Read Time:21 Minute

ഈ ‘വനാവാരണം’(forest cover) എന്ന വാക്കിന് 2015 ലെ പാരിസ് ഉടമ്പടിക്ക് ശേഷം വളരെയധികം പ്രാധാന്യം കൈവന്നിരിക്കയാണ്. അംഗ രാജ്യങ്ങൾ UNFCC ക്ക് സമർപ്പിക്കേണ്ട ‘ദ്വിവത്സര അപ്‌ഡേറ്റ് റിപ്പോർട്ട്’(Biennial Update Report, BUR)/ ‘ദേശീയ ആശയവിനിമയം’ (National Communication, NatCom) എന്നിവ തയ്യാറാക്കുന്നതിന് രാജ്യത്തെ വനമേഖലയുടെ വിവരങ്ങൾ കിട്ടിയെ മതിയാകൂ. ഇന്ത്യ 2023 ൽ  NatCom (National Communication)സമർപ്പിച്ചിരുന്നു1. ഇനി പുതിയ രീതിയിലുള്ള ദ്വിവത്സര  സുതാര്യതാ  റിപ്പോർട്ട് (Biennial Transparency Report, BTR) ഉടൻ സമർപ്പിക്കണം. അതിനു വനങ്ങളുടെ പുതുക്കിയ വിവരങ്ങൾ അത്യാവശ്യമാണ്. അതുകൊണ്ടാണ് വൈകിയ റിപ്പോർട്ട് തിരക്കിട്ട് ഇറക്കിയതെന്ന് തോന്നുന്നു.  

‘ഇന്ത്യാ ഫോറസ്റ്റ് സർവേ റിപ്പോർട്ട്’(IFSR) രണ്ടു വർഷം കൂടുമ്പോൾ  ഇന്ത്യയിലെ വനങ്ങളുടെ സ്ഥിതി സൂചിപ്പിച്ചു കൊണ്ടു ഇറക്കുന്ന ഒന്നാണ്. ഏറ്റവും പുതിയ ഇന്ത്യാ ഫോറസ്റ്റ് സർവേ റിപ്പോർട്ട് (2023) രണ്ടു വാല്യങ്ങളിലായി പുറത്ത് വന്നിട്ടുണ്ട്, ആദ്യത്തേത് പൊതുവായ സ്ഥിതിയും, രണ്ടാമത്തേത് സംസ്ഥാനങ്ങളുടെ സ്ഥിതിയുമാണ്2,3. ISFR 2023 ഡിസംബർ 21 നാണ് റിലീസ് ചെയ്തത്. 

വനവും വനാവരണവും 

വനവുമായി ബന്ധപ്പെട്ട് വനം (forest), വനാവരണം (forest cover), വൃക്ഷാവരണം (tree cover) എന്നിങ്ങനെ മൂന്ന് പ്രയോഗങ്ങൾ അന്തരാഷ്ട്രതലത്തിൽ  അംഗീകരിച്ചിട്ടുണ്ട്. ഇവ എന്താണെന്ന് കൃത്യമായി മനസ്സിലാക്കുന്നത് ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് സഹായിക്കും. ഈ പദങ്ങളുടെ കാര്യത്തിലുണ്ടായ തർക്കവും പ്രശ്നങ്ങളുമാണ് 2023ൽ തന്നെ പുറത്തിറക്കേണ്ട ISFR 2023 വൈകിയതിന് കാരണമായി പറയപ്പെടുന്നത്. 

ഇന്ത്യയിൽ ഒരു ഹെക്ടറിൽ കൂടുതൽ വിസ്തീർണ്ണവും 10 ശതമാനത്തിന് മുകളിൽ വൃക്ഷവിതാന സാന്ദ്രതയുമുള്ള (tree canopy density) എല്ലാ ഭൂമിയും (നിയമപരമായ അവസ്ഥയോ, ഉടമസ്ഥാവകാശമോ, അല്ലെങ്കിൽ മറ്റ് ഭൂവിനിയോഗമോ കണക്കിലെടുക്കാതെ) വനാവരണത്തിൽ (forest cover) ഉൾപ്പെടും. റിമോട് സെൻസിങ് വഴിയാണ് വനാവരണം നിർണ്ണയിക്കുക. അത്തരം ഭൂമിയെല്ലാം രേഖപ്പെടുത്തപ്പെട്ട വനപ്രദേശം (Recorded forest area, RFA) ആയിരിക്കണമെന്നില്ല. ഈ വനാവരണത്തിൽ സാധാരണ വനമേഖലക്ക് പുറമെ റബ്ബർ, തെങ്ങ്, കമുക്, എണ്ണപ്പന, കശുമാവ്, തേയില, കാപ്പി, മാവ്, പ്ലാവ്, മറ്റ് ഫലവൃക്ഷങ്ങൾ എന്നിവയൊക്കെ ഉൾപ്പെടും. ഫലവൃക്ഷങ്ങളും തോട്ടവിളകളുമൊക്കെ വനമാണോ എന്ന് സംശയിക്കുന്നവരുണ്ടാകും. കാട് എന്ന് പറയുമ്പോൾ നമുക്ക് ഒരു സങ്കൽപ്പമുണ്ട്. അതുപ്രകാരം റബ്ബർ തോട്ടവും തെങ്ങിൻ പുരയിടവും, പ്ലാവുമൊക്കെ വനാവരണത്തിൽ പെടുന്നു എന്ന് പറയുമ്പോളുള്ള ഒരു പ്രശ്നമാണ്. ചുരുക്കത്തിൽ, കർഷകർ കൃഷി ചെയ്യുന്ന ചെയ്യുന്ന വൃക്ഷവിളകളും വനാവരണത്തിൽ ഉൾപ്പെടും. 

അന്തർദേശീയ മാനദണ്ഡങ്ങൾ പ്രകാരമാണ് വനാവരണത്തിന്റെ നിർവചനം. ഈ വനാവരണം എന്ന പ്രയോഗം പ്രധാനമായും UNFCC യുടെ ഹരിതഗൃഹ വാതക കണക്കെടുപ്പിന് വേണ്ടിയാണ്. ക്യോട്ടോ ഉടമ്പടിയുടെ ഭാഗമായുള്ള തീരുമാനം 11/CP.7 of the Marrakesh Accord അനുസരിച്ച്, ഏതൊരു രാജ്യത്തിനും ശേഷിയും കഴിവും അനുസരിച്ച് ഇനിപ്പറയുന്ന രീതിയിൽ വനത്തെ നിർവചിക്കാം:- 

  • വൃക്ഷാവരണം: 10 മുതൽ 30 ശതമാനത്തിന് മുകളിൽ (ഇന്ത്യ ഇത് 10% എന്ന് നിർണ്ണയിച്ചു)
  • ഏറ്റവും കുറഞ്ഞ വിസ്തീർണ്ണം: 0.05 ഹെക്ടറിനും 1 ഹെക്ടറിനും ഇടയിൽ (ഇന്ത്യ ഇത് 1 ഹെക്ടർ എന്ന് നിർണ്ണയിച്ചു) 
  • മരങ്ങളുടെ ഏറ്റവും കുറഞ്ഞ ഉയരം: പ്രായപൂർത്തിയാകുമ്പോൾ 2 മുതൽ 5 മീറ്റർ വരെ ഉയരം (ഇന്ത്യ 2 മീറ്റർ എന്ന് തീരുമാനിച്ചു).

കാടിനെക്കുറിച്ചുള്ള ഇന്ത്യയുടെ നിർവചനം മുകളിലെ മൂന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് എടുത്തിട്ടുള്ളത്. അതായത്, ഭാരതത്തിൽ കാട് എന്ന് പറയുന്നത്, കുറഞ്ഞത് 1 ഹെക്ടർ വിസ്തീർണ്ണം, 10 ശതമാനത്തിൽ കൂടുതൽ വൃക്ഷങ്ങളുടെ വിതാനം (crown), 2 മീറ്ററിൽ കൂടുതൽ ഉയരത്തിൽ എത്താൻ സാധ്യതയുള്ള മരങ്ങൾ എന്നീ സവിശേഷതകൾ അനുസരിച്ചാണ്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചട്ടക്കൂട് ഉടമ്പടി (UNFCCC), ഭക്ഷ്യ-കാർഷിക സംഘടന (FAO) എന്നിവ അവരുടെ റിപ്പോർട്ടിംഗ്/കമ്മ്യൂണിക്കേഷനുകൾക്കായി ഈ നിർവചനം അംഗീകരിച്ചിട്ടുണ്ട്.

രേഖപ്പെടുത്തപ്പെട്ട വനപ്രദേശം ആയാലും (forest cover inside the recorded area) രേഖപ്പെടുത്തപ്പെട്ട വനപ്രദേശത്തിന് പുറത്തുള്ള വനമായാലും (forest cover outside the recorded area) ഈ നിർവചനം ബാധകമാണ്. വനാവരണം (forest cover) എന്ന് പറയുമ്പോൾ കൃഷി ചെയ്യുന്ന വൃക്ഷവിളകളും ഉൾപ്പെടുമെന്നത് കൊണ്ടാണ് ലക്ഷദ്വീപിൽ 92 ശതമാനം വനാവരണം വരുന്നത്! 

വനാവരണം നിർണ്ണയിക്കുന്നതിന് എന്തു കൊണ്ടായിരിക്കും ഇന്ത്യ ചുരുങ്ങിയത് 1 ഹെക്ടർ  എന്ന് തീരുമാനിച്ചിട്ടുണ്ടാവുക? മാരകേഷ് തീരുമാന പ്രകാരം വിസ്തീർണ്ണം 0.05 ഹെക്ടറിനും 1 ഹെക്ടറിനും ഇടയിൽ ഏത് വേണമെങ്കിലും എടുക്കാം. ഒരു ഹെക്ടർ ആക്കിയതിന് സാങ്കേതിക അപര്യാപ്തതകൾ ആണ് കാരണം പറഞ്ഞിട്ടുള്ളത്. സാറ്റല്ലൈറ്റ് സെൻസേർസിന് രേഖപ്പെടുത്താൻ സാധിക്കാത്ത അത്ര ചെറുതായതിനാൽ വൃക്ഷാവരണം എന്ന പ്രത്യേക ഗ്രൂപ്പുണ്ടാക്കി.  മിഡ്-റെസല്യൂഷൻ സാറ്റലൈറ്റ് ഡാറ്റയും ‘വനത്തിന് പുറത്തുള്ള വൃക്ഷങ്ങളുടെ’ (Trees Outside Forest, TOF) ഫീൽഡ് ഇൻവെൻ്ററി ഡാറ്റയും സംയോജിപ്പിച്ച് സാമ്പിൾ സർവേയിലൂടെ വൃക്ഷാവരണം കണക്കാക്കുന്നു.

വനത്തിന് പുറത്തുള്ള വൃക്ഷങ്ങൾ, വൃക്ഷാവരണം   

വൃക്ഷാവരണം (tree cover),  വനത്തിന് പുറത്തുള്ള വൃക്ഷങ്ങൾ (trees outside forest, TOF) എന്നിവ തമ്മിൽ ആശയക്കുഴപ്പമുണ്ടാകാതെ നോക്കണം.  ‘വനത്തിന് പുറത്തുള്ള വൃക്ഷങ്ങൾ’(TOF) എന്നു പറയുമ്പോൾ രേഖപ്പെടുത്തിയ വനമേഖലയ്ക്ക് (RFA) പുറത്ത് വളരുന്ന എല്ലാ തരത്തിലും പെട്ട മരങ്ങളും കുറ്റിച്ചെടികളും ഉൾപ്പെടും. ഇവ ഗ്രാമീണ, നഗര ഭൂപ്രകൃതികളിൽ കൃഷിയിടങ്ങളിലെ വൃക്ഷവിളകൾ, പുരയിടങ്ങളിലെ മരങ്ങൾ, തോട്ടവിളകൾ, പൂന്തോട്ടങ്ങൾ, പാർക്കുകൾ, പാതയോര വൃക്ഷങ്ങൾ എന്നിവയായി കാണപ്പെടും. വനശകലത്തിന്റെ  വലുപ്പം പരിഗണിക്കാതെ, രേഖപ്പെടുത്തിയ വനപ്രദേശങ്ങൾക്ക് പുറത്തുള്ള എല്ലാ മരങ്ങളെയും TOF സൂചിപ്പിക്കുന്നു.

Concept of Forest, TOF and Tree Cover

സ്വഭാവിക വനമേഖലയ്ക്ക് പുറത്ത് 1 ഹെക്ടറിൽ കൂടുതൽ വിസ്തൃതിയുള്ള വൃക്ഷവിളകളും മറ്റ് മരക്കൂട്ടങ്ങളും വനവിസ്തൃതി വിലയിരുത്തുന്നതിന് ഉപയോഗിക്കുന്ന ഉപഗ്രഹ ഡാറ്റയാൽ പിടിച്ചെടുക്കാനാകും. വനവിസ്തൃതി വിലയിരുത്തലിൽ ഇത്തരം വൃക്ഷവിതാനങ്ങൾ   വനാവരണത്തിൽ ഉൾപ്പെടും. വനമേഖലയ്ക്ക് പുറത്തുള്ള അവശിഷ്ട മരങ്ങൾ ‘വൃക്ഷാവരണം’(tree cover) എന്ന ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നു. അങ്ങനെ, വൃക്ഷാവരണം എന്ന് വിളിക്കുന്ന ഗ്രൂപ്പിൽ  ഉൾപ്പെടുത്തിയിരിക്കുന്ന മരങ്ങൾ TOF ന്റെ ഒരു ഭാഗം തന്നെയാണ്. ചുരുക്കത്തിൽ, ‘ട്രീ കവർ’ എന്നാൽ, റിമോട്ട് സെൻസിംഗ് ഡാറ്റയുടെ ഡിജിറ്റൽ വേർതിരിവിനാൽ  നിർവചിക്കാനാവാത്തത്ര ചെറുതായ മരങ്ങളുടെ വിതാനം കൊണ്ട് പൊതിഞ്ഞ പ്രദേശം എന്നാണ് അർത്ഥമാക്കുന്നത്.  ഇവയെ പ്രത്യേകമായി  ‘വൃക്ഷാവരണം’(tree cover) ആയി കണക്കാക്കുകയും ആകെ വനാവരണം പറയുമ്പോൾ കൂട്ടിച്ചേർത്ത് പറയുകയും ചെയുന്നു.  

Forest Cover Map of India

രേഖപ്പെടുത്തപ്പെട്ട വനങ്ങൾ

ഇന്ത്യയിൽ രേഖപ്പെടുത്തപ്പെട്ട വനങ്ങൾ (Recorded forest area, RFA) എന്നത് വനം എന്ന പേരിൽ സർക്കാർ രേഖകളിൽ ഉള്ള ഭൂമിയാണ്. റിസർവ് വനങ്ങളും സംരക്ഷിത വനങ്ങളുമൊക്കെയാണ് ഇതിൽ വരിക. ഈ ഭൂമിയിൽ മുഴുവൻ മുൻപറഞ്ഞ നിർവചന പ്രകാരം വനാവരണം ഉണ്ടാവണമെന്നില്ല! ഉദാഹരണത്തിന്, ഇന്ത്യയുടെ  ആകെ ഭൂമിയുടെ 23.58 ശതമാനമാണ് RFA, പക്ഷേ, ഇവയുടെ വനാവരണം 15.83 ശതമാനം മാത്രമാണ്. 

പുൽമേടുകൾ, ജീർണ്ണിച്ച വനങ്ങൾ, തണ്ണീർത്തടങ്ങൾ, നദികൾ, മഞ്ഞു മൂടിയ പ്രദേശങ്ങൾ എന്നിവയൊക്കെ RFA യിൽ പെടും. അതായത്, വനാവരണം തിട്ടപ്പെടുത്തുമ്പോൾ 10 ശതമാനത്തിന് താഴെ വൃക്ഷവിതാന സാന്ദ്രതയുള്ള RFA പ്രദേശങ്ങൾ ഉൾപ്പെടുകയില്ല, അവ പ്രത്യേകം പറയണം. 

Forest and Tree Cover of India

ഇന്ത്യയിലെ വനത്തിന്റെ  സ്ഥിതി 

2023 ലെ ഫോറസ്റ്റ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ആകെ ഭൂവിസ്തീർണം 328.75 ദശലക്ഷം ഹെക്ടറാണ്; ഇതിൽ രേഖപ്പെടുത്തപ്പെട്ട വനങ്ങൾ (RFA) 77.538 ദശലക്ഷം ഹെക്ടറാണ്, 23.58 ശതമാനം. പക്ഷേ, ആകെ വനാവരണം 82.734 ദശലക്ഷം ഹെക്ടർ  (25.17%). ഇതിന്റെ അവസ്ഥ നോക്കാം. 

RFA ആയി റിക്കാർഡിലുള്ള 77.538 ദശലക്ഷം ഹെക്ടറിൽ വനാവരണമുള്ളത് 52.037 ദശലക്ഷം ഹെക്ടർ മാത്രമാണ്, അതായത്, 23.58 ശതമാനത്തിൽ 15.83 ശതമാനം മാത്രമാണ് വനാവരണം! പക്ഷേ, രേഖപ്പെടുത്തപ്പെട്ട വനമേഖലക്ക് പുറത്ത് 19.498 ദശലക്ഷം ഹെക്ടർ. വനാവരണമുണ്ട്(9.34%). ഇത് കൂടാതെ, വൃക്ഷാവരണം എന്ന ഗ്രൂപ്പിൽ 11.201 ദശലക്ഷം ഹെക്ടറും ഉണ്ട്. ഇവ രണ്ടും കൂട്ടിയാൽ RFA ക്ക് പുറത്തുള്ള വനാവരണം 30.699 ദശലക്ഷം ഹെക്ടർ, ആകെ വനാവരണത്തിന്റെ 37.11 ശതമാനം  ഇവ രണ്ടിന്റെയും സംഭാവനയാണ്. ഇതാണ് വനത്തിന് പുറത്തുള്ള വൃക്ഷങ്ങൾ(TOF).  ബാക്കി മാത്രമാണ് RFA യുടെ വക! 

ഫല വൃക്ഷങ്ങൾ, തോട്ടവിളകൾ, പാതയോര വൃക്ഷങ്ങൾ, പൂമരങ്ങൾ എന്നിവ വനാവരണത്തിൽ ഉൾപ്പെട്ടത് UNFCC മാനദണ്ഡങ്ങൾ പ്രകാരം ശരിയാണെങ്കിലും സാധരണക്കാരുടെ ഇടയിൽ തെറ്റിദ്ധാരണക്ക് ഇട നല്കിയിട്ടുണ്ട്. ഇത്തരം തോട്ടങ്ങളും മരക്കൂട്ടങ്ങളും സ്വഭാവിക വനങ്ങളുടെ ധർമ്മങ്ങളായ ജൈവ വൈവിധ്യം, വന്യ മൃഗങ്ങളുടെ ആവാസം, ആഹാര ശൃംഖല എന്നിവക്ക് ഉതകില്ല എന്ന് ഓർക്കണം. 

Forest Cover Map of Kerala

കേരളത്തിന്റെ സ്ഥിതി 

കേരളത്തിലേക്ക് വരുമ്പോൾ സ്ഥിതി മാറുകയാണ്. 2023 ലെ ISFR പ്രകാരം കേരളത്തിന്റെ ആകെ ഭൂവിസ്തീർണം 38. 852 ലക്ഷം ഹെ; ഇതിൽ രേഖപ്പെടുത്തപ്പെട്ട വനങ്ങൾ (RFA) 11. 522 ലക്ഷം ഹെ (29.66%). പക്ഷേ, ആകെ വനാവരണം ഇതിന്റെ ഇരട്ടിയിൽ കൂടുതൽ വരും , 24.965 ലക്ഷം ഹെ (64.26%)! ഇതെങ്ങിനെ സംഭവിക്കുന്നു എന്ന് പരിശോധിക്കാം. 

Forest Cover Inside and Outside of RFA in Kerala

കേരളത്തിൽ രേഖപ്പെടുത്തപ്പെട്ട വനങ്ങൾ 11.522 ലക്ഷം ഹെക്ടർ ഉണ്ടെങ്കിലും ഈ പ്രദേശത്തെ വനാവരണം (forest cover inside the recorded area) 9.926 ലക്ഷം ഹെക്ടർ മാത്രമാണ്. RFA ക്ക് പുറത്തുള്ള വനാവരണമാണ് കൂടുതൽ, 12.134 ലക്ഷം ഹെക്ടർ; പുറമേ, വൃക്ഷാവരണം 2.904 ലക്ഷം ഹെക്ടറുമുണ്ട്. ഇവ രണ്ടും കൂട്ടിയാൽ RFA ക്ക് പുറത്തുള്ള ആകെ വനാവരണം (forest cover outside the recorded area), 15.038 ലക്ഷം ഹെക്ടർ എന്ന് കിട്ടും. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആകെ RFA 29.66 ശതമാനം ഉണ്ടെങ്കിലും വനാവരണം കണക്കിലെടുത്താൽ 25.55 ശതമാനം ആണ് (2021 ൽ 24.9% ആയിരുന്നു). RFA ക്ക് പുറത്തുള്ള വനാവരണമാണ് കൂടൂതൽ, 38.71 ശതമാനം (forest cover outside the recorded area)! ഇത് തന്നെയാണ് വനത്തിന് പുറത്തുള്ള വൃക്ഷങ്ങൾ(TOF). രണ്ടും കൂടി കൂട്ടിയാൽ 64.26 ശതമാനം! (2021 ൽ 62% ആയിരുന്നു). വനാവരണം മാത്രമായെടുത്താൽ ചെറിയ പുരോഗതിയുണ്ട് എന്ന് പറയാം! 

Land Use TypesArea (in ‘000 ha)Percentage
Geographical Area3,885
Reporting area for land utilization3,886.29100.00
Forests1,081.5127.83
Not available for land cultivation581.3114.96
Permanent pastures and other grazing lands
Land under misc. tree crops and groves2.270.06
Culturable wasteland88.502.27
Fallow land other than current fallows49.421.27
Current fallows53.911.39
Net area sown2,029.3752.22
Source: Land Use Statistics, Ministry of Agriculture and Farmer’s Welfare, GOI, (2021-22).

വനമേഖലയുടെ കാർബൺ പിടിച്ചു വെക്കൽ  

ദേശീയ കാലാവസ്ഥാ നടപടികളിലെ (NDC) ലക്ഷ്യം 5 പറയുന്നത് അധിക വനാവരണത്തിലൂടെയും പുതുതായി മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിലൂടെയും 2005-ലെ അടിസ്ഥാന വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, 2030-ഓടെ 2.5 മുതൽ 3 ശതകോടി ടൺ വരെ CO2e ന്റെ അധിക കാർബൺ സിങ്ക് സൃഷ്ടിക്കുമെന്നാണ്(5). 2005 ൽ വനമേഖലയുടെ കാർബൺ സ്റ്റോക്ക് 28.14 ശതകോടി ടൺ ആയിരുന്നു. നിലവിലെ വിലയിരുത്തൽ കാണിക്കുന്നത് 2023 ൽ ഇന്ത്യയുടെ കാർബൺ സ്റ്റോക്ക് 30.43 ശതകോടി ടൺ CO2e ന് തുല്യമായി എത്തിയിരിക്കുന്നു എന്നാണ്. അതായത്, 2005-ലെ അടിസ്ഥാന വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, 2030-ഓടെ 2.5 മുതൽ 3.0 ശതകോടി ടൺ വരെ കാർബൺ സിങ്ക് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലേക്ക് വളരെയധികം അടുത്തു, ഇന്ത്യ ഇതിനകം 2.29 ശതകോടി  ടൺ അധിക കാർബൺ സിങ്ക് സൃഷ്ടിച്ച് കഴിഞ്ഞു! വനാവരണത്തിന്റെ പുരോഗതി ഈ രീതിയിൽ മുമ്പോട്ടു പോകുകയാണെങ്കിൽ 2030ൽ കാർബൺ സ്റ്റോക്ക് 31.71  ശതകോടി ടൺ ആകും, അതായത്, 2005 നേക്കാൾ 3.57 ശതകോടി ടൺ അധിക കാർബൺ സ്റ്റോക്ക് ആണ് പ്രതീക്ഷിക്കുന്നത്, നമ്മുടെ  NDC ലക്ഷ്യത്തെക്കാളധികം!

ദേശീയ വനനയം 1988 (National Forest Policy 1988) വിഭാവനം ചെയ്യുന്നത് രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ മൂന്നിലൊന്നിൽ (33%) വനാവരണമോ  വൃക്ഷാവരണമോ ഉണ്ടാകണമെന്നതാണ്. മൂന്നിലൊന്നു പ്രദേശത്ത് യഥാർഥ വനം കൊണ്ട് വരാൻ എളുപ്പമായിരിക്കില്ല. ഒരു പക്ഷേ, ദേശീയതലത്തിൽ RFA ക്ക് പുറത്തുള്ള വനാവരണം വർധിപ്പിച്ചു കൊണ്ട് ഇത് സാധിച്ചേക്കും. അതായത്, കാർഷിക വനം, നഗര വനം, ആവാസവ്യവസ്ഥാ പുനസ്ഥാപനം എന്നിവയൊക്കെ ശക്തിപ്പെടുത്തിക്കൊണ്ട് ഇപ്പോഴത്തെ വനാവരണമായ 25.55 ശതമാനത്തിൽ നിന്ന് 33 ശതമാനം ആക്കാൻ സാധിച്ചേക്കും. ഇന്ത്യയിൽ 10 ശതമാനത്തിൽ കുറവ് വനാവരണമുള്ള സംസ്ഥാനങ്ങളുമുണ്ടന്ന് ഓർക്കുക; ഉത്തർ പ്രദേശ്- 9.96; ഹരിയാന-7.48; പഞ്ചാബ്- 6.59; രാജസ്ഥാൻ-8.00. ബീഹാർ (10.52), ഗുജറാത്ത്(11.03) എന്നിവയും വനാവരണത്തിന്റെ കാര്യത്തിൽ പുറകിൽ തന്നെ! ഇത്തരം സംസ്ഥാനങ്ങളുടെ വനാവരണം വർധിപ്പിക്കുന്നത്തിന് പ്രത്യേക ഊന്നൽ കൊടുക്കേണ്ടി വരും.  

References 

  1. MoEFCC 2023. India: Third National Communication and Initial Adaptation Communication, 611p.  >>>  
  2. FSI [Forest Survey of India] 2024.  India State of Forest Report (ISFR) 2023 Vol1.  Forest Survey of India (Ministry of Environment Forest and Climate Change), Dehradun, Uttarakhand, 319p >>> 
  3. FSI [Forest Survey of India] 2024.  India State of Forest Report (ISFR) 2023 Vol2.  Forest Survey of India (Ministry of Environment Forest and Climate Change) Dehradun, Uttarakhand, 387p. >>>  
  4. GOI 2022.  India’s Updated First Nationally Determined Contribution Under Paris Agreement (2021-2030). >>>  

പരിസ്ഥിതി സംബന്ധമായ ലൂക്ക ലേഖനങ്ങൾ

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സാങ്കേതികജന്മിത്തം? മുതലാളിത്തത്തിന്റെ അന്ത്യം കുറിച്ചതെന്ത് ?
Close