

- ഇന്ത്യയിലെ ചില സർവകലാശാലകളിൽ ഗവേഷണത്തിന്റെ പേരിൽ നടക്കുന്ന അസാന്മാർഗിക രീതികളെ തുറന്നു കാണിക്കുന്നു.
- ഇന്ത്യയിലുള്ള വിവിധ വ്യാജ ജേർണലുകളുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നു.
- ഗവേഷണ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കുന്നു.
- ശാസ്തഗതി 2025 ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം
കഥപോലെ തോന്നുന്ന ചിലതുണ്ട്, നമുക്കുചുറ്റും; സയൻസിലും അങ്ങനെതന്നെ. ഇന്ത്യയിലെ ഒരു പ്രത്യേക യൂണി വേഴ്സിറ്റിയിലെ ഗവേഷണ വിഭാഗം പ്രവർത്തിക്കുന്നതെങ്ങനെയെന്ന് നോക്കാം. എല്ലാ വർഷവും അഞ്ഞൂറോളം വിദ്യാർഥികൾ നാല് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്കായി ഒത്തുചേരുന്നു. എല്ലാ വരും ബിരുദതല കോഴ്‌സ് പഠിക്കാനെത്തിയവരാണ്. അവരുടെ ദൗത്യം 1500 വാക്കുകളുള്ള ഗവേഷണ പ്രബന്ധങ്ങൾ തയ്യാറാക്കുക എന്നതാണ്. ഇതിനുശേഷം അധ്യാപകരും വിദ്യാർഥികളും ചേർന്ന് പ്രബന്ധങ്ങൾ പരിശോധിക്കുകയും പിഴവുകൾ തിരുത്തുകയും ചെയ്യും. തുടർന്ന്, ചില ഓൺലൈൻ ടൂളുകൾ ഉപയോഗിച്ച് പ്രബന്ധാന്ത്യത്തിൽ പരാമർശപഠനങ്ങൾ (references) ചേർക്കും. ഇതേക്കുറിച്ചുള്ള പഠനംനടന്ന വർഷം 1400 പഠനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. സ്കൊപ്പസ് (Scopus) പോലുള്ള പ്രധാന ഡേറ്റാബേസുകളിൽ പലതും ഇടം പിടിക്കാറുണ്ട്. ബിരുദതലത്തിൽ ഇത്രയധികം പ്രസിദ്ധീകരണങ്ങളുള്ള മറ്റൊരു യൂണിവേഴ്സിറ്റിയില്ല എന്നതും ശ്രദ്ധേയമാണ്. ബിരുദകാലത്തുതന്നെ വലിയ രീതിയിൽ ഗവേഷണ പരിചയം വിദ്യാർഥികളിൽ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം എന്നത്രേ ഔദ്യോഗിക ഭാഷ്യം!
ഗവേഷണങ്ങളെയും അവയിലെ ഗുണത, ഫ്രോഡ് എന്നിവയെയും പരിശോധിക്കുന്ന സംഘടനയാണ് റീട്രാക്ഷൻ വാച്ച്. അതിന്റെ എഡിറ്ററായ ഫ്രഡറിക് ജോൾ വിങ് (Frederik Joelving, Retraction Watch), സയൻസ് (Science) എന്ന ജേർണലും ചേർന്ന് യൂണിവേഴ്‌സിറ്റിയുടെ ഗവേഷണങ്ങൾ വിശദമായ പഠനത്തിന് വിധേയമാക്കി. പ്രതീക്ഷിക്കാവുന്നതിലും അധികം പ്രബന്ധങ്ങൾ, അവയിൽ അസംഖ്യം റഫറൻസ് രേഖകൾ എന്നിവ ഇവിടെ നടന്ന പ്രസിദ്ധീകരണങ്ങളെ വേറിട്ടതാക്കി. അതുതന്നെയാണ് റീട്രാക്ഷൻ വാച്ച് പോലുള്ള സംഘടനകളുടെ ശ്രദ്ധയിൽ യൂണിവേഴ്‌സിറ്റി പെടാനുണ്ടായ സാഹചര്യവും, ഗവേഷണത്തിൽ ഫ്രോഡ് ചെയ്യാനുള്ള പ്രേരണ എന്തായിരുന്നു? യൂണിവേഴ്‌സിറ്റിയുടെ പദവിയും റാങ്കും ഉയർത്തുകയായിരുന്നു എന്നുവേണം കരുതാൻ.

ഗവേഷണത്തിൽ കാര്യക്ഷമത, നൈതികത, ഫ്രോഡ് എന്നിവ അപൂർവമല്ല. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ഗവേഷണത്തട്ടിപ്പുകൾ നടക്കാറുണ്ട്. തീർച്ചയായും അത് ന്യായീകരിക്കാനാവില്ല. മറ്റിടങ്ങളിൽ നടക്കുന്നുവെന്നത് തെറ്റുകൾക്ക് ന്യായീകരണവും ആകുന്നില്ല. ഗവേഷണരംഗത്തെ മൂല്യ ശോഷണം പഠിക്കാനായി ഡോ. പി ബൽറാം അധ്യക്ഷനായ പാനലിനെ സർക്കാർ നിയമിച്ചു. ഡോ. ബൽറാം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ മുൻ മേധാവിയാണ്. വ്യാജ ജേർണലുകളിൽ (fake journals) (2010-14) പ്രസിദ്ധീകരിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങളിൽ 35% വും ഇന്ത്യൻ അക്കാദമിക്കുകൾ രചിച്ചതായിരുന്നു. മറ്റു പ്രശ്നങ്ങളും ശ്രദ്ധിക്കപ്പെട്ടു. രചനാമോഷണം (plagiarism), ഡാറ്റാ കൃത്രിമം (data manipulation) എന്നിവയും ഇതിൽ ഉൾപ്പെടും. വ്യാജ ജേർണലുകൾ 2010-15 കാലയളവിൽ മാത്രം 11000 കവിയും എന്നാണ് കരുതപ്പെടുന്നത്. ഇതുപോലെ, ഹിംസാത്മക ജേർണലുകൾ (predatory journals) ഗവേഷണ രംഗത്ത് മറ്റൊരു ട്രെൻഡും സൃഷ്ടിക്കുന്നു. ഇവ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധകരിക്കുന്നതിൽ അവശ്യം വേണ്ട കരുതൽ ഉറപ്പാക്കുന്നില്ല. സമശീർഷ നിരൂപണം (peer review) ഉണ്ടാകാറില്ല. ഉണ്ടെങ്കിൽത്തന്നെ ഫലപ്രദവുമല്ല. യു ജി സി പ്രസിദ്ധീകരണ യോഗ്യമല്ലാത്ത ജേർണലുകളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി കാലാനുസാരിയായി പ്രസിദ്ധീകരിക്കുന്നത് നന്നാവും. നിരവധി ശിപാർശകളാണ് പാനൽ റിപ്പോർട്ട് ചെയ്തത്. ഫാക്കൽറ്റി അംഗങ്ങളുടെ നിയമന മാനദണ്ഡങ്ങൾ പരിഷ്‌കരിക്കുക, പുതുതായെത്തുന്ന ഫാക്കൽറ്റിക്ക് ഗവേഷണത്തിന് അടിസ്ഥാന ഗ്രാൻ്റ് നൽകുക, വൈസ് ചാൻസലർ നിയമനത്തിൽ ശ്രദ്ധപതിപ്പിക്കുക, ഗവേഷണ ഡിഗ്രികളുടെ ഗുണത ഉറപ്പാക്കുക, എന്നിവ അവയിൽ പെടും.

ഡാറ്റ, രചന, എന്നിവയുടെ ചോരണം അപൂർവമല്ല. പരാമർശിത രേഖകൾ, ഉദ്ധരണികളുടെ പട്ടിക, ചിത്രങ്ങൾ, പരീക്ഷണശാലയിലേയും ഫീൽഡ് നോട്ടുകളുടേയും രേഖകൾ, നിർമ്മിത ബുദ്ധി ഉപയോഗിച്ച് ലഭിക്കുന്ന വിശദാംശങ്ങൾടങ്ങി, അനേകം അസംസ്കൃത വിവര ശകലങ്ങൾ ഗവേഷണത്തിൻ്റെ ഭാഗമായി ശേഖരിക്കപ്പെടും. ഇവയെല്ലാം സൂക്ഷിക്കുന്നത് ഗവേഷണത്തിൻ്റെ കൃത്യത, നൈതികത എന്നിവയ്ക്ക് ശക്തിയേകുമെന്നും ഓർക്കണം. ആധുനിക ഗവേഷണങ്ങൾ അനേകം ഘട്ടങ്ങളായും വിവിധ ഇടങ്ങളിൽ ഒന്നിലധികം സ്പെഷ്യാലിറ്റികളുടെ കൂട്ടായ്മയിലൂടെയും നടക്കുന്നതാകയാൽ ഗവേഷണത്തിലെ കളങ്കങ്ങൾ കണ്ടെത്തുക എളുപ്പമല്ല. കളങ്കിത പഠനങ്ങളിൽ ശ്രദ്ധ നൽകുന്ന റീട്രാക്ഷൻ വാച്ച് (Retrac-lion Walch) എന്ന സംഘടനയ്ക്കുപോലും ഇതെളുപ്പമല്ല. അവരുടെ 2023-ൽ പുറത്തുവന്ന റിപ്പോർട്ട് നോക്കാം:
ദേശീയ വിദ്യാഭ്യാസ നയം (2020) ഗവേഷണത്തിൽ ഗുണനിലവാരം ഉറപ്പാക്കാനുള്ള ശ്രമത്തിന് നയപരമായ അടിത്തറ നൽകാൻ ശ്രമിക്കുന്നു. ഇതെത്രകണ്ട് വിജയിക്കുമെന്ന് ഉറപ്പില്ല: വിജയിക്കണമെങ്കിൽ എല്ലാ സ്റ്റെയ്‌ക്‌ഹോൾഡർമാരുടേയും (stakeholdership) പങ്കാളിത്തം ഉണ്ടാകണം. ഗവേഷണ ബിരുദങ്ങളുടെ ദൈർഘ്യം, പ്രോജക്ട് ഫണ്ടിങ്, മോണിറ്ററിങ്, ഇതര ഏജൻസികളുമായി ഉറപ്പിക്കുന്ന ബന്ധം, എത്തിക്‌സ് എന്നിവയിൽ വിവിധ അക്കാദമിക് സ്ഥാപനങ്ങൾ സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ സ്വാധീനിക്കും. സാമൂഹിക വെല്ലുവിളികൾ ഗവേഷണ ഗുണതയിൽ പ്രതിഫലിക്കണമെങ്കിൽ ഗവേഷണങ്ങൾ സജീവമായി നിലനിർത്തുന്ന ആവാസവ്യവസ്ഥ (ecosystem) അനിവാര്യമാണ്.
ഗവേഷണ സഫലത (research productivity) മെച്ചപ്പെടുത്താൻ ഉതകുന്ന അന്തരീക്ഷം ഉന്നത വിദ്യാ ഭ്യാസരംഗത്ത് സ്ഥാപിച്ചെടുക്കേണ്ടതെങ്ങനെ എന്ന ചിന്തകൾക്ക് പ്രസക്തിയുണ്ട്. ഇതിന്റെ അടിസ്ഥാന തത്വങ്ങൾക്ക് രാജ്യമെമ്പാടും പൊതുസ്വഭാവം കൈവരിക്കുകയും വേണം. യൂണിവേഴ്സിറ്റി, സർക്കാർ, സാമൂഹിക ഏജൻസികൾ, വ്യാവസായിക സാങ്കേതിക ഗ്രൂപ്പുകളുമായുള്ള സഹപ്രവർത്തനം എന്നിവയും പ്രാധാന്യമർഹിക്കുന്നു. സർക്കാർ ഫണ്ടിങ് മാത്രം ഉപയോഗിച്ച് ഗവേഷണം ആകാമെന്ന ധാരണ മാറിവരുന്ന ലോകഘടനകളിൽ അത്ര പ്രസക്തമല്ല. ഇത്തരം മാറ്റങ്ങൾ ഗവേഷണത്തിൽ നൈതികത, ആർജവം, ദേശീയവും അന്തർദേശീയവുമായ പ്രബന്ധാവതരണത്തിൻ്റെ മാനദണ്ഡങ്ങൾ പാലിക്കുവാൻ സഹായിക്കും. സംശയകരമായതും ചോദ്യം ചെയ്യപ്പെടാവുന്നതുമായ ഗവേഷണരീതികൾ കണ്ടെത്താനും അവയ്ക്കെതിരെ പക്വതയോടെ വിരൽ ചൂണ്ടാനും ഗവേഷകരെ പ്രാപ്തരാക്കാനും പരിഷ്കരിക്കപ്പെട്ട ഗവേഷണാന്തരീക്ഷം സഹായിക്കും.
ഇന്ത്യയിൽനിന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന ഗവേഷണ പ്രബന്ധങ്ങളുടെ കണക്ക് നോക്കാം. പ്രബന്ധങ്ങളുടെ സംഖ്യയുടെ അടിസ്ഥാനത്തിൽ 2020 ലെ കണക്കുകളിൽ ഇന്ത്യയുടെ സ്ഥാനം നാലാമതാണെന്ന് കാണുന്നു. സ്കൊപ്പസ് ഡാറ്റാബേസ് രേഖകൾ അനുസരിച്ച് ഇന്ത്യൻ ഗവേഷണങ്ങൾ 1,91,590 കടന്നിരിക്കുന്നു. ആദ്യ മൂന്ന് സ്ഥാനത്തിൽ ചൈന (7,44,042), അമേരിക്ക (6.24,554), ബ്രിട്ടൻ (1,98,500) എന്നീ രാജ്യങ്ങളാണ്. ഈ ദശകത്തിന്റെ അവസാനമാകുമ്പോൾ അമേരിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനീയരാകുമെന്ന് കരുതപ്പെടുന്നു. മറ്റു പ്രധാന വ്യാവസായിക ശക്തികളായ ജപ്പാൻ, ജർമ്മനി. സ്കാൻഡനേവ്യൻ രാജ്യങ്ങൾ എന്നിവരുടെ ശാസ്ത്രീയ അടിത്ത നമ്മുടേതിനേക്കാൾ ഉയർന്നതാണെന്ന തോന്നലാണ് പരക്കെയുള്ളത്. അന്താരാഷ്ട്ര പുരസ്ക്‌കാരങ്ങൾ, നൊബേൽ സമ്മാനങ്ങൾ എന്നിവ ലഭിച്ചവരെ പരിഗണിച്ചാലും ഇതാണ് തോന്നുക. ഉദാഹരണത്തിന്, ഹാർവാർഡ് (Harvard) യൂണിവേഴ്സിറ്റിയിൽ നിന്നുമാത്രം 161 നൊബേൽ പുരസ്‌കാര ജേതാക്കളുണ്ട്, ഇവർ അവിടെ ഗവേഷകരോ പൂർവ വിദ്യാർഥികളോ ആണ്. ജർമ്മനിയിലെ ഗോട്ടിൻജൻ (Gottingen) യൂണിവേഴ്സിറ്റിയിൽനിന്ന് 47 നൊബേൽ സമ്മാനിതരുണ്ട്. ഇതെല്ലാം അവിടെ നിലവിലുള്ള ശക്തമായ ഗവേഷണാന്തരീക്ഷം, ആവാസവ്യവസ്ഥ എന്നിവ സൂചിപ്പിക്കുന്നു.

പേറ്റന്റ് ഫയലിങ് മറ്റൊരു വിഷയമാണ്. എങ്കിലും ഗവേഷണത്തിൻ്റെ വാണിജ്യവശം എന്ന രീതിയിൽ അതിന് പ്രാധാന്യമുണ്ട്. സോഫ്റ്റ്വെയർ രംഗത്താണ് ഏറ്റവുമധികം പേറ്റന്റ്റ് ശ്രമം ഇന്ത്യയിൽ നിന്നുണ്ടായത്. ടാറ്റാ കൺസൾട്ടൻസിക്ക് 3893 പേറ്റന്റുകളുണ്ട്, വിപ്രോയ്ക്ക് ആയിരത്തിലധികവും. ടി വി എസ്, മഹിന്ദ്ര എന്നീ കമ്പനികൾ ചേർന്ന് ഗതാഗത രംഗത്ത് നാലായിരത്തോളം പേറ്റന്റ് അവകാശങ്ങൾ സ്ഥാപിച്ചപ്പോൾ ആരോഗ്യ രംഗത്തെ സ്ഥാനമുറപ്പിച്ചത് ഫാർമ കമ്പനികളാണ്. സർക്കാർ സംഘടനയായ സി എസ് ഐ ആർ (CSIR) 4500 പേറ്റൻ്റ് കരസ്ഥമാക്കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റികൾ പേറ്റന്റിൽ ശ്രദ്ധപതിപ്പിച്ചുവരുന്നു. ഇന്ത്യൻ യൂണിവേഴ്സിറ്റികൾ 80211 പേറ്റന്റ് അപേക്ഷകൾ 2022-23 കാലത്ത് സമർപ്പിക്കുകയുണ്ടായി. ഇവയിൽ എത്ര ശതമാനത്തിനാണ് വാണിജ്യമൂല്യമുള്ളതെന്ന് വ്യക്തമല്ല.
ഇതിനിടയിലാണ് പ്രസിദ്ധീകരിക്കപ്പെട്ട പ്രബന്ധങ്ങൾ പിൻവലിക്കേണ്ടിവരുന്നത്. ഇന്ത്യയിൽ 2017-19 വർഷങ്ങളിൽ 595 പ്രബന്ധങ്ങൾ പിൻവലിക്കപ്പെട്ടു; 2020-22 കാലത്ത് അത് 1350 ആയി ഉയർന്നു. നടപടിയുണ്ടാകാൻ 109 കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടു. ഗവേഷണരംഗത്ത് കൂടുതൽ ആരോഗ്യകരമായ ഡിസി പ്ലിൻ ഉണ്ടായിവരുന്നതായി ഇതിനെ കാണാനാവുമെന്ന് പ്രത്യാശിക്കാം.
References:
- Joelving, Frederik-doi: 10.1126/science.adj 1231 Science, Vol 380, Issue 6649
- Pandey, Neelam-Plagiarism, data manipu lation hurting India’s research, govt panel raises alarm: The Print; July 2019
- https://retractionwatch.com/2023/11/22/did-a-prof-in-india-steal-his-students-work-or-is-he-being-framed/
- Guidelines for Establishment of Research & Development Cell in Higher Education Institutions University Grants Commis-sion, March 2022
