സി.കെ.വിഷ്ണുദാസ്
ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി
സാധാരണ ആളുകൾക്കും പക്ഷി നിരീക്ഷകർക്കും അധികം താല്പര്യമില്ലാതിരുന്ന ഒരു പക്ഷിവർഗ്ഗമായിരുന്നു കഴുകന്മാർ. അതിനാരെയും കുറ്റം പറയാൻ പറ്റില്ല. കാരണം, കാണാൻ വലിയ അഴകൊന്നുമില്ലാത്ത, മൃതശരീരങ്ങൾ മാത്രം ഭക്ഷിക്കുന്ന ഈ പക്ഷികളെ ആദ്യകാലങ്ങളിൽ അധികമാരും ശ്രദ്ധിച്ചിരുന്നില്ല.
ഭംഗി ഇല്ലെങ്കിലും കാട്ടിലും നാട്ടിലും നഗരപ്രദേശങ്ങളിലും മൃഗങ്ങളുടെ ജഡം ഭക്ഷിച്ച് പ്രകൃതിയിലെ ശുചീകരണ പ്രവർത്തനം നിർവഹിക്കുന്ന കഴുകന്മാർ പ്രകൃതിയിലെ ശുചിത്വം നിലനിർത്തുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന ജീവിവർഗ്ഗമാണ്. മൃതശരീരങ്ങൾ മാത്രമാണ് ഇവയുടെ ഭക്ഷണം. കഴുകന്മാർ പൊതുവേ മറ്റു മൃഗങ്ങളെ കൊന്നുതിന്നാറില്ല. സാമാന്യം വലുപ്പമുള്ള ഒരു പുള്ളിമാനിന്റെ ജഡം മുഴുവൻ തിന്നുതീർക്കാൻ 10 -15 കഴുകന്മാർക്ക് വെറും അര മണിക്കൂർ സമയം മാത്രമേ വേണ്ടൂ.
കഴുകന്മാരുടെ ഈ ഭക്ഷണ രീതിയാണ് ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ വലിയ ഒരു അളവുവരെ പരിസരശുചിത്വം നിലനിർത്താൻ സഹായിച്ചത്. കന്നുകാലികളെ ഭക്ഷിക്കാത്ത ഉത്തരേന്ത്യയിൽ സാധാരണയായി ഇവ മരിക്കുമ്പോൾ പ്രത്യേക ഇടങ്ങളിൽ കൊണ്ട് പോയി ഇടുകയാണ് പതിവ്. കഴുകന്മാർ ഇത്തരം സ്ഥലങ്ങളിൽ നിക്ഷേപിക്കുന്ന ശവശരീരങ്ങൾ ഭക്ഷിക്കുകയും മറ്റുരോഗങ്ങളും പകർച്ചവ്യാധികളും മനുഷ്യരിലേക്കും മറ്റു ജീവികളിലേക്കും പടർന്നു പിടിക്കാതെ കാത്തുസംരക്ഷിക്കുകയും ചെയ്തിരുന്നു. 1980 കളിൽ ഇന്ത്യയിൽ 8 കോടി ചുട്ടിക്കഴുകന്മാർ ഉള്ളതായിട്ടാണ് കണക്ക്. 1995- ൽ ഡൽഹിയിലെ ഒരു സ്ഥലത്ത് മാത്രം 15000- ൽ അധികം കഴുകന്മാർ ഉണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതു മാത്രമല്ല, ലോകത്തിൽ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ള പക്ഷികളിൽ ഒന്നായിരുന്നു ചുട്ടിക്കഴുകന്മാർ. എന്നാൽ ഇന്ന് അത് വളരെ കുറഞ്ഞ് 10000 ത്തിനടുത്ത് മാത്രമായി. 99.9 % കഴുകന്മാരും ഏകദേശം 10 വർഷത്തിനുള്ളിൽ ഭൂമിയിൽനിന്നും നാമാവശേഷമായി. 90- കളുടെ അവസാനത്തിൽ കഴുകന്മാരെ സംബന്ധിച്ച വാർത്തകൾ പത്രമാധ്യമങ്ങളിൽ വരാൻ ആരംഭിച്ചു. ലോകത്തിൽ ഇന്നേവരെ സംഭവിച്ച അതിവേഗതയിലുള്ള വംശനാശപ്രക്രിയയിൽ ഏറ്റവും ഗുരുതരമായ വംശനാശമാണ് കഴുകന്മാർക്ക് സംഭവിച്ചത്.
കഴുകന്മാർക്ക് എന്താണ് സംഭവിച്ചത് ?
1990- കളിൽ ഭരത്പൂരിൽ കഴുകന്മാരെ നിരീക്ഷിച്ചുകൊണ്ടിരുന്ന ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയിലെ ഡോ. വിഭു പ്രകാശാണ് കഴുകന്മാരുടെ എണ്ണത്തിലുണ്ടായ കുറവ് ആദ്യമായി കണ്ടെത്തിയത്. എണ്ണം കുറയുന്നത് തുടർച്ചയായി കണ്ടുവന്നപ്പോൾ അന്തർദേശീയതലത്തിൽ ഇത് സംബന്ധിച്ച ഗവേക്ഷണപ്രവർത്തനങ്ങൾ നടന്നു. എന്നാൽ ആദ്യഘട്ടങ്ങളിൽ പ്രധാനപ്പെട്ട കാരണങ്ങൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. 2003-ൽ മാത്രമാണ് കഴുകന്മാരുടെ മരണത്തിന് കാരണം കണ്ടെത്തിയത്. പാകിസ്ഥാനിൽ നടന്ന ഗവേഷണപ്രവർത്തനത്തിലായിരുന്നു അത്. കന്നുകാലികളിൽ കുത്തിവെയ്ക്കുന്ന (മനുഷ്യനും ഉപയോഗിക്കുന്ന) ഡൈക്ലോഫെനാക് എന്ന മരുന്നാണ് കഴുകന്മാരുടെ കൂട്ടായ മരണകാരണമായി കണ്ടെത്തിയത്. കന്നുകാലികളിൽ കാണുന്ന പനി, വേദന എന്നിവയ്ക്ക് വേദനാസംഹാരിയായി 1990-കളിൽ ആണ് ഈ മരുന്ന് ഉപയോഗിച്ചുതുടങ്ങിയത്. മരുന്ന് കുത്തിവെച്ച കന്നുകാലികൾ ചത്തുകഴിയുമ്പോൾ അവയെ ഭക്ഷണമാക്കിയിരുന്ന കഴുകന്മാർ വൻതോതിൽ മരിച്ചുപോവുകയുണ്ടായി. ഡൈക്ലോഫെനാക്കിന്റെ അംശം മൃതശരീരങ്ങളിൽ നിന്നും കഴുകന്മാരുടെ ശരീരത്തിൽ എത്തുകയും അവയുടെ വൃക്കകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും അതുവഴി മരണം സംഭവിക്കുകയുമാണ് ചെയ്തത്. ഇതേ തുടർന്ന് 2006-ൽ ഭാരത് സർക്കാർ കന്നുകാലികൾക്കായി ഉപയോഗിക്കുന്ന ഡൈക്ലോഫെനാക്കിന്റെ ഉത്പാദനം നിരോധിച്ചു. എങ്കിലും അനധികൃതമായി ഈ മരുന്ന് ഇന്ന് ഇന്ത്യയിൽ പല ഭാഗങ്ങളിലും ലഭ്യമാണെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചു. എന്നാൽ 2015 ജൂലൈ മാസത്തിൽ മനുഷ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 30ml ഡൈക്ലോഫെനക്ക് മരുന്നിന്റെ ഉത്പാദനവും ഗവൺമെന്റ്റ് നിരോധിച്ചു. കഴുകന്മാരുടെ ആവാസകേന്ദ്രത്തിന്റെ പരിസരങ്ങളിൽ ഡിക്ലോഫെനാക് പോലുള്ള മരുന്നുകളുടെ ലഭ്യത ഇല്ലാതാക്കുന്നതിനായി ഇന്ത്യയിലെ നിരവധി കോൺസെർവേഷൻ ഓർഗനൈസേഷനുകൾ വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇത്തരം പ്രദേശങ്ങളെ കഴുകന്മാരുടെ സുരക്ഷിത കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവർത്തനങ്ങളും നടന്നുവരുന്നു.
കഴിഞ്ഞ 10 വർഷത്തോളമായി ഹരിയാനയിലെ പിഞ്ചോറിലും, പശ്ചിമ ബംഗാളിലെ ബക്സ കടുവ സംരക്ഷണകേന്ദ്രത്തിലും കൂടാതെ ആസ്സാമിലും മധ്യപ്രദേശിലും ഉള്ള പ്രത്യേക ബ്രീഡിങ് കേന്ദ്രങ്ങളിൽ വളർത്തിയെടുത്ത കഴുകന്മാരെ 2020 ഒക്ടോബറിലും പിന്നീട്, ജനുവരിയിലും ഫെബ്രുവരിയിലും കാട്ടിലേക്ക് തുറന്നുവിട്ടു. ഏകദേശം എഴുനൂറോളം കഴുകന്മാരെ ഇങ്ങനെ ആർട്ടിഫിഷ്യൽ ബ്രീഡിങ് സെന്ററുകളിൽ വളർത്തിയെടുത്തിട്ടുണ്ട്. ഇന്ത്യയിലെ വന്യജീവി പരിപാലന രംഗത്ത് ഇത് ഏറ്റവും ശ്രദ്ധേയമായ നേട്ടമാണ്. എന്നാലും ഡിക്ലോഫെനാക് പോലുള്ള ഹാനികരമായ വസ്തുക്കൾ ലഭ്യമല്ലാത്ത സാഹചര്യങ്ങൾ ഒരുക്കുക എന്നത് കഴുകൻമാരുടെ സംരക്ഷണത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നു.
ഇന്ത്യയിലെവിടെയും കഴുകന്മാർക്ക് ദാരുണമായ വംശനാശം സംഭവിച്ചപ്പോൾ വളരെ കുറച്ച് കഴുകന്മാർ കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശമായ ബന്ദിപ്പൂർ, മുതുമല, വയനാട് വന്യജീവി സങ്കേതം എന്നീ പ്രദേശങ്ങളിൽ അവശേഷിച്ചു. കാട്ടിനകത്ത് മരിച്ചുപോകുന്ന മൃഗങ്ങളുടെയും, മാംസഭുക്കുകളായ കടുവ, പുള്ളിപ്പുലി, ചെന്നായ്ക്കൾ തുടങ്ങിയവ, അവയുടെ ഭക്ഷ്യാവശ്യത്തിനായി കൊല്ലുന്ന മൃഗങ്ങളുടെയും വനാതിർത്തിയിലെ ചത്ത് പോകുന്ന കന്നുകാലികളുടെയും അവശിഷ്ടങ്ങൾ ഭക്ഷിച്ചാണ് ഈ ചെറിയ കൂട്ടം കഴുകന്മാർ ഈ വനാന്തരങ്ങളിൽ അവശേഷിച്ചത്. കേരളത്തിൽ ഒരു കാലത്ത് നാട്ടിൻപുറങ്ങളിൽ പോലും കാണാമായിരുന്ന കഴുകന്മാരുടെ എണ്ണം കുറഞ്ഞുതുടങ്ങിയത് അവയുടെ ഭക്ഷണ ലഭ്യതയിൽ ഉണ്ടായ കുറവുമൂലമാണ്. പൊതുവായ ശുചിത്വബോധവും കന്നുകാലികളെ മനുഷ്യൻ തന്നെ ഭക്ഷണമാക്കുന്ന ശീലവും 1970-കളോടെ തന്നെ കേരളത്തിൽ കഴുകന്മാരുടെ എണ്ണം കുറയാൻ കാരണമായി. കന്നുകാലികളെ ഭക്ഷണമാക്കാൻ വരുമായിരുന്ന പുലി, കടുവ, ചെന്നായ്ക്കൾ എന്നിവയെ കൊല്ലുന്നതിനായി വനാതിർത്തികളിൽ താമസിച്ചിരുന്ന ജനവിഭാഗങ്ങൾ ചത്ത മൃഗങ്ങളിൽ മാരകവിഷം തളിച്ചത് വഴിയാണ് തെക്കൻ കേരളത്തിലെ കഴുകന്മാരിൽ ബഹുഭൂരിഭാഗത്തിനും വംശനാശമുണ്ടായത് എന്ന് 2009-ലെ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.
ഇത് സൂചിപ്പിക്കുന്നത് ഇവയുടെ എണ്ണത്തിൽ ചെറിയ തോതിൽ കുറവുണ്ടാകുന്നു എന്നുള്ളതാണ്. ഈ പ്രദേശങ്ങളിൽ നടത്തുന്ന സംരക്ഷണ പ്രവർത്തനങ്ങളാണ് നമ്മുടെ കഴുകന്മാർ ഇനിയും നിലനിൽക്കണോ അതോ എന്നന്നേയ്ക്കുമായി വംശനാശം സംഭവിക്കണമോ എന്ന് തീരുമാനിക്കുന്നത്. 2013 മുതൽ കഴുകന്മാരുടെ സംരക്ഷണത്തിനായി വനം വകുപ്പിന്റെയും വന്യജീവി ഗവേഷണ സംഘടനയായ ഹ്യൂം സെന്റർ ഫോർ ഇക്കോളജി & വൈൽഡ് ലൈഫ് ബയോളജി എന്നിവയുടെയും നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. കഴുകന്മാരുടെ കൂടുകളുടെ മേൽനോട്ടം, മൃഗഡോക്ടർമാർ, കന്നുകാലി വളർത്തുന്നവർ, മെഡിക്കൽഷോപ്പ് നടത്തുന്നവർ എന്നിവരുമായി ചേർന്ന് ഡൈക്ലോഫെനാക്കിന്റെ ഉപയോഗം ഇല്ലാതാക്കാനുള്ള ബോധവൽക്കരണം എന്നീ പ്രവർത്തനങ്ങളാണ് പ്രധാനമായും നടക്കുന്നത്. എല്ലാ വർഷവും സെപ്റ്റംബർ ആദ്യ ശനിയാഴ്ച അന്തർദേശീയ തലത്തിൽ കഴുകന്മാരുടെ സംരക്ഷണ ദിനമായി ആചരിച്ചുവരുന്നുണ്ട്. കഴുകന്മാർക്ക് വംശനാശം സംഭവിച്ചപ്പോൾ ഉത്തരേന്ത്യയിൽ പല സ്ഥലങ്ങളിലും എലികൾ, തെരുവുനായകൾ എന്നിവയുടെ എണ്ണം വ്യാപകമായി കൂടിയിട്ടുണ്ട്. ഇതേ തുടർന്ന് പ്ലേഗ്, പേവിഷബാധ എന്നിവ വൻതോതിൽ കൂടുകയും മൃഗാവശിഷ്ടങ്ങൾ സംസ്ക്കരിക്കപ്പെടാതെ കുടിവെള്ളം മലിനമാകുന്ന സാഹചര്യം വരെ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇതിന് പ്രധാന കാരണം കഴുകന്മാരുടെ അഭാവത്തിൽ മൃതശരീരങ്ങൾ ഭക്ഷിക്കുന്ന എലികളുടെയും നായ്ക്കളുടെയും ശരീരത്തിന് മൃതശരീരത്തിൽ നിന്നും പ്രവേശിക്കുന്ന രോഗാണുക്കളെ മുഴുവനായി ഇല്ലാതാക്കാൻ കഴിയാത്തതാണ്. കഴുകന്മാർ മൃതശരീരം ഭക്ഷിക്കുമ്പോൾ അവയുടെ ദഹനപ്രക്രിയയിൽ മൃതശരീരത്തിലുണ്ടാകുന്ന എല്ലാവിധ രോഗാണുക്കളും പൂർണമായും നശിച്ചുപോകും. എന്നാൽ എലിയും നായ്ക്കളും ഇത്തരം രോഗാണുക്കളുടെ വാഹകരായി മാറി മനുഷ്യരിലേക്കും മറ്റ് ജീവികളിലേയ്ക്കും മാരക രോഗങ്ങൾ സംക്രമിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇന്ത്യയിൽ ഒരു വർഷം മുപ്പതിനായിരത്തോളം ആളുകൾ പേവിഷബാധയേറ്റ് മരണപ്പെടുന്നുണ്ട്. ഇതിന്റെ ചികിത്സയ്ക്ക് മാത്രമായി 2.5 കോടി ഡോളറാണ് ഒരു വർഷം ചെലവിടുന്നത്. കഴുകന്മാരുടെ വംശനാശം മൂലം ഇന്ത്യയ്ക്ക് ഉണ്ടാകുന്ന അധികച്ചെലവ് 3500 കോടി ഡോളറാണെന്ന് അടുത്ത കാലത്ത് കണക്കാക്കിയിട്ടുണ്ട്. കഴുകന്മാരുടെ വംശം നിലനിർത്തുന്നതിൽകൂടി മാത്രമേ പ്രകൃതിയിൽ ശുചിത്വം നിലനിർത്താനും മാരകമായ പല രോഗങ്ങളുടെയും വ്യാപനം തടയുവാനും സാധിക്കുകയുള്ളു.
സന്ദർശിക്കാം : https://www.vultureday.org/
അനുബന്ധ ലൂക്ക ലേഖനം