.
https://www.un-glaciers.org/en/homepage