Read Time:12 Minute


ഡോ. സി. വിജയൻ 
പ്രൊഫസർ, ഊർജതന്ത്ര വിഭാഗം, ഐ.ഐ.ടി. ചെന്നൈ

ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസസ്ഥാപന ശൃംഖലകളാണ് ഐ.ഐ.ടി.കൾ, എഞ്ചിനീയറിംഗ് കൂടാതെ ശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളും പഠിക്കാൻ ഏറ്റവും നല്ല സൗകര്യങ്ങളുള്ള ഇടങ്ങളാണിവ.

നമ്മുടെ രാജ്യത്തെ മികച്ചവയെന്ന് ലോകപ്രശസ്തി നേടിയ എൻജിനീയറിംഗ് സ്ഥാപനങ്ങളാണല്ലോ ഐ.ഐ.ടി.(Indian Institutes of Technology)കൾ. അവിടെ പഠിച്ചിറങ്ങിയവർ നാട്ടിലും പുറത്തുമുള്ള മികച്ച ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലും ഗവേഷണശാലകളിലും സർവകലാശാലകളിലുമൊക്കെ ഉയർന്ന നിലയിൽ സേവനം നടത്തിക്കൊണ്ടിരിക്കുന്നുവെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവും. എന്നാൽ ഐ.ഐ.ടി.കളിൽ ശാസ്ത്ര പഠനത്തിനും ഗവേഷണത്തിനുമൊക്കെയുള്ള സൗകര്യങ്ങളെക്കുറിച്ച് വ്യക്തവും പൂർണവുമായ ഒരു ധാരണ പലർക്കും ഇല്ല. പ്ലസ് ടു വിജയകരമായി പൂർത്തിയാക്കി പുറത്തുവരുന്നവർക്ക് എൻജിനീയറിംഗിനു പുറമെ ഐ.ഐ.ടി. കളിൽ എന്തെല്ലാം അവസരങ്ങളുണ്ടെന്നു നമുക്കു നോക്കാം; അതു പോലെ, ബി.എസ്സ് .സി., എം.എസ്സ്. സി., പി.എച്ച്.ഡി. എന്നീ ബിരുദങ്ങൾ നേടിയവർക്കും.

ഐ.ഐ.ടി. റൂർക്കി

ഐ.ഐ.ടി.കൾ എവിടെയെല്ലാം? 

സ്വാതന്ത്ര്യം നേടിയ ശേഷം അധികം താമസിയാതെ ൽഹി, മുംബൈ, ചെന്നൈ, കാൺപൂർ, ഖരഗ്പൂർ എന്നിവിടങ്ങളിൽ കേന്ദ്ര സർക്കാർ ഐ.ഐ.ടി. കൾ സ്ഥാപിച്ചു. പ്രശസ്തമായ നിലയിൽ നടത്തിവരുന്ന സ്ഥാപനങ്ങളായ ബനാറസ് ഹിന്ദു സർവകലാശാല, റൂർക്കി എൻജിനീയറിംഗ് കോളേജ് എന്നിവയും വർഷങ്ങൾക്കുശേഷം ഐ.ഐ.ടി. കളാക്കി മാറ്റി. പിന്നീട് ഗുവാഹതി, ഹൈദരാബാദ്, ഭുവനേശ്വർ, ഗാന്ധിനഗർ, ജോധ്പൂർ, പാട്ന, റോപാർ, മണ്ടി, പാലക്കാട്, തിരുപ്പതി, ഛത്തീസ്ഗഡ്, ഗോവ, ജമ്മു, ധർവാഡ് എന്നിവിടങ്ങളിലും ഐ.ഐ.ടി. കൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിൽ ഒരുപോലെയുള്ള സംവിധാനത്തിൽ പ്രവർത്തിക്കുന്നു. പുതിയ ഐ.ഐ.ടി. കളിൽ എല്ലാ കോഴ്സുകളും തുടങ്ങി യിട്ടില്ലെന്നുമാത്രം.

ഐ.ഐ.ടി. കളിലെ എൻജിനീയറിംഗ് വിഷയങ്ങളിൽ ബി.ടെക്. പ്രവേശനത്തിനുള്ള ജെ.ഇ.ഇ. പരീക്ഷയെക്കുറിച്ച് കേട്ടിട്ടുണ്ടായിരിക്കുമല്ലോ. പ്ലസ് ടു കഴിഞ്ഞ് രണ്ടുലക്ഷത്തോളം കുട്ടികൾ എഴുതുന്ന ഈ മത്സരപരീക്ഷയിൽനിന്ന് പതിനായിരത്തോളം പേർക്കാണ് അഡ്മിഷൻ കിട്ടുന്നത്. ഇവർക്ക് ജെ.ഇ.ഇ. റാങ്കിനനുസരിച്ച് വിവിധ ഐ.ഐ.ടി. കളിൽ ലഭിക്കാവുന്ന എൻജിനീയറിംഗ് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കാം. നാല് വർഷത്തെ ബി.ടെക്. കോഴ്സിനോ അഞ്ചുവർഷംകൊണ്ട് പൂർത്തിയാവുന്ന ബി. ടെക്./എം. ടെക്. ഡ്യുവൽ ഡിഗ്രി (B. Tech. /M. Tech. dual degree) കോഴ്സിനോ ചേരാവുന്നതാണ്. മാനവിക വിഷയങ്ങളിൽ താത്പര്യമുള്ളവർക്ക് ഇംഗ്ലീഷ്, ഡെവലപ്മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ എം.എ. കോഴ്സ്, ഐ.ഐ.ടി. ചെന്നൈ നടത്തുന്നുണ്ട്. ഇതിലേക്കായി എച്ച്.എസ്.ഇ.ഇ. (HSEE) എന്ന പ്രവേശനപരീക്ഷയാണ് നടത്തുന്നത്. ചെന്നൈ, മുംബൈ, ദൽഹി ഐ.ഐ.ടി. കളിൽ എൻജിനീയറിംഗ് ഫിസിക്സ് എന്ന വിഷയത്തിൽ ബി.ടെക്. കോഴ്സ് നടത്തിവരുന്നു. ഒരോ ഐ.ഐ.ടി. യിലുമുള്ള ഡ്യുവൽ ഡിഗ്രി കോഴ്സുകളെപ്പറ്റിയും മറ്റുമുള്ള വിശദവിവരങ്ങൾ അതതു വെബ്സൈറ്റുകളിൽ ലഭിക്കുന്നതാണ്.

ഐ.ഐ.ടി. ഡൽഹി

എൻജിനീയറിംഗ് അല്ലാത്ത സൗകര്യങ്ങൾ 

ബി.ടെക്., എം.ടെക്. എന്നീ എൻജിനീയറിംഗ് കോഴ്സുകൾക്കുപുറമേ , പ്ലസ് ടു കഴിഞ്ഞവർക്ക്, പല ഐ.ഐ.ടി. കളിലും ശാസ്ത്രപഠനത്തിനും സാധ്യതകളുണ്ട്. കാൺപൂർ, ദൽഹി, ചെന്നൈ എന്നീ ഐ.ഐ.ടി. കൾ ഊർജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ ശാസ്ത്രവിഷയങ്ങളിൽ അഞ്ചുവർഷത്തെ ബി.എസ്.എം.എസ്. (BSMS) ഡ്യുവൽ ഡിഗ്രി കോഴ്സുകൾ നടത്തുന്നുണ്ട്. (മേൽപ്പറഞ്ഞ വിഷയങ്ങളിലുള്ള കോഴ്സുകൾ എല്ലാ ഐ.ഐ.ടി. കളിലും ഇല്ല. ഇക്കാര്യം അറിയാൻ വെബ്സൈറ്റുകൾ നോക്കിയാൽ മതി. എൻജിനീയറിംഗ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ. (JEE) പരീക്ഷയിലൂടെയാണ് പഞ്ചവത്സര ഡ്യുവൽ ഡിഗ്രി ബി.എസ്.എം.എസ്. നും പ്രവേശനം ലഭിക്കുക.

ബി.എസ്.എം.എസ്. കോഴ്സിൽ ആദ്യത്തെ വർഷം പൊതുവായ ശാസ്ത്ര – മാനവിക വിഷയങ്ങളാണ് പഠിക്കേണ്ടത്. രണ്ടാംവർഷം മുതൽ പൊതുവിഷയങ്ങൾ കുറഞ്ഞുവരികയും മുഖ്യവിഷയത്തിലെ പേപ്പറുകൾ കൂടിവരികയും ചെയ്യും. ഒരു വിഷയത്തിൽ ബി.എസ്സ് സി. യും എം.എസ്സ്.സി. യും ചെയ്യുമ്പോൾ പഠിക്കുന്ന അടിസ്ഥാന വിഷയങ്ങളോടൊപ്പം ലബോറട്ടറികളിൽ പ്രാക്ടിക്കൽ ക്ലാസുകളും ഉണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. താത്പര്യത്തിനനുസരിച്ച് വിഷയങ്ങൾ (ഇലക്ടീവ്) തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്. ഉദാഹരണത്തിന്, ചെന്നൈ ഐ.ഐ.ടി. യിൽ ഊർജതന്ത്രം പഠിക്കുമ്പോൾ, കോസ്മോളജി, ഹൈ എനർജി ഫിസിക്സ്, ഫീൽഡ് തിയറി, സൂപ്പർകണ്ടക്ടിവിറ്റി, ലേസർ, മൈക്രോ വേവ്, നാനോഫോട്ടോണിക്സ്, അപ്ലൈഡ് മാഗ്നെറ്റിക്സ് തുടങ്ങി പല ഐഛിക വിഷയങ്ങളുമുണ്ട്. ഇത്തരം വിഷയങ്ങൾ പഠിപ്പിക്കുന്നവർ അതത് വിഷയങ്ങളിൽ ആഗോളനിലവാരത്തിൽ ഗവേഷണം നടത്തുന്നവരും ഗവേഷകവിദ്യാർഥികളെ പരിശീലിപ്പിക്കുന്നവരുമാണ്. വിദ്യാർത്ഥികളുടെ സെമിനാർ പരിശീലനവും വിശദമായ പ്രോജക്ടുകൾ ചെയ്തുള്ള ഗവേഷണപരിശീലനവും ഡ്യുവൽ ഡിഗ്രി കോഴ്സിന്റെ ഭാഗമാണ്. ഇതിനിടയിൽ ഇന്ത്യയിലെ മറ്റു പ്രശസ്ത സ്ഥാപനങ്ങളിലും വിദേശ സർവകലാശാലകളിലും സമ്മർ പ്രോജക്ടോ ഇന്റേൺഷിപ്പോ ചെയ്യാനും പലർക്കും അവസരം ലഭിക്കാറുണ്ട്.

ഐ.ഐ.ടി. ചെന്നൈ

ശാസ്ത്രവിഷയങ്ങളിൽ ഉപരിപഠനം 

പ്ലസ് ടു കഴിഞ്ഞ് വിദ്യാർഥികൾക്ക് മാത്രമല്ല ഐ.ഐ.ടി. കളിൽ കോഴ്സുകളുള്ളത്. കോളേജുകളിൽനിന്ന് ശാസ്ത്രവിഷയങ്ങളിൽ ബി.എസ് സി. ബിരുദം നേടിയവർക്ക് ഐ.ഐ.ടി. കളിൽ രണ്ടുവർഷത്തെ എം.എസ്സ് സി. കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. ഇതിനുള്ള പ്രവേശനപരീക്ഷയാണ് ജെ.എ.എം. അഥവാ ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എം.എസ്സ്.സി. ഊർജതന്ത്രം, രസതന്ത്രം, ഗണിതം എന്നീ വിഷയങ്ങളിൽ ഓരോന്നിനും എം. എസ്സ്.സി. ക്ക് ഏതാണ്ട് ആയിരം സീറ്റുകളാണുള്ളത്. അഞ്ചുവർഷ ബി. എസ്. എസ്. കോഴ്സിലേതുപോലെ അഗാധപഠനത്തിനുള്ള സൗകര്യങ്ങളും ഐ.ഐ.ടി. കളിലുണ്ട്.

‘ഗേറ്റ്’ (GATE) എന്ന പ്രവേശനപരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ടാൽ ശാസ്ത്രവിഷയങ്ങളിലും എൻജിനീയറിംഗ് വിഷയങ്ങളിലും പ്രശസ്തരായ ഗൈഡുകളുടെ മേൽനോട്ടത്തിൽ ഗവേഷണം നടത്താൻ ഐ.ഐ.ടി. കളിൽ സൗകര്യമുണ്ട്. നാലോ അഞ്ചോ വർഷങ്ങൾക്കുള്ളിൽ പി.എച്ച്.ഡി ബിരുദം നേടാൻ കഴിയും. ഗവേഷണ വിദ്യാർഥികൾക്ക് നല്ല സ്കോളർഷിപ്പും ലഭിക്കുന്നുണ്ട്. ഈ വിദ്യാർഥികൾ ആഗോളതലത്തിൽ മികച്ച പേപ്പറുകൾ പസിദ്ധീകരിക്കാറുണ്ട്. വിദേശരാജ്യങ്ങളിൽ നടക്കുന്ന അക്കാദമിക് കോൺഫറൻസുകളിൽപ്പോലും പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ മിക്ക ഐ.ഐ.ടി. കളും സാമ്പത്തികസഹായം നല്കിവരുന്നു. പി.എച്ച്.ഡി കഴിഞ്ഞവർക്ക് ഐ.ഐ.ടി. കളിൽ തുടർഗവേഷണത്തിനുള്ള അവസരമുണ്ട്. മിക്ക ഐ.ഐ.ടി. കളും അടുത്ത കാലത്തായി മികച്ച നിലയിലുള്ള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പുകൾ നല്കിവരുന്നു.

ഐ.ഐ.ടി.മുംബൈ

അക്കാദമിക അന്തരീക്ഷം 

പഠനത്തിനും ഗവേഷണത്തിനും പറ്റിയ വളരെ നല്ല അക്കാദമിക അന്തരീക്ഷമാണ് ഐ.ഐ.ടി. കളിൽ. ഏറ്റവും മിടുക്കരായ സഹപാഠികൾ, അന്താരാഷ്ട്രനിലവാരത്തിലുള്ള ഗവേഷകരും പ്രഗത്ഭരുമായ അധ്യാപകർ, തുറന്ന പെരുമാറ്റം, ലൈബ്രറി ലബോറട്ടറി – കമ്പ്യൂട്ടർ സൗകര്യങ്ങൾ, പല സ്കോളർഷിപ്പുകൾക്കുമുള്ള അവസരങ്ങൾ എന്നിവയൊക്കെയാണ് ഐ.ഐ.ടി. കോഴ്സുകളുടെ മുഖമുദ്രകൾ. ആഴ്ചതോറും സെമിനാറുകളും ചർച്ചകളും ഉണ്ടായിരിക്കും. കൂടാതെ, പലപ്പോഴും ഇന്ത്യയുടെ പലഭാഗങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും വരുന്ന അധ്യാപകരും ഗവേഷകരും പ്രഭാഷണങ്ങളും ചർച്ചകളും നടത്തുന്നു. അന്താരാഷ്ട്രതലത്തിലുള്ള കോൺഫറൻസുകൾ ഐ.ഐ.ടി. കളിൽ സ്ഥിരമായി നടക്കുന്നുണ്ട്. വരുംനാളുകളിൽ ഏറ്റവും അടിസ്ഥാനപരമായ കണ്ടുപിടുത്തങ്ങളിലേക്ക് നയിക്കാമെന്ന പ്രതീക്ഷയിൽ അന്താരാഷ്ട്രസമൂഹം കാത്തിരിക്കുന്ന രണ്ടു സവിശേഷ പരീക്ഷണങ്ങളായ ലാർജ് ഹാഡ്രോൺ കൊളൈഡർ, ഇന്ത്യാ – ബേസ്ഡ് ന്യൂട്രിനോ ഒബ്സർവേറ്ററി എന്നിവയിൽ ഐ.ഐ.ടി. കൾക്ക് സജീവപങ്കാളിത്തമുണ്ട്. ഇത്തരം ഒരു സാഹചര്യം ഒന്നാംവർഷ വിദ്യാർഥികൾ മുതൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകർവരെയുള്ള എല്ലാവർക്കും അതതുനിലയിൽ ഫലപ്രദമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ചെന്നൈയിലുള്ള ഐ.ഐ.ടി. അറുപതു വർഷങ്ങളോളമായി പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചുവരുന്നു. മറ്റു ഐ.ഐ.ടി. കളിലെപ്പോലെ അടിസ്ഥാനപരമായ പ്രധാന എൻജിനീയറിംഗ് ബ്രാഞ്ചുകളിലെല്ലാം യു.ജി. (അണ്ടർ ഗ്രാറ്റ്), പി.ജി. കോഴ്സുകൾ ഇവിടെയുമുണ്ട്. ഇതിന് പുറമെ ഓഷ്യൻ എൻജിനീയറിംഗ്, ബയോടെക്നോളജി, ഏറോസ്പേസ് എൻജിനീയറിംഗ് എന്നീ വകുപ്പുകളും ഇവിടെയുണ്ട്. കൂടാതെ, എൻജിനീയറിംഗ് ഫിസിക്സിൽ നാലു വർഷ ബി.ടെക്, ഫിസിക്സിലും ബയോടെക് നോളജിയിലുമുള്ള അഞ്ചുവർഷത്തെ ബി.എസ്.എം.എസ്. ഡ്യുവൽ ഡിഗ്രി, ഊർജതന്ത്രം, ഗണിതം, രസതന്ത്രം എന്നീ വിഷയങ്ങളിൽ രണ്ടുവർഷ എം.എസ്സി. തുടങ്ങിയ കോഴ്സുകൾ ഇവിടെയുണ്ട്. ഇതിനെല്ലാം പുറമെ, എം.ബി.എ. കോഴ്സും ഇംഗ്ലീഷ്, ഡെവലപ്മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിലെ പഞ്ചവർഷ എം.എ. കോഴ്സുകളും ചെന്നൈ ഐ.ഐ.ടി. യിലുണ്ട്.

ഐ.ഐ.ടി.പാലക്കാട്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post ക്രോമസോമുകളും സൈറ്റോജനിറ്റിക്സും
Next post ശാസ്ത്രപഠനത്തെക്കുറിച്ച് തന്നെ 
Close