Read Time:15 Minute

കേരളത്തിലെ കണ്ടൽ വനങ്ങൾ: നിലവിലെ സ്ഥിതി, ഭീഷണികൾ, സംരക്ഷണ ഉപാധികൾ

കടൽ കവർന്നെടുക്കുന്ന തീരവും, തകർന്നടിയുന്ന വീടുകളും തീരദേശനിവാസികളുടെ ഭയപ്പാടും, മത്സ്യസമ്പത്തിൽവന്ന ഗണ്യമായ കുറവും കാലവർഷങ്ങളിൽ കേരളത്തിലെ വാർത്തകളിൽ സ്ഥിരം ഇടംപിടിക്കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ കൂട്ടിവായിക്കേണ്ടുന്ന വസ്തുതയാണ് കണ്ടൽ വനങ്ങളുടെ നശീകരണവും. കണ്ടൽ വനനശീകരണം ഈ പ്രശ്നങ്ങളുടെ ഒരു മൂലകാരണങ്ങളിലൊന്നാണെന്നു തന്നെ പറയാം. കേരളത്തിലെ 590 കിലോമീറ്ററോളം വരുന്ന തീരമേഖലയിലെ കണ്ടൽ വനങ്ങളുടെ നശീകരണം ദ്രുതഗതിയിലാണ് മുന്നോട്ട് പോകുന്നത്. എന്തുകൊണ്ടാണ് കണ്ടൽ വനങ്ങൾ ഇത്രയധികം ശ്രദ്ധിക്കപ്പെടേണ്ടത്? നമ്മുടെ പാരിസ്ഥിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പ്രധാനിയാണ് കണ്ടൽ വനങ്ങൾ. കടലിന്റെ വേലിയേറ്റത്തിനും വേലിയിറക്കത്തിനും സാക്ഷിയായി, ലവണാംശമുള്ള മണ്ണിനോട് പൊരുതി വളരുന്ന കണ്ടലിനങ്ങൾ തീരദേശ സംരക്ഷണത്തിനുള്ള പ്രകൃതിയാലുള്ള കവചമാണ്. കേരളത്തിൽ മാത്രം 7 കുടുംബങ്ങളിലായി 9 ജനുസുകളിൽപെട്ട 20 യഥാർത്ഥ കണ്ടലിനങ്ങളും 54 സഹവർത്തി സസ്യങ്ങളും കാണപെടുന്നതായി പഠനങ്ങൾ വ്യക്തമാകുന്നു. 

കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, എറണാകുളം തുടങ്ങിയ ജില്ലകളിലാണ് കണ്ടലുകൾ കൂടുതലായി കാണപ്പെടുന്നത്. പടിഞ്ഞാറൻ തീരത്തുള്ള സവിശേഷമായ കണ്ടൽ ഇനങ്ങളിൽ , പ്രാന്തൻ കണ്ടൽ, ഉപ്പൂറ്റി, ചെറിയ ഉപ്പൂറ്റി, കമ്പട്ടി (വലിയ മരങ്ങൾ), പൂക്കണ്ടൽ, എഴുത്താണിക്കണ്ടൽ, ഒതളം (ഇടത്തരം ഉയരമുള്ള മരങ്ങൾ), ചുള്ളികണ്ടൽ (കുറ്റിച്ചെടി) എന്നിവ ഉൾപ്പെടുന്നു. ഇതിൽ തന്നെ, ഉപ്പൂറ്റി, പ്രാന്തൻ കണ്ടൽ എന്നിവയാണ് പ്രധാന ഇനങ്ങൾ, അതേസമയം മഞ്ഞക്കണ്ടൽ, ഉപ്പട്ടി, നക്ഷത്ര കണ്ടൽ എന്നിവ അപൂർവമാണ്. കേരളത്തിലെ പത്ത് തീരദേശ ജില്ലകളിൽ നിന്നും പരമാവധി ഇനങ്ങൾ കൊല്ലം ജില്ലയിൽ നിന്നാണ് (15 ഇനം) തിരിച്ചറിഞ്ഞത്. തുടർന്ന് ആലപ്പുഴ (14 ഇനം) എറണാകുളം (13 ഇനം) ജില്ലകൾ. ഏറ്റവും കുറവ് ഇനം തിരുവനന്തപുരം ജില്ലയിലാണ് (3 ഇനം). തെക്കൻകേരളത്തിലെ തീരമേഖലയിൽ കണ്ടൽ വനങ്ങൾ വളരെ കുറവാണ് എന്നത് പഠനങ്ങളിൽ നിന്ന് മനസിലാക്കാം. കൂടുതൽ പഠനങ്ങളിലൂടെയും സാമൂഹിക പങ്കാളിത്തത്തോടെയും കണ്ടൽവനം ഇവിടെ തിരിച്ചു പിടിക്കേണ്ടതുണ്ട്.

നിരവധി പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്ന കണ്ടലുകൾ വിവിധതരം കടൽ മത്സ്യങ്ങൾക്കും, സസ്തനികൾക്കുമുള്ള പ്രകൃതിയുടെ നഴ്‌സറിയായി പ്രവർത്തിക്കുന്നു, ദീർഘദൂര ദേശാടന പക്ഷികൾ, വിവിധ പ്രാണികൾ എന്നിവയുൾപ്പെടെ നിരവധി പക്ഷി വർഗ്ഗങ്ങൾക്ക് കണ്ടലുകൾ നിർണായക ആവാസ വ്യവസ്ഥയാണ്. വാണിജ്യപരമായി പിടിക്കപ്പെടുന്ന മത്സ്യങ്ങളും ചെമ്മീനും ഉൾപ്പെടെ നിരവധി ജീവിവർഗ്ഗങ്ങൾക്ക് സുരക്ഷിതമായ പ്രജനനം, മുട്ടയിടൽ, തീറ്റ സ്ഥലങ്ങൾ എന്നിവ നൽകുന്നു. അതായത് മത്സ്യങ്ങളുടെയും ചെമ്മീനുകളുടെയും, ഞണ്ടുകളുടെയും എഴുപത്തഞ്ച് ശതമാനവും, ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ നേരിട്ട് കണ്ടൽക്കാടുകളെ ആശ്രയിക്കുന്നുണ്ട് .

മൺറോയിലെ കണ്ടൽകാഴ്ച്ച ഫോട്ടോ -അനൂപ് ശ്രീധരൻ

കണ്ടലിനങ്ങളുടെ സങ്കീർണ്ണമായ വേരുകൾ അവിശ്വസനീയമായ രീതിയിയിൽ മണ്ണൊലിപ്പ് തടയുകയും, കലിതുള്ളിയെത്തുന്ന തിരമാലകളുടെയും, ശക്തിയേറിയ കാറ്റിന്റെയും ആഘാതം കുറയ്ക്കുകയും ചെയ്യുമെന്നും ഗവേഷകർ ചൂണ്ടികാണിക്കുന്നുണ്ട്. കൂടാതെ ആഗോളതാപനത്തിന്റെ ഫലമായുണ്ടാകുന്ന സമുദ്രനിരപ്പ് ഉയരുന്നതിന്റെ ആഘാതങ്ങൾ ലഘൂകരിക്കാനും, ഭൂഗർഭജല റീചാർജ്, പോഷക പുനരുപയോഗം തുടങ്ങിയവ നടത്തുവാനും സഹായിക്കുന്ന കണ്ടലിന്റെ മേന്മകൾ ഏറെയാണ്. 

ഇത്രത്തോളം മൂല്യം ഉണ്ടായിരുന്നിട്ടും, കേരളത്തിലെ കണ്ടൽക്കാടുകൾ വളരെവേഗം നശിപ്പിക്കപ്പെടുന്നു. പരമ്പരാഗതമായി, കൃഷി, മത്സ്യബന്ധനം തുടങ്ങിയ ഉപജീവന മാർഗങ്ങൾക്കായി സമീപനിവാസികൾ കണ്ടലിനെ ആശ്രയിച്ചിരുന്നു, എന്നിരുന്നാലും, കാലക്രമേണ വിവിധതരം വാണിജ്യ സംരംഭങ്ങളിലേക്ക് കണ്ടലിടങ്ങൾ മാറിയത് അവയുടെ വ്യാപനം കുറയുന്നതിന് കാരണമായി. ചെമ്മീൻ കൃഷിയിൽ നിന്നും നെൽകൃഷിയിൽ നിന്നുമുള്ള ഉയർന്ന വരുമാനത്തിന്റെ ആകർഷണം കണ്ടൽക്കാടുകളെ കൃത്രിമ ജലാശയങ്ങളാക്കി വേഗത്തിൽ മാറ്റിയെടുത്തു. ഇതുകൂടാതെ കണ്ടൽക്കാടുകൾ വെട്ടിമാറ്റുന്നതും, വീടുകൾക്കായി നിലം നികത്തുന്നതും കണ്ടൽക്കാടുകൾ കുറയാനുള്ള കാരണങ്ങളാണ്.

കണ്ടൽവേരുകൾ ഫോട്ടോ -അനൂപ് ശ്രീധരൻ

കേരളത്തിലെ കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥയിലുളള മൈക്രോപ്ലാസ്റ്റിക് മലിനീകരണം സംബന്ധിച്ച ഗവേഷണങ്ങളും പുരോഗമിക്കുന്നുണ്ട്. ടൂറിസവും മാലിന്യ സംസ്കരണത്തിന്റെ അപര്യാപ്തതയും കാരണം വേലിയേറ്റത്തിലൂടെ കണ്ടലുകളിൽ എത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടൽ സസ്യജന്തുജാലങ്ങൾക്ക് എത്രത്തോളം ഭീഷണി ഉയർത്തുന്നുവെന്നതും കണ്ടെത്തേണ്ടതായുണ്ട് .

കണ്ടൽ വനത്തിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്കുകൾ (തിരുവനന്തപുരം എടയാറിൽ നിന്നും) ഫോട്ടോ -അനൂപ് ശ്രീധരൻ

ഇന്ത്യാ ഗവൺമെന്റ് കണ്ടൽ ആവാസവ്യവസ്ഥയെ CRZ-1 വിഭാഗത്തിലും കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലും (2008) ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ടൽക്കാടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് അംഗീകാരം നൽകുന്ന നോഡൽ ഏജൻസിയാണ് കേരള സംസ്ഥാന തീരദേശ മേഖല മാനേജ്മെന്റ് അതോറിറ്റി. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് ആയ കടലുണ്ടി കമ്മ്യൂണിറ്റി റിസർവ്, മംഗളവനം പക്ഷിസങ്കേതം, കുമരകം പക്ഷിസങ്കേതം എന്നിവിടങ്ങളിലാണ് കണ്ടൽക്കാടുകൾ സംരക്ഷിക്കപ്പെടുന്നത്.

കണ്ടൽക്കാഴ്ച ചേറ്റുവ, തൃശൂർ ഫോട്ടോ -അനൂപ് ശ്രീധരൻ

കേരളത്തിലെ കണ്ടൽ സംരക്ഷണ ശ്രമങ്ങളിലെ പ്രധാന തടസ്സം സ്വകാര്യ ഉടമസ്ഥതയുടെ ആധിപത്യമാണ്. കണ്ടൽക്കാടുകളിൽ 80 ശതമാനത്തിലധികം സ്വകാര്യ നിയന്ത്രണത്തിലാണ്. വന്യജീവി ഭീഷണികൾ, കൊതുകുകളുടെ പ്രജനനം, കുറഞ്ഞ കാർഷിക ഉൽ‌പാദനക്ഷമത, ജലമലിനീകരണം, എന്നിവ കണ്ടൽ ആവാസവ്യവസ്ഥയിൽ നിന്നുള്ള പ്രധാന ഭീഷണികളായി നാട്ടുകാർ അഭിപ്രായപ്പെടുന്നുണ്ട് . കണ്ടൽ പുനരുദ്ധാരണ പ്രവർത്തനത്തിനു സമൂഹ പങ്കാളിത്തം, തദ്ദേശീയമായിട്ടുള്ള കണ്ടൽ വിത്തു നടീൽ, സംരക്ഷണ നടപടികൾ, കൃത്യമായിട്ടുള്ള നിരീക്ഷണം, ഗവേഷണങ്ങൾ എന്നിവ അത്യാവശ്യമാണ്, തീരദേശ സംരക്ഷണത്തിന്റെയും, കണ്ടൽ സംരക്ഷണത്തിന്റെയും മൂല്യത്തെ കുറിച്ചുള്ള ബോധവത്കരണം പ്രാദേശിക മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും നൽകുന്നതും അത്യാവശ്യമാണ്. ഇതിലൂടെ മത്സ്യം, ഞണ്ടുകൾ, ദേശാടന പക്ഷികൾ എന്നിവയെ ആകർഷിക്കാനും നഷ്ടമായിക്കൊണ്ടിരിക്കുന്ന കണ്ടൽവൈവിധ്യം തിരിച്ചെത്തിക്കുന്നതിനും സാധ്യമാകും. പുനഃസ്ഥാപിക്കപ്പെട്ട കണ്ടൽക്കാടുകൾക്ക് മത്സ്യബന്ധനവും, ഇക്കോടൂറിസം അവസരങ്ങളും മെച്ചപ്പെടുത്താനും പ്രാദേശിക വരുമാനം വർദ്ധിപ്പിക്കാനും കഴിയും. 

അപകടകരമായ തോതിൽ ക്ഷയിച്ചുവരുന്ന കേരളത്തിലെ കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥയെ സുസ്ഥിരമായി കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പ്രായോഗിക ബദലാണ് പരിസ്ഥിതി ടൂറിസത്തിലൂടെയുള്ള കമ്മ്യൂണിറ്റി അധിഷ്ഠിത കണ്ടൽക്കാടുകളുടെ പരിപാലനം. നഷ്ടപ്പെട്ട കണ്ടൽക്കാടുകളുടെ പുനരുദ്ധാരണത്തിനുള്ള മികച്ച ആസൂത്രണം, പ്രാദേശിക സമൂഹങ്ങളിൽ അവബോധം സൃഷ്ടിക്കൽ എന്നിവ കാലഘട്ടത്തിന്റെ ആവശ്യമാണ്.

സാധാരണയായി ഒരേ ഇനത്തിൽപ്പെടുന്ന സസ്യങ്ങൾ മാത്രമായി കണ്ടൽക്കാടുകളിൽ കാണാറില്ല. അതിനാൽ, വ്യത്യസ്ത ഇനങ്ങളുടെ തരംതിരിച്ച നടീൽ ഒരു മികച്ച മാർഗമായിരിക്കാം. ഇത് കൂടുതൽ ഗവേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്. വലിയ തോതിലുള്ള നടീൽ പ്രവർത്തനങ്ങൾക്ക് വിവിധ കണ്ടലിനങ്ങളുടെ വിത്ത് തിരിച്ചറിയുകയും അവയെ നഴ്‌സറികളിൽ പരിപാലിക്കുകയും ചെയ്യണം. കണ്ടൽ നടീലിനു മുന്നേ തന്നെ സ്ഥലത്തെപ്പറ്റിയുള്ള അവബോധവും വളരെ പ്രധാനപ്പെട്ടതാണ്.

വിലമതിക്കാനാവാത്ത കണ്ടൽക്കാടുകളുടെ നാശം തടയാൻ പരിശ്രമിച്ചുകൊണ്ട് കുറച്ച് പരിസ്ഥിതി പ്രവർത്തകർ പ്രായഭേദമന്യേ മുന്നോട്ടു വരുന്നുണ്ട്. കൂടാതെ പല പരിസ്ഥിതി സംരക്ഷണ എൻ‌ജി‌ഒ -കളും കേരളത്തിൽ കണ്ടൽ സംരക്ഷണത്തിനായി സന്നദ്ധരാണ്. സർക്കാരിന്റെ ഭാഗത്തു നിന്നും കണ്ടൽവനഭൂമി ഉള്ള സ്വകാര്യവ്യക്തികളിൽ നിന്നുമുള്ള സഹകരണവും സഹായവും ലഭിച്ചാൽ കേരളത്തിലെ കണ്ടൽക്കാടുകളുടെ ഭാവി സുരക്ഷിതമാക്കാനും, കണ്ടൽ വൈവിധ്യത്തെ തിരിച്ചെത്തിക്കാനും നമുക്ക് സാധിക്കും.

കണ്ടൽസംരക്ഷകനായ കല്ലേൻ പൊക്കുടനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അദ്ദേഹത്തിന്റെ കുടുംബവും, മുരുകേശൻ, മനോജ് തുടങ്ങി കുറച്ചു പ്രകൃതിസ്നേഹികളും കണ്ടൽ സംരക്ഷണത്തിന് വഴികാട്ടിയാകുന്നു. ഈ വർഷത്തെ കണ്ടൽദിനവും നമുക്കരികിലെത്തുമ്പോൾ, വൈവിധ്യമാർന്ന സമുദ്രജീവികളെ നിലനിർത്താനും, സുസ്ഥിരമായൊരു ഭാവിയിലേക്കുള്ള വഴിതെളിക്കാനും നമുക്ക് കഴിവുണ്ടെന്ന് ഇവരുടെ പ്രവർത്തനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

കേരളത്തിലെ കണ്ടലിനങ്ങൾ 

NoMangrove speciesCommon name
1Acanthus ilicifoliusചുള്ളികണ്ടൽ
2Acrostichum aureumമച്ചിത്തോൽ
3Aegiceras corniculatumപൂക്കണ്ടൽ
4Avicennia albaഉപ്പട്ടി
5Avicennia marinaചെറിയ ഉപ്പൂറ്റി
6Avicennia officinalisഉപ്പൂറ്റി
7Bruguiera cylindricaകുറ്റിക്കണ്ടൽ
8Bruguiera gymnorhizaപേനക്കണ്ടൽ
9Bruguiera sexangulaസ്വർണക്കണ്ടൽ
10Ceriops tagalമഞ്ഞക്കണ്ടൽ
11Excoecaria agallochaകമ്പട്ടി
12Excoecaria indicaചില്ലക്കമ്പട്ടി
13Kandelia candelഎഴുത്താണിക്കണ്ടൽ
14Lumnitzera racemosaകരക്കണ്ടൽ
15Rhizophora apiculataവള്ളികണ്ടൽ
16Rhizophora mucronataപ്രാന്തൻ കണ്ടൽ
17Sonneratia albaനക്ഷത്ര കണ്ടൽ
18Sonneratia caseolarisചക്കര കണ്ടൽ
19Nypa fruticans Wurmbനീർത്തെങ്ങ്
20Herittiera littoralis Aitonമുകുരം
  1. Sreelekshmi, S., Veettil, B. K., Nandan, S. B., & Harikrishnan, M. (2021). Mangrove forests along the coastline of Kerala, southern India: current status and future prospects. Regional Studies in Marine Science41, 101573. >>>
  2. Kerala Forest Statistics 2021, Statistics Wing, Thiruvananthapuram >>>
  3. Muraleedharan, P. K., Swarupanandan, K., Anitha, V., & Ajithkumar, C. (2009). The conservation of mangroves in Kerala: economic and ecological linkages. Division of Forestry and Human Dimension, Kerala Forest Research Institute, Peechi24. >>>
  4. Keeping alive a mangrove conservationist’s legacy to protect Kerala coast , K.A. Shaji, 21 Sep 2021 >>>
Happy
Happy
50 %
Sad
Sad
0 %
Excited
Excited
44 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
6 %

Leave a Reply

Previous post ആഗോളതാപനം സമ്പന്നരാജ്യങ്ങളുടെ ബാധ്യത: ലോക കോടതി
Close